Monday, August 15, 2011

കുറഞ്ഞ പക്ഷം വിമാനം പറത്താന്‍ എങ്കിലും പഠിക്കണം


ഒരു പ്രവാസിയാവുന്നതിനു മുന്‍പ് കുറഞ്ഞ പക്ഷം വിമാനം പറത്താനെങ്കിലും പഠിക്കണമായിരുന്നു എന്ന് തോന്നിച്ചത് നമ്മുടെ തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജര്‍ സാറാണ്. ദുബായിലെ പത്രത്തില്‍ എഡിറ്റ്‌ ചെയ്ത് കോടികള്‍ ഉണ്ടാക്കി ഒരു വിമാനം വാങ്ങാനും അതുംമേല്‍ കേറിയിരുന്നു ഗമയില്‍ പറത്തി നാട്ടില്‍ ഇറങ്ങാനും എന്നെങ്കിലും പറ്റും എന്ന് വിചാരിച്ചിറ്റൊന്നുമല്ല ഈ തോന്നല്‍ വന്നത്. ഒരു പ്രവാസിയാവുന്നതിന്റെയും നാടിന്റെ വിമാനക്കമ്പനി പറത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നാ സാധാരണ പ്രവാസിയുടെ യാത്രാ പേടകത്തില്‍ കയറുന്നതിന്റെയും ഗതികേട് അനുഭവിച്ച ഒരു കൂട്ടം പാവങ്ങളെ കണ്ടിട്ടാണ്.
അബു ദാബി എയര്‍ പോര്‍ടില്‍ നിന്നും കോഴിക്കോട് കരിപ്പൂര്‍ വിമാനതാവളത്തില്‍ രാവിലെ അഞ്ചരക്ക് ഇറങ്ങാന്‍ ടിക്കറ്റ്‌ എടുത്ത് യാത്ര തുടങ്ങിയ പാവങ്ങള്‍ ഒരുറക്കം കഴിഞ്ഞ ആറരക്ക് എഴുന്നേക്കുമ്പോള്‍ എത്തപ്പെട്ടത് തിരുവനന്തപുരത്ത്. മോശം കാലാവസ്ഥ കാരണം കോഴിക്കോട്ടേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നു കേട്ടാല്‍ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ ഒന്നുമായിരുന്നില്ല വിമാനത്തില്‍. പക്ഷെ കാലാവസ്ഥ മാറിയിട്ടും വിമാനം തിരുനക്കരയില്‍ തന്നെ തുടര്‍ന്നാലോ?
കേറ വാര്‍ത്ത ശരിയാണെങ്കില്‍ മരണത്തിനും കല്യാണത്തിനും വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങള്‍ക്കും എല്ലാം എത്തിയവര്‍ ഏഴു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരുവനന്തപുരത്ത് തന്നെയാണ്. വിമാന യാത്ര മുടങ്ങിയാല്‍ ഹോട്ടല്‍ താമസവും ഭക്ഷണവും ഒക്കെ നല്‍കും എന്നാണു പറഞ്ഞു കേള്‍ക്കല്‍. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ അത്തരം ഉപചാരങ്ങളില്‍ ഒന്നും വിശ്വസിക്കുന്നില്ല. എയര്‍ പോര്ട്ടിനുള്ളില്‍ സ്ഥലമില്ലാത്തത് കൊണ്ട് വഴി തെറ്റി വന്ന പ്രവാസി യാത്രക്കാരെയാകെ അടിച്ചു തെളിച്ചു പുറത്തിറക്കി വിട്ടുവത്രേ.
അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്വന്തം നാട്ടിലെ വിമാനക്കമ്പനിയെ ആശ്രയിച്ചു എന്ന ഒരൊറ്റ കുറ്റം മാത്രം ചെയ്തവരാണ് സ്വാതന്ത്ര്യ ദിനത്തില്‍ അഭയാര്‍ഥി രൂപത്തില്‍ എയര്‍ പോര്ടിനു പുറത്ത് കാവലിരിക്കേണ്ട ഗതികേടില്‍ എത്തിയത്. കുറഞ്ഞത് ഏഴു മണിക്കൂര്‍ എങ്കിലും അവര്‍ ആ ഇരുപ്പ് തുടരെണ്ടിയും വന്നു. എയര്‍ പോര്‍ട്ട്‌ അതോറിറ്റി ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യയും പറഞ്ഞ ന്യായമാണ് ഏറ്റവും രസകരം. ജോലിസമയം കഴിഞ്ഞത് കൊണ്ട് പൈലറ്റ് തിരുവനന്തപുരത്ത് നിന്നും സ്ഥലം വിട്ടുവത്രേ.
അത് കേട്ടപ്പോള്‍ തീര്‍ച്ചയായും ചിലരെങ്കിലും ആശ്വസിച്ചിട്ടുണ്ടാവും, ആ മഹാന്റെ ജോലി സമയം ആകാശ മധ്യത്തില്‍ വച്ച് അവസാനിക്കാഞ്ഞതില്‍.
പിതാവ് മരിച്ചതറിഞ്ഞ് നാട്ടിലേക്ക് തിരിച്ച ഒരു ഗതികെട്ട മകന്‍ തന്റെ നിസ്സഹായാവസ്ഥ പറഞ്ഞപ്പോള്‍ എയര്‍ പോര്‍ട്ട്‌ മാനേജര്‍ പ്രതികരിച്ചത് ഇങ്ങനെ ആണത്രേ... പൈലറ്റ് പോയിക്കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ എന്ത് ചെയ്യാന്‍? നിങ്ങള്‍ ഒരു പൈലറ്റിനെ കൊണ്ടുവന്നാല്‍ കോഴിക്കോട്ടു എത്തിക്കാം. ഇല്ലെങ്കില്‍ രാത്രി ഏഴരക്ക് അടുത്ത പൈലറ്റ് വരുന്നതുവരെ അവിടെ വരാന്തയിലെങ്ങാന്‍ കുത്തിയിരുന്നോളൂ... ഭാഗ്യം അതിനു വരാന്തക്ക് വാടക വാങ്ങാന്‍ അദ്ദേഹം ഉത്തരവ് ഇട്ടില്ല.
ഇനി പറയൂ ഒരു വിമാനം പറത്താന്‍ എങ്കിലും പഠിക്കാതെ എങ്ങനെ പ്രവാസിയായി ജീവിക്കും ഇനിയുള്ള കാലത്ത്?