Thursday, July 07, 2011

ഒരു കൂട്ടായ ശ്രമത്തിനു വേണ്ടി...

സുഹൃത്തേ,
ലോകത്തെവിടെയും പ്രഥമ പരിഗണന ലഭിക്കുന്ന രണ്ട് മേഖലകളാണല്ലോ ആരോഗ്യം, വിദ്യാഭ്യാസം എന്നിവ. ഇവ രണ്ടിലും ഏറെ മുന്നില്‍ എന്നഭിമാനിക്കുന്ന കേരളത്തിലും തീര്‍ച്ചയായും ഈ മേഖലകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.
ഇന്ന് സ്വകാര്യമേഖലയാണ് ഈ രണ്ട് മേഖലകളുടെയും കേരളത്തിലെ സമ്പൂര്‍ണ്ണ നിയന്ത്രണം കൈവശം വച്ചിരിക്കുന്നത്. ഏത് ചെറിയ രോഗത്തിനും മള്‍ട്ടി സ്‌പെഷ്യാലിറ്റി സ്വകാര്യ ആശുപത്രികളിലേക്ക് പായുന്നതുപോലെ വിദ്യാഭ്യാസകാര്യത്തില്‍ അംഗീകാരമുള്ളവയും അല്ലാത്തവയുമായ സ്വകാര്യ പള്ളിക്കൂടങ്ങളെ ആശ്രയിക്കുക എന്നതായിരിക്കുന്നു നമ്മുടെ രീതി. പൊതുമേഖലയുടെ പരിമിതികള്‍ വച്ചുനോക്കുമ്പോള്‍ രണ്ടിലും നമുക്ക് മലയാളികളെ തെറ്റുപറയാനും കഴിയില്ല.
എന്നാല്‍ ഏറെ ഗുരുതരമായ പ്രശ്‌നം ഈ രണ്ട് മേഖലയിലും സ്വകാര്യമേഖലക്കുമേല്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇക്കാലമത്രയും നമ്മുടെ ഭരണകൂടങ്ങള്‍ മുന്‍കൈയെടുത്തിട്ടില്ല എന്നതാണ്. ഉദാഹരണത്തിന് സ്വാശ്രയ കോളജുകളിലെ ഫീസിനെപ്പറ്റി നാം ദിവസേന തര്‍ക്കിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നു. (അത് വേണ്ടെന്നല്ല.) എന്നാല്‍ അതിന്റെ നൂറോളം മടങ്ങ് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന സ്വകാര്യ സ്‌കൂളുകളിലെ ഫീസിനെയോ അതില്‍ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവിനെയോ കുറിച്ച് ആരും മിണ്ടുന്നില്ല. കേന്ദ്ര സിലബസ് എന്നുപറയുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ചില ഇംഗ്ലീ് മീഡിയം സ്‌കൂളുകളുടെയും ഫീസ് നിലവാരം, പഠനത്തിന്റെ നിലവാരം, കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന സൗകര്യങ്ങളുടെ പരിമിതി തുടങ്ങി നൂറുകണക്കിന് വിഷയങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങളൊന്നും നിര്‍ണയിക്കാനോ പരിശോധിക്കാനോ ആരുമില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയുന്നത്.
സ്വകാര്യ ആശുപത്രികളുടെ കാര്യം ഇതിലും കഷ്ടമാണ്. പണത്തോടുള്ള അത്യാര്‍ത്തി മാത്രമാണ് ഇവയുടെ പ്രവര്‍ത്തനത്തിലെ ഒരേയൊരു ഘടകം. ജീവന്‍ കൈയിലെടുത്ത് കളിക്കുന്ന സ്വകാര്യ ആശുപത്രികളെക്കുറിച്ച് കുറഞ്ഞത് പത്ത് അനുഭവങ്ങളെങ്കിലും പറയാനില്ലാത്ത ഒരാള്‍ പോലും ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ രണ്ട് മേഖലകളിലും ശക്തമായ നിയമ നിര്‍മ്മാണം ആവശ്യമാണ് എന്നത് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ പൂച്ചക്ക് മണികെട്ടാന്‍ ഇതുവരെയും ആരും തയ്യാറായി വന്നിട്ടില്ല. നാമെല്ലാവരും ഓരോ അനുഭവങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അതിന് എങ്ങനെയെങ്കിലും പരിഹാരം കണ്ട് രക്ഷപ്പെടുന്നു. ഇങ്ങനെ മതിയോ എന്നും... എന്ത് ചെയ്യാനാകും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ല. നമ്മെ കൊള്ളയടിച്ച് തോന്നുംപടി ഫീസ് ഈടാക്കിയും സേവനം നല്‍കിയും നല്‍കാതെയും സ്വകാര്യമേഖല വളരുകയാണ്. ഇരകളാക്കപ്പെടുന്തോറും നമ്മള്‍ അതില്‍ കൂടുതല്‍ കൂടുതല്‍ അകപ്പെടുകയും ചെയ്യുന്നു.
അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സ്വകാര്യ പങ്കാളികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാരിന് അധികാരം വേണമെന്നും ഇവര്‍ക്കെതിരെയുള്ള പരാതികള്‍ ഉന്നയിക്കാന്‍ വിദഗ്ദ്ധരടങ്ങുന്ന ഒരു സ്ഥിരം സമിതി (അംഗങ്ങള്‍ സ്ഥിരം എന്നല്ല) രൂപീകരിക്കണമെന്നും നമുക്ക് ആവശ്യപ്പെടാം. ഇത് കഴിയുന്നത്ര ഷെയര്‍ ചെയ്യാനും ചര്‍ച്ച ചെയ്യാനും തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...