Monday, May 21, 2012

മരണത്തിന്റെ പുസ്തകം (പാരതന്ത്ര്യം)

മരണംതന്നെ ഒരു സ്വാതന്ത്ര്യം പ്രഖ്യാപിക്കലാവുമ്പോള്‍ സ്വാതന്ത്ര്യമില്ലാതെ മരിക്കുന്നത് എന്തെങ്കിലും വ്യത്യാസം വരുത്തുമോ... ഉണ്ടാവണം. ഇല്ലെങ്കില്‍ കൊച്ചണ്ണന്റെ മരണം എന്റെ ഓര്‍മ്മയില്‍ ബന്ധനത്തിലകപ്പെട്ട ഒന്നായി മാത്രം ശേഷിക്കുന്നത് എന്തിനാണ്..
സ്വയം നിശ്ചയിക്കാനരുതാകാത്തതിന്രെ ഒരു നിസ്സഹായാവസ്ഥയുണ്ട് ഒട്ടുമിക്ക മരണങ്ങളിലും. എങ്കിലും അതൊരു സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറക്കല്‍ കൂടിയാണെന്ന് എപ്പോഴും തോന്നാറുണ്ട്.
കൊച്ചണ്ണനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് ഞങ്ങളുടെ നാട്ടിന്‍പുറത്തെ മഴക്കാലമാണ്. ചുവന്ന ഒരു വലിയ തടാകമായി വയലുകള്‍ മുഴുവന്‍ ഒന്നുചേരുന്ന സമയം. എല്ലാ മഴക്കാലത്തും ഇത് പതിവായിരുന്നു. അത്തരമൊരു കാലത്തെക്കുറിച്ചുള്ള പറഞ്ഞുമാത്രം കേട്ട ഒരോര്‍മ്മയാണ് കൊച്ചണ്ണനെ മഴക്കാലവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത്.
ഞങ്ങളുടെ അയല്‍പക്കത്തെ താഴവിള വീട്ടിലെ അംഗമായിരുന്നു കൊച്ചണ്ണന്‍. നീലകണ്ഠക്കുറുപ്പെന്നായിരുന്നു ശരിയായ പേര് എന്നാണോര്‍മ്മ. ബുദ്ധിസ്ഥിരതയില്ലാത്തയാളായതുകൊണ്ടാവണം അയാളുടെ ചേട്ടനും അനിയന്മാരുമെല്ലാം എനിക്ക് മാമന്മാരായിട്ടും കൊച്ചണ്ണനെ മാത്രം നാട്ടുകാരെല്ലാം വിളിച്ചുപോന്ന അതേ പേരുതന്നെ ഞാനും വിളിച്ചുപോന്നത്.
എന്റെ കൊച്ചേച്ചി കുഞ്ഞായിരുന്ന കാലത്ത് മഴവെള്ളത്തില്‍ പെട്ടുപോയപ്പോള്‍ രക്ഷപ്പെടുത്തിയത് കൊച്ചണ്ണനായിരുന്നു. ആ പറഞ്ഞുകേട്ട സംഗതിയാണ് കൊച്ചണ്ണനെ മഴക്കാലവുമായി ബന്ധപ്പെടുത്തിയത്. മഴവെള്ളം കാണാന്‍ പോകല്‍ ഞങ്ങളുടെ കുഞ്ഞിലെ മഴക്കാലത്തെ ഒരു കൗതുകയാത്രയാണ്. വയലിനോടടുത്ത ഞങ്ങളുടെ തൊടിയില്‍ വരെ വെള്ളം കയറും. കുടയും വാഴയിലയും ചേമ്പിലയുമൊക്കെ ചൂടിയ ആളുകള്‍ വെള്ളത്തിന്റെ കരയില്‍ വന്നുനിന്ന് കാഴ്ച കാണും. ധൈര്യശാലികളായവര്‍ വാഴത്തട ചങ്ങാടമാക്കിയും അല്ലാതെയും വെള്ളത്തിലിറങ്ങും. കാഴ്ചക്കാരിയായി നില്‍ക്കുന്നതിനിടെ അഞ്ചുവയസ്സുകാരിയായിരുന്ന ചേച്ചി വെള്ളത്തിലേക്ക് വീഴുമ്പോള്‍ ധൈര്യശാലികളായ നീന്തല്‍ക്കാരാരുമുണ്ടായിരുന്നില്ല. എന്തുചെയ്യണമെന്നറിയാതെ നിലവിളിക്കുന്ന വല്ല്യേച്ചി മാത്രം. നിലയില്ലാത്ത വെള്ളത്തിലേക്കെടുത്ത് ചാടി ഒരു വിധത്തില്‍ കൊച്ചേച്ചിയെ കരയിലെത്തിച്ചത് കൊച്ചണ്ണനായിരുന്നു.
സ്‌കൂളില്‍ പഠിക്കുന്നകാലത്തെ അപസ്മാരബാധയാണ് കൊച്ചണ്ണന്റെ ബുദ്ധിയെ അസ്ഥിരമാക്കിയതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ ഓര്‍മ്മയില്‍ മൊട്ടത്തലയും നിറയെ തുളയുള്ള കൈയുള്ള ബനിയനുമിട്ട് ആരെങ്കിലും വലിച്ചുപേക്ഷിക്കുന്ന മുറിബീഡി പെറുക്കാന്‍ കടയുടെ മുന്നില്‍ നില്‍ക്കുന്ന കൊച്ചണ്ണനുണ്ട്. മഴയും വെയിലും അറിയാതെയെന്നവണ്ണം എപ്പോഴും ഇറങ്ങിനടക്കാറുണ്ടായിരുന്നു അയാള്‍. നാട്ടുകാരിലാരെങ്കിലും വാങ്ങിക്കൊടുക്കുന്ന ചായ ഒരു നിര്‍വികാരതയോടെ വാങ്ങിക്കുടിച്ച് ബീഡിവലിക്കുന്നവര്‍ക്കുമുന്നില്‍ കൊതിയോടെ നോക്കിനില്‍ക്കുന്ന കൊച്ചണ്ണന്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
ഈ നടപ്പിനിടയില്‍ പലപ്പോഴും അയാള്‍ക്ക് അപസ്മാരമിളകും. നടന്നുപോകുന്നതിനിടയില്‍ മറിഞ്ഞുവീഴും. അങ്ങനെ വീഴ്ചക്കിടയില്‍ പലപ്പോഴും മുറിവേറ്റിട്ടുണ്ട്. ഒരിക്കല്‍ ചോരയൊലിച്ച് വഴിയില്‍ കിടന്ന കൊച്ചണ്ണനെ നാട്ടുകാരാണ് താഴവിളയിലെത്തിച്ചത്. കൊച്ചണ്ണന്റെ ചേട്ടനായ ഭാസ്‌കരന്മാമനും മറ്റാരൊക്കെയോ കൂടി ആശുപത്രിയില്‍ കൊണ്ടുപോയി. ആറോ ഏഴോ തുന്നിക്കെട്ടലുണ്ടായിരുന്നു തലയില്‍. വീട്ടിലെത്തി വച്ചുകെട്ടിയ തലയുമായി കൊച്ചണ്ണന്‍ വീണ്ടും ഇറങ്ങിനടത്തം തുടങ്ങിയപ്പോഴാണ് ഭാസ്‌കരന്മാമന്‍ ആ തീരുമാനമെടുത്തത്.
എരുത്തിലിന്റെ ചായ്പ്പിലെ മുറിയില്‍ പൂട്ടിയിട്ട കൊച്ചണ്ണന്‍ വാതിലിലിടിച്ച് വിളിക്കുന്നത് വഴിയേ പോകുന്നവര്‍ക്കുപോലും കേള്‍ക്കാമായിരുന്നു. ആദ്യത്തെ രണ്ട് ദിവസം ആ വിളിയും അലര്‍ച്ചയും തുടര്‍ന്നു. വൈകുന്നേരങ്ങളില്‍ ഭാസ്‌കരന്മാമന്‍ വന്ന് കൊച്ചണ്ണനെ തുറന്ന് മുറ്റത്തിറക്കി നടത്തും. ആഴ്ചയിലൊരിക്കല്‍ വിശാലമായി കുളിപ്പിക്കും. ബാക്കി സമയം മുഴുവന്‍ മുറിക്കുള്ളില്‍ത്തന്നെ അടച്ചിടും. ഞങ്ങള്‍ കുട്ടികള്‍ മുറ്റത്ത് കളിക്കുമ്പോള്‍ ജനലിലൂടെ കൈനീട്ടി കൊച്ചണ്ണന്‍ ഞങ്ങളെ വിളിക്കും. ഒന്നു തുറന്നുതാ എന്ന് പതുക്കെയും ഉറക്കെയുമൊക്കെ പറയും. പക്ഷേ അതിനുള്ള ധൈര്യം ആര്‍ക്കുമുണ്ടായില്ല.
ക്രമേണ വൈകുന്നേരങ്ങളിലെ പുറത്തിറക്കല്‍ നിന്നു. പശുക്കളും ആടും നില്‍ക്കുന്നതിന്റെ ഒരു മതിലിനപ്പുറത്ത് അവരെപ്പോലെ കൊച്ചണ്ണനും കഴിഞ്ഞു. മലമൂത്ര വിസര്‍ജ്ജനമെല്ലാം ചായ്പ്പിനുള്ളില്‍ത്തന്നെ. ആരെങ്കിലും അത് ദിവസവും വൃത്തിയാക്കും.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കൊച്ചണ്ണനും അതിനോട് യോജിപ്പിലായി. വാതില്‍ തുറന്നാലും പുറത്തിറങ്ങില്ല. ഇറങ്ങിയാലും അല്‍പ്പം കഴിയുമ്പോള്‍ തിരിച്ച് തന്നെത്താന്‍ തിരിച്ചുകയറും. അതിനിടെ കൊച്ചണ്ണന്റെ ആരോഗ്യം തീരെ മോശമായി. ഞങ്ങള്‍ മുറിയുടെ പുറത്ത്‌നിന്ന് കളിച്ചാലും ഉള്ളിലേക്ക് നോക്കി ജനലരികില്‍ ചെന്നാലും തന്നോടുതന്നെയെന്നവണ്ണം എന്തെങ്കിലും പിറുപിറുക്കുന്നതല്ലാതെ ആരെയും കണ്ടഭാവം പോലും നടിക്കാതെയായി. ഭക്ഷണം മുറിക്കുള്ളിലേക്ക് നീക്കിവച്ചാലും പലപ്പോഴും അതേപടി തിരിച്ചെടുത്ത് കളയുന്ന ഘട്ടംവരെയെത്തി.
എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ഏതാനും ദിവസങ്ങള്‍ കിടന്നു എന്നാണോര്‍മ്മ. ഒരു ദിവസം രാവിലെ പശുവിനെ അഴിച്ചുകെട്ടാന്‍ നേരത്ത് ജനലിലൂടെ ഉള്ളിലേക്ക് നോക്കിയ പെങ്ങളാണ് ചലനമറ്റ കൊച്ചണ്ണനെ കണ്ടത്. അസ്ഥികൂടത്തിന് സമമായിരുന്നു അന്ന് ആരൂപം. പിന്നെ ചടങ്ങുകളെല്ലാം പതിവുപോലെ...

Sunday, May 13, 2012

മരണങ്ങളുടെ പുസ്തകം (അമ്മാവന്‍)

ഓമനക്കുട്ടനമ്മാവന്‍ എന്റെ നേരമ്മാവന്‍ തന്നെയാണ്. അമ്മയുടെ ഏറ്റവും ഇളയ ആങ്ങള. സേതുനാഥ് എന്ന ശരിയായ പേര് ആരെങ്കിലും പറഞ്ഞ് ഞാന്‍ കേട്ടിട്ടേയില്ല, അമ്മാവനെപ്പറ്റി. ഓമനക്കുട്ടനെന്നോ പൊട്ടച്ചാരെന്നോ വിളിക്കും ചിലര്‍. കുടുംബത്തിലുള്ളവര്‍ ഓമനപ്പൊട്ടനെന്ന് സ്നേഹവും പരിഹാസവും ചേര്‍ത്ത് വിളിക്കും. എന്ത് വിളിച്ചാലും ഓ എന്ന് വിളികേള്‍ക്കും അമ്മാവന്‍. പൊട്ടനെന്നാണ് വിളിയെങ്കില്‍ മാത്രം വിളിക്കുന്നയാളെ ദേഷ്യത്തോടെയൊന്ന് നോക്കും.
ഞാന്‍ ആദ്യമായി അന്ത്യക്രിയകള്‍ ചെയ്യുന്നത് ഓമനക്കുട്ടനമ്മാവനുവേണ്ടിയാണ്. അതും ദുബായില്‍ നിന്നും ഓടിയെത്തിയുള്ള ഒരു കര്‍മ്മം ചെയ്യല്‍. ഓമനക്കുട്ടനമ്മാവനെക്കുറിച്ച് ഓര്‍മ്മയിലെ അവസാനത്തെ രൂപം വീടിന്റെ വരാന്തയില്‍ കോടി പുതച്ചുകിടക്കുന്നതിന്റേതായത് അതുകൊണ്ടാവണം. നേരം വെളുക്കുന്നതിന് മുമ്പ് ഞാന്‍ എത്തുമ്പോള്‍ വരാന്തയില്‍ വാഴയിലയില്‍ കിടന്ന മെലിഞ്ഞ രൂപത്തിന് തലക്കലെരിയുന്ന നിലവിളക്കും പടിയില്‍ ഇരിക്കുന്ന വല്ല്യമ്മാവനും മാത്രമായിരുന്നു കൂട്ട്. മരണവീട്ടിലെ കരച്ചിലിനും നിലവിളിക്കുമൊന്നും ആരുമില്ലായിരുന്നു. എല്ലാരുമുണ്ടായിരുന്നിട്ടും ആരോരുമില്ലാതിരുന്ന ജീവിതം പോലെ തന്നെ മരണവും ഓമനക്കുട്ടനമ്മാവനെ തേടിയെത്തിയത് എന്തുകൊണ്ടായിരിക്കും?
മൂന്ന് അമ്മാവന്മാരാണ് എനിക്ക്. അതില്‍ ഓമനക്കുട്ടനമ്മാവനുമായാണ് ഏറെ പരിചയം. മറ്റ് രണ്ടുപേരും വളരെ മുമ്പുതന്നെ പലയിടത്തേക്കായി നാടുമാറിയിരുന്നു. കൊട്ടറയിലെ അമ്മയുടെ കുടുംബവീട് വിറ്റിട്ടാണ് നാട്ടിലേക്ക് മാറിവന്നത് എന്നതുകൊണ്ട് എല്ലാവരുടെയും കേന്ദ്രം ഞങ്ങളുടെ വീട് ആകേണ്ടതായിരുന്നു. ചിറ്റയും ഓമനക്കുട്ടനമ്മാവനും കുറേക്കാലം ഞങ്ങള്‍ക്കൊപ്പമായിരുന്നുതാനും. ഓരോരുത്തരും പിന്നീട് ഓരോ വഴിക്ക് പോയി. അത് വേറേ കഥ. ഇവിടത്തെ കഥാപാത്രം ഓമനക്കുട്ടനമ്മാവനാണ്. അതുകൊണ്ട് അമ്മാവനെക്കുറിച്ചുമാത്രം പറയാം.
ഞങ്ങളുടെ കുട്ടിക്കാലത്ത് അമ്മാവന്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു താമസം. വീട്ടില്‍ രണ്ട് പശുക്കളും കുറേ കോഴികളും ഞങ്ങളും ഒപ്പം അമ്മാവനും. അമ്മാവനാണ് പശുക്കളുടെ മേല്‍നോട്ടച്ചുമതല. അമ്മ ഞങ്ങളെക്കാള്‍ ഓമനിച്ചിരുന്നവരായിരുന്നു പശുക്കള്‍. അവര്‍ക്ക് സമയാസമയത്ത് വൈക്കോല്‍, പുല്ല്, വെള്ളം എന്നിവ കൊടുക്കുക, അവരെ കുളിപ്പിക്കുക, രാവിലെ അമ്മ കറന്നുകൊടുക്കുന്ന പാല്‍ ചായക്കടയില്‍ എത്തിക്കുക എന്നിവയാണ് ഈ മേല്‍നോട്ടത്തിന്റെ പരിധിയില്‍ വരുന്നത്. പാടവരമ്പിലോ ഞങ്ങളുടെയോ അയല്‍പക്കക്കാരുടെയോ പറമ്പുകളിലോ ഒക്കെയായി പുല്ല് തിന്നാന്‍ പാകത്തില്‍ അവരെ കെട്ടിയിടുന്നത് മറ്റൊരു ജോലി.
പിന്നെ വല്ലപ്പോഴും കടയില്‍ പോയി സാധനം വാങ്ങുന്നത് ഇനിയൊന്ന്. ഇത്രയൊക്കെയാണ് അമ്മാവന് വീട്ടില്‍ ചെയ്യാനുണ്ടായിരുന്നത്. നല്ല മൂഡിലാണെങ്കില്‍ വലിയ പരാതിയൊന്നുമില്ലാതെ അമ്മാവന്‍ ഇതെല്ലാം ചെയ്യും. ഇല്ലാത്തപ്പോഴാണെങ്കില്‍ പശുവിനോടും നാട്ടുകാരോടുമെല്ലാം തന്റെ കൊഞ്ഞയും അക്ഷരവ്യക്തതയില്ലായ്മയും നിറഞ്ഞ ശബ്ദത്തില്‍ അമ്മയെക്കുറിച്ചുള്ള പരാതികള്‍ പറയുകയും ചെയ്യും.
ആദ്യകാലത്ത് ഞാന്‍ കാണുന്ന അമ്മാവന്‍ നല്ല ആരോഗ്യവാനായിരുന്നു. ആറടിക്കടുത്ത് ഉയരമുണ്ടെങ്കിലും അതിനൊത്ത തടിയും ആരോഗ്യവുമുള്ളതിനാല്‍ ഉരുണ്ട് ഉറച്ച ശരീരമെന്നാണ് തോന്നുക. ഭക്ഷണക്കാര്യത്തിലും അമ്മാവന്‍ മോശക്കാരനായിരുന്നില്ല. ചോറും മോരും മാത്രമാണെങ്കില്‍പ്പോലും കുറഞ്ഞത് രണ്ടുപേരുടെ ഭക്ഷണം കഴിക്കും. പണിയെടുക്കുന്ന കാര്യത്തിലും അങ്ങനെതന്നെ.
അധികകാലം എവിടെയും തുടരുന്ന സ്വഭാവമില്ലായിരുന്നു അമ്മാവന്. അലഞ്ഞുനടക്കും. കൊട്ടറയില്‍ തങ്ങള്‍ക്ക് ഇനിയൊന്നും അവശേഷിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം അമ്മാവന്റെ വളര്‍ച്ചയെത്താത്ത മനസ്സിന് ഉള്‍ക്കൊള്ളാനായിരുന്നില്ലെന്ന് തോന്നുന്നു. അതുകൊണ്ട് ഇരുപത്തഞ്ച്് കിലോമീറ്ററിലേറെ ദൂരം വരുന്ന കൊട്ടറയിലേക്കും കുറേക്കൂടി അടുത്ത്, മുത്തശ്ശന്‍ കഴകക്കാരനായിരുന്ന പകല്‍ക്കുറി ക്ഷേത്രത്തിലേക്കുമൊക്കെ ഇടക്കൊക്കെ ഒരു പോക്ക് പോകും. യാത്ര എങ്ങോട്ടാണെങ്കിലും നടന്നുതന്നെയാവും. പണം അമ്മാവനെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമില്ലാത്ത ഒന്നായിരുന്നു.
ഒറ്റ രൂപയായാലും പത്ത് രൂപയായാലും നൂറ് രൂപയായാലും അതിനെല്ലാം ഒരേ വില തന്നെ. ഇവ തമ്മിലുള്ള വ്യത്യാസം അറിയാന്‍ തക്ക വളര്‍ച്ചയെത്തുന്നതിനും മുമ്പേ തന്നെ മനസ്സ് ഇനി വളരുന്നില്ലെന്ന് തീരുമാനിച്ചതുകൊണ്ടാവണം. അക്ഷരങ്ങളോടും അമ്മാവന് ശത്രുതയായിരുന്നു. അക്ഷരമെഴുതാന്‍ പഠിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ സ്ളേറ്റ് മുഴുവന്‍ റ എഴുതി ഒറ്റ ദിവസം കൊണ്ട് അമ്മാവന്‍ തോല്‍പ്പിച്ചത് ഞാന്‍ അക്ഷരങ്ങളെല്ലാം പഠിച്ചുകഴിഞ്ഞിട്ടായിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന ചിത്രത്തെ ഓര്‍ക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ആദ്യമെത്തുന്നത് അമ്മാവന്റെ രൂപമാണ്. ഗോപിയുടെ രൂപത്തിന് പകരം ഞാന്‍ അമ്മാവന്റെ രൂപം സങ്കല്‍പ്പിക്കും. കഷണ്ടിയിലെയും തീരെ പതിഞ്ഞ മെല്ലെയുള്ള നീക്കങ്ങളിലെയും വൈരുദ്ധ്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഗോപിയുടെ ശങ്കരന്‍കുട്ടിയും ഓമനക്കുട്ടനമ്മാവനും തമ്മില്‍ ഒരു വലിയ സാദൃശ്യമുണ്ട്. എവിടെ ചെണ്ടക്കോല്‍ വീഴുന്ന ശബ്ദം കേട്ടാലും അവിടെ പാഞ്ഞെത്തുന്ന സ്വഭാവം. ക്ഷേത്രോത്സവങ്ങള്‍ അമ്മാവനെ സംബന്ധിച്ചിടത്തോളം കഠിനാദ്ധ്വാനത്തിന്റെ ദിവസങ്ങളാണ്.
പറയെഴുന്നെള്ളിപ്പിനിറങ്ങുന്ന ആനക്ക് മുന്നില്‍ വിളക്കും പിടിച്ച് രാവിലെ മുതല്‍ വൈകുന്നേരം വരെ അലയാനായാലും നെല്ല് ശേഖരിക്കാനായാലുമെല്ലാം അമ്മാവനുണ്ടാവും, രാവിലെ മുതല്‍ ഉത്സവം തീരും വരെ. ഉത്സവം കഴിഞ്ഞ് ആളും മേളങ്ങളുമൊഴിഞ്ഞാല്‍ കമ്മിറ്റിക്കാര്‍ കൊടുക്കുന്ന പണവും വാങ്ങി സ്ഥലം വിടും. അതെത്രയാണെന്ന് എണ്ണിനോക്കാന്‍ അമ്മാവന് കഴിയുമായിരുന്നില്ല. കൈയില്‍ കിട്ടിയ പണവുമായി അമ്മാവന്‍ നടത്തംതുടരും. എവിടെ നിന്നെങ്കിലും എന്തെങ്കിലും വാങ്ങിക്കഴിക്കും. അതിന്  കൈയിലിരിക്കുന്ന പണം മുഴുവനും കൊടുത്തെന്നിരിക്കും ചിലപ്പോള്‍. കടയിലുള്ളയാള്‍ നല്ലവനാണെങ്കില്‍ തനിക്ക് കിട്ടാനുള്ളതതെടുത്തിട്ട് ബാക്കി നല്‍കും. ചിലര്‍ മുഴുവനും വാങ്ങി പെട്ടിയിലിടും. രണ്ടായാലും അമ്മാവന് ഒരുപോലെ തന്നെ.
പശുവിന്റെ ഉത്തരവാദിത്തങ്ങളും മറ്റ് ചില്ലറജോലികളുമൊക്കെയായി അമ്മാവന്‍ വീട്ടില്‍ നില്‍ക്കുന്ന കാലം. ഒരു ദിവസം പതിവുപോലെ അമ്മാവന്‍ പശുവിനെയും കൊണ്ട് പുറത്തേക്ക് പോയി. മടങ്ങിയെത്തുമ്പോള്‍ പശുവിന്റെ ദേഹത്താകെ തല്ലുകൊണ്ട പാടുകള്‍. അമ്മ കുറേ വഴക്ക് പറഞ്ഞു. വഴിയേ പോയ ഒരാളിന്റെ വിവരണത്തില്‍ നിന്നാണ് പിന്നീട് കാര്യമറിഞ്ഞത്. പശു അമ്മാവനോട് ഇത്തിരി വാശി കാണിച്ചുവത്രേ. അമ്മാവനും വെറുതേ വിട്ടില്ല. കൈയില്‍ കിട്ടിയ വടിയെടുത്ത് അവളെ നന്നായങ്ങ് തല്ലി. തല്ലുമ്പോള്‍ പശുവിനോട് പറയുകയും ചെയ്തത്രേ, നീ ഇതെല്ലാം ചെന്ന് ചേച്ചിയോട് പറയാന്‍.
അമ്മാവന് അധികനാള്‍ എവിടെയും സ്ഥിരമായി തുടരാന്‍ ഇഷ്ടമായിരുന്നില്ല. ഇടക്കൊക്കെ ഒറ്റ മുങ്ങല്‍ മുങ്ങും. മിക്കവാറും അതിരാവിലെയാവും ഈ സ്ഥലം വിടല്‍. അല്ലെങ്കില്‍ ഉച്ചക്ക്. ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കാന്‍ പോകുന്നയാളിനെ പിന്നീട് അമ്മ എത്ര വിളിച്ചാലും കാണലുണ്ടാവില്ല. ഒടുവില്‍ കഴുകി വിരിച്ച തുണികള്‍ അപ്രത്യക്ഷമായത് തിരിച്ചറിയുമ്പോഴാണ് അമ്മാവന്‍ സ്ഥലംവിട്ട കാര്യം അറിയുക. ഈ അപ്രത്യക്ഷമാകല്‍ സ്ഥിരം പരിപാടിയായിരുന്നു. അതുകൊണ്ടുതന്നെ അമ്മ അതേക്കുറിച്ച് അത്ര വിഷമിക്കാറുമുണ്ടായിരുന്നില്ല. എവിടെയെങ്കിലും ഉത്സവങ്ങള്‍ക്കിടയില്‍ കാണുമ്പോള്‍ അച്ഛന്‍ അമ്മാവനെ കൂട്ടിവരും. വീട്ടിലെത്തിയാല്‍ അമ്മയുടെ വഴക്ക് കേട്ട് ഉടുപ്പും മുണ്ടും കഴുകിയിടും. ദിവസങ്ങളോളം ഇട്ട് മുഷിഞ്ഞ് നാറുന്നതാവും അവ.
എത്ര രാത്രിയായാലും ഭക്ഷണം കഴിക്കലും തുണികഴുകലും കഴിഞ്ഞേ അമ്മാവന്‍ ഉറങ്ങാന്‍ കിടക്കൂ. ഭക്ഷണസമയത്താണ് അമ്മയുടെ വക ഉപദേശങ്ങള്‍. വീട്ടില്‍ അടങ്ങിനില്‍ക്കാനും നാടുനീളെ ഇങ്ങനെ അലയാതിരിക്കാനുമൊക്കെയായിരിക്കും പതിവ് ഉപദേശങ്ങള്‍. അതൊക്കെ കേട്ട് തലകുലുക്കും. ചിലപ്പോള്‍ മറ്റന്നാള്‍ കൊട്ടറയില്‍ ചെല്ലണമെന്നോ പകല്‍ക്കുറിയിലെത്തണമെന്നോ മറുപടി പറയും. ഉത്സവത്തിന് ചെല്ലാമെന്ന് ഏറ്റിട്ടുണ്ടെന്നാകും പലപ്പോഴും പറയുന്ന ന്യായം. കിടക്കാന്‍ വൈകിയാലും അതിരാവിലെ എഴുന്നേല്‍ക്കും. രാവിലെ അമ്മ ചായകുടിക്കാന്‍ വിളിച്ച് ചെന്നുനോക്കുമ്പോള്‍ ആളിനെ കാണുകയുമില്ല.
കൊട്ടറയിലെ പഴയ കുടുംബവീടിനടുത്തുള്ള മഠത്തിലുള്ളവരുമായാണ് അമ്മാവന് കുറെയെങ്കിലും അടുപ്പമുണ്ടായിരുന്നത്. ആറ്റിങ്ങലിനടുത്ത് അവരുടെ  ഒരു ബന്ധുവീടായിരുന്നു അമ്മാവന്‍ കുറച്ചുനാള്‍ സ്ഥിരമായി നിന്ന ഏകസ്ഥലം. അവിടെ പശുവില്ല എന്നതായിരുന്നു അമ്മാവന്‍ കണ്ട മെച്ചം. എന്നാലും ഇടക്കൊക്കെ അവിടുന്ന് കാല്‍നടയായിത്തന്നെ ഇളംകുളത്തെത്തും. ഇരുപത് കിലോമീറ്ററോളം ദൂരമുണ്ട് ഇത്രയുമെത്താന്‍ തന്നെ.
ചിലപ്പോള്‍ അയല്‍ വീടുകളില്‍ എവിടെയെങ്കിലും അമ്മാവന്റെ തലവെട്ടം കാണാം. ഞങ്ങള്‍ ആരെങ്കിലും കണ്ടെന്ന് ഉറപ്പായാല്‍ അവിടുന്ന് സ്ഥലം വിട്ടുകളയുകയും ചെയ്യും. മറ്റ് ചിലപ്പോള്‍ നേരേ വീട്ടിലേക്ക് വരും. അമ്മയുമായി വഴക്കിടാന്‍ അമ്മാവന് ഒരു പ്രിയപ്പെട്ട വിഷയമുണ്ടായിരുന്നു. കൊട്ടറയിലെ സ്ഥലം വിറ്റപ്പോള്‍ അമ്മാവന്റെ പേരില്‍ വാങ്ങിയിട്ട ഭൂമിയായിരുന്നു ആ വിവാദവിഷയം. കുന്നിന്‍പുറമെന്നായിരുന്നു അതിനെ വിശേഷിപ്പിക്കുന്നത്. പേരൊന്നുമില്ലാത്ത ഒരു കുന്നിന്റെ മുകളിലായുള്ള ഭൂമി.
അവിടെ പല തവണ പലതും കൃഷിയിറക്കിയെങ്കിലും വിളവെടുക്കാന്‍ നാട്ടുകാര്‍ക്കാണ് ഭാഗ്യമുണ്ടായത്. അവസാനം അതിനെ തരിശിടാന്‍ തന്നെ തീരുമാനിച്ചു. ആ പറമ്പായിരുന്നു അമ്മാവന്റെ ഏകസ്വത്ത്. ഇടക്കൊക്കെ വീട്ടില്‍ വന്ന് അത് വിറ്റുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മാവന്‍ ബഹളം വയ്ക്കും. വിറ്റിട്ട് എന്തുചെയ്യാനാണ് എന്നുചോദിച്ചാല്‍ ഉടന്‍ വരും മറുപടി. എനിക്ക് എന്‍.എച്ചില്‍ 5 സെന്റ് വസ്തു വാങ്ങണം.
ഏതായാലും അത് വിറ്റില്ല. അമ്മാവന്‍ നാഷണല്‍ ഹൈവേയില്‍ വസ്തു വാങ്ങിയുമില്ല. പകരം നാട് മുഴുവന്‍ അലഞ്ഞുനടന്നു.  ഉത്സവപ്പറമ്പായ ഉത്സവപ്പറമ്പുകളിലെല്ലാം നടന്ന് പല ജോലികളും ചെയ്തു. കൈയില്‍ കിട്ടിയ കാശിന് ഭക്ഷണം കഴിച്ചു.  പലരും അച്ഛനോടോ അമ്മയോടോ ഞങ്ങളോടോ ഒക്കെ എവിടെയെങ്കിലും വച്ച് അമ്മാവനെ കണ്ട കാര്യം പറഞ്ഞു. എന്നാല്‍ കുറേക്കാലം അമ്മാവന്‍ വീട്ടിലേക്ക് വന്നതേയില്ല. കല്ല്യാണവീടുകളിലും അടിയന്തരം നടക്കുന്നിടത്തുമൊക്കെ ഉത്സാഹക്കാരനായി പണിയെടുക്കുന്ന അമ്മാവനെ പലപ്പോഴും കണ്ടു. ഞങ്ങളെയാരെയെങ്കിലും തിരിച്ചറിഞ്ഞാല്‍ ഉടന്‍ അമ്മാവന്‍ ഒളിച്ചുകളഞ്ഞു.
ഞങ്ങളുടെ കുട്ടിക്കാലത്ത് അമ്മാവന് ഏറ്റവും പ്രിയം കൊച്ചേച്ചിയെയായിരുന്നു. ഞാനോ വല്ല്യേച്ചിയോ കാണാതെ കടലാസ്സില്‍ പൊതിഞ്ഞ നാരങ്ങാമുട്ടായികള്‍ അന്നൊക്കെ അമ്മാവന്‍ കൊച്ചേച്ചിക്ക് സമ്മാനിക്കുമായിരുന്നു. ആ കൊച്ചേച്ചിയുടെ കല്ല്യാണത്തിന് അമ്മാവന്‍ വന്നില്ല. ഒരുപക്ഷേ അമ്മാവന്‍ അത് അറിഞ്ഞുപോലും കാണില്ല. അമ്മാവന്‍ ആലംകോട്ട് മഠത്തിലായിരിക്കുമെന്ന ധാരണയില്‍ അവിടെ കല്ല്യാണമറിയിച്ചിരുന്നെങ്കിലും അവിടെ നിന്നും മുങ്ങിയിട്ട് കുറേ ദിവസങ്ങളായി എന്ന മറുപടിയാണ് കിട്ടിയത്.
ഞങ്ങള്‍ വീട് വിറ്റ് സ്ഥലം മാറി പോയിട്ടും അമ്മാവന്‍ എവിടെനിന്നൊക്കെയോ ചില ദിവസങ്ങളില്‍ പൊട്ടിവീണുകൊണ്ടിരുന്നു. വരുന്നതും പോകുന്നതും എവിടെ നിന്നെന്ന്് ആരും അറിഞ്ഞതേയില്ല. ചില വരവുകളില്‍ അമ്മാവന് എല്ലാവരും ശത്രുക്കളാവും. തന്നെ എല്ലാരും ചേര്‍ന്ന്് പറ്റിക്കുന്നു എന്നൊക്കെ പറയും. എന്നിട്ട് വയറുനിറയെ ചോറുണ്ടശേഷം എവിടെയൊക്കെയോ പോകാനുണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കുകയുംചെയ്യും.
അമ്മാവന്‍ ഉത്സവപ്പറമ്പുകളെപ്പോലെ മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല. അഥവാ അങ്ങിനെയൊന്ന് അമ്മാവന് അറിയുകയേയില്ലായിരുന്നു. ആലംകോട്ടെ ജീവിതത്തിനിടയില്‍ പലപ്പോഴും അമ്മാവന്‍ അവിടെനിന്നും അബ്സ്കോണ്ടിംഗ് ആവുക പതിവായിരുന്നു. ഏതെങ്കിലുമൊക്കെ ഉത്സവപ്പറമ്പുകളിലൂടെ നീങ്ങുന്ന ആ അബ്സ്കോണ്ടിംഗ് ഉത്സവക്കാലം കഴിയുന്നതുവരെ നീളും. നാലുമാസക്കാലം അമ്മാവന്‍ ഉത്സവങ്ങളില്‍ മാത്രമാണ് ജീവിക്കുക. അങ്ങനെയേതോഒരു ഉത്സവപ്പറമ്പിലാണ് അമ്മാവനെ ജീവനോടെ ഞാന്‍ ഒടുവില്‍ കാണുന്നത്.
കേരളത്തിന് പുറത്തായിരുന്ന നാളുകളില്‍ അമ്മാവനെക്കുറിച്ച് എനിക്ക് അറിവൊന്നുമില്ലായിരുന്നു. ഇടക്ക് കൊല്‍ക്കത്തയില്‍ ജീവിച്ചിരുന്ന ഇളയമ്മാവനാണ് ഓമനക്കുട്ടനമ്മാവനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കിയത്. ആലംകോട് നിന്നും ഇറങ്ങിപ്പോന്നിട്ട് നാളുകളായത്രേ. ഇടക്ക് ഒരവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഒരു ചെറുക്ഷേത്രത്തിനടുത്തുള്ള കുടിലില്‍ ന്യൂമോണിയ ബാധിച്ച് കിടക്കുന്ന അനിയനെ കണ്ടെത്തിയിരുന്നു. ആരോ നല്‍കിയ ദിവസങ്ങള്‍ പഴകിയ ഭക്ഷണമായിരുന്നു അടുത്തുണ്ടായിരുന്നത്. അന്നുതന്നെ ആശുപത്രിയിലെത്തിച്ചു. ആഴ്ചകള്‍ നീണ്ട ചികിത്സ. പിന്നീട് വീട്ടിലെ വിശ്രമക്കാലം കഷ്ടിച്ച് രണ്ടാഴ്ച നീണ്ടു. ഇത്തിരി സുഖമായിക്കാണണം. പതിവുപോലെ അമ്മാവന്‍ അപ്രത്യക്ഷനായി.

ഞാന്‍ പിന്നീട് അമ്മാവനെക്കുറിച്ചൊന്നും കേട്ടതേയില്ല, കുറേ നാളത്തേക്ക്. ഗള്‍ഫിലെത്തിക്കഴിഞ്ഞ് ഇടക്കിടെയുള്ള ഫോണ്‍വിളികളില്‍ വളരെ അപൂര്‍വ്വമായി മാത്രം അമ്മ പരാമര്‍ശിക്കും അമ്മാവന്റെ വര്‍ത്തമാനങ്ങള്‍. അതും അധികമൊന്നുമില്ല. ഓമനക്കുട്ടനെ അച്ഛന്‍ എവിടെയോ അമ്പലത്തില്‍ വച്ച് കണ്ടുവെന്നോ മറ്റോ മാത്രം.
ജീവിച്ചിരിക്കുമ്പോള്‍ കാട്ടാത്ത സ്നേഹം മരണത്തിനുശേഷം കാണിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് പലരോടും പറഞ്ഞിട്ടുണ്ട് ഞാന്‍. അമ്മാവന്റെ കാര്യത്തില്‍ അത് സ്വയം പറയേണ്ടിവരും എനിക്ക്. കാരണം ജീവിച്ചിരുന്നപ്പോള്‍ അമ്മാവനുവേണ്ടി ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ട പല കാര്യങ്ങളെയും ഞാന്‍ ഗൌരവമായി എടുത്തിട്ടേയില്ല. എന്നാല്‍ മരിച്ചുകഴിഞ്ഞപ്പോള്‍ അങ്ങനെ ഉപേക്ഷിക്കാനായില്ല എനിക്ക് ഓമനക്കുട്ടന്‍ അമ്മാവനെ.
ജീവിതം പോലെ തന്നെ ആരോരുമില്ലാത്ത, ഒറ്റപ്പെട്ട മരണമായിരുന്നു അമ്മാവന്റേത്. ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മാവന്‍ താന്‍ രോഗബാധിതനായ അതേ ക്ഷേത്രത്തിലേക്ക് തന്നെയായിരുന്നു കറങ്ങിത്തിരിഞ്ഞ് എത്തിപ്പെട്ടത്. ഉത്സവങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നുമെല്ലാം ഒഴിഞ്ഞ ജീവിതം. അതിനിടയിലും അമ്മാവന്‍ അലഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളുടെ വീട് ഉള്‍പ്പെടെ പരിചയമുള്ള വീടുകളിലേക്കൊന്നും അമ്മാവന്‍ പോയില്ല. അത്തരം ഒരു യാത്രക്കിടയില്‍ വഴിയില്‍ രക്തം ശര്‍ദ്ദിച്ച് വീണ അമ്മാവനെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിചയക്കാരാരോ അച്ഛനെ വിവരമറിയിച്ചു.
രണ്ടുദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. എത്രയോ ദൂരം യാത്ര ചെയ്തിട്ടും എങ്ങും ഒരിക്കലും എത്താതെ പോയതായിരുന്നു അമ്മാവന്റെ ജീവിതം എന്ന് ഇടക്കെപ്പോഴെങ്കിലും ഓര്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്. ഗള്‍ഫില്‍ നിന്ന് മരണവാര്‍ത്ത അിറഞ്ഞയുടന്‍ യാത്രതിരിച്ച് വീട്ടിലെത്തുമ്പോള്‍ കണ്ട കാഴ്ച ആദ്യം പറഞ്ഞതായിരുന്നു. മരണശേഷവും ആരോരുമില്ലാത്ത ജീവിതം.
ഒരു യാത്രക്കിടയില്‍ തന്നെ അമ്മാവന്റെ ജീവിതം അവസാനിച്ചത് വെറും യാദൃശ്ചികമാവില്ല എന്ന് തോന്നി അമ്മാവന്റെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോള്‍.. അമ്മാവന്റെ എക്കാലത്തെയും സ്വപ്നമായിരുന്ന നാഷണല്‍ ഹൈവേയിലെ അഞ്ചുസെന്റ് ഭൂമിയിലേക്കോ അതിനുവേണ്ടി അമ്മാവന്‍ ത്യജിക്കാന്‍ തയ്യാറായിരുന്ന കുന്നിന്‍പുറത്തേക്കോ ആയിരുന്നില്ല അമ്മാവന്റെ അവസാനത്തെ യാത്ര. ഞങ്ങളുടെ തൊടിയുടെ മൂലയിലെ ആറടി മണ്ണിലേക്കായിരുന്നു.

Saturday, May 05, 2012

മരിച്ചത് കീചകന്‍ അല്ല... കൊന്നത് ഭീമനാവാനും വഴിയില്ല...

സഖാവ് ടി.പി. ചന്ദ്രശേഖരനുമായി ഒരുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.. വടകര തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന കാലത്ത്... പിന്നീട് രണ്ടോ മൂന്നോ തവണ ഫോണിലും സംസാരിച്ചിട്ടുണ്ട്. നല്ല മനക്കരുത്തുള്ള, ചങ്കൂറ്റമുള്ള ഒരു നേതാവായിരുന്നു... പഴയ എം.വി.ആറിനെ ഓര്‍മ്മിപ്പിക്കുന്ന തലയെടുപ്പും..
പക്ഷെ എത്ര സി.പി.എം. വിരോധം മനസ്സിലിട്ടു ചിന്തിച്ചിട്ടും ഇത് ചെയ്തത് ഇടതുപക്ഷമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല... ഇതൊന്നും ചെയ്യാനുള്ള "കഴിവ്" സി.പി.എമ്മിനില്ല എന്നല്ല. ഇത്തരം ഒരു ചരിത്രം പാര്‍ട്ടിക്കില്ല എന്നുമല്ല. പക്ഷെ ടി.പി.യെപ്പോലെ ഒരു നേതാവിനെ കൊല്ലണമായിരുന്നെങ്കില്‍ ഇത്ര കാലം കാത്തിരിക്കേണ്ട കാര്യം അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് ഒന്നാമത്തെ കാര്യം. ടി.പി.യേക്കാള്‍ പാര്‍ട്ടിയെ അപമാനിക്കുകയും വെല്ലുവിളിക്കുകയും ചെയ്തശേഷം ജീവിക്കുന്ന കുറെയേറെ നേതാക്കള്‍ ഉണ്ട്. അതും പാര്‍ട്ടിക്ക് അത്യാവശ്യം കരുത്തുള്ള പ്രദേശങ്ങളില്‍ തന്നെ.
ഇനിയൊന്നു നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പാണ്. എത്രയൊക്കെ നിഷേധിച്ചാലും ഇക്കാര്യത്തില്‍ പ്രതിരോധത്തില്‍ ആവുകയല്ലാതെ സി.പി.എമ്മിന് വഴിയില്ല. എത്ര പ്രതിരോധത്തില്‍ ആയാലും മനോരമയും മാതൃഭുമിയും ചാനലുകളും പിന്നെ സാധാരണ കീചക-ഭീമ ബുദ്ധിയും ചേര്‍ന്ന് പിടിക്കുമ്പോള്‍ തങ്ങളല്ല ഈ കൊല നടത്തിയതിനു ഉത്തരവാദികള്‍ എന്ന് എത്ര പറഞ്ഞാലും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. ഇത് മനസ്സിലാക്കാനോ അത്തരത്തില്‍ ചിന്തിക്കാനോ കഴിവില്ലാത്തവരല്ല സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്നത്.
കോണ്‍ഗ്രസ്സും യു.ഡി.എഫും ഈ വിഷയത്തെ ഏറ്റെടുക്കുന്ന രീതി കണ്ടപ്പോള്‍ മറ്റൊരു വഴിക്ക് ചിന്തിക്കേണ്ട ആവശ്യം തോന്നുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സംഭവം നടന്നു മണിക്കൂറിനുള്ളില്‍ ഇത് ചെയ്തത് സി.പി.എം തന്നെയാണ് എന്ന വ്യക്തമായ സൂചനയുമായി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും അന്വേഷണം ആരംഭിക്കുക പോലും ചെയ്യാത്ത ഒരു കേസിലെ പ്രതി ഭാഗത്ത്‌ ആരെന്നു പ്രഖ്യാപിച്ചുകൊണ്ട് വന്നതും ചില സൂചനകള്‍ നല്‍കുന്നു.
കെ.പി.സി.സി പ്രസിഡണ്ട്‌ നടത്തിയ പ്രസ്താവന നോക്കുക. സി.പി.എമ്മാണ് കൊല നടത്തിയത് എന്ന് തെളിയും എന്നാണു അദ്ദേഹം പ്രസ്താവിക്കുന്നത്. ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടറും ഇടത് ഏകോപന സമിതിയുടെ പക്ഷത്ത്‌ നില്‍ക്കുന്നയാലുമായ ഷാജഹാന്‍ നല്‍കിയ വാര്‍ത്ത‍ സിപിഎം കാരാണ് കുറ്റവാളികള്‍ എന്ന് അദ്ദേഹത്തിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ് കൂട്ടി ചേര്‍ത്തതാണ്.
ഇനിയൊരു സാധ്യത കൂടിയുണ്ട്. ഇടതുപക്ഷ ഏകോപന സമിതിയെ വലതുപക്ഷത്ത് കൊണ്ടുക്കെട്ടാന്‍ എം.ആര്‍.മുരളിയും സംഘവും നടത്തിയ ശ്രമങ്ങളെ വീറോടെ എതിരിട്ടു നിന്നത് സഖാവ് ടി.പി. ആയിരുന്നു. ആ ശ്രമം പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ ശ്രമ ഫലമായാണ്. അതായത് ഇവിടെയും സി.പി.എമ്മിനെക്കാള്‍ നേട്ടം ലഭിക്കുന്നത് യു.ഡി.എഫിന് തന്നെയാണ്.
 ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടി ആണെങ്കിലും അതിനെ നിയന്ത്രിക്കുന്നത് താന്‍ തന്നെ ആണെന്ന പി.സി.ജോര്‍ജ് ടീമിന്റെ നായകന്‍റെ പ്രസ്താവനയും കൂടി കണക്കിലെടുക്കുക.
ഒരു ടീം ഈ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നത് ഉറപ്പ്. അത് സി.പി.എമ്മിന്റെ ടീം ആകാനുള്ള സാധ്യത ഇപ്പോഴത്തെ നില വച്ച് നോക്കുമ്പോള്‍ വളരെ കുറവ്. നെയ്യാറ്റിന്‍കര ശെല്‍വരാജിന് വിജയിക്കാന്‍ ഇതിലും അപ്പുറത്ത് എന്തെങ്കിലും നടക്കാതെ നിവൃത്തിയില്ല..
മുട്ടനാടുകള്‍ക്ക് ഇടയില്‍ ഓ. രാജഗോപാല്‍ എന്ന മറ്റൊരു ബുദ്ധിമാന്‍ കൂടി മത്സരത്തില്‍ ഉണ്ട് എന്നതും മറക്കെണ്ടാതില്ല. ശെല്‍വരാജ് എന്ന ഓന്തിന്റെ ആത്മഹത്യക്ക് പിന്തുണ നല്‍കേണ്ട എന്നോര്‍ത്ത് കണ്ഫ്യൂഷനില്‍ കഴിയുന്ന നിഷ്പക്ഷര്‍ ഇനി അക്രമികളായ സി.പി.എമ്മിനെ പിന്തുണക്കില്ല എന്നത് സംശയമില്ലാത്ത കാര്യം. അതിന്റെ പ്രയോജനം കിട്ടുക രാജേട്ടനവും...
മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ചുവടു പിടിചാണേല്‍ അടുത്ത രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഇന്നോവ കാര്‍ കണ്ടുപിടിക്കപ്പെടും... അതിന്റെ ഡ്രൈവര്‍ സ്ഥലത്തെ പ്രാദേശിക സി.പി.എം നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്യും...ജൂണ്‍ രണ്ടു കഴിയാതെ ഇക്കാര്യത്തില്‍ വലിയ മാറ്റം ഒന്നും കൂടാതെ നീണ്ടുപോകാന്‍ ആണ് സാധ്യത...

കൂട്ടിച്ചേര്‍ക്കല്‍...

Sunday, April 29, 2012

സ്വപ്നം (സമ്മാനം)

രണ്ട് കൈകള്‍, ഒരു മുയല്‍ക്കുട്ടി, അരണ്ട ചാരനിറത്തില്‍ ഇളം പിങ്ക് കലര്‍ന്ന ഒരു ഗ്രീറ്റിംഗ് കാര്‍ഡ്. ഇത്രയുമേ തുടക്കത്തില്‍ കണ്‍മുന്നില്‍ തെളിഞ്ഞുവന്നുള്ളൂ. വല്ലാത്തൊരു നിറമായിരുന്നു ആ നേരത്തിന്. മഞ്ഞ കരിയിലകള്‍ മൂടിയ ഒരു മാഡിസണ്‍ പ്രഭാതത്തിന്റെ, അല്ലെങ്കില്‍ നിലാവ് യാത്രപറയാതിരുന്നിട്ടും ഇടിച്ചുകയറി സ്ഥാനം പിടിക്കാന്‍ എത്തുന്ന സൂര്യന് തൊട്ടുമുമ്പിലത്തെ മഞ്ഞയും കരി പടര്‍ന്ന ഇളംനീലയുമൊക്കെ കലര്‍ന്ന ഒരു വല്ലാത്ത നിറം. ശരിക്കും പറഞ്ഞാല്‍ താന്‍ കാണുന്നത് ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ആശംസാ കാര്‍ഡ് തന്നെയാണെന്ന് അയാള്‍ ഭയന്നു. അങ്ങനെയെങ്കില്‍ ഒരു റീപ്ലേ ബട്ടണ്‍ ആവശ്യമായി വരുന്നു. പക്ഷേ സ്വപ്നത്തിന് റീപ്ലേ ഇല്ലല്ലോ. ജീവിതത്തില്‍ റീടേക്കുകളില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ.
ഇപ്പോള്‍ വെളുത്തു സുന്ദരമായ കൈകള്‍ കുറേക്കൂടി തെളിഞ്ഞുകാണാം. ഇടം കൈയിലെ ചൂണ്ടുവിരലില്‍ ഒരു വജ്രമോതിരം. തിളക്കംകൊണ്ട് അത് വജ്രമാണെന്ന് വിശ്വസിച്ചുപോകുന്നതാണ്. അല്ലാതെ കൈയിലെ മോതിരം കാണാന്‍ തക്ക വെളിച്ചമൊന്നുമില്ലല്ലോ ആ അരണ്ട ടോണിന്. പോരെങ്കില്‍ വജ്രം അയാള്‍ക്ക് അത്ര പരിചിതമായ വസ്തുവൊന്നുമല്ല താനും.
ഇടതുകൈ കൊണ്ട് മെല്ലെ ആശംസാകാര്‍ഡ് കവറില്‍ നിന്ന് പുറത്തേക്കെടുക്കുമ്പോള്‍ ഒരു കാര്യം വ്യക്തമായി. ഇത് ഉപയോഗിച്ചിട്ടില്ലാത്ത ഒരു പ്രണയക്കുറിപ്പാണ്. ജീവിതത്തിന്റെ വേലിയിറക്കങ്ങളിലും വേലിയേറ്റങ്ങളിലും ഞാന്‍ നിനക്കൊപ്പമുണ്ടാകും എന്ന എഴുത്ത് തിളങ്ങുന്ന പിങ്ക് നിറത്തിലായിരുന്നു. അതിന്റെ ചുവട്ടില്‍ എന്തോ എഴുതിയിട്ടുണ്ടാകുമെന്ന് അയാള്‍ക്ക് തോന്നി. പക്ഷേ അവ തിളങ്ങുന്നുണ്ടായിരുന്നില്ല.
വലതുകൈ മേശയില്‍ നിന്ന് ഒരു പേന പുറത്തേക്കെടുത്തു. ഇക്കാലത്ത് അധികമാരും ഉപയോഗിക്കാത്ത തരത്തില്‍ തടിച്ച ഒരു മഷിപ്പേന. ഏതെങ്കിലും സാഹിത്യകാരന്മാരുടെ പക്കലൊക്കെ ഉണ്ടാവണം ഇത്തരം പേനകള്‍. ഇടതുകൈ വീണ്ടും ആ ആശംസാ കാര്‍ഡിലേക്കുതന്നെ. കാര്‍ഡ് തുറന്ന് പേനയിലെ വയലറ്റ് മഷി അതിന്റെ വെളുത്ത ഉള്‍ക്കടലാസില്‍ കുത്തിക്കുറിച്ച വടിവൊത്ത അക്ഷരങ്ങളെങ്ങനെയാണ് തനിക്ക് ദൃശ്യമാകുന്നതെന്ന് അയാള്‍ക്ക് മനസ്സിലായതേയില്ല. Yours എന്നെഴുതിയശേഷം പേന ഒരു നിമിഷം ചലനം തുടരണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കണം. എന്നാല്‍ അവിടെ സാമാന്യം വലിയ ഒരു മഷിപ്പാട് മാത്രം അവശേഷിപ്പിച്ച് ആ പേന പിന്‍വലിഞ്ഞുകളഞ്ഞു.
ഈ നേരമത്രയും മുയല്‍ക്കുട്ടി മേശപ്പുറത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു. തന്റെ വെളുപ്പുനിറത്തെ മാത്രം വിശ്വസിക്കുന്നതുപോലെ അത് തൊട്ടുമുന്നില്‍ ഉണ്ടായിരുന്ന ചെറിയൊരു റാഡിഷിനെത്തന്നെ ഉറ്റുനോക്കിയിരുന്നു. റാഡിഷിന്റെ വെളുപ്പുനിറമല്ല, മറിച്ച് അതിന്റെ ഇലകളുടെ പച്ച നിറമാണ് ആ മുയല്‍ക്കുട്ടിയെ ആശങ്കപ്പെടുത്തുന്നതെന്ന് തോന്നും അതിന്റെ ഇരിപ്പ് കണ്ടാല്‍.
ഇപ്പോള്‍ സ്വപ്നത്തിലെ ഉള്ളടക്കങ്ങളില്‍ മൂന്ന്് വസ്തുക്കള്‍ കൂടിയുണ്ട്. മുയല്‍ക്കുട്ടി തിന്നണമെന്ന് ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്ന ഒരു റാഡിഷ്, അതിനോട് ചേര്‍ന്ന് അടച്ചുവക്കപ്പെട്ട പേന, തുറന്നിരിക്കുന്ന സ്വര്‍ണ്ണനിറത്തിലെ ഒരു മുയല്‍ക്കൂട്...
കൈകള്‍ മുയല്‍ക്കുഞ്ഞിലേക്ക് നീളുമ്പോള്‍ അയാള്‍ക്ക് കണ്ണുകളടക്കണമെന്ന് തോന്നി. എന്തോ സംഭവിക്കുവാന്‍ പോകുന്നെന്ന് അയാള്‍ ഭയന്നു. പക്ഷേ ആ കൈകള്‍ അതീവസൂക്ഷ്മതയോടെ മുയല്‍ക്കുഞ്ഞിനെ ഒരു കൈക്കുഞ്ഞിനെയെന്നവണ്ണം ഓമനത്തത്തോടെ കൂടിനുള്ളിലേക്കാക്കി ആ റാഡിഷും കൂട്ടിലാക്കുന്നത് കണ്ടപ്പോള്‍ അയാള്‍ എന്തിനെന്നില്ലാതെ ആശ്വസിച്ചു. ഇപ്പോള്‍ അയാളുടെ കാഴ്ചയില്‍ മുയല്‍ക്കുഞ്ഞ്, റാഡിഷ് എന്നിവ അടങ്ങുന്ന കൂട്, ആശംസാ കാര്‍ഡ് എന്നിവ ഭംഗിയോടെയും കരുതലോടെയും പാക്ക് ചെയ്യുന്ന രണ്ട് കൈകള്‍ എന്നിവ മാത്രമേയുള്ളൂ. പാക്കറ്റിന്റെ നിറം എന്താണെന്ന് അയാള്‍ക്ക് മനസ്സിലായില്ല. അല്ലെങ്കില്‍ത്തന്നെ ഇതിനപ്പുറമുള്ള വിശദാംശങ്ങളില്‍ അയാള്‍ക്ക് താല്‍പ്പര്യം തോന്നിയത് എഴുതപ്പെടുന്ന മേല്‍വിലാസത്തില്‍ മാത്രമായിരുന്നു. ഉള്ളടക്കങ്ങളെ കൈകാര്യം ചെയ്ത കരുതലൊന്നും മേല്‍വിലാസത്തിലേക്കെത്തിയപ്പോള്‍ ഉണ്ടായില്ല എന്നത് അയാളെ അമ്പരപ്പിച്ചു. അലക്ഷ്യമായി ഒരു വിലകുറഞ്ഞ ബാള്‍ പേന കൊണ്ട് കുത്തിവരക്കുന്നതുപോലെയായിരുന്നു ആ മേല്‍വിലാസം എഴുതപ്പെട്ടത്. അല്ലെങ്കിലും എപ്പോഴും പ്രാധാന്യം നല്‍കേണ്ടത് ഉള്ളടക്കത്തിനാണെന്നും പുറംമോടിക്കല്ലെന്നും ഒരു പൊതുതത്ത്വം പോലെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് അയാള്‍ ഏറെ ശ്രമകരമായി ആ മേല്‍വിലാസം വായിച്ചെടുത്തത്.
കൊല്‍ക്കത്തയുടെ നഗരപ്രാന്തത്തിലെ ഇടുങ്ങിയ ഗലികളിലൊന്നിലെ തന്റെ ഒറ്റമുറിയുടെ വിലാസമാണതെന്ന അറിവ് അയാളെ അമ്പരപ്പിക്കുന്നതിനും അപ്പുറത്തായിരുന്നു. (തുടരും)

Tuesday, April 10, 2012

കൊല്‍ക്കത്ത ഇപ്പോള്‍ തിരിച്ചു വിളിക്കുന്നില്ല

ഒരു ഗൃഹാതുരത്വമായാണ് ബംഗാള്‍ വിട്ടുപോന്ന ഒട്ടുമിക്കവാറും പേരെയും പിന്തുടരുന്നത് എന്ന് കേട്ടിട്ടുണ്ട്. മലയാളികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. തിരിച്ചുപിടിക്കുന്ന എന്തോ ഒന്നിനെക്കുറിച്ച് കൊല്‍ക്കത്തയെയോ ശാന്തിനികേതനെയോ ഉപേക്ഷിച്ച് നാട്ടിലേക്കുവന്ന പല സുഹൃത്തുക്കളില്‍ നിന്നും കേട്ടിട്ടുണ്ട്. എന്റെ സ്ഥിതിയും ഒരിക്കലും വ്യത്യസ്തമായിട്ടില്ല. എന്നാല്‍ ഇത്തവണ മടങ്ങിയെത്തിയപ്പോള്‍ ആ പഴയ തിരിച്ചുവിളി കേള്‍ക്കുന്നില്ലേ എന്ന് എനിക്ക് വല്ലാത്ത സംശയം.

മൃതദേഹങ്ങളാണ് കൊല്‍ക്കത്തക്കുനേരേ ഒരു പുത്തന്‍ നോട്ടം നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കുറേക്കൂടി കൃത്യമായിപ്പറഞ്ഞാല്‍ എന്റെ അമ്മാവന്റേതുള്‍പ്പെടെ നാല്‍പ്പതോളം മൃതദേഹങ്ങള്‍.

 ജീവിതം ഒരു വമ്പിച്ച ആഘോഷമാക്കിയയാളായിരുന്നു അമ്പാടി എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന അമ്മാവന്‍. അമ്മയുടെ നേരേ ഇളയ ആങ്ങള. ജീവിതത്തില്‍ ആരോടും ഉത്തരവാദിത്തങ്ങള്‍ സൂക്ഷിക്കാന്‍ ഇഷ്ടമില്ലാതിരുന്നയാള്‍. കഷ്ടിച്ച് 20 വര്‍ഷങ്ങള്‍ കൊണ്ട് 5 സംസ്ഥാനങ്ങളിലായി 67 സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അമ്മാവന്‍ 30 വര്‍ഷത്തിനടുത്തായിരുന്നു കൊല്‍ക്കത്തയെ സ്നേഹിച്ചു തുടങ്ങിയിട്ട്. മറ്റെവിടെയൊക്കെ ജോലി കിട്ടി പോയാലും തിരിച്ചുവിളിക്കുന്ന നഗരം എന്നാണ് അമ്മാവനും വംഗനാടിന്റെ തലസ്ഥാനത്തെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ 13 വര്‍ഷത്തിലേറെയായി അമ്മാവന്‍ ഒരേ കമ്പനിയില്‍ത്തന്നെ ജോലിയില്‍ തുടര്‍ന്ന‍ത് അമ്മാവന്റെ അരാജകത്വത്തെ കമ്പനി അംഗീകരിച്ചുകൊടുത്തു എന്നതുകൊണ്ട് മാത്രമായിരുന്നു. തോന്നുമ്പോള്‍ മാത്രം ഓഫീസില്‍ പോവുക എന്ന അമ്മാവന്റെ നയത്തോട് കമ്പനി പ്രതികരിച്ചത് അമ്മാവനെക്കൊണ്ട് അത്യാവശ്യം വന്നാല്‍ താമസസ്ഥലത്തേക്ക് ഡ്രൈവറെ പറഞ്ഞയക്കുക എന്ന നയം കൊണ്ടാണ്. പരസ്പരം മനസ്സിലാക്കിക്കൊണ്ടുള്ള ഒരു അഡ്ജസ്റ്മെന്റ്. ഇതിനിടെ ഡ്രൈവറോട് മറ്റൊരു അഡ്ജസ്റ്മെന്റുണ്ടാക്കി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍പ്പോലും താന്‍ വീട്ടിലില്ല എന്ന് ഓഫീസില്‍ അറിയിക്കാന്‍ അമ്മാവന്‍ വഴി കണ്ടെത്തി എത് മറ്റൊരു കാര്യം.സ്വാതന്ത്ര്യം എന്ന വാക്കായിരുന്നിരിക്കണം അമ്മാവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്. അമ്മാവനൊപ്പം പുകവലിക്കാനും മദ്യപിക്കാനുമൊക്കെ എനിക്ക് യഥേഷ്ടം സ്വാതന്ത്ര്യമുണ്ടായിരുന്നു. ദിവസം കുറഞ്ഞത് നാല് പാക്കറ്റ് സിഗററ്റെങ്കിലും വലിക്കുമായിരുന്ന അമ്മാവന് അക്കാര്യത്തില്‍ അല്‍പ്പമെങ്കിലും പാരതന്ത്ര്യം എനിക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുകയുമില്ലായിരുന്നു. പറഞ്ഞാല്‍ ഇനിയുമേറെയുണ്ട് അമ്മാവനെക്കുറിച്ച്‍. ജീവിതത്തിലെ ഒരു സമ്പൂര്‍ണ ജനാധിപത്യ വിശ്വാസി എന്നതിനപ്പുറം വായനയും എഴുത്തുമെല്ലാം ശീലമാക്കിയിരുന്നയാള്‍ എന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ എഴുതിവച്ച കടലാസുകള്‍ ഒരിക്കലെങ്കിലും പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടേയില്ല താനും. എന്നെ കൊല്‍ക്കത്തയെയും കിഷോര്‍കുമാറിനെയും മറ്റൊരുപാട് ബംഗാളി ബിംബങ്ങളെയും സ്നേഹിക്കാനും ഇനിയും ഒട്ടേറെ എണ്ണത്തിനെ വെറുക്കാനും പഠിപ്പിച്ചത് അമ്മാവനായിരുന്നു. അമ്മാവന്റെ മരണവും കൊല്‍ക്കത്തയില്‍ത്തന്നെയായിരുന്നു.

 ചെറുപ്പക്കാരായ ബംഗാളിപ്പിള്ളേരും കുട്ടിക്കാലം മുതല്‍ ഒപ്പമുള്ള കൂട്ടുകാരനായ ബാലകൃഷ്ണനമ്മാവനും എപ്പോഴും കൂട്ടുണ്ടായിരുന്നു അമ്മാവന്. തലമുതിര്‍ന്ന‍ ഉപദേശകന്റെ വേഷമാണ് ബാലകൃഷ്ണനമ്മാവന്റേതെങ്കില്‍ അരാജകത്വത്തിന് തിരിതെളിക്കുന്നവരായിരിക്കും മറ്റേ സംഘം. ഇവരെല്ലാം തൊട്ടടുത്തുണ്ടായിട്ടും അമ്മാവന്റെ മരണം ഒറ്റക്കായിരുന്നപ്പോഴായിരുന്നു. ഒരു കൈയില്‍ കത്തിച്ചു പിടിച്ച സിഗററ്റിന്റെ കുറ്റിയും മുന്നില്‍ ബംഗ്ളാ എന്നും ചുളു എന്നും വിളിക്കുന്ന നാടന്‍മദ്യത്തിന്റെ പകുതിയൊഴിഞ്ഞ കുപ്പിയും വച്ച് കട്ടിലിലിരുന്ന് മേശപ്പുറത്ത് തലവച്ച് ഉറങ്ങുന്ന നിലയിലായിരുന്നു ആ മരണം. അമ്പത്തിമൂന്നാം വയസ്സില്‍ മരിക്കാന്‍ പറ്റിയ പൊസിഷന്‍.


എപ്പോഴത്തെയും പോലെ മുറിക്കുള്ളില്‍ ഫാനും വെളിച്ചവും. അടച്ചുപൂട്ടിയ വാതില്‍. മുറിയില്‍ ആളുണ്ടെന്നും ഉറങ്ങുകയാണെന്നും ആര്‍ക്കും തോന്നുന്ന രീതി. ഞായറാഴ്ച രാത്രിയിലാണ് അമ്മാവന്റെ കൂട്ടുകാര്‍ കാക്കുവിനെത്തേടി മുറിയിലെത്തുന്നത്. അവര്‍ വീട്ടുടമസ്ഥരോട് അന്വേഷിച്ചു. അറിയില്ലെന്ന മറുപടി കേട്ട് തിരിച്ചുപോകാതെ ജനാലയിലെ ചെറുവിടവിലൂടെ മുഖം കടത്തിയപ്പോള്‍ വന്നു ചീഞ്ഞുതുടങ്ങിയ മരണത്തിന്റെ ഗന്ധം. ബാലകൃഷ്ണനമ്മാവന്‍ നഗരത്തിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ പകല്‍ നേരത്തേ അറിയുമായിരുന്നു. പൊലീസും നാട്ടുകാരും എല്ലാം ഇടപെട്ട് തിങ്കളാഴ്ച രാത്രിയോടെയാണ് അമ്മാവനെ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ വിവരമറിഞ്ഞ് രാത്രി 12 മണിയോടെ ഞാന്‍ നഗരത്തിലെത്തുമ്പോള്‍ ടോളിഗഞ്ചിനടുത്തെ ബങ്കൂര്‍ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറിനുള്ളില്‍ വിശ്രമിക്കുകയായിരുന്നു അമ്മാവന്‍. ഒരുപാട് അദ്ധ്വാനിച്ചും വിശ്രമിച്ചും ദരിദ്രനായും ധനികനായുമൊക്കെ ജീവിച്ച നഗരത്തില്‍ അമ്മാവന്റെ അവസാനത്തെ രാത്രിവിശ്രമം.

 രാവിലെ കേറാപ്പുകൂര്‍ പൊലീസ് സ്റേഷനില്‍ ഞാനാരെന്ന് വെളിപ്പെടുത്തിയാലേ മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. അതിന് വാര്‍ഡ് കൌണ്‍സിലറെ കാണാന്‍ ഏഴ് മണിക്ക് തന്നെയെത്തി. പുലര്‍ച്ചെ അഞ്ച് മണിക്ക് വന്നാലും താന്‍ സര്‍ട്ടിഫിക്കറ്റ് എഴുതിനല്‍കാമെന്നും അതുമായി പൊലീസ് സ്റേഷനിലേക്ക് ചെന്നാല്‍‍ മതിയെന്നും തലേന്ന് അവര്‍ പറഞ്ഞതിന്റെ ധൈര്യത്തില്‍ കൊല്‍ക്കത്തയിലെ പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രവര്‍ത്തകരുമുണ്ടായിരുന്നു എനിക്ക് വഴികാട്ടാന്‍. ഒമ്പത് മണി കഴിഞ്ഞപ്പോള്‍ അവര്‍ ഉറക്കമെഴുന്നേറ്റുവന്നു. ആദ്യപരിഗണന തന്നെ കിട്ടി. ഇവരുടെയൊന്നും വോട്ട് തനിക്ക് കിട്ടില്ലെന്ന് തൃണമൂല്‍‍ കോണ്‍ഗ്രസുകാരിയായ രത്നാസുറിന് അറിയാഞ്ഞിട്ടല്ല. അതറിയാവുന്നതുകൊണ്ടാവും അവര്‍ ഒമ്പതുമണി വരെ ഉറങ്ങിയതെന്ന് വി.എ.പ്രകാശന്‍ ചേട്ടന്‍.

കേറാപ്പുകൂറില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് സത്പതി ഒരു കള്ളിമുണ്ടും ബനിയനും ധരിച്ച് വന്നു. ഞങ്ങളെ കണ്ടയുടന്‍ പേപ്പറുകള്‍ വാങ്ങി. എന്നോട് പേരും നാട്ടിലെ വിലാസവും ഐഡന്റിറ്റി കാര്‍ഡും ചോദിച്ചു. പിന്നെ സര്‍ട്ടിഫിക്കറ്റ് എഴുതിത്തരാന്‍ തുടങ്ങി. എങ്ങനെ നന്ദി പറയണമെന്നറിയാതെ ചായ കുടിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആദ്യം അദ്ദേഹം പറഞ്ഞൊഴിയാന്‍ നോക്കിയെങ്കിലും അവസാനം സമ്മതിച്ചു. ഒറ്റ നിബന്ധനയില്‍. എല്ലാ പൊലീസുകാര്‍ക്കും വേണം ചായ. തനിക്ക് മാത്രമായി പറ്റില്ല. തലേന്ന് അദ്ദേഹത്തിനും പൊലീസുകാര്‍ക്കും പണം കൊടുക്കാന്‍ ശ്രമിച്ച കഥ എന്‍.കെ.ബാലേട്ടന്‍ പറഞ്ഞിരുന്നു. നിങ്ങളെ ദ്രോഹിക്കാന്‍ ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒന്നും എഴുതിയിട്ടില്ല എന്ന് മാത്രം പറഞ്ഞ് ആ മര്യാദക്കാരന്‍ അത് നിരസിച്ചുവത്രേ.

 കേറാപ്പുകൂറില്‍ നിന്ന് നേരേ ജാദവ്പ്പൂര്‍ ഥാനയിലേക്ക്. നഗരമധ്യത്തിലേക്ക് കടക്കുമ്പോഴത്തെ തിരക്കും വ്യത്യാസവും. ഞങ്ങള്‍ എത്തുമ്പോള്‍ ആത്മഹത്യകളും അപകട മരണങ്ങളുമായി പത്തോളം മൃതദേഹങ്ങളുടെ അവകാശികളെ ചുമതലപ്പെടുത്തുകയായിരുന്നു അവിടത്തെ ഉദ്യോഗസ്ഥര്‍. മൃതദേഹം ഏറ്റുവാങ്ങാനുള്ള കടലാസ് കൈയിലേക്ക് തരുമ്പോള്‍ എനിക്കൊപ്പമുണ്ടായിരുന്ന മജുംദാറിനെ നോക്കി തല ചൊറിഞ്ഞു കാണിച്ചു ഗുമസ്തന്‍. ഒരു നൂറുരൂപാ നോട്ടില്‍ അത് അടക്കിയത് തല്‍ക്കാലത്തേക്കാണെന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ വിട തന്നത്.

 ബംഗൂര്‍ ആശുപത്രിക്ക് മുന്നില്‍ നിന്നുതന്നെ മൃതദേഹം കൊണ്ടുപോകാന്‍ വണ്ടി വിളിക്കാമെന്നായിരുന്നു മജുംദാര്‍ പറഞ്ഞത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒരു നീല മിനിലോറിക്ക് മുന്നിലാണ് ഞങ്ങളുടെ കാറ് നിന്നത്. നാട്ടുകാരന്‍ എന്ന നിലയില്‍ മജുംദാര്‍ തന്നെയാണ് ഡ്രൈവറോട് സംസാരിച്ചത്. മിനിലോറിയുടെ കൂലി വിലപേശി നിശ്ചയിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ് ഡ്രൈവര്‍ തന്നെ പറഞ്ഞുതന്നു. കട്ടില്‍ എന്ന പേരിലുള്ള നാല് കാലുകളും ഏതാനും തടിക്കഷണങ്ങളും തട്ടിയുറപ്പിച്ച ഒരു സാധനം, പ്ളാസ്റിക് ഷീറ്റ്, പൂക്കള്‍, വെള്ളുള്ളിപ്പൂക്കളുടെ ഒരു റീത്ത്, തുണി, പെര്‍ഫ്യൂം, ചന്ദനത്തിരികള്‍... അയാള്‍ ഇതെല്ലാം ഏതെല്ലാം കടകളില്‍ നിന്നും വാങ്ങണമെന്ന് ഒപ്പം കൊണ്ടുനടന്ന് കാട്ടിത്തരികയും ചെയ്തു. പിന്നീട് ആശുപത്രിയില്‍ ഒരു മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പ്. അപ്പോഴൊന്നും മൃതദേഹം ഏറ്റുവാങ്ങി എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോ എങ്ങനെയാണ് കൊണ്ടുപോകുതെന്നോ ഒരു പരിപാടിയും എനിക്ക് അറിയുമായിരുന്നില്ല. മജുംദാറോ മറ്റുള്ളവരോ എനിക്ക് ഒന്നും വിശദീകരിച്ചുതന്നതുമില്ല. മൃതദേഹം തിരിച്ചറിയേണ്ടിവരുമെന്നും സംശയിക്കാതെതന്നെ അത് ചെയ്യണമെന്നുമുള്ള ഒരു നിര്‍ദ്ദേശമല്ലാതെ മറ്റൊന്നും ആരും തന്നിരുന്നില്ല. മിനിലോറിയും ഞങ്ങള്‍ ആറുപേരും ആശുപത്രിവാതുക്കല്‍ കാത്തുനില്‍ക്കുമ്പോഴേക്കും കൂടുതല്‍ മിനിലോറികള്‍ മോര്‍ച്ചറിക്കടുത്ത് വന്ന് നിരന്നു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനുള്ള ബന്ധുക്കളുടെ സംഘങ്ങള്‍ കാറിലുംമറ്റുമായി വേറെയും. ഏറെനേരത്തെ കാത്തിരിപ്പിനുശേഷമാണ് ഛോട്ടുദാ എന്ന് എല്ലാവരാലും വിശേഷിപ്പിക്കപ്പെട്ട പൊലീസ് ശിപായി (അതോ ഗുമസ്തനോ?) എത്തിയത്. അയാളും യൂണിഫോമിലല്ലാത്ത ചില പൊലീസുകാരും വന്നതോടെ ജനക്കൂട്ടം അവര്‍ക്ക് ചുറ്റിനുമായി. “തങ്ങളുടെ” മൃതദേഹം എത്രയും പെട്ടെന്ന് പുറത്തിറക്കിക്കിട്ടാനായി ഓരോരുത്തരും തിരക്ക് കൂട്ടി. ഓരോ മൃതദേഹത്തിനുമായി ഓരോ കെട്ട് കടലാസുകള്‍ വീതം ഛോട്ടുദാ പുറത്തെടുത്തു. ആദ്യം പുറത്തുവിട്ടത് ആത്മഹത്യചെയ്ത ഒരു സ്ത്രീയുടെ ശരീരമായിരുന്നു. ഇളംപച്ച സാല്‍വാറും ദുപ്പട്ടയുമണിഞ്ഞ ആ സ്ത്രീ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നുവത്രേ തലേന്ന് കണ്ടെത്തപ്പെട്ടത്. കാണാന്‍ വിസമ്മതിക്കുന്ന ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബന്ധുക്കള്‍ മോര്‍ച്ചറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പുറത്ത് ഞങ്ങള്‍ ആദ്യത്തെ മൃതദേഹത്തിന്റെ ദുര്‍ഗന്ധത്തില്‍ അസ്വസ്ഥരായി. മുഖംതിരിക്കുന്ന ഞങ്ങള്‍ക്ക് മുന്നിലേക്ക് പാഞ്ഞെത്തി ആ പെണ്‍കുട്ടി താന്‍ പുതച്ചിരുന്ന ഷാള്‍ വലിച്ചെറിഞ്ഞ് വലിയൊരു ഓക്കാനത്തോടെ ശര്‍ദ്ദിച്ചു. അവളുടെ അമ്മയായിരുന്നു അകത്ത് ദുര്‍ഗന്ധം പരത്തി കിടന്നത്. വീണ്ടും ചില മൃതദേഹങ്ങള്‍. ധാക്കുരിയയില്‍ വാഹനാപകടത്തില്‍ മരിച്ച ഒരു സ്ത്രീയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അത്രനേരം അനാഥശവമായിരുന്ന ഒന്ന് ദീപിക എന്ന മറാത്തി സ്ത്രീയുടെ മൃതദേഹമായി മാറി. അപ്പോഴും അവിടെയുണ്ടായിരുന്ന ചില അനാഥശവങ്ങളെ കൊണ്ടുപോകാന്‍ തയ്യാറാകാത്ത ലോറിക്കാരുമായി ഛോട്ടുദാ വിലപേശുന്നുണ്ടായിരുന്നു. ബിജോയ് കുമാര്‍ കെ.ബി. എന്ന് ഛോട്ടുദാ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അകത്തേക്ക് കയറി. അപ്പോഴേക്കും ദുര്‍ഗന്ധം ഏറെക്കുറെ പരിചിതമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന ഫ്രീസറിന്റെ വാതില്‍ തുറന്നപ്പോള്‍ ഇതുവരെ ഉണ്ടായിരുന്നതിലും കവിഞ്ഞ ദുര്‍ഗന്ധം ചുറ്റിനും പടര്‍ന്നു. ഉടുപ്പിടാതെ ഒരു ലുങ്കി മാത്രമുടുത്ത് മൃതദേഹം പുറത്തെടുക്കാന്‍ നിന്ന മെലിഞ്ഞ മനുഷ്യന്‍ ആരോടാണ് പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കി ഗ്രാമീണമായ ബംഗാളിയില്‍ പറഞ്ഞു. “ബോഡി പുറത്തേക്കിറക്കാന്‍ 300 രൂപ. ഇവിടെ നിന്ന് വണ്ടിയിലെത്തിക്കണമെങ്കില്‍ 500 കൂടി തരണം.” അവിടെ തര്‍ക്കിക്കാനും വിലപേശാനും ആരുമുണ്ടായിരുന്നില്ല. ഞങ്ങളുടെ തലയാട്ടല്‍ എത്ര കണ്ടതാണെന്ന മട്ടില്‍ അഥവാ അത് താന്‍ ശ്രദ്ധിക്കുന്നു പോലുമില്ലെന്ന മട്ടില്‍ കൈ നീട്ടിക്കൊണ്ട് അയാള്‍ തുടര്ന്നു. “കയറും കട്ടിലുമൊക്കെ ഉണ്ടല്ലോ. ആദ്യം പ്ളാസ്റിക് എടുത്ത് വിരിച്ചോളൂ.” ഞങ്ങളില്‍ ആരോ പ്ളാസ്റിക് ഷീറ്റ് എടുത്ത് നിലത്ത് വിരിച്ചു. അങ്ങനെയല്ലെന്ന് വഴക്ക്പറഞ്ഞുകൊണ്ട് അയാള്‍ ആ ഷീറ്റെടുത്ത് സ്ട്രെച്ചറിലേക്ക് വച്ചു. ശരീരം എങ്ങനെയാണ് അയാള്‍ പുറത്തേക്കെടുത്തതെന്ന് ഞാന്‍ കണ്ടില്ല. എങ്ങനെ അഴുകിയ ശരീരത്തിന്റെയും ഫിനൈലിന്റെയും ദുര്‍ഗന്ധത്തെ പ്രതിരോധിക്കാനാകുമെന്ന് കൈലേസ് കൊണ്ട് പരീക്ഷണം നടത്തുകയായിരുന്നു ഞാന്‍ അപ്പോള്‍. ശരീരം പുറത്തെടുത്ത് കഴിഞ്ഞപ്പോള്‍ ഗോപിച്ചേട്ടനോ ദിനേശേട്ടനോ എന്നെ അടുത്തേക്ക് വിളിച്ചു. ആദ്യനോട്ടം സെക്കന്റുകള്‍ കൊണ്ട് ഞാന്‍ പിന്‍വലിച്ചുകളഞ്ഞു. ഇത് അമ്മാവനല്ലെന്ന് വിളിച്ചുപറയാനാണ് എനിക്കപ്പോള്‍ തോന്നിയത്. കാരണം വീര്‍ത്ത് കരിനീലനിറം പുരണ്ട ആ രൂപത്തിന് മെലിഞ്ഞുവെളുത്ത അമ്മാവനുമായി ഒരു സാമ്യവുമുണ്ടായിരുന്നില്ല. രണ്ടാംനോട്ടത്തിലാണ് ഞാനത് കണ്ടത്. കറുത്ത് പൊട്ടിയൊഴുകിയ കൈവിരലുകള്‍ക്കിടയില്‍ എരിഞ്ഞുതീര്‍ന്ന‍ ഒരു സിഗററ്റിന്റെ കുറ്റി. അതിനും കൈവിരലുകളുടെ കരിനീല നിറം. പുറത്തേക്ക് നീണ്ട നാക്കും മുഖം തന്നെയും ഒരു വശത്തേക്ക് കോടിയിരിക്കുന്നു. മേശമേല്‍ തലവച്ച് കമിഴ്ന്നിരിക്കുകയായിരുന്നല്ലോ അമ്മാവന്‍. വീണ്ടും നോക്കുമ്പോള്‍ അമ്മാവന്റെ മുഖത്തിന്റെ ഭാഗം തന്നെയായിരുന്ന പൊട്ടിയ കണ്ണട തെളിഞ്ഞുവന്നു. അതിന്റെ ചില്ലിന്റെ പോലും നിറം മാറിയിരിക്കുന്നു. കുടുക്കുകള്‍ പൊട്ടിയ ഉടുപ്പിനിടയില്‍ക്കൂടി ഒറ്റ രോമം പോലുമില്ലാത്ത അമ്മാവന്റെ നെഞ്ച് കാണാമായിരുന്നു. ദുര്‍ഗന്ധമായിരുന്നിരിക്കില്ല, അമ്മാവന്റെ ശരീരമാവണം അപ്പോള്‍ എനിക്ക് തോന്നിയ തലചുറ്റലിന് കാരണം. ദിനേശേട്ടന്‍ എന്നെ പിടിച്ച് ഭിത്തിക്കരികിലേക്ക് കൊണ്ടുപോയത് ഓര്‍മ്മയുണ്ട്. രണ്ട് മിനിട്ടുകള്‍ കൊണ്ട് എനിക്ക് ചലിക്കാമെന്നായി. അപ്പോഴേക്കും അമ്മാവനെ കട്ടിലില്‍ കിടത്തി കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ് അയാള്‍ പ്ളാസ്റിക്കില്‍ പൊതിഞ്ഞ് കയര്‍ കെട്ടിക്കഴിഞ്ഞിരുന്നു. പുറത്തേക്കിറക്കുമ്പോള്‍ ചുറ്റിനും നിന്നവരെല്ലാം മൂക്ക്പൊത്തി വഴിമാറിത്തന്നു. മിനിലോറിയില്‍ പ്ളാസ്റിക്കില്‍ പൊതിഞ്ഞ അമ്മാവനും അവസാനയാത്രക്കുള്ള കട്ടിലും പിന്‍ഭാഗത്തും ഞാനും വിശ്വനാഥനമ്മാവനും ഡ്രൈവര്‍ക്ക് സമീപത്തുമിരുന്നു മുന്നിലുമായി മൊയ്നിപുകൂറിലെ പോസ്റുമോര്‍ട്ടം കേന്ദ്രത്തിലേക്ക തിരിക്കുമ്പോള്‍ സമയം ഏതാണ്ട് രണ്ടരയായിരുന്നു. ഇരുപത് കിലോമീറ്ററെങ്കിലും ദൂരമുണ്ടായിരുന്നിരിക്കണം ബങ്കൂറില്‍ നിന്ന് പോസ്റ്മോര്‍ട്ടം കേന്ദ്രത്തിലേക്ക്. (ഞാന്‍ നഗരത്തെ മറന്നുതുടങ്ങിയിരിക്കുന്നു, വെറും അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന വഴികള്‍. അലിപ്പൂര്‍ മാത്രം ഓര്‍മ്മയില്‍ വന്നത് നാഷണല്‍ ലൈബ്രറിയിലേക്കുള്ള പഴയ പാത എന്ന നിലയിലാവണം).


തുറന്ന മിനിലോറിക്ക് പിന്നില്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്ന ഒരു മൃതദേഹവുമായി യാത്ര ചെയ്യുന്നതിന്റെ കുറ്റബോധം എന്നെ അലട്ടിത്തുടങ്ങിയത് യാത്ര തുടങ്ങി 10 മിനിട്ട് കഴിഞ്ഞിട്ടാണ്. എന്നാല്‍ അധികം പോകുന്നതിന് മുമ്പ് അത് മാറുകയും ചെയ്തു. റോഡ് മുറിച്ചുകടക്കാന്‍ നിന്ന രണ്ട് പെണ്‍കുട്ടികളായിരുന്നു അതിന് കാരണം. ഡെഡ്ബോഡി എന്ന് ചോക്കുകൊണ്ട് മുന്നിലെ ഗ്ളാസ്സില്‍ എഴുതിവച്ച പഴഞ്ചന്‍ മിനിലോറി കണ്ടിട്ടാണോ ദുര്‍ഗന്ധം കൊണ്ടാണോ എന്നറിയില്ല, ആ കുട്ടികള്‍ ഞങ്ങളുടെ വാഹനത്തെ നോക്കി കുരിശുവരയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ പ്രാര്‍ത്ഥിക്കുന്നത് അവരെ മറികടക്കുന്നതിനിടയിലും ഞാന്‍ കണ്ടു. ഇതേ ദൃശ്യം പിന്നീട് വഴിയരികില്‍ ഒരുപാട് തവണ ആവര്‍ത്തിക്കുകയും ചെയ്തു.ഏതാണ്ട് മുക്കാല്‍ മണിക്കൂറിലേറെ എടുത്ത് അവിടെയെത്തിയപ്പോള്‍ അടുത്ത വിഷമം. അമ്മാവന്റെ കഴുത്തിലുണ്ടായിരുന്ന നമ്പര്‍ ടാഗ് ആശുപത്രിയില്‍വച്ച് അഴിച്ചശേഷം വേണമായിരുന്നു കൊണ്ടുവരാന്‍. അതിലെ പുതിയ നമ്പറില്ലാതെ പോസ്റ്മോര്‍ട്ടം മുറിയിലേക്ക് കയറ്റാനാവില്ല. അതിനാകട്ടെ ഛോട്ടുദാ സ്ഥലത്തെത്തുകയും വേണം. വീണ്ടും രണ്ട് മണിക്കൂറോളം നീണ്ട കാത്തുനില്‍പ്പ്. അതിനകം ജാദവ്പ്പൂര്‍, ലേക്ക് പൊലീസ്സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന നാല്‍പ്പതോളം മൃതദേഹങ്ങള്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു. എല്ലാം അസ്വാഭാവിക മരണത്തിന് ഇരയായവരുടേത്. കടംകയറി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച വ്യാപാരിയുടെ ഭാര്യയും മകനും (അയാള്‍ അപ്പോഴും അത്യാസന്ന നിലയില്‍ ആശുപത്രിയിലായിരുന്നു}, മാനഭംഗശ്രമത്തിനിടയില്‍ കൊലചെയ്യപ്പെട്ട മുപ്പതുകാരി, റോഡപകടത്തില്‍ ചതഞ്ഞരഞ്ഞ വിദ്യാര്‍ത്ഥികള്‍, അജ്ഞാതരുടെ ആക്രമണത്തിനിരയായി മരിച്ച യുവാവ് തുടങ്ങി കേരളത്തിലെ പോസ്റ്മോര്‍ട്ടം ടേബിളില്‍ എത്താറുള്ളവര്‍ തന്നെയായിരുന്നു ഇവിടെയും.


ഛോട്ടുദായുടെ അശ്രദ്ധമൂലം ഞങ്ങള്‍ പിന്നിലായിപ്പോയതിനെ ശപിച്ച് അയാളുടെ വരവിനെച്ചൊല്ലി ആശങ്കപ്പെട്ട് ഞങ്ങള്‍ നില്‍ക്കുന്നതിനിടെ ഒരു കാറില്‍ ഛോട്ടുദായും സഹപ്രവര്‍ത്തകരുമെത്തി. അയാള്‍ക്ക് തൊട്ടുപിന്നാലെ ഒരു പിക്കപ്പ് ഓട്ടോ വന്നുനിന്നു. ചോരപുരണ്ട് ദുര്‍ഗന്ധം പരത്തുന്ന മൂന്ന് മൃതദേഹങ്ങളായിരുന്നു ആ ചെറിയ വാഹനത്തിലുണ്ടായിരുന്നത്. തലേന്ന് ജാദവ്പ്പൂര്‍ സര്‍വ്വകലാശാലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ മതിലിടിഞ്ഞുവീണ് മരിച്ച തൊഴിലാളികളുടെ തിരിച്ചറിയപ്പെടാത്ത ശരീരങ്ങള്‍.

ഗാന്ധിജിയുടെ പുഞ്ചിരിക്കുന്ന മുഖമുള്ള വലിയ നോട്ടുകള്‍ പലകുറി കൈമാറപ്പെട്ടതിനു ശേഷമാണ് ഏഴ് മണിയോടെ പോസ്റ്മോര്‍ട്ടം ചെയ്യുന്ന മുറിയിലേക്ക് കടത്തുകപോലും ചെയ്യാതെ മൃതദേഹങ്ങള്‍ വിശ്രമിച്ചിരുന്ന പ്രധാനഹാളിന്റെ വാതിലടച്ച് അമ്മാവന്റെ ശരീരം വെട്ടിക്കീറിയത്. കഷ്ടിച്ച് പതിനഞ്ച് മിനിട്ടുകള്‍ നീണ്ട വെട്ടിക്കീറലിനും തുന്നലിനും ശേഷം അമ്മാവന്‍ പുതിയൊരു പ്ളാസ്റിക്കില്‍ പൊതിഞ്ഞുമൂടി പുറത്തേക്കെത്തി.

വെള്ളമുണ്ട് പുതച്ച് കട്ടിലില്‍ കുറേ പൂക്കളുടെയും ചന്ദനത്തിരിയുടെയും ജാസ്മിന്‍ പെര്‍ഫ്യൂമിന്റെയും എല്ലാം ഗന്ധത്തില്‍ മുങ്ങിക്കിടക്കുന്ന അമ്മാവനൊപ്പം മിനിലോറിയുടെ പിന്നില്‍ നിന്ന് യാത്ര ചെയ്യാന്‍ ഞങ്ങള്‍ പത്തിലേറെ മലയാളികളുണ്ടായിരുന്നു. പിന്നില്‍ തങ്ങളുടെ കാറില്‍ മജുംദാറും സംഘവും.കാളീഘട്ടിനുപകരം പുതിയ വൈദ്യുത ശ്മശാനമുള്ള സിരിട്ടിയിലേക്കാണ് ഞങ്ങള്‍ പോയത്. ആ യാത്രക്കിടയിലാണ് ഞാന്‍ കൊല്‍ക്കത്തയെ വീണ്ടും കണ്ടത്. മറ്റൊരു നഗരത്തിനും അവകാശപ്പെടാനാകാത്തത്ര മാലിന്യങ്ങളുടെയും ജനത്തിരക്കിന്റെയും ആസൂത്രണമില്ലായ്മയുടെയും ശ്വാസം മുട്ടിക്കുന്ന അസ്വസ്ഥതകള്‍. അത് കൊല്‍ക്കത്തയെ കാണുന്ന പുതിയൊരു കാഴ്ചാരീതിയായിരുന്നു എനിക്ക്. നഗരത്തോടും നഗരവാസികളോടും ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു പുത്തന്‍ കാഴ്ച.

 സിരിട്ടിയില്‍ ഞങ്ങളെത്തുമ്പോള്‍ തിരക്കുകളൊന്നുമില്ലായിരുന്നു അവിടെ. കാളീഘട്ടിലെ ക്യൂവില്‍ നിന്നും തികച്ചും വ്യത്യസ്തം. ജീവിതത്തെ മുഴുവന്‍ സാ മട്ടില്‍ ജീവിച്ചു കളഞ്ഞ അമ്മാവന്‍ അങ്ങനെയല്ലാതെ എങ്ങനെ പോകാന്‍? അമ്മാവനെ കട്ടിലില്‍ നിന്നും താഴെയിറക്കി കിടത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. അപ്പോഴേക്കും കാര്‍മ്മികന്‍ എത്തിയിരുന്നൂ. ആര്‍ക്കോ വേണ്ടിയെന്നവണ്ണം അയാള്‍ സംസ്കൃതമന്ത്രങ്ങളെ എനിക്ക് പിന്തുടരാനാകാത്ത വേഗതയില്‍ ബംഗാളി ഉച്ഛാരണത്തോടെ പറഞ്ഞുതന്നുകൊണ്ടിരുന്നു. അതൊന്നും ആവര്‍ത്തിക്കാനാകാതെ ഞാന്‍ മൂളുകയും. മുഷിഞ്ഞ ജീന്‍സും ഷര്‍ട്ടുമിട്ട്, മുങ്ങിക്കുളിക്കാതെ, അമ്പാടിയമ്മാവനെ ഞാന്‍ യാത്രയയച്ചു. മൃതദേഹം ഫര്‍ണ്ണസിലേക്കയച്ച് വാതിലടഞ്ഞപ്പോള്‍ അവിടെയുണ്ടായിരു മുപ്പതിലേറെ വരുന്ന മലയാളികളില്‍ ചിലര്‍ മുന്‍പരിചയം പുതുക്കിക്കൊണ്ട് ചോദിച്ചു. “അസ്ഥിയെടുത്ത് ഇവിടെ ക്രിയ ചെയ്യുന്നോ നാട്ടിലേക്ക് കൊണ്ടുപോകുന്നോ?” അല്‍പ്പനേരം ആലോചിച്ചശേഷം ഞാന്‍ പറഞ്ഞു, “നമുക്ക് പോകാം. ഇനിയൊന്നും വേണ്ട. അമ്മാവന് ഇതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ലല്ലോ”.

 രണ്ട് ദിവസം കഴിഞ്ഞ് ഒരു പഴയ ബംഗാളി സുഹൃത്തിന്റെ വീട്ടില്‍ അവളുടെ അമ്മയോട് സംസാരിച്ചിരിക്കുന്നതിനിടയില്‍ അവര്‍ എന്തോ ഓര്‍ത്തെന്നപോലെ പറഞ്ഞു, “അങ്ങനെ കൊല്‍ക്കത്തയോടുള്ള നിന്റെ അവസാനത്തെ ബന്ധവും അവസാനിച്ചു, അല്ലേ?” മാ ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു.

 ഡംഡമിലേക്കുള്ള വൈറ്റ്ലൈനര്‍ ബസില്‍ നിന്നിറങ്ങി സൈക്കിള്‍ റിക്ഷയിലേക്ക് കയറുമ്പോള്‍ ഞാന്‍ നഗരത്തോട് മനസ്സില്‍ പറഞ്ഞത് പോയിവരാം എന്നായിരുന്നില്ലെന്ന് ഓര്‍ത്തെടുത്തത് വളരെക്കഴിഞ്ഞാണ്.

Sunday, April 08, 2012

കുളിസീന്‍

എന്തിനാണെന്നറിയില്ല, സതീശനെ കഴിഞ്ഞ ദിവസം വീണ്ടും ഓര്‍ത്തു. സതീശനെ ഓര്‍ക്കുമ്പോള്‍ ആദ്യം വരുന്നത് ഉള്ളംകൈയില്‍ മറിയാമ്മ ടീച്ചറിന്റെ കൈയില്‍ നിന്നും കിട്ടിയ ഒരു തല്ലിന്റെ വേദനയാണ്. പിന്നെ വരും നാട്ടിലെ ഒരുപാട് സംഭവങ്ങളുടെ ഓര്‍മ്മകള്‍.
എന്റെ രണ്ട് ചേച്ചിമാരുടെയും എന്റെയും ക്ലാസ്സുകളില്‍ പലപ്പോഴായി പഠിച്ചിട്ടുണ്ട് അയാള്‍. പഠിച്ചിട്ടുണ്ട് എന്നുപറഞ്ഞാല്‍ ഇത്തിരി അധികപ്പറ്റായിപ്പോകും. ഇരുന്നിട്ടുണ്ട് എന്നുമതി. അങ്ങനെ ആറാംക്ലാസ്സില്‍ കാട്ടുപുറം സ്‌കൂളില്‍ വച്ചാണ് സതീശന്‍ എന്റെ ക്ലാസ്സില്‍ ആദ്യമെത്തുന്നത്. അപ്പോഴത്തെ ഓര്‍മ്മയാണ് മറിയാമ്മ ടീച്ചറിന്റെ തല്ല്.
ക്ലാസ്സില്‍ അധ്യാപകരാരും ഇല്ലാത്ത ഒരു പീരിയഡിലാണ് സംഭവം നടക്കുന്നത്. നാട് മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തിലെ ഒരു കൂവല്‍ കേട്ടാണ് ഹെഡ്മിസ്ട്രസായ മറിയാമ്മ ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നത്. കൂവലിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതായിരുന്നു ടിച്ചറിന്റെ ചോദ്യം. കൂവല്‍ പിന്നില്‍ നിന്നാണ് വന്നത് എന്നല്ലാതെ ആരാണ് കൂവിയത് എന്നത് മുന്‍സീറ്റുകാരനായ എനിക്ക് അറിയില്ലായിരുന്നു. പിന്നിലുണ്ടായിരുന്നവരാരും കൂവലുകാരനെ ഒറ്റിക്കൊടുക്കാന്‍ തയ്യാറായതുമില്ല. ഫലം... കുറ്റവാളിയെ ചൂണ്ടിക്കാട്ടാത്ത, ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ചൂരല്‍ക്കഷായം. ചെയ്യാത്ത കുറ്റത്തിന് ഉള്ളംകൈ പൊളിഞ്ഞപ്പോള്‍ കൂവിയവനെ ഞാന്‍ മനസ്സുകൊണ്ട് പ്രാകി. ക്ലാസ്സ് വിട്ട് തിരിച്ചുപോകുമ്പോഴാണ് സതീശന്‍ ആ സത്യം പറഞ്ഞത്. കൂവിയത് അവനായിരുന്നു. തല്ലുകൊള്ളല്‍ അന്ന് ശീലമായിട്ടില്ലാത്തതുകൊണ്ടുതന്നെ സതീശനോട് വല്ലാത്ത ഷ്യേം തോന്നി. അതേ കാരണം കൊണ്ടുതന്നെ തിരിച്ച് ഒന്നും പറയാനും പോയില്ല.
ഞാന്‍ യു.പി.സ്‌കൂള്‍ കഴിഞ്ഞു പോകുമ്പോഴും സതീശന് അവിടെ പഠിച്ച് മതിയായിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് ഞങ്ങള്‍ക്ക് അടുപ്പക്കാരാവാന്‍ അവസരം വന്നതുമില്ല. ഞാന്‍ പത്താം ക്ലാസ് എത്തിയപ്പോഴേക്കും സതീശന് സ്‌കൂള്‍ പഠനം തന്നെ മതിയായി. അവന്‍ പിന്നീട് പ്രത്യക്ഷപ്പെടുന്നത് പറമ്പിലെ പണിക്കാരനായാണ്. എന്നാല്‍ അതിലും അധികനാള്‍ തുടര്‍ന്നില്ല. സ്‌കൂളില്‍ പ്രൊമോഷന്‍ കിട്ടിയിരുന്നില്ലെങ്കിലും കല്ലുവെട്ടലും മണലുവാരലുമൊക്കെയായി ഇരട്ടിക്കാശുകിട്ടുന്ന പണികളിലേക്ക് അവന്‍ പെട്ടെന്നുതന്നെ പ്രൊമോഷന്‍ നേടി.
ഇക്കാലത്താണ് സതീശന്‍ മുതിര്‍ന്നവരുടെ സെറ്റിലേക്കും പ്രൊമോഷന്‍ നേടുന്നത്. ബീഡി, വട്ടക്കുഴിക്കല്‍ ഷാപ്പിലെ ചാരായം തുടങ്ങിയവയൊക്കെയാണ് ഞങ്ങളുടെ നാട്ടിന്‍പുറത്ത് ഈ പ്രൊമോഷന്റെ ലക്ഷണങ്ങള്‍. ആ രംഗത്തും സതീശന്‍ വളരെ വേഗം പടികയറിപ്പോയി. വല്ലപ്പോഴും സന്ധ്യക്ക് തോട്ടുവരമ്പത്ത് കാണുമ്പോള്‍ പരിചയത്തിന്റെ ഒരു ചിരിയും കുശലം ചോദിക്കലും മാത്രമായി ഞങ്ങള്‍ക്കിടയില്‍.
അങ്ങനെയൊരു വൈകുന്നേരത്താണ് ഒരു ബഹളം കേട്ടത്. സാധാരണയായി നാട്ടിന്‍പുറത്ത് ഇത്തരം ബഹളം ഉണ്ടാകുന്നത് എന്തെങ്കിലും ദുരന്തം ഉണ്ടാകുമ്പോഴാണ്. ആരെങ്കിലും മരിക്കുകയോ അപകടം പറ്റുകയോ ചെയ്യുമ്പോള്‍. നാട്ടുകാരൊക്കെ തോട്ടുവക്കിലേക്ക് ഓടുന്നതുകൂടി കണ്ടപ്പോള്‍ അമ്മ പറഞ്ഞു.. ആര്‍ക്കോ എന്തോ പറ്റിയിട്ടുണ്ട്. ഒന്നുപോയി നോക്കിയിട്ടുവന്നേ...
കേള്‍ക്കാത്ത പാതി, ഞാനും ആളുകള്‍ക്കു പിന്നാലെ ഓടി. അവിടെ ചെന്നപ്പോള്‍ സതീശനെ നാട്ടുകാര്‍ വളഞ്ഞുവച്ചു തല്ലുന്നു. അവന്റെ കൂടെ പണിയെടുക്കാന്‍ പോകുന്നവരും മദ്യപിക്കുന്നവരുമെല്ലാമുണ്ട് തല്ലുകാരില്‍. അവന്റെ ഉടുപ്പ് കീറിയിട്ടുണ്ട്. ദേഹത്തുനിന്ന് ചോരയൊലിക്കുന്നുമുണ്ട്. ഇടക്കെങ്ങനെയോ സതീശന്‍ ആളുകളെ വെട്ടിച്ച് ഓടി. കുറേപ്പേര്‍ കൂടെ ഓടിയെങ്കിലും സ്വന്തം തടി കാക്കേണ്ടത് അവന്റെ ആവശ്യമായതുകൊണ്ട് സതീശന്‍ മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ വയല്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു.
തല്ലിന്റെ കാരണം പിന്നീടാണ് അറിഞ്ഞത്. കോളനിയിലെ സ്ത്രീകളാരോ തോട്ടില്‍ കുളിക്കുന്നതിനിടെ കൈതക്കാട്ടില്‍ അനക്കം കേട്ടുവത്രേ. സര്‍പ്പക്കാവിനടുത്തുള്ള സ്ഥലമായതിനാല്‍ പാമ്പായിരിക്കുമെന്ന് കരുതി ഭയന്ന് നോക്കുമ്പോഴാണ് സതീശനെ കണ്ടത്. ഉടന്‍ അവര്‍ വിളിച്ചുകൂവി. അയല്‍ക്കാരും വൈകിട്ട് പണികഴിഞ്ഞ് മടങ്ങുന്നവരും എല്ലാംകൂടി അവന്റെ മേല്‍ കൈവച്ചു. ഏതായാലും അന്നുമുതല്‍ സതീശന്റെ വിളിപ്പേര് കുളിസീന്‍ എന്നായി മാറി. അവനെ തല്ലാന്‍ കൂടിയവരോടൊപ്പം തന്നെ പിറ്റേന്ന് സതീശന്‍ പണിക്കുപോയി. അങ്ങനെ ആ പ്രശ്‌നം അവസാനിച്ചു എന്നുകരുതി ഇരിക്കുമ്പോഴാണ് അടുത്ത പ്രശ്‌നം തലപൊക്കുന്നത്.
ഇത്തവണ തോട്ടിന്‍ കരയിലായിരുന്നില്ല സംഭവം. അതും വൈകിട്ടുമായിരുന്നില്ല. പണികഴിഞ്ഞ് വീട്ടിലെത്തി കുളിക്കാന്‍ പോയ അവിവാഹിതയായ പെണ്‍കുട്ടിയായിരുന്നു ഇര. അതും വീട്ടുമുറ്റത്തെ ഓല കെട്ടിമറച്ച കുളിപ്പുരക്കുള്ളില്‍. കുളിപ്പുരക്കുള്ളിലായതുകൊണ്ട് തല്ലുകൊള്ളല്‍ മഹാസംഭവമായി. സതീശന് രണ്ടുദിവസം പണിക്കുപോകാന്‍ പറ്റിയില്ല. കുളിക്കുന്ന പെണ്ണുങ്ങളെല്ലാം സതീശനെ സൂക്ഷിച്ചേ തീരൂ എന്ന അവസ്ഥയായി നാട്ടില്‍.
പക്ഷേ തല്ലിനും മാറുന്ന കുളിശീലങ്ങള്‍ക്കുമൊന്നും കീഴടക്കാന്‍ കഴിയുന്നതായിരുന്നില്ല നനഞ്ഞ നഗ്നമേനികളോടുള്ള സതീശന്റെ ഇഷ്ടം. കുറഞ്ഞത് മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ സതീശന്‍ നാട്ടിലെ ആങ്ങളമാരുടെയും അല്ലാത്തവരുടെയും കൈയിലെ ചൂടറിഞ്ഞു. ഒടുവില്‍ ഒരു നിവൃത്തിയുമില്ല എന്നായപ്പോള്‍ അയല്‍ഗ്രാമങ്ങളില്‍ പോയി അവിടുന്നും തല്ലുകൊണ്ട് സന്തുഷ്ടനായി മടങ്ങിയെത്തി.
അതിനിടയില്‍ അത്യാവശ്യം നല്ല പണിക്കാരനായി പണമുണ്ടാക്കിത്തുടങ്ങിയതോടെ മദ്യം സതീശന്റെ സ്ഥിരം സ്വഭാവമായി. ചാരായ നിരോധനത്തിനുശേഷം ഒരിക്കല്‍ ബാറില്‍ വച്ചുകണ്ടപ്പോള്‍ സതീശന്‍ പരിഹസിക്കുന്നതുപോലെ ഒരു ചിരി ചിരിച്ചത് ഓര്‍മ്മയുണ്ട്. നീയും ഞാനുമെല്ലാം വരുന്നത് ഇവിടെത്തന്നെ എന്ന അര്‍ത്ഥത്തില്‍.
പിന്നീട് ഞാന്‍ നാടുവിട്ടുപോയി. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയപ്പോള്‍ അതുവഴി പോയ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ചൂണ്ടി കൂട്ടുകാരന്‍ പറഞ്ഞു. നമ്മുടെ സതീശന്റെ പെണ്ണാ... പാവം.
എങ്ങനെയെന്നറിയില്ല, വര്‍ക്കലയിലെങ്ങോ ഉള്ള ഒരു ഗള്‍ഫുകാരന്റെ മകളെയായിരുന്നു സതീശന് ഭാര്യയായി കിട്ടിയത്. പക്ഷേ എന്നിട്ടും നാട്ടിലെ സ്ത്രീകളുടെ കുളിക്കുന്ന ദേഹങ്ങളോടുള്ള സതീശന്റെ കൊതി അവസാനിച്ചില്ല. ഇതിനൊപ്പം എവിടെനിന്നോ കഞ്ചാവ് എന്നൊരു ദുഃസ്വഭാവവും കൂടി സതീശന് കിട്ടി എന്ന് പിന്നീട് നാട്ടിലെ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. ഒരാണ്‍കുട്ടിയുടെ അച്ഛനായിക്കഴിഞ്ഞപ്പോഴേക്കും ഭാര്യയുടെ ആഭരണങ്ങളെല്ലാം അവന്‍ വിറ്റുകഴിഞ്ഞിരുന്നു.
ആരുടെയൊക്കെയോ ഇടപെടലിനൊടുവില്‍ സതീശന്‍ ലഹരിവിമോചനകേന്ദ്രത്തിലെത്തി. അവിടെ നിന്ന് സുഖമായി പുറത്തിറങ്ങിയെങ്കിലും പഴയ ലഹരികളെല്ലാം അവനെ പിന്തുടര്‍ന്നെത്തി. ഏറെ നാളുകള്‍ അങ്ങനെ തുടര്‍ന്നില്ല. വഴിയരികില്‍ ചോര ശര്‍ദ്ദിച്ചുമരിച്ചു കിടക്കുകയായിരുന്നു ഒരു ദിവസം അവന്‍.
സതീശന്റെ അവസാന നാളുകളെക്കുറിച്ച് എന്നോട് പറഞ്ഞ കൂട്ടുകാരന്‍ പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെയായിരുന്നു. സത്യത്തില്‍ ഇപ്പോഴാണേല്‍ അവന് കുളിസീന്‍ എന്നൊരു പേരുപോലും കിട്ടില്ലായിരുന്നു. നാട്ടില്‍ എല്ലാവീട്ടിലും കെട്ടുറപ്പുള്ള കുളിമുറിയായി. അവന് ഒളിഞ്ഞു നോക്കാനും തല്ലുകൊള്ളാനും ഒരു രക്ഷേം ഒണ്ടാവത്തില്ലായിരുന്നു... സത്യമായിരിക്കാം.. പക്ഷേ സതീശന്‍ ആ കെട്ടുറപ്പുള്ള കുളിമുറികളെയും മറികടക്കുമായിരുന്നു എന്നാണ് എന്റെ വിശ്വാസം.

Saturday, March 24, 2012

അച്ഛനെയാണെനിക്കിഷ്ടം

അച്ഛന്‍ ഒരു അരാജകവാദിയായിരുന്നില്ല, എഴുത്തുകാരന്‍ തീരെ ആയിരുന്നില്ല. അല്ല, വേണമെങ്കില്‍ കണക്കെഴുത്തുകാരന്‍ എന്നുപറയാം. ഒരു സാധാരണ സര്‍വീസ് സഹകരണബാങ്കിലെ സെക്രട്ടറിയായിരുന്നു എനിക്ക് ഓര്‍മ്മവെക്കുമ്പോള്‍ മുതല്‍ അച്ഛന്‍. നാട്ടുകാര്‍ മുഴുവന്‍ വാര്യര്‍ സാര്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നയാള്‍.
കണക്കുകളില്‍ ജീവിച്ചിട്ടും ജീവിതത്തിന്റെ മുഴുവന്‍ കണക്കുകള്‍ തെറ്റിപ്പോയിരുന്നു അച്ഛന്. സത്യം പറഞ്ഞാല്‍ എഴുതിക്കൂട്ടുന്ന കണക്കുകളല്ല ജീവിതത്തിന്റെ കണക്കുകളെന്ന് അദ്യമായി ഞാന്‍ പഠിച്ചത് അച്ഛന്റെ ജീവിതത്തില്‍ നിന്നാണ്.
മൂന്നുവയസ്സില്‍ മുത്തശ്ശന്റെ മരണത്തിനുശേഷം കോട്ടയത്തെ തറവാട് വിട്ടുപോന്നതായിരുന്നു അച്ഛന്‍. കുറേക്കാലം അമ്മയുടെ ആങ്ങളക്കൊപ്പം ഏനാത്തെ വീട്ടില്‍. പിന്നെ അമ്പലങ്ങളിലെ മാലകെട്ടലും പഠനവുമൊക്കെയായി ഏതൊക്കെയോ ബന്ധുവീടുകളില്‍. ഏതായാലും സ്റ്റുഡന്റ്‌സ് ഫെഡറേഷനും ചെറുപ്പത്തിന്റെ ചൂടുമൊക്കെക്കൊണ്ട് ഡിഗ്രി പൂര്‍ത്തിയാക്കിയില്ല. എന്തൊക്കെയോ കേസുകളില്‍ പെട്ട് പിന്നെ നെയ്‌വേലിയിലോ മറ്റോ ഗാസ് ഫാക്ടറിയില്‍ ഫോര്‍മാനായി ഒളിച്ചുജീവിച്ച കഥയൊക്കെ പലപ്പോഴായി പറഞ്ഞുകേട്ടിട്ടുണ്ട്.
ഒരു റേഷന്‍കടയിലെ ഹെല്‍പ്പര്‍ സ്ഥാനത്തുനിന്നാണ് സഹകരണസംഘത്തിലെ ക്ലര്‍ക്കായി മാറിയത് എന്നാണ് പറഞ്ഞ ഓര്‍മ്മ. ജെഡിസി, എച്ച്ഡിസി തുടങ്ങിയ കോഴ്‌സുകളൊക്കെ കഴിഞ്ഞ് സംഘത്തിന്റെ സെക്രട്ടറിയാവുമ്പോഴേക്കും കല്യാണവും മൂന്നു മക്കളും ആയിക്കഴിഞ്ഞിരുന്നു.
കുറേയൊക്കെ പഴയ ഫ്യൂഡല്‍ സ്വഭാവങ്ങളുടെ ശേഷിപ്പുകളുണ്ടായിരുന്നു അച്ഛനില്‍. മുറ്റത്തെ പ്ലാവില്‍ നിന്നും ഒരു ചക്ക അടക്കാന്‍ പറയുമ്പോള്‍ ആ പ്ലാവിന്റെ കൊമ്പ് ഇങ്ങു വെട്ടിയിടാം എന്ന് പറയുമായിരുന്നുവെന്ന് അമ്മ ഇപ്പോഴും പറയുന്ന കാര്യമാണ്. എലിപ്പത്തായത്തിലെ ഉണ്ണിയെ കാണുമ്പോള്‍ ഇയാള്‍ക്ക് അച്ഛന്റെ എന്തൊക്കെയോ സ്വഭാവങ്ങള്‍ ഉണ്ടല്ലോയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
കടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു കഴിഞ്ഞ രണ്ടുദിവസങ്ങള്‍. ആ ചര്‍ച്ചകളില്‍ മുഴുവന്‍ സമയവും എന്റെ മനസ്സിലുണ്ടായിരുന്നത് അച്ഛനായിരുന്നു. കടങ്ങള്‍ വരുന്ന വഴിയും വീട്ടാന്‍ കഴിയായ്കയുടെ ബുദ്ധിമുട്ടുകളുമെല്ലാം കണ്ടും അനുഭവിച്ചും അറിഞ്ഞത് അച്ഛനില്‍ നിന്നായിരുന്നു. പലപ്പോഴും കടംകയറിയുള്ള കൂട്ട ആത്മഹത്യകളുടെ വാര്‍ത്തകള്‍ കാണുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ഞെട്ടലോടെ ഓര്‍ത്തിട്ടുണ്ട്, ഇത്തരം ഒരു വാര്‍ത്തയായി മാറിപ്പോകുമായിരുന്ന ജീവിതമായിരുന്നല്ലോ ഞങ്ങളുടേതുമെന്ന്.
കാടും പടലുമായ രണ്ടേമുക്കാല്‍ ഏക്കര്‍ പുരയിടവും അതിലെ ഓലപ്പുരയുമാണ് ഞങ്ങളുടെ ജീവിതത്തിന്റെ തുടക്കം. അതും കല്ലുവാതുക്കല്‍ നിന്നും രണ്ട് കിലോമീറ്ററോളം ഉള്ളില്‍. അച്ഛന്‍ ജോലിക്കാരെ നിര്‍ത്തി കാടുമുഴുവന്‍ വൃത്തിയാക്കി തെങ്ങിന്‍തൈ നട്ടു. അതും കുറേ കാശ് ചെലവാക്കിത്തന്നെ.
ആ കാശ് പക്ഷേ വേറൊരു സഹകരണബാങ്കില്‍ നിന്നുള്ള ലോണായിരുന്നു. തെങ്ങിന്‍തൈ വളര്‍ന്ന് തെങ്ങാവാനും അതില്‍ തേങ്ങ പിടിക്കാനും ഉള്ള സമയമൊന്നും ബാങ്ക്‌ലോണിനുണ്ടായിരുന്നില്ല. ലോണ്‍ വട്ടമെത്തിയപ്പോള്‍ ബാങ്ക് ജപ്തിക്കുവന്നു. അങ്ങനെ അച്ഛന്‍ കാടുവെട്ടി തെങ്ങിന്‍തൈ വച്ച രണ്ടേക്കര്‍ ബാങ്കിന്റെ വകയും പിന്നീട് ഞങ്ങളുടെ അയല്‍വാസിയുടെ വകയുമായി.
ബാക്കിയുള്ള മുക്കാലേക്കറോളം ഭൂമിയിലായിരുന്നു ഞങ്ങളുടെ പിന്നീടുള്ള ജീവിതം. ഏതാണ്ട് പതിനാറു വര്‍ഷക്കാലം ഞങ്ങളുടെ സ്വന്തമായിരുന്ന ഭൂമി. ആ പതിനാറു വര്‍ഷം കൊണ്ടാണ് അച്ഛന്റെ പ്ലാനിംഗില്ലായമയും കടക്കണക്കുകളും പെരുകിപ്പെരുകി വലുതായതും.
അച്ഛന്റെ പ്ലാനിംഗില്ലായ്മക്ക് ഒരു നല്ല ഉദാഹരണം പറയാം. വീടുപണി നടക്കുന്ന സമയം. വീടുപണി എന്നു പറഞ്ഞാല്‍ ഒറ്റത്തവണയായിട്ടൊന്നുമായിരുന്നില്ല അത് ഞങ്ങളുടെ വീടായത്. വില്‍ക്കുന്നതിന് അടുത്ത സമയം വരെ ആ വീട് പരിഷ്‌കരിച്ചുകൊണ്ടിരുന്നു.അച്ഛന്‍ രാവിലെ കുറേ പണിക്കാരെ നിര്‍ത്തിയ ശേഷം നേരേ സംഘത്തിലേക്ക് പോവും. അമ്മ പണിക്കാര്‍ക്കുള്ള ഭക്ഷണവും പശുക്കളെയും ഞങ്ങളെയും നോട്ടവും ഒക്കെയായി തിരക്കോട് തിരക്ക്. രാത്രി വൈകി വീട്ടില്‍ എത്തുമ്പോ അച്ഛന്‍ പണിയൊക്കെ നോക്കും. പിറ്റേന്ന് രാവിലെ പോകുന്നതിന് മുമ്പ് മേശരിയോട് തലേന്നുവച്ച കട്ടിളയും ജനലുമൊക്കെ ഇളക്കി മറ്റൊരിടത്ത് വക്കാന്‍ ചട്ടംകെട്ടി പോകും. ഇങ്ങനെയിങ്ങനെയായിരുന്നു വീടുപണി. അന്ന് ഭാഗ്യത്തിന് വാസ്തുവും അത്തരം തട്ടിപ്പുകളും വ്യാപകമായിട്ടില്ലായിരുന്നു.
അച്ഛന്‍ മദ്യപിക്കുമായിരുന്നില്ല. നന്നായി മുറുക്കുമായിരുന്നു. ബീഡിവലി കുറേക്കാലം ശീലമായിരുന്നുവെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു. ഇപ്പോ എന്റെ കാലില്‍ ഉരുണ്ടുകൂടുന്ന വെരിക്കോസ് വെയ്‌നിന്റെ ലക്ഷണങ്ങളെ നോക്കി ഇത് വല്ലാതെ കൂടുന്നു, വലി കുറക്കണമെന്ന് അച്ഛന്‍ പറയുമ്പോ ആദ്യം എന്റെ മനസ്സില്‍ എത്തുന്നത് അച്ഛന്‍ ബീഡിവലി നിര്‍ത്താന്‍ വേണ്ടി അമ്മ ഉണ്ടാക്കിയിരുന്ന വഴക്കുകളായിരുന്നു.
നാട്ടിന്‍പുറത്തെ അപൂര്‍വ്വം മാസശമ്പളക്കാരില്‍ ഒരാളുടെ എല്ലാ സൗകര്യങ്ങളും അച്ഛനും ലഭ്യമായിരുന്നു. അതിനുപുറമേ നാട്ടുകാര്‍ക്കെല്ലാം ലോണ്‍ കൊടുക്കുന്ന സംഘത്തിന്റെ സെക്രട്ടറി എന്ന സ്ഥാനവും. ഒരു കടയിലും പൈസ കൊടുത്ത് സാധനം വാങ്ങാറുണ്ടായിരുന്നില്ല ഞങ്ങള്‍. പറ്റുബുക്ക് എന്നുപറയുന്ന ഒരു ചെറിയ ബുക്കുണ്ടായിരുന്നു ഞങ്ങള്‍ക്ക് സാധനം വാങ്ങാന്‍. റേഷന്‍കടയില്‍ പോലും അതായിരുന്നു പതിവ്. മാസാമാസം കണക്ക് തീര്‍ക്കും എന്നാണ് വയ്പ്. പക്ഷേ അത് എല്ലാ മാസവുമൊന്നും നടക്കാറുണ്ടായിരുന്നില്ല.
അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം രാഷ്ട്രീയമായിരുന്നു. എത്ര ദേഷ്യത്തിലിരുന്നാലുംരാഷ്ട്രീയവിഷയങ്ങളിലെ എന്തെങ്കിലും ഒരു സംശയം ചോദിച്ചാല്‍ മതി അച്ഛന്‍ ദേഷ്യം മാറി സാധാരണനിലയിലേക്കെത്താന്‍. എനിക്ക് ഓര്‍മ്മയാവുമ്പോഴേക്കും അച്ഛന്‍ സിപിഐ ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് പോയിരുന്നു. എന്നിട്ടും ഞങ്ങള്‍ മക്കള്‍ ഇടതുപക്ഷത്തേക്ക് തിരിഞ്ഞപ്പോള്‍ അച്ഛന്‍ അതിനെ ദേഷ്യമൊന്നും കൂടാതെ സ്വീകരിച്ചു.
കടങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടുപോകുന്നത് എന്ന് ഞങ്ങള്‍ അറിഞ്ഞതേയില്ല. അമ്മയോടുപോലും അതൊന്നും സംസാരിക്കാത്തതാണ് അച്ഛന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കടങ്ങളുടെ ഗൗരവാവസ്ഥ വീട്ടില്‍ അറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു.അന്നേേത്തക്ക് പ്രതിസന്ധി ഏറെ രൂക്ഷമായി. റേഷന്‍കടയിലെ കടം കൊടുത്തുതീര്‍ക്കാഞ്ഞിട്ട് അച്ഛന്റെ കൂട്ടുകാരന്‍ കൂടിയായിരുന്ന കടമുതലാളി അച്ഛനെ വഴിയില്‍ പിടിച്ചുനിര്‍ത്തിയതോടെയാണ് പ്രശ്‌നം വീട്ടില്‍ അറിഞ്ഞത്. അധികം വൈകാതെ രാഷ്ട്രീയപ്രശ്‌നങ്ങളില്‍പ്പെട്ട് ഓഫീസില്‍ നിന്നും സസ്‌പെന്‍ഷനുമെത്തി. ഒരു വര്‍ഷത്തോളം സസ്‌പെന്‍ഷന്‍ തുടര്‍ന്നു.
ഇതിനിടയിലെപ്പോഴോ ഇത്തിക്കരയിലെ റൂറല്‍ ഹൗസിംഗ് സൊസൈറ്റിയില്‍ നിന്ന് എടുത്ത ഒരുലക്ഷം രൂപയുടെ ലോണ്‍ ഇരട്ടിയിലധികമായി വളര്‍ന്നിരുന്നു. എല്ലാ പ്രതിസന്ധികളും ഒരുമിച്ച് എന്നുപറയാവുന്ന സ്ഥിതി. മറ്റ് കടങ്ങളും വട്ടിപ്പലിശകളുമെല്ലാം പുറമേ. അഞ്ചുരൂപ പലിശക്കെടുത്ത കടം വീട്ടാന്‍ പത്തുരൂപ പലിശക്ക് വീണ്ടും കടമെടുക്കുന്ന സ്ഥിതി. ഭക്ഷണത്തിന്റെയും അത്യാവശ്യം പഠന സാമഗ്രികളുടെയും കാര്യമൊഴിച്ചാല്‍ ആഡംബരങ്ങളൊന്നുമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. എന്നിട്ടും കടങ്ങള്‍ പെരുകിക്കൊണ്ടിരുന്നു. ഈ പ്രതിസന്ധികാലത്താണ് കെ.എസ്.എഫ്.ഇയില്‍ നല്‍കിയ ചിട്ടികള്‍ പിടിച്ച് അത്യാവശ്യകടങ്ങളെങ്കിലും തീര്‍ക്കാന്‍ അച്ഛന്‍ ശ്രമിച്ചത്. പക്ഷേ സര്‍ക്കാരുദ്യോഗസ്ഥരുടെ സാലറി സര്‍ട്ടിഫിക്കറ്റ് എന്ന തടസ്സത്തില്‍തട്ടി ആ ശ്രമങ്ങളും മുന്നോട്ടുപോകാതെ നിന്നു. സര്‍ക്കാര്‍ജോലിയുള്ള പല അടുത്ത ബന്ധുക്കളെയും അച്ഛന്‍ ഇക്കാര്യം പറഞ്ഞ് സമീപിച്ചുനോക്കിയെങ്കിലും എല്ലാം പരാജയമായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ഒഴികഴിവുകള്‍.
നാലുവര്‍ഷങ്ങളോളം പ്രതിസന്ധി അതിരൂക്ഷമായിത്തന്നെ മുന്നോട്ടുപോയി. അപ്പോഴേക്കും പല ജോലിപരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട് ഞാന്‍ കൊല്‍ക്കത്തയില്‍ ജോലിചെയ്യുന്ന അമ്മാവന്റെയടുത്തേക്ക് പോയി. അതുകൊണ്ടുതന്നെ വിട് വിറ്റപ്പോള്‍ ഞാന്‍ നാട്ടിലില്ലാതെ രക്ഷപ്പെട്ടു. ഒരു കൊല്‍ക്കത്ത യാത്രക്കുശേഷം നാലു മാസം കഴിഞ്ഞ് ഞാന്‍ തിരിച്ചുവന്നപ്പോഴേക്കും സരോജ്ഭവന്‍ എന്ന ഞങ്ങളുടെ വീട്ടുപേര് സരസ്വതിമന്ദിരം എന്ന വാടകവീടിന്റേതായി മാറിയിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം വീട് വാങ്ങുമ്പോള്‍ അതിന് ചെരാത് എന്നു പേരിട്ടു. വീണ്ടും പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ചേച്ചി വാങ്ങിയ വീട്ടിലൂടെയാണ് സരോജ്ഭവന്‍ എന്ന വീട്ടുപേര് തിരിച്ചുപിടിച്ചത്.
അച്ഛന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് ഞാന്‍ പിന്നീട് പലതവണആലോചിച്ചിട്ടുണ്ട്. അതിന്റെ പത്തിലൊന്ന് പ്രതിസന്ധിയിലെത്തുമ്പോള്‍ തലവേദനയും മൈഗ്രയ്‌നുമായി തളര്‍ന്നുവീഴുന്ന എനിക്ക് ഇത്തിരിയെങ്കിലും ധൈര്യം തന്നുപോന്നത് അച്ഛന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണ്. 

Sunday, January 29, 2012

പറന്നുയരുന്ന വിവാദം

രണ്ടു വര്‍ഷം മുന്‍പെഴുതിയ ഒരു റിപ്പോര്‍ട്ട് ..

വിമാനത്താവളങ്ങളുടെ എണ്ണം ഒരു നാടിന്റെ പുരോഗതിയുടെ അളവുകോലാകുന്ന കാലം എത്തിയാല്‍ കേരളം ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടും പിന്നിലാകില്ല എന്നത് ഉറപ്പാണ്. കണ്ണൂരില്‍ വരാനിരിക്കുന്ന വിമാനത്താവളം കൂടിയാകുമ്പോള്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാകും കേരളത്തിന് സ്വന്തമാവുക. വാഹനങ്ങള്‍ക്ക് ഓടാന്‍ കുഴികളില്ലാത്ത റോഡുകളൊന്നുമില്ലെങ്കിലും വിമാനയാത്രയുടെ കാര്യത്തില്‍ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ഇവക്ക് പുറമെയാണ് കേരളത്തിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം ആറന്മുളയില്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കാത്ത് നിര്‍മ്മാണത്തിന് തയ്യാറായി കിടക്കുന്നത്. എന്നാല്‍ മറ്റേതൊരു വമ്പന്‍ പദ്ധതിയെയുമെന്നപോലെ ആറന്മുള വിമാനത്താവളപദ്ധതിയും വിവാദക്കുരുക്കില്‍ത്തന്നെയാണ്.
തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍നിന്നും കഷ്ടിച്ച് 130 കിലോമീറ്റര്‍ വീതം അകലത്തിലാണ് ആറന്മുളയില്‍ നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടിന് സ്ഥാനം കണ്ടിരിക്കുന്നത്. 600 കിലോമീറ്റര്‍ ഭൂമിയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന വിമാനത്താവളത്തിനുവേണ്ടി 450 ഏക്കറോളം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. മധ്യതിരുവിതാംകൂറില്‍ നിരവധി സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന മൗണ്ട് സിയോണ്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചെന്നൈ ആസ്ഥാനമാക്കിയുള്ള കെജിഎസ് ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുമായിച്ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ നോര്‍ക്കയും (സര്‍ക്കാര്‍ ഏജന്‍സിയല്ല) മൗണ്ട് സിയോണ്‍ ട്രസ്റ്റും ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനവും അനില്‍ അംബാനി ഗ്രൂപ്പിന് 250 കോടിരൂപയോളം ഓഹരി പങ്കാളിത്തമുള്ള കുമരന്‍ -ജിജി -ഷണ്‍മുഖം ഗ്രൂപ്പ് എന്ന കെജിഎസ് ഗ്രൂപ്പും സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍ഫ്രയും ചേര്‍ന്നാണ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുകയെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു. മൂന്നുവര്‍ഷം കൊണ്ട് എ-300 എയര്‍ബസിന് ഇറങ്ങാന്‍ പറ്റിയ വിമാനത്താവളം നിര്‍മ്മിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.
ആറന്മുളയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതിന്റെ സാദ്ധ്യതയെക്കുറിച്ച് പഠിക്കാന്‍ കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയത്. സാമ്പത്തികമായും പാരിസ്ഥിതികമായും അനുകൂലമായ റിപ്പോര്‍ട്ടാണ് കിറ്റ്‌കോ നല്‍കിയത്. ജനസംഖ്യയില്‍ നല്ലൊരുഭാഗം വിദേശമലയാളികളുള്ള മധ്യതിരുവിതാംകൂറില്‍ ഒരു എയര്‍പോര്‍ട്ട് വരുന്നതിലൂടെ നാല് ജില്ലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് പുറമേ വിനോദസഞ്ചാരമേഖലക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കും പുതിയ വിമാനത്താവളം വരുന്നതോടെ സൗകര്യമേറുമെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.ടി. നന്ദകുമാര്‍ ഐപിഎസ് പറയുന്നു.
മൗണ്ട് സിയോണ്‍ ട്രസ്റ്റിന്റെ ചെയര്‍മാനായ കെ.ജെ. എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം മുമ്പാണ് ആറന്മുള എയര്‍പോര്‍ട്ട് എന്ന ആശയത്തിന് തുടക്കമാകുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കടമ്മനിട്ടയിലും ചെങ്ങന്നൂരും എഞ്ചിനീയറിംഗ് കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്. സ്വകാര്യവിമാനത്താവളത്തിനായി പാടശേഖരങ്ങളള്‍പ്പെടെയുള്ള ഭൂമി ട്രസ്റ്റിന്റെ പേരില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ആ ഭൂമിയിലുണ്ടായിരുന്ന 14 ഏക്കറോളം വിസ്തൃതിയുള്ള കുന്നിടിച്ച് നിലം നികത്താന്‍ തുടങ്ങിയപ്പോള്‍ കര്‍ഷകത്തൊഴിലാളിയൂണിയന്റെയും പ്രാദേശിക സിപിഎം നേതാക്കളുടെയും എതിര്‍പ്പ് നേരിടേണ്ടിവന്നുവെങ്കിലും ക്രമേണ ആ എതിര്‍പ്പുകള്‍ ഇല്ലാതായി. ട്രസ്റ്റിനനുകൂബലമായി കോടതിവിധി ഉണ്ടായെന്നും അതുമൂലമാണ് വയല്‍ നികത്തലിനെ പിന്നീട് എതിര്‍ക്കാഞ്ഞതെന്നും സിപിഎം എംഎല്‍എയായ കെ.സി.രാജഗോപാല്‍ പറയുന്നു. എന്നാല്‍ ഈ വിഷയം ഇതുവരെയും കോടതിയില്‍ എത്തിയിട്ടേയില്ലെന്നാണ് നന്ദകുമാര്‍ വ്യക്തമാക്കുന്നത്. ഏതായാലും സിപിഎമ്മിന്റെ എതിര്‍പ്പ് ഇല്ലാതായതോടെ ഭൂമി വാങ്ങലും നിലം നികത്തലും തുടര്‍ന്നു. നൂറേക്കറോളം പാടം നികത്തി റണ്‍വേക്കുള്ള സ്ഥലം തയ്യാറാക്കിക്കഴിഞ്ഞു.
ഇതിനിടയിലാണ് അമേരിക്കന്‍ മലയാളികളുടെ സംഘടനയായ നോര്‍ക്കയുടെയും ഫൊക്കാനയുടെയും നാട്ടിലെ പ്രമുഖരുടെയും സഹകരണത്തോടെ ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയത് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന്‌കോടി രൂപയുടെ പ്രഖ്യാപിത മൂലധനത്തോടെയാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഏതാണ്ട് നാല്‍പ്പത് ലക്ഷം രൂപ സമാഹരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. എബ്രഹാം കലമണ്ണില്‍  ഉള്‍പ്പെടെ 12 ഡയറക്ടര്‍മാരായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്. ഫൊക്കാനയിലെ അംഗങ്ങളില്‍ നിന്നും അമേരിക്കന്‍ മലയാളികളുടെ മറ്റ് സംഘടനകളില്‍ നിന്നും മൂലധനം കണ്ടെത്താനായിരുന്നു പദ്ധതിയെങ്കിലും അത് വിജയിച്ചില്ല. ചില പ്രഖ്യാപനങ്ങളും വാര്‍ത്താസമ്മേളനങ്ങളും നടത്തി എയര്‍പോര്‍ട്ട് വരുന്ന കാര്യം പ്രഖ്യാപിച്ചെങ്കിലും കാര്യങ്ങള്‍ പിന്നീട് മുന്നോട്ടുപോയില്ല. ആറന്മുള ഏവിയേഷന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ക്രമേണ മൂന്ന് അംഗങ്ങള്‍ മാത്രമായി. ഈ സന്ദര്‍ഭത്തിലും മൗണ്ട് സിയോണ്‍ ട്രസ്റ്റ് എയര്‍പോര്‍ട്ടിനായി സ്ഥലം വാങ്ങിക്കൊണ്ടിരുന്നു. ഡയറക്ടര്‍മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളാണ് ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് പ്രതീക്ഷിച്ചത്ര മുന്നോട്ടുപോകാതിരിക്കാന്‍ കാരണമെന്ന് ഒരു ഡയറക്ടര്‍ബോര്‍ഡ് അംഗം ചൂണ്ടിക്കാട്ടുന്നു. “മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള തുടക്കത്തിലെ ആവേശത്തിനപ്പുറം ഡയറക്ടര്‍ബോര്‍ഡിലുണ്ടായിരുന്ന പലരും പിന്നീട് കമ്പനിയുടെ കാര്യത്തില്‍ താല്‍പ്പര്യം കാട്ടിയില്ല. പണം നിക്ഷേപിക്കാത്ത ഡയറക്ടര്‍മാര്‍ പോലുമുണ്ടായിരുന്നു. ഫൊക്കാനയുടെ നേതൃത്വത്തില്‍ പണം സമാഹരിക്കാമെന്ന് ചിലര്‍ പദ്ധതിയിട്ടിരുന്നതും നടപ്പായില്ല. അതിനിടെ 25 കോടി രൂപ നല്‍കി 200 ഏക്കര്‍ ഭൂമി വാങ്ങാമെന്ന കരാറില്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഒരു വ്യവസായി എത്തിയെങ്കിലും അദ്ദേഹവും അഡ്വാന്‍സ് നല്‍കിയ ഒന്നേകാല്‍ കോടിക്കപ്പുറം ഭൂമി വാങ്ങാന്‍ പണം നല്‍കിയില്ല.” അദ്ദേഹം പറയുന്നു.
ഇത്രയും സംഭവങ്ങള്‍ക്ക് ശേഷമാണ് എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന്റെ ചുമതല കെജിഎസ് ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്ക് നല്‍കുന്നത്. എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിനായി രൂപീകരിച്ച ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ഇപ്പോള്‍ വലിയ റോളൊന്നുമില്ല. പുതിയ കമ്പനിയില്‍ ഏതാനും ഓഹരികള്‍ കിട്ടുന്നതിലൊതുങ്ങും ആറന്മുള ഏവിയേഷന്‍ ലിമിറ്റഡിന്റെ റോള്‍. ഭൂമിയുടെ ഉടമയായ മൗണ്ട് സിയോണ്‍ ട്രസ്റ്റും ഡെവലപ്പേഴ്‌സായ കെജിഎസും കഴിഞ്ഞാലേ ആറന്മുള ഏവിയേഷന് സ്ഥാനമുള്ളൂ. പോരെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍ഫ്രയോട് സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. കിന്‍ഫ്ര സഹകരണത്തിന് തയ്യാറായാല്‍ നിശ്ചിത ശതമാനം ഓഹരികള്‍ അവര്‍ക്കും നല്‍കേണ്ടിവരും.
ഇതൊക്കെ നടക്കണമെങ്കില്‍ കേരളസര്‍ക്കാരിന്റെ എന്‍.ഓ.സി ലഭിക്കണം എന്നതാണ് പ്രധാനകാര്യം. എന്നാല്‍ ആറന്മുള എയര്‍പോര്‍ട്ടിന് എന്‍ഒസി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ ഇപ്പോഴും ഏകാഭിപ്രായമില്ല. കമ്പനി നടത്തിയ നിയമലംഘനങ്ങളില്‍ റവന്യൂമന്ത്രാലയത്തിന് അമര്‍ഷമുണ്ടെങ്കിലും മറ്റ് വകുപ്പുകള്‍ക്ക് അത്രത്തോളം വിരോധമില്ല. ഏകജാലകത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇപ്പോള്‍ ആറന്മുള എയര്‍പോര്‍ട്ടിന്റെ നീക്കങ്ങള്‍ മുന്നോട്ടുപോകുന്നത്. സിപിഎമ്മിലെ ഒരു വിഭാഗാകട്ടെ എയര്‍പോര്‍ട്ടിന് സര്‍വാത്മനാ പിന്തുണയേകുന്നുമുണ്ട്.
നിലം നികത്തല്‍ തന്നെയാണ് കമ്പനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പ്രധാനം. വന്‍തോതില്‍ വയല്‍ നികത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണ് മൗണ്ട് സിയോണ്‍ ട്രസ്റ്റ് നൂറേക്കറോളം വയല്‍ നികത്തിയത്. ഇതിനെതിരെ തുടക്കത്തില്‍ ശബ്ദമുയര്‍ത്തിയവരെല്ലാം പല കാരണങ്ങള്‍ കൊണ്ട് പിന്നീട് നിശബ്ദരാവുകയായിരുന്നു. നാട്ടില്‍ വികസനം വരുന്നതിന് എതിരുനില്‍ക്കുന്നു എന്ന അപഖ്യാതി ഏല്‍ക്കാന്‍ കഴിയാത്തതാണ് കാരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ. പറയുമ്പോള്‍ നിയമാനുസരണം തന്നെയാണ് കമ്പനി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയതെന്ന് കെ.സി.രാജഗോപാല്‍ എം.എല്‍എ. പറയുന്നു. സെന്റിന് 300 രൂപ മുതല്‍ നല്‍കി വാങ്ങിയ സ്ഥലമാണ് മൗണ്ട് സിയോണ്‍ ട്രസ്റ്റ് ഇപ്പോള്‍ 100 മടങ്ങിലേറെ വിലയ്ക്ക് എയര്‍പോര്‍ട്ടിനായി ഒരുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എയര്‍പോര്‍ട്ട് കമ്പനിക്ക് ഭൂമി കൈമാറി ആ തുകക്കുള്ള ഓഹരികള്‍ സ്വന്തമാക്കുവാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. എന്നാല്‍ ഭൂമി എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സിന് കൈമാറാന്‍ നിയമപ്രകാരം ഇപ്പോഴും ട്രസ്റ്റിന് കഴിയില്ല. ഭൂപരിധി നിയമമാണ് അതിന് പ്രധാനമായും തടസ്സം നില്‍ക്കുന്നത്. കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിക്കാതെ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വക്കാന്‍ കഴിയില്ല. ട്രസ്റ്റുകള്‍ക്ക് ആ നിബന്ധന ബാധകമല്ല താനും. എന്നാല്‍ ട്രസ്റ്റുകളുടെ പേരില്‍ പരിധിയില്‍ കവിഞ്ഞ സ്വത്തുക്കള്‍ കൈവശം വക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു. അത്തരത്തില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ആറന്മുള എയര്‍പോര്‍ട്ടിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാവും. ഇതിനെതിരെ ട്രസ്റ്റ് ചെയര്‍മാന് സ്വാധീനമുള്ള ഭരണപക്ഷത്തിലെ ഒരു ഘടകകക്ഷിയുടെ സഹായവും ട്രസ്റ്റ് തേടിയിട്ടുണ്ട്.
പത്ത് വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടന്ന വയലാണ് തങ്ങള്‍ നികത്തിയതെന്ന് പി.ടി.നന്ദകുമാര്‍ പറയുന്നു. “ആയിരക്കണക്കിന് ഏക്കര്‍ വയല്‍ നികത്തിയാണ് നെടുമ്പാശ്ശേരിയില്‍ എയര്‍പോര്‍ട്ട് സ്ഥാപിച്ചത്. അന്ന് സ്വന്തം ശവത്തിലൂടെയല്ലാതെ എയര്‍പോര്‍ട്ട് നിര്‍മ്മാണം നടക്കില്ലെന്ന് വാശിപിടിച്ചവര്‍ ഇപ്പോള്‍ ആ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഇവിടെ ഉപയോഗശൂന്യമായി കിടന്ന വയലാണ് നികത്തിയത്. ഇത്തരം ഒരു വികസനം വരുമ്പോള്‍ കണ്ണുമടച്ച് അതിനെ എതിര്‍ക്കുന്നതിനുപകരം ക്രിയാത്മകമായി പിന്തുണക്കുകയാണ് വേണ്ടത്. ഒരുതരത്തിലുമുള്ള പാരിസ്ഥിതിക പ്രശ്‌നം ഈ എയര്‍പോര്‍ട്ട് മൂലം ഉണ്ടാകില്ലെന്ന് കിറ്റ്‌കോ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിക്കാന്‍ പോകുന്നത് പൂര്‍ണ്ണമായും പാരിസ്ഥിതിക സൗഹൃദം ഉറപ്പുവരുത്തുന്ന എയര്‍പോര്‍ട്ടാണ്. നാനൂറ് ഏക്കറിലേറെ വയല്‍ നികത്തിയെന്നുവരെ മാധ്യമങ്ങള്‍ ആരോപിച്ചു. റണ്‍വേക്ക് വേണ്ടിയുള്ള വയല്‍ മാത്രമാണ് ഇവിടെ നികത്തിയിട്ടുള്ളത്. ചെളിവെള്ളത്തില്‍ വിമാനമിറങ്ങാന്‍ കഴിയില്ലല്ലോ,” നന്ദകുമാര്‍ പറയുന്നു. വയല്‍നികത്തിയത് നിയമപരമാക്കിത്തരാന്‍ തങ്ങള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാല്‍ വയല്‍ എന്നത് കൃഷിസ്ഥലം മാത്രമല്ലെന്നും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ വയല്‍ നികത്തുന്നത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നും റവന്യൂ മന്ത്രാലയത്തിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. “വീട് നിര്‍മ്മിക്കാന്‍ വേണ്ടി അനുമതിയില്ലാതെ പത്ത് സെന്റില്‍ താഴെ വയല്‍ നികത്തുന്നവര്‍ക്കുപോലും നിയമനടപടി നേരിടേണ്ടിവരും. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമായ നിലപാട് സ്വീകരിപ്പിച്ചാണ് ആറന്മുളയില്‍ വയല്‍ നികത്തിയിട്ടുള്ളത്. വയല്‍ നികത്തിയശേഷം അത് നിയമപരമാക്കി നല്‍കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പറയുന്നത് ഒരിക്കലും സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമപരമാക്കി നല്‍കാനും കഴിയില്ല,” അദ്ദേഹം വ്യക്തമാക്കുന്നു.
കിന്‍ഫ്രയുടെ കൂടി പങ്കാളിത്തത്തോടെയാകും എയര്‍പോര്‍ട്ട് നിര്‍മ്മിക്കുകയെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കാളിത്തവുമില്ലെന്ന് കിന്‍ഫ്ര വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് നന്ദകുമാര്‍ പറയുന്നത് ഇക്വിറ്റി പാര്‍ട്ടിസിപ്പേഷനുവേണ്ടി തങ്ങള്‍ കിന്‍ഫ്രയെ സമീപിച്ചിട്ടുണ്ടെന്നും ഉടന്‍ അനുകൂല മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ്.
ഏതെങ്കിലും പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനും ജനങ്ങളെ കുടിയൊഴിപ്പിക്കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നിരിക്കെ ഇത്രയേറെ ഭൂമി ട്രസ്റ്റ് സ്വന്തമാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ ഇതുവരെയും ഒരൊറ്റയാളെപ്പോലും കുടിയൊഴിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് കമ്പനി സി.ഇ.ഒ അവകാശപ്പെടുന്നത്. ട്രസ്റ്റ് ഭൂവുടമകളില്‍നിന്നും ഭൂമി വാങ്ങുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിയമപരമായും സുതാര്യതയോടും കൂടിത്തന്നെയാണ് കമ്പനി ഇതുവരെയും പ്രവര്‍ത്തിച്ചുപോരുന്നത്. അതിനെ തകിടം മറിക്കാനുള്ള മൗലികവാദപരമായ നിലപാടാണ് ചിലര്‍ സ്വീകരിച്ചിട്ടുള്ളത്. എന്തുവന്നാലും കണ്ണടച്ചെതിര്‍ക്കുന്ന ഈ പ്രവൃത്തികള്‍ കേരളത്തിലേക്ക് എത്തുന്ന വിദേശ നിക്ഷേപകരെ ആട്ടിയോടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വനം പരിസ്ഥിതി വകുപ്പില്‍ നിന്നും അടക്കമുള്ള അനുമതി ഇതിനകം ലഭിച്ചുകഴിഞ്ഞുവെന്ന് നന്ദകുമാര്‍ പറയുന്നു. സംസ്ഥാനസര്‍ക്കാരില്‍ നിന്നും എന്‍ഒസി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം ആഭ്യന്തര സര്‍വീസുകളോടെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിയമലംഘകര്‍ക്ക് പച്ചക്കൊടി കാട്ടുക അത്ര എളുപ്പമല്ലെന്ന നിലപാടിലാണ് റവന്യൂവകുപ്പ്. അതേസമയം തന്നെ ഒരു സിപിഐ മന്ത്രിയുടെയും കേരള കോണ്‍ഗ്രസിന്റെയും ചില സിപിഎം നേതാക്കളുടെയും ഉള്‍പ്പെടെ അനുഗ്രഹത്തോടെ മുന്നോട്ടപോകാന്‍ തന്നെയാണ് കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ തീരുമാനം. തൊട്ടടുത്തുതന്നെയുള്ള മൗണ്ട് സിയോണ്‍ എഞ്ചിനീയറിംഗ് കോളജിലെ എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഏവിയേഷന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. നിയമലംഘനങ്ങളുടെ വിവാദക്കുരുക്ക് മുറുകുമ്പോഴും ശുഭാപ്തി വിശ്വാസത്തോടുകൂടിത്തന്നെയാണ് കമ്പനി മുന്നോട്ടുപോകുന്നത്. വരുംനാളുകളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് ആറന്മുള എയര്‍പോര്‍ട്ട് പ്രേരകമാകുമെന്നാണ് ഇപ്പഴുള്ള സൂചനകള്‍.

Wednesday, January 25, 2012

മരണങ്ങളുടെ പുസ്തകം (അപകടം)

സാക്ഷിയാകേണ്ടിവന്ന അപകടങ്ങളും അപകടമരണങ്ങളും ഏറെയാണ്. ഒറ്റ നിമിഷം കൊണ്ട് എല്ലാം അവസാനിക്കുന്നവ മുതല്‍ അപ്രതീക്ഷിതമായ രക്ഷപ്പെടലുകള്‍ വരെയുണ്ട് കണ്മുന്നിലൂടെ മിന്നി മറഞ്ഞുപോയ അപകടങ്ങളില്‍.  
എന്റെ ബൈക്കിനെ ഓവര്‌ടേക്ക് ചെയ്തുപോയ ചെറുപ്പക്കാരനും ബൈക്കും ഒരു ട്രക്കിനു കീഴിലേക്ക് ചുവപ്പ് തീര്‍ത്ത് പോകുന്നത് കണ്ട് അനങ്ങാനാവാതെ നിന്നിട്ടുണ്ട്. പക്ഷേ അപകടം എന്ന വാക്ക് ആദ്യം ഓര്‍മ്മിപ്പിക്കുന്നത് അതിനെപ്പോലുമല്ല. ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു മരണത്തെയാണ്.
തുടക്കക്കാരനായ ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ദുരന്തം എന്ന വാക്ക് ജീവിതത്തിലെ ഒരു വലിയ അധ്യായം തന്നെയാണ്. ചാനല്‍ക്യാമറകള്‍ ദുരന്തങ്ങളുടെ സാധ്യതകളിലേക്ക് പോലും ഇടിച്ചുകയറുന്നതിനും മുമ്പുള്ള കാലത്തെക്കുറിച്ചാണ് ഇത്. ഒരു ചെറുപത്രത്തിലെ റിപ്പോര്‍ട്ടറാണെങ്കില്‍ ദുരന്തം ഒരു വലിയ അവസരം കൂടിയാണ്. സ്വയം തെളിയിക്കുന്നതിനുള്ള ഒരു അവസരം.
1997 മെയ്മാസത്തിലായിരുന്നു അത്. കൊച്ചിയില്‍ നിന്നും ഇറങ്ങുന്ന, ഒരു ചെറിയ രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ കൊല്ലം ജില്ലാ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അന്നായിരുന്നു വഴിയരികില്‍ കണ്ടുമറക്കുന്ന അപകടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു വാഹനാപകടം, അതും കുറേപ്പേരുടെ മരണം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടി വരുന്ന ആദ്യത്തെ അനുഭവം.
പ്രസ്‌ ക്ലബ്ബിലെ പതിവ് പത്രസമ്മേളനങ്ങളെല്ലാം കഴിഞ്ഞ് സ്വസ്ഥമായിരിക്കുമ്പോഴാണ് ആ വാര്‍ത്ത കേള്‍ക്കുന്നത്. കൊട്ടിയത്തിനടുത്ത് മൈലക്കാട്ട് ബസും ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബസ് ആകെ തകര്‍ന്നു. എത്രയെങ്കിലും ആളുകള്‍ മരിച്ചുകാണണം. പതിവുപോലെ ആദ്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ചുചോദിച്ചു. നാലുപേര്‍ മരിച്ചു എന്നാണ് വിവരം. വിശദമായി ഒന്നും അറിയില്ല. മൊബൈല്‍ ഫോണ്‍ എന്ന ആഡംബരം എത്തിയിട്ടില്ലാത്ത കാലമാണ്. ജില്ലാ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ മൂന്ന് മൃതദേഹങ്ങള്‍ അവിടെ എത്തിയിട്ടുണ്ട്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും ആരൊക്കെയോ ഉണ്ട്. വിശദവിവരങ്ങളൊന്നും അറിയില്ല, ആര്‍ക്കും.
ചെറുപത്രങ്ങളിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരൊക്കെ വൈകുന്നേരമാവട്ടെ എന്ന മട്ടില്‍ കാത്തിരിപ്പായി. സായാഹാനപ്പത്രങ്ങളും മറ്റ് റിപ്പോര്‍ട്ടര്‍മാരുമൊക്കെ മതി അവര്‍ക്ക് വാര്‍ത്ത കൊടുക്കാന്‍. വലിയ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെല്ലാം അതിനകം തിരക്കിട്ട് പോയിക്കഴിഞ്ഞു. ഇടത്തരം പത്രങ്ങളിലെ ചില ചെറുപ്പക്കാരായ റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഞാനും ബസ് കയറി സംഭവസ്ഥലത്തേക്ക് പോയി.
എന്നും ഞാന്‍ വീട്ടില്‍നിന്നും കൊല്ലത്തേക്ക് വരുന്ന വഴിയിലാണ് അപകടം. തകര്‍ന്ന ബസ് ഒരു പേടിപ്പിക്കുന്ന രൂപമായിരുന്നു. അസ്ഥികള്‍ മാത്രമായ ഒരു മനുഷ്യരൂപം പോലെ. ഹോളിക്രോസ് ആശുപത്രിയില്‍ വല്ലാത്ത തിരക്ക്. ആശുപത്രിക്ക് മുന്നില്‍ പതിച്ച അപകടത്തില്‍ പെട്ടവരുടെ ലിസ്റ്റിനുചുറ്റും ഒരുപാടുപേര്‍. വെറുതെ തമാശ കാണുന്നവരും യാത്രപോയ ആരെയൊക്കെയോ അന്വേഷിക്കുന്നവരും മുഖഭാവത്തില്‍ നിന്ന് വായിച്ചെടുക്കാവുന്ന വ്യത്യാസത്തോടെ.
മരിച്ചവരുടെ ലിസ്റ്റില്ല. തങ്ങളാരെന്ന് പറയാന്‍ മൃതദേഹങ്ങള്‍ക്ക് കഴിയാത്തതുകൊണ്ട് അവരെ ആരും തിരിച്ചറിഞ്ഞിട്ടുമില്ല. ആറോ ഏഴോ പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന് മാത്രമായിരുന്നു പൊലീസുകാരുടെ അറിവ്. അവരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ആശുപത്രി വരാന്തയില്‍ ചോരപുരണ്ട വസ്ത്രങ്ങളില്‍ പൊതിഞ്ഞ് വിശ്രമിക്കുന്നു. ഒരു കുട്ടിയും അമ്പതിലേറെ പ്രായം തോന്നിക്കുന്ന വൃദ്ധയും ഒരു യുവാവും... ചുറ്റിലുമുള്ള കാഴ്ചക്കാര്‍ക്കിടയില്‍ നിന്നുപോലും വായിച്ചെടുക്കാമായിരുന്നു അവയുടെ അനാഥത്വം.
മൃതദേഹങ്ങളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായപ്പോള്‍ പരിക്കേറ്റവരുടെ വിവരങ്ങളുമായി പത്രപ്രവര്‍ത്തക സംഘം കൊല്ലത്തേക്ക് മടങ്ങി. ചോരപുരണ്ട ജീവിതങ്ങളുടെയും മരണങ്ങളുടെയും ഷോക്കില്‍ ഞാനും. കസാലപത്രപ്രവര്‍ത്തകര്‍ക്ക് ഒന്നിനെക്കുറിച്ചും ഉത്കണ്ഠയില്ലായിരുന്നു. മരണങ്ങളും ജീവിതങ്ങളുമല്ല, വാര്‍ത്തകള്‍ പോലുമല്ല അവരെ ആകര്‍ഷിക്കുന്നത്.
ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിക്ക് മുന്നില്‍ മുറ്റത്ത് മണ്ണില്‍ കിടക്കുകയായിരുന്നു യാത്രയുടെ അവസാനം കണ്ടവര്‍. പക്ഷേ അവരില്‍ സ്വന്തമായി പേര് അവശേഷിച്ചിരുന്നവര്‍ രണ്ടുപേര്‍ മാത്രം. തിരിച്ചറിയാന്‍ ആരെങ്കിലും വരുന്നതും കാത്ത് മറ്റ് അഞ്ച് ശവശരീരങ്ങള്‍. ഇത് തങ്ങളല്ലല്ലോയെന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ടവരല്ലല്ലോ എന്നുമൊക്കെ ആശ്വസിച്ചും വെറുതെ നേരംപോക്കാന്‍ ഒരു കാഴ്ചയെന്ന് സന്തോഷിച്ചുമൊക്കെ കാഴ്ചക്കാര്‍ വഴിപോക്കരും ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുമെല്ലാം അവിടെ ചുറ്റിത്തിരിഞ്ഞു.ഒരു തിരിച്ചറിയല്‍.. അത് കാത്തായിരുന്നു ഞങ്ങളുടെ നില്‍പ്പ്. തിരിച്ചറിയലിനൊപ്പം കിട്ടുക ഒരു സൈഡ്‌സ്റ്റോറി കൂടിയാണ്. വായനക്കാര്‍ കാത്തിരിക്കുന്നതും അതുതെന്നെയാണ് എന്നാണല്ലോ വിശ്വാസം.
അഞ്ച് മണി കഴിഞ്ഞപ്പോഴായിരുന്നു ആ പെണ്‍കുട്ടിയുടെ വരവ്. ഏതോ ഒരു ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞു തിരിച്ചുപോകുംവഴിക്ക് തന്റെ നാട്ടിലേക്കുള്ള ബസ് അപകടത്തില്‍പ്പെട്ട വാര്‍ത്തകേട്ട് വെറുതെ ഒന്നുനോക്കാന്‍ വന്നതായിരുന്നു അവള്‍. വളരെ ശാന്തയായി അവിടെയെത്തി മൃതദേഹങ്ങള്‍ ഓരോന്നായി നോക്കുന്നതിനിടയില്‍ ഒരു മരണത്തിനു മുന്നില്‍ ആ കണ്ണുകള്‍ തളര്‍ന്നുനിന്നു. ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നീട്.
പഠിക്കാന്‍ പോയ അനിയന്‍ ചലനമില്ലാതെ മുന്നില്‍ കിടക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്ക് നില്‍ക്കാന്‍ പോലുമായില്ല. പതിനഞ്ചോ പതിനാറോ വര്‍ഷം ജീവിച്ച് അവസാനിച്ചുപോയ ആ സഹോദരനുമുന്നില്‍ അലമുറയിട്ട് അവള്‍ തളര്‍ന്നിരുന്നപ്പോള്‍ ഒപ്പം വന്ന സ്ത്രീയുടെ സമീപത്തേക്ക് പാഞ്ഞു പത്രക്കാരെല്ലാം. വിശദവിവരങ്ങള്‍, കണ്ണ് നിറയിക്കാന്‍ പോന്ന എന്തെങ്കിലും...
തിരിച്ചറിയലുകള്‍ക്കായി വീണ്ടും കാത്തുനില്‍പ്പ് തുടര്‍ന്നു എല്ലാവരും. വൈകുന്നേരം ആറുമണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡോക്ടര്‍മാരെത്തുമ്പോഴേക്കും തിരിച്ചറിയാത്തതായി ഒരു മൃതദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു മധ്യവയസ്‌കന്റേത്.മോര്‍ച്ചറിക്കുള്ളില്‍ ഡോക്ടര്‍മാര്‍ തയ്യാറാകുമ്പോഴേക്കും ഓരോ മൃതദേഹങ്ങളായി ഉള്ളിലേക്ക് എടുക്കുകയായിരുന്നു. അതിനിടെയാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു കാഴ്ചക്ക് ഞാന്‍ സാക്ഷിയായത്. അപകടമരണമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ എന്നും  മനസ്സിലേക്ക് എത്തുന്ന കാഴ്ച.
തങ്കമ്മ എന്നോ മറ്റോ ആയിരുന്നു ആ സ്ത്രീയുടെ പേര്. അമ്പതിലേറെ പ്രായം വരുന്ന അവരുടെ  മൃതദേഹം ഞങ്ങള്‍ കൊട്ടിയത്തെ ആശുപത്രിയില്‍ വച്ചേ കണ്ടതായിരുന്നു. രാവിലെ ഏതാണ്ട് പന്ത്രണ്ട് മണിയോടെയായിരുന്നു അത്. ആറ് മണിക്കൂറിന് ശേഷം ആ ശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കെടുക്കാനായി അറ്റന്‍ഡര്‍ നിവര്‍ത്തിക്കിടത്തിയപ്പോഴാണ് അത് സംഭവിച്ചത്. സൗമ്യമായ സ്പര്‍ശമായിരുന്നില്ല അത്. തിരക്കുപിടിച്ച് ഒരു തിരിച്ചുകിടത്തല്‍. ചരിഞ്ഞുകിടന്ന തല അയാള്‍ നേരെയാക്കിയതും നെറ്റിയിലെ മുറിവില്‍നിന്നും ചോര പമ്പ് ചെയ്യുന്നതുപോലെ തെറിച്ചുവന്നു. അറ്റന്‍ഡറുടെ ശരീരത്തിലും മുഖത്തുമുള്‍പ്പെടെ മുറുക്കിത്തുപ്പിയതുപോലെ ചുവപ്പ് തെറിച്ചു. അയാള്‍ എന്തോ ശാപവാക്കുകള്‍ പറഞ്ഞ്, ചോര തുടച്ച് ജോലി തുടര്‍ന്നു... ഒന്നും സംഭവിക്കാത്തതുപോലെ. മരിച്ച് മണിക്കൂറുകള്‍ക്കുശേഷം എങ്ങനെ അത് സംഭവിച്ചുവെന്ന് ഇപ്പോഴും എനിക്കറിയില്ല.
അതൊരമ്മയായിരുന്നു. മകളുടെ വീട്ടില്‍ നിന്നും മകന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മ. ഒരാഴ്ച കഴിഞ്ഞേ വരൂ എന്ന് മകനോട് പറഞ്ഞിട്ടായിരുന്നു അവര്‍ പോയത്. രണ്ട് ദിവസങ്ങള്‍ കൊണ്ട് അവര്‍ക്ക് മടങ്ങേണ്ടിവന്നു. സ്വന്തമായൊന്നുമില്ലാത്ത ആ അമ്മയുടെ ചോര, മരിച്ച് മണിക്കൂറുകള്‍ക്കുശേഷവും ചൂട് ബാക്കിവച്ചത് എന്തിനുവേണ്ടിയാവണം? 

Sunday, January 08, 2012

ഒരു വെറും ആണിന്റെ കുമ്പസാരങ്ങള്‍...

കുടുംബത്തെ കശപിശകളില്‍ ഒട്ടുമിക്കപ്പോഴും എന്നെ പരാജയപ്പെടുത്താന്‍ ഭാര്യ ഉപയോഗിക്കുന്ന അവസാനത്തെ ഒരു തുറുപ്പുചീട്ടുണ്ട്. പറയുന്ന വാക്കുകളെയും ചെയ്യുന്ന പ്രവൃത്തികളെയുമൊക്കെ പുനരാലോചനക്ക് വിടുന്ന ഒരു പ്രയോഗം.
"എത്രയൊക്കെ പ്രസംഗിച്ചാലും കാര്യത്തോടടുക്കുമ്പോള്‍ നീയും വെറും ആണുങ്ങടെ സ്വഭാവം തന്നെ കാണിക്കും."
ഇത് കേള്‍ക്കുമ്പോള്‍ നിശബ്ദനാവുകയും വഴക്ക് അവസാനിപ്പിച്ച് സ്വയം ഒരു വിശകലനത്തിന് വിധേയനാവുകയുമാണ് എന്റെ പതിവ്.
കുടുംബത്ത് പൂര്‍ണമായും ജനാധിപത്യം നടപ്പാകണമെന്ന് വിശ്വസിക്കുന്ന ഒരാളെന്ന നിലയിലാവണം, ഇത്തരമൊരു കുറ്റപ്പെടുത്തല്‍ ഏറ്റവുമധികം വ്രണപ്പെടുത്തുന്നതായി മാറുന്നത്. കുറേനേരത്തെ ചിന്തകള്‍ക്കുശേഷം സ്വയം മനസ്സിലാക്കാനാകാതെയും ഏതൊരാണിന്റെയുള്ളിലും ഒരു സാമ്പ്രദായിക ആണ് ഉണ്ടായിരിക്കാമെന്ന് കരുതി ആശ്വസിക്കുകയും ചെയ്താണ് ഇത് അവസാനിപ്പിക്കുക.
പക്ഷേ പലപ്പോഴും ചിന്തകള്‍ പോകുന്ന വഴി ഇങ്ങനെയൊക്കെയാണ്. ഞാനെങ്ങനെയാണ് അത്തരം ഒരു വിശേഷണത്തിന് അര്‍ഹനാവുക? സാമ്പ്രദായിക രീതികളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് ആഗ്രഹിച്ചുകൊണ്ടും അതിന്റെ പ്രഖ്യാപനമായുമൊക്കെ പലകാര്യങ്ങളും നടപ്പാക്കിയിട്ടുള്ളയാള്‍ എന്ന നിലയിലാണ് ഞാന്‍ സ്വയം കണക്കാക്കിപ്പോരുന്നത്. വിവാഹവേളമുതല്‍ തന്നെ ബോധപൂര്‍വമായി ഇത്തരം തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. സ്വര്‍ണ്ണത്തിന്റെയും ചടങ്ങുകളുടെയും വിരോധിയായിരുന്നിട്ടും താലി അണിയിക്കണമെന്ന ഭാര്യയുടെയും വീട്ടുകാരുടെയും ആഗ്രഹത്തിന് എതിരു നിന്നിരുന്നില്ല. നാട്ടില്‍ താമസമായപ്പോള്‍ രണ്ടുപേരുടെയും സൗകര്യമനുസരിച്ച് ഭാര്യവീട്ടില്‍ താമസിച്ചു. കുട്ടികളെ നോക്കലിലും അടുക്കളപ്പണിയിലും എപ്പോഴും പങ്കാളിയാകാന്‍ ശ്രമം നടത്തി. ഭാര്യയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ കഴിയുന്നത്ര ഇടപെടാതിരുന്നു. എതിരഭിപ്രായങ്ങളുള്ളത് വ്യക്തമാക്കാന്‍ ശ്രമിക്കുകയും സ്വന്തം കാര്യങ്ങളിലെ അന്തിമ തീരുമാനം ഭാര്യക്കുതന്നെ വിടുകയും ചെയ്തു. അങ്ങനെ കണക്കു നോക്കി എല്ലായിടത്തും ജനാധിപത്യപരമായിത്തന്നെ പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പു വരുത്തും. പലപ്പോഴും നല്ല മൂഡിലായിരിക്കുമ്പോള്‍ ഇതൊക്കെ പറഞ്ഞ് താന്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമായിരുന്നുവെന്ന് ഭാര്യയോട് തെളിയിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
ഇത്രയൊക്കെ പറഞ്ഞത് എന്തിനാണെന്നല്ലേ... ഞാന്‍ ഒരു മഹാ ജനാധിപത്യവാദിയാണ് എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനല്ല. സ്വയം ജനാധിപത്യവാദികളാകാന്‍ കര്‍ക്കശ ശ്രമം നടത്തുന്നവരില്‍പ്പോലും സാമ്പ്രദായിക ആണ് എങ്ങനെ ഉള്ളില്‍ ഒളിച്ചു താമസിക്കുന്നുവെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്.
സമത്വവാദിയും ജനാധിപത്യവാദിയുമാകാന്‍ ശ്രമിക്കുമ്പോഴും ഉള്ളിലെ തോന്നല്‍ ഇതൊക്കെ സാമ്പ്രദായിക രീതികള്‍ക്കെതിരും ഞാന്‍ അതിനോടൊക്കെ പോരാടി എന്തോ വലിയ കാര്യം ചെയ്യുന്നു എന്നതുമാണ്. അതായത് സ്വാഭാവികമായി നടക്കേണ്ട രീതി ഇങ്ങനെയൊന്നുമല്ലെങ്കിലും ഞാന്‍ ജനാധിപത്യവാദിയായ പുരുഷനായതുകൊണ്ട് എന്റെ ഭാര്യ ഇങ്ങനെ ചില സൗകര്യങ്ങള്‍ അനുഭവിക്കുന്നു എന്നുമള്ള ഒരു സൗജന്യഭാവം എങ്ങനെയോ ഉള്ളില്‍ കടന്നുകയറിക്കളഞ്ഞു. അവിടെ ഈ ജനാധിപത്യവും സ്വാതന്ത്ര്യവും ഒരു സാധാരണ സംഭവമാണെന്നത് അഥവാ അങ്ങനെ ആകേണ്ടതുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്നു. അപ്പോള്‍ തീരുമല്ലോ എടുത്തണിഞ്ഞ ജനാധിപത്യവാദിക്കുപ്പായത്തിന്റെ മേനി.
ഇപ്പോഴും വെറും ആണുങ്ങടെ സ്വഭാവം എന്നത് എന്നെ വിഷമിപ്പിക്കുന്ന ഒരു കുറ്റപ്പെടുത്തലാണ്. പക്ഷേ ഇത് ഭാര്യയുടെ കാര്യത്തില്‍ മാത്രമല്ല. മറ്റ് സ്ത്രീകളുടെ കാര്യത്തിലും പലപ്പോഴും കയറിവരുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. കുറ്റപ്പെടുത്താനോ ദേഷ്യപ്പെടാനോ തക്ക പരിചയമില്ലാത്ത ചിലരോട് (എല്ലാവരോടും ഇല്ല എന്നത് ആശ്വാസകരം തന്നെ) ഒരു വെറും ആണിന്റെ നോട്ടവുമായി എത്തുമ്പോള്‍ ആദ്യം തോന്നുന്നത് അവനവനോടുള്ള പുച്ഛമാണ്. സ്ത്രീയെ ശരീരമായി മാത്രം കാണുന്ന മറ്റുപലരോടും തോന്നുന്ന അതേ പുച്ഛം. സത്യത്തില്‍ ഇത്ര മോശമാണോ വെറും ആണുങ്ങള്‍? എന്നാണ് ഒരു സ്ത്രീയും എന്നെയോ നിങ്ങളെയോ കുറിച്ച് വെറും ആണ് എന്ന് അമര്‍ഷത്തോടെയോ പരിഹാസത്തോടെയോ അല്ലാതെ സംസാരിക്കാന്‍ കഴിയുന്ന ലോകം വരുക...

എന്തുകൊണ്ടാണ് വെറും ആണ് എന്നത് ചില പുരുഷന്മാര്‍ക്കെങ്കിലും അപകര്‍ഷതയോടെ കാണേണ്ട പ്രയോഗമാകുന്നതും മിക്കവാറും സ്ത്രീകളും വെറുപ്പോടെ മാത്രം പ്രയോഗിക്കുന്നതും? അതിനുത്തരവാദികള്‍ ആരാണ്? എല്ലാ പുരുഷന്മാരും സ്ത്രീകളും ഇതൊന്നു ചിന്തിച്ചാല്‍, അതൊഴിവാക്കാന്‍ ശ്രമിച്ചാല്‍ തീരില്ലേ ഈ കുമ്പസാരത്തിന്റെ പ്രസക്തി?

Thursday, January 05, 2012

മരണങ്ങളുടെ പുസ്തകം (സാക്ഷ്യം)

അപ്പൂപ്പന്‍ മരിക്കുന്നത് ഒരു പഴയ അംബാസഡര്‍ കാറിന്റെ പിന്‍സീറ്റില്‍ കിടന്നാണ്. ഒരാശുപത്രിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രക്കിടയിലായിരുന്നു അത്. ഒരു കര്‍ക്കിടക വാവിന്റെ രാത്രിയില്‍. പിറ്റേന്ന് ബന്ത് ദിവസമായിരുന്നു. ആ കാറിന്റെ മുന്‍സീറ്റില്‍ ഞാനുമുണ്ടായിരുന്നു.
ഒരു മരണത്തോട് ആദ്യമായി ഏറ്റവുമടുത്ത് നില്‍ക്കുന്നത് അന്നാണ്. അമ്മയുടെ അച്ഛനാണ് അപ്പൂപ്പന്‍. അച്ഛന് മൂന്ന് വയസ്സ് കഴിഞ്ഞപ്പോഴേക്കും അച്ഛന്റെ അച്ഛന്‍ മരിച്ചിരുന്നു. അതുകൊണ്ട് എനിക്ക് അപ്പൂപ്പനായി ഉണ്ടായിരുന്നത് കൊട്ടറ വാര്യത്ത് ബാലകൃഷ്ണവാര്യര്‍ എന്ന പഴയകാല ജന്മി മാത്രമായിരുന്നു. പഴയകാല ജന്മി എന്നത് പറഞ്ഞുമാത്രം കേട്ടിട്ടുള്ള കഥയുടെ ഭാഗമാണ്.  സ്വന്തമായി ഒരുതരി മണ്ണ് പോലും ബാക്കിയില്ലാത്ത ജന്മനാട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞുന്നാള്‍ മുതല്‍ അമ്മ ചൂണ്ടിക്കാട്ടിത്തരാറുള്ള കണ്ണെത്താത്ത ദൂരത്തെ പാടങ്ങളുടെയും പറമ്പിന്റെയും അമ്പലത്തിന്റെയും ഒക്കെ അധിപതിയായി ഞാന്‍ അപ്പൂപ്പനെ കണ്ടിട്ടില്ല. എനിക്ക് ഓര്‍മ്മ വച്ചപ്പോഴേക്കും വാടക വീടിന്റെയും പിന്നീട് ഓല മേഞ്ഞ് ചാണകം മെഴുകിയ ചെറുവീടിന്റെയും ചെറിയ ജീവിതത്തിലേക്ക് എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. ജന്മിയായിരുന്ന ദേശത്ത് ഒരു സര്‍പ്പക്കാവൊഴികെ സ്വന്തം എന്നുപറയാന്‍ ഒന്നുമില്ലാത്തവരായി കൊട്ടറ വാര്യത്തുള്ളവര്‍ മാറിപ്പോയി.
എന്റെ ഓര്‍മ്മയില്‍ അപ്പൂപ്പന്‍ പകല്‍ക്കുറി അമ്പലത്തിലെ കഴകക്കാരനായിരുന്നു. അതും ഏതാണ്ട് മതിയാക്കി കാഴ്ച കുറഞ്ഞ അപ്പൂപ്പനാണ് ശരിക്കും ഓര്‍മ്മയില്‍. ഓല മേഞ്ഞ വീട്ടില്‍ നിന്നും ഓടിട്ട വീട്ടിലേക്ക് മാറിയെങ്കിലും തിണ്ണയും ചായ്പ്പുമൊഴികെ വീടിനകം മുഴുവന്‍ ചാണകം മെഴുകിയതുതന്നെയായിരുന്നു. തിണ്ണയില്‍ തട്ടോടിയെന്ന് വിളിക്കുന്ന തടിക്കട്ടിലിലാണ് അപ്പൂപ്പന്റെ സ്ഥാനം. ഇതൊക്കെ ഒരുപാട് പഴയ ഓര്‍മ്മയാണ്. അപ്പൂപ്പന്റെ ചുമയും മെലിഞ്ഞ് എല്ലിച്ച ചെറിയ രൂപവും കഴിഞ്ഞാല്‍ ആ ഓര്‍മ്മയില്‍ പൊടി പിടിക്കാതെ കിടക്കുന്നത് കുറേ കഥകള്‍ മാത്രം. എന്റെ കൊച്ചേച്ചിക്ക് വേണ്ടി അപ്പൂപ്പന്‍ പറഞ്ഞുകൊടുക്കുന്ന കഥകളുടെ സൗജന്യ കേള്‍വിക്കാരനായ ഞാന്‍. അല്ല ഇനിയൊന്നുകൂടിയുണ്ട്. വീട്ടിലെ ഇരുമ്പുകസേരകളില്‍ പ്ലാസ്റ്റിക് വരിയുന്ന അപ്പൂപ്പന്‍.
എന്നാല്‍ ജീവിച്ചിരിക്കുന്ന അപ്പൂപ്പനെക്കാളൊക്കെ എന്റെ ഓര്‍മ്മയിലുണ്ട് മരണത്തോടടുത്ത രണ്ട് ദിവസങ്ങളിലെ അപ്പൂപ്പന്‍. മരണദിവസത്തിലെയും പിറ്റേന്നത്തെയും അപ്പൂപ്പന്‍.
ആദ്യം ആ മരണത്തിലേക്ക് വരാം. ജീവിതമെന്ന ഫ്ലാഷ്ബാക്ക് വേണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം. കാരണം ഇത് മരണങ്ങളുടെ പുസ്തകമാണ്. ഇവിടെ മരണത്തിന്റെ മുന്നൊരുക്കം മാത്രമാണ് ജീവിതം.
എന്തായിരുന്നു അപ്പൂപ്പന്റെ രോഗമെന്ന് എനിക്കോര്‍മ്മയില്ല. ടിബിയായിരുന്നെന്ന് അമ്മ പറഞ്ഞ ഓര്‍മ്മയുണ്ട്. ശ്വാസം മുട്ടലിനെക്കുറിച്ച് തുടര്‍ച്ചയായി രണ്ട് ദിവസം അപ്പൂപ്പന്‍ പരാതിപ്പെട്ടിരുന്നു. കല്ലുവാതുക്കലെ മിഷന്‍ ആശുപത്രിയായിരുന്നു ഞങ്ങളുടെ സ്ഥിരം ചികിത്സാകേന്ദ്രം. അവിടെ കൊണ്ടുപോയി മരുന്ന് വാങ്ങി വന്നിട്ടും അപ്പൂപ്പന് തൃപ്തിയായില്ല. പാരിപ്പള്ളിയില്‍ പുതുതായി തുടങ്ങിയ കല്ല്യാണി  ആശുപത്രിയില്‍ പോകണം എന്നായിരുന്നു ആഗ്രഹം. വീട്ടില്‍ വരുന്ന പണിക്കാരാരോ അതിനെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോള്‍ തുടങ്ങിയ ആഗ്രഹമാണ്. മിഷനാശുപത്രിയിലെ മരുന്ന് കൊണ്ട് തന്റെ ശ്വാസം മുട്ടിന് ഒരു കുറവുമില്ലെന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴേ അപ്പൂപ്പന്‍ പരാതിപ്പെടാന്‍ തുടങ്ങി. ഒരു ദിവസം കൂടി മരുന്ന് കഴിക്കാന്‍ അമ്മയോ മറ്റോ നിര്‍ബന്ധിച്ചുകാണണം. പക്ഷേ സന്ധ്യകഴിഞ്ഞപ്പോഴേക്കും അപ്പൂപ്പന്റെ രോഗം വല്ലാതെ കൂടി. നാട്ടില്‍ ഒരു കാര്‍ കിട്ടാന്‍ ഏറെ പാടായിരുന്നു. അതും പിറ്റേന്ന് ബന്തും. എന്നിട്ടും എങ്ങനെയോ ഒരു കാറുമായി അച്ഛനെത്തി. അപ്പോഴും കല്ല്യാണി ആശുപത്രിയാണ് തനിക്ക് പറ്റിയ ഇടമെന്ന് അപ്പൂപ്പന്‍ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അപ്പൂപ്പനെയും കൊണ്ട് കല്ല്യാണി ആശുപത്രിയിലേക്ക് പോയ കാറിന്റെ മുന്‍സീറ്റില്‍ ഏഴുവയസ്സുകാരനായ ഞാന്‍ ഇരിപ്പുറപ്പിച്ചു. അമ്മ വന്നില്ല. അച്ഛനെക്കൂടാതെ ആരോ വണ്ടിയിലുണ്ടായിരുന്നു. ആരെന്ന് ഓര്‍മ്മയില്ല. മുന്‍സീറ്റില്‍ എനിക്കടുത്തും നാട്ടുകാരാരോ ഉണ്ടായിരുന്നു.
കല്ല്യാണി ആശുപത്രിയില്‍ നിന്ന് വേറേ എവിടെങ്കിലും കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ കൊട്ടിയം ഹോളിക്രോസിലെക്കായിരുന്നു പോയത്. അവിടെ എത്രനേരം ചെലവിട്ടു എന്ന് ഓര്‍മ്മയില്ല. മുറിഞ്ഞ ഓര്‍മ്മകളാണ് മരണത്തിനെ കുറിക്കുമ്പോള്‍ എപ്പോഴും വരുന്നതെന്ന് തോന്നുന്നു. അത് എത്ര അടുത്ത് നടന്നതായാലും, എത്ര അകലത്തില്‍ നടന്നതായാലും.
കൊട്ടിയം ഹോളിക്രോസില്‍ നിന്ന് പുറത്തുവന്നത് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പോകാനായിരുന്നു. അതിനിടയില്‍ മയ്യനാട്ട് അമ്പലത്തിലെ പൂജാരിയായ അമ്മാവനെക്കൂടി കൂട്ടാന്‍ തീരുമാനിച്ച് അതുവഴിയായി പോക്ക്. മഴയും ഇരുട്ടുമായിരുന്നു അന്ന്. റെയില്‍വേ ക്രോസില്‍ രാത്രി കാത്തുകിടന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. അതിന് തൊട്ടുമുമ്പ് എപ്പോഴോ ആയിരുന്നു അപ്പൂപ്പന്റെ മരണം.
ഡ്രൈവറോട് അച്ഛന്‍ പറഞ്ഞ വാചകം ഇപ്പോഴും അച്ഛന്റെ അതേ സ്വരത്തില്‍ എനിക്ക് ഓര്‍മ്മയുണ്ട്. ഇനി കൊല്ലത്തോട്ട് പോണ്ട. പാപ്പയേം വിളിച്ച് അങ്ങ് വീട്ടിലോട്ട് പോയാ മതി. മരണം എന്ന വാക്ക് അച്ഛന്‍ ഉപയോഗിച്ചതേയില്ല. മുന്നിലിരുന്നയാള്‍ തിരിഞ്ഞ് അച്ഛനോട് കഴിഞ്ഞോ സാറേ എന്ന് ചോദിച്ചു. ആ എന്നൊരു മറുപടി മാത്രം അച്ഛന്‍ പറഞ്ഞു. അത് മരണമാണെന്ന് എനിക്ക് മനസ്സിലായോ എന്ന് ഉറപ്പില്ല.
അപ്പൂപ്പന്റെ മൂത്ത മകനാണ് പാപ്പ അമ്മാവന്‍. അതുകഴിഞ്ഞാല്‍ മൂത്തത് അമ്മയാണ്. ഓപ്പ എന്ന വിളി പിന്നീട് പാപ്പ എന്നായി മാറിയതാണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും പന്ത്രണ്ടിനോടടുത്തിരുന്നു സമയം എന്ന് തോന്നുന്നു. രാത്രിയില്‍ ഒരു രോഗിയേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതുപോലെയല്ല മൃതദേഹവുമായുള്ള യാത്ര. അതിന്റെ അമ്പരപ്പ് ഡ്രൈവര്‍ക്കും ഉണ്ടായിരുന്നിരിക്കണം. അമ്മാവന്റെ അമ്പലം കണ്ടുപിടിക്കാനാകാതെ ഞങ്ങള്‍ക്ക് വഴിതെറ്റി. കുറേ മുന്നോട്ടുപോയപ്പോള്‍ വണ്ടി പെട്ടെന്ന് നിന്നു. മുന്നില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നു, ഒന്ന് നോക്കട്ടെ എന്നുപറഞ്ഞ് ഡ്രൈവര്‍ ഇറങ്ങി. തിരിച്ചുവന്ന് അയാള്‍ പറഞ്ഞ വാചകം എല്ലാവരെയും നടുക്കിക്കളഞ്ഞു.
സാറേ, അത് വെള്ളം കെട്ടിക്കിടക്കുന്നതല്ല. ആറൊഴുകുന്നതാ. എന്തോ ഭാഗ്യം കൊണ്ടാ നമ്മക്ക് നിര്‍ത്തി നോക്കാന്‍ തോന്നിയത്. ഇല്ലാരുന്നെങ്കി എല്ലാരും തീര്‍ന്നേനേ.
വണ്ടി തിരിച്ചെടുത്ത് എങ്ങനെയോ അമ്പലവും അതിനോടടുത്ത് അമ്മാവന്റെ താമസസ്ഥലവും കണ്ടുപിടിച്ചു. രാത്രി വീട്ടിലേക്ക്. അവിടെയെത്തുമ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയിരുന്നുവെന്ന് തോന്നുന്നു. സംസ്‌കാരത്തിന് മുറിച്ചത് ചക്കരമാവായിരുന്നു. അതിലെ മാങ്ങ അപ്പൂപ്പന്‍ ഒരുപാട് പൂളിത്തന്നിട്ടുണ്ട്.
നാട്ടിന്‍പുറത്തെ പല ആചാരങ്ങളും വീട്ടിലുണ്ടായിരുന്നില്ല. കൂട്ടക്കരച്ചിലാണ് ഇവയില്‍ പ്രധാനം. കൊച്ചേച്ചി മാത്രമാണ് ഏതൊക്കെയോ മരണവീടുകളില്‍ കണ്ട കരച്ചില്‍ പകര്‍ത്തിവക്കാന്‍ ശ്രമിച്ചത്. എനിക്കിനി കഥ പറഞ്ഞുതരാന്‍ ആരുമില്ലേ എന്ന കരച്ചിലിന്റെ പേരില്‍ ഇപ്പോഴും ഞങ്ങള്‍ അവളെ കളിയാക്കാറുണ്ട്.അമ്മ തളര്‍ന്നുവീണിരുന്നു. ഇടക്കിടെ എഴുന്നേറ്റ് പശുക്കളുടെ കാര്യങ്ങളൊക്കെ നോക്കും. ചിറ്റ ഞങ്ങള്‍ കുട്ടികളെ നോക്കുകയും മറ്റ് വീട്ടുകാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. അമ്മാവനും അച്ഛനും ചേര്‍ന്ന് അടുത്ത ബന്ധുക്കളെ മരണം അറിയിക്കാന്‍ പോകാന്‍ ഏര്‍പ്പാടുചെയ്തു. കറുത്ത കൊടിയും കെട്ടി കാറില്‍ പോയി എവിടെയൊക്കെയോ അറിയിച്ചു. കുറേപ്പേര്‍ എങ്ങനെയൊക്കെയോ എത്തി. കര്‍മ്മം ചെയ്യാന്‍ ഞാന്‍ കൂടിയിരുന്നില്ലെന്ന് തോന്നുന്നു. കുട്ടിയായതുകൊണ്ടാവണം. ഏതായാലും രാത്രിയായപ്പോഴേക്കും അപ്പൂപ്പന്‍ ഒരുപിടി ചാമ്പലായിരുന്നു.
അപ്പൂപ്പനെ അടക്കിയ സ്ഥലത്ത് വളര്‍ന്ന തെങ്ങിന് കുറേനാള്‍ ഞാനും വെള്ളം കോരിയിട്ടുണ്ട്. ആദ്യമായി സാക്ഷ്യം വഹിച്ച മരണമായിരുന്നു അതെങ്കിലും എന്റെ ഓര്‍മ്മയില്‍ ആ മരണത്തെക്കാളേറെ നില്‍ക്കുന്നത് ഇരുട്ടില്‍ പുഴക്കരയില്‍ നിന്ന് മടങ്ങിവന്ന ഡ്രൈവറുടെ വാക്കുകളാണ്.
ഒരു കൗമാരപ്രണയത്തിന്റെ കാലത്ത് കാമുകിയെ കാണാന്‍ ആ സ്ഥലത്ത് ഞാന്‍ ഒരിക്കല്‍ക്കൂടി പോയിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷം കൊണ്ട് അവിടം കുറേ മാറിപ്പോയിരുന്നിരിക്കണം. വൈകുന്നേരം പുഴക്കരയിലെ റോഡില്‍ നിന്ന് വെള്ളത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് സംസാരിക്കുന്ന പെണ്‍കുട്ടിയുടെ സ്വരമല്ല ഞാന്‍ കേട്ടത്. ഇരുളില്‍നിന്നും സാറേ നമ്മളെല്ലാം തീര്‍ന്നേനേ എന്ന് അച്ഛനോട് സംസാരിക്കുന്ന ഡ്രൈവറുടെ പരുക്കന്‍ സ്വരം.   

Wednesday, January 04, 2012

മരണങ്ങളുടെ പുസ്തകം (ആത്മഹത്യ)

ജീവിതത്തില്‍ ആദ്യം അറിഞ്ഞ മരണം ഏതായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ.. അറിയുന്നതിനും മുമ്പ് വന്ന മരണങ്ങളുണ്ടാകാം. പക്ഷേ അതിനെക്കുറിച്ചല്ല ചോദ്യം. അറിഞ്ഞത്, അനുഭവിച്ചത്...
മരണത്തിന് കാഴ്ചക്കാരാകേണ്ടി വന്നവരുമുണ്ടാകാം. കാഴ്ചക്കാരനാവുകയെന്നത് അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നതിന് തുല്ല്യമാവില്ല.എന്റെ ഓര്‍മ്മയിലെ ആദ്യത്തെ മരണം ഒരമ്മൂമ്മയുടേതായിരുന്നു. നാലുവയസ്സിലോ അഞ്ചു വയസ്സിലോ ആയിരുന്നു അത്. ചേച്ചിമാര്‍ ട്യൂഷന് പോകുന്ന പ്രഭാകരന്‍ പിള്ള സാറിന്റെ അമ്മയുടേതായിരുന്നു ആ മരണം. വീട്ടില്‍നിന്ന് അച്ഛനും അമ്മയും മരിച്ച വീട്ടിലേക്ക് പോകുമ്പോള്‍ കുട്ടിയായിരുന്ന ഞാനും കൂടെ പോകണമെന്ന് വഴക്കുണ്ടാക്കി. കുട്ടികളെ മരണവീട്ടില്‍ കൊണ്ടുപോവുക പതിവില്ലെങ്കിലും എന്റെ നിര്‍ബന്ധം സഹിക്കാതെയായപ്പോഴാവണം എന്നെയും കൂടെക്കൊണ്ടുപോയത്. ആദ്യം കണ്ട ആ മൃതദേഹം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. തലേന്നുവരെ സ്‌കൂളില്‍ നിന്നു മടങ്ങുന്ന വഴിക്ക് ഞങ്ങളോട് ചിരിക്കുകയും കുശലം പറയുകയും ചെയ്തിരുന്ന അമ്മൂമ്മ ഒരു വാഴയിലയില്‍ വെള്ളമുണ്ടില്‍ പൊതിഞ്ഞ് തേങ്ങാപ്പൂളില്‍ കത്തുന്ന രണ്ട് തിരികള്‍ക്കിടയിലായി കിടക്കുന്ന കാഴ്ച. ഓര്‍മ്മയിലെ ആദ്യത്തെ മരണം അതേപടി മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു.
പ്ലാവിന്‍ കൊമ്പില്‍ തൂങ്ങിയാടുന്ന മറ്റൊരു മൃതദേഹവുമുണ്ട് ഏതാണ്ട് അതേ കാലത്തിന്റെ ഓര്‍മ്മകളില്‍. ഒന്നോ രണ്ടോ വര്‍ഷങ്ങളുടെ വ്യാത്യാസത്തിലായിരുന്നിരിക്കണം ആ മരണം. ഓര്‍മ്മയിലെ ചിത്രങ്ങളില്‍ ഒരു നീല കൈലിമുണ്ടില്‍ തൂങ്ങിക്കിടക്കുന്ന, കിലുക്കന്‍ മുതലാളി എന്ന് എല്ലാവരും വിളിച്ചിരുന്ന അയാളുടെ നീണ്ടനാക്കിനെയും തുറിച്ച കണ്ണുകളെയുംകാള്‍ തെളിഞ്ഞുനില്‍ക്കുന്നത് മുറുക്കിപ്പിടിച്ചിരുന്ന ഇടംകൈയാണ്.കരുണാകരന്‍ എന്നായിരുന്നു അയാളുടെ പേരെന്ന് തോന്നുന്നു. പക്ഷേ അത് ഞങ്ങളുടെ നാട്ടില്‍ അധികമാര്‍ക്കും അറിയുമായിരുന്നില്ല. എല്ലാവര്‍ക്കും അയാള്‍ കിലുക്കന്‍ മുതലാളിയായിരുന്നു.
മുതലാളിയെന്ന് കേള്‍ക്കുമ്പോ ഒരു സില്‍ക്ക് ജൂബ്ബയും മുണ്ടുമൊക്കെ പ്രതീക്ഷിക്കുന്നവര്‍ ക്ഷമിക്കുക. ഞാന്‍ ആ മനുഷ്യനെ ഉടുപ്പിട്ട് കണ്ടിട്ടില്ല. തന്റെ ചെറിയ പലചരക്കുകടയില്‍ അത്യാവശ്യസാധനങ്ങളും തൊട്ടടുത്ത എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് വേണ്ട പെന്‍സിലും സ്ലേറ്റും മുട്ടായികളുമൊക്കെയായി ഒരു കട. സിമന്റ് പൂശിയ, ഓടിട്ട, കടകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ സാധാരണമാകുന്നതിനും മുമ്പായിരുന്നു കിലുക്കന്‍ മുതലാളി ഇതൊക്കെ ചെയ്തത്. പക്ഷേ അവിടെത്തീര്‍ന്നു കടയിലെ ആധുനികത. മുന്നിലേക്കിറക്കി മറച്ച ഓലയുടെ നിഴലില്‍ നിന്നുള്ള ഇരുട്ടായിരുന്നു ആ കടയിലെ സ്ഥായീഭാവം.  ആ ഇരുട്ടില്‍ തന്റെകറുത്ത നിറം ഒളിപ്പിച്ചുവച്ച് കിലുക്കന്‍ മുതലാളി ഇരിക്കും. ആരെങ്കിലും സാധനം വാങ്ങാന്‍ വന്നാല്‍ വളരെ പതുക്കെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ എടുത്തുകൊടുക്കും. പിങ്ക് നിറത്തിലെ നല്ല തേന്‍ നിറച്ച ഒരു പതുങ്ങുന്ന മുട്ടായിയായിരുന്നു അന്ന് ആ കടയിലെ എന്റെ ആകര്‍ഷണം. പതിവായി മുട്ടായി വാങ്ങലൊന്നും നടക്കില്ലെങ്കിലും കുപ്പിയിലിരിക്കുന്ന ആ പഞ്ചാരമുട്ടായികളെ കാണുന്നതുതന്നെ ഒരാനന്ദമായിരുന്നു.
അധികം സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല കിലുക്കന്‍ മുതലാളി. അയാള്‍ക്ക് ആ പേര് വന്നതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. അയാളുടെ പെണ്‍മക്കള്‍ എന്റെ ചേച്ചിമാര്‍ക്കൊപ്പമായിരുന്നു പഠിച്ചിരുന്നത്. അയാളുമായി അടുത്ത ബന്ധമോ പരിചയമോ ഉള്ളവരായി ആരെയും കണ്ടിട്ടുമില്ല. കച്ചവടമില്ലാത്തപ്പോള്‍ കടയില്‍ ഒറ്റക്കിരിക്കും. ഒരു പരിപൂര്‍ണ്ണ ദൈവവിശ്വാസിയായിരുന്നോ അയാളെന്ന് എനിക്ക് ഓര്‍മ്മയില്ല. എങ്കിലും ഓര്‍മ്മയില്‍ മറ്റൊന്നുണ്ട്. സന്ധ്യക്ക് എന്തോ സാധനം വാങ്ങാന്‍ കടയിലെത്തുമ്പോള്‍ അയാള്‍ ഏതോ ദൈവത്തിന്റെ ചിത്രത്തിനുമുന്നില്‍ വിളക്ക് വച്ച് പുറത്തെ മണ്ണെണ്ണവിളക്ക് കത്തിക്കുന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നതാണ് ആ ഓര്‍മ്മ.
ഇരുട്ടില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന കിലുക്കന്‍ മുതലാളിയുടെ ചിത്രം കഴിഞ്ഞാല്‍ ഓര്‍മ്മയിലുള്ളത് അന്ന് ഒന്നും മിണ്ടാതെ അയാള്‍ പുറത്തുവരുന്നതാണ്. ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലും ഇരുണ്ട ആ മുഖം. അതിനെക്കാള്‍ മറക്കാനാകാത്ത മുഖമാകട്ടെ ഞങ്ങളുടെ നാട്ടിന്‍പുറത്തെ എല്‍പിസ്‌കൂളിന്റെ മുറ്റത്തെ പ്ലാവിന്‍കൊമ്പില്‍ തൂങ്ങിയാടുന്ന നാവു പുറത്തേക്ക് തള്ളി വികൃതമായ അയാളുടെ മുഖവും.
പതിവുപോലെ ഇത്തിരി നേരത്തേ ക്ലാസിലെത്തിയ കുട്ടികളാരോ ആണെന്ന് തോന്നുന്നു അത് കണ്ടത്. ഏതായാലും ഞാന്‍ സ്‌കൂളിലെത്തുമ്പോഴേക്കും ചില നാട്ടുകാരൊക്കെയും കുറേ കുട്ടികളും അവിടെയെത്തിയിരുന്നു. മാനേരു സാര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന, സ്‌കൂള്‍ ഉടമസ്ഥനും മറ്റ് അധ്യാപകരും ചേര്‍ന്ന് കുട്ടികളെ അങ്ങോട്ട് പോകാതിരിക്കാന്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നു.
എങ്ങനെയാണ് ഞാന്‍ ആ മരണത്തിനുമുന്നില്‍ എത്തിയതെന്ന് ഓര്‍മ്മയില്ല. ഞങ്ങള്‍ കള്ളനും പൊലീസും ഒളിച്ചുകളിയുമൊക്കെ നടത്താന്‍ മറയാക്കിയ ആ പ്ലാവിന്റെ കൊമ്പിലെ മനുഷ്യന്‍ മരിച്ചതാണെന്ന് മനസ്സിലാക്കാന്‍ ഒരു നാലാം ക്ലാസുകാരന് അധികം മെനക്കെടേണ്ടിവന്നില്ല. അന്ന് സ്‌കൂളിന് അവധി കിട്ടിയത് ഓര്‍മ്മയുണ്ട്. ആ പ്ലാവിന്റെ ആയുസ്സും കിലുക്കന്‍ മുതലാളിയുടേതിനൊപ്പം തീര്‍ന്നു. മുതിര്‍ന്നശേഷം ഒരിക്കല്‍ വോട്ടുചെയ്യാന്‍ അതേ സ്‌കൂളിലെത്തുമ്പോള്‍ ഞാന്‍ ആ പ്ലാവിന്റെ എന്തെങ്കിലും ഒരു ശേഷിപ്പ് തിരഞ്ഞിരുന്നു. അങ്ങനെയൊരു മരം അവിടെയുണ്ടായിരുന്നുവെന്നതിന്റെ ഒരടയാളവുമുണ്ടായിരുന്നില്ല അവിടെ.
കാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും മായാത്ത മരണത്തിന്റെ മുഖങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആത്മഹത്യയുടെ ആദ്യ കാഴ്ച, ഓര്‍മ്മിച്ചെടുക്കാന്‍ ആ മരം ആവശ്യമൊന്നുമല്ലെങ്കിലും. 

Monday, January 02, 2012

മരണങ്ങളുടെ പുസ്തകം (കേട്ടുതീരാത്ത പാട്ട് )

മരണത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരു ക്രമം ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. കാരണം മനസ്സ് മരണങ്ങളെ രേഖപ്പെടുത്തുക കാലത്തിന്റെ ക്രമത്തിലല്ല. അല്ലെങ്കില്‍ മരണം ഒരു രജിസ്റ്ററില്‍ എഴുതിവക്കുന്നത്ര എളുപ്പത്തിലോ നിസ്സാരമായോ അല്ല മനസ്സില്‍ എഴുതിവക്കുന്നത്.
അടുത്തിടെ കണ്‍മുന്നില്‍ നടന്ന ഒരു മരണത്തെ ഒരുപക്ഷേ വളരെ വേഗം മറന്നുപോയേക്കാം. ഓര്‍മ്മകളുടെ കാലത്തിനും മുമ്പുള്ള ചില മരണങ്ങള്‍, ചിലപ്പോള്‍ പറഞ്ഞുകേട്ടവപോലും, മനസ്സില്‍ നിന്നും ഇറങ്ങിപ്പോകാതെ കിടക്കുകയും ചെയ്യാം.
ഒരു ഫോട്ടോ പോലെയാണ് മരണമെന്ന് തോന്നിയിട്ടുള്ളത് എനിക്കുമാത്രമാണോയെന്നറിയില്ല. ചില ചിത്രങ്ങള്‍ ഒറ്റ ക്ലിക്കില്‍ ക്യാമറക്കൊപ്പം മനസ്സിലും പതിയും. ഇറങ്ങിപ്പോകുകയേയില്ല. മറ്റുചിലത് എടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ മറവിയാല്‍ ഡെലീറ്റ് ചെയ്യപ്പെടുകയും ചെയ്യും.ഇത് മരണങ്ങളുടെ ഒരു ക്രോണോളജിയായി എഴുതാന്‍ തുടങ്ങിയതാണ്. എനിക്ക് മുന്നില്‍ കണ്ടതും മനസ്സ് കുറിച്ചുവച്ചതുമായ ഓര്‍മ്മകളുടെ ഒരു അടുക്കിപ്പെറുക്കല്‍. എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് മരണത്തിന്റെ പുസ്തകത്തിന്റെ ആദ്യഭാഗം വായിച്ച ഒരു കൂട്ടുകാരനില്‍ നിന്നാണ്. അവന്‍ ഒരു മരണത്തിന്റെ ഓര്‍മ്മ പങ്കുവച്ചപ്പോള്‍ അത് മനസ്സിന്റെ രജിസ്റ്ററില്‍ ഏറ്റവും ആദ്യം എഴുതപ്പെട്ടു.
കൊല്ലത്തുനിന്നും എറണാകുളത്തേക്കുള്ള ട്രയിന്‍ യാത്രയില്‍ ഞാനും കണ്ടിട്ടുണ്ട് ആ പെണ്‍കുട്ടിയെ. പത്ത് വയസ്സ് പ്രായം വരുന്ന ഒരു തെരുവുപാട്ടുകാരി. കോട്ടയത്തെ ഒരു ദിനപത്രത്തില്‍ ജോലിചെയ്യുന്ന എന്റെ സുഹൃത്ത് സ്ഥിരം ട്രെയിന്‍ യാത്രക്കാരനായിരുന്നു. അവന്റെ മുന്നിലും വന്ന് പാട്ടുപാടും ആ കുട്ടി. എന്നും ഒരേ പാട്ട്. പരിചയമില്ലാത്ത മലയാളം ഉച്ചാരണത്തില്‍ പാട്ടുപാടി യാത്രക്കാര്‍ക്ക് മുന്നില്‍ കൈനീട്ടിപ്പോകുന്നവള്‍. "അക്കരെക്ക് യാത്ര ചെയ്യും സിയോണ്‍ സഞ്ചാരീ ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട" എന്ന പാട്ടിലെ കുറേവരികള്‍ അക്ഷരത്തെറ്റോടെ പാടിയാണ് അവള്‍ കൈനീട്ടുന്നത്. മറ്റുപലരെയും പോലെ പിടിച്ചുപറിയുടെ സ്വഭാവമൊന്നുമില്ല. ദൂരെ നിന്ന് കൈനീട്ടും. അധികനേരം നിന്ന് ശല്ല്യപ്പെടുത്തലുമില്ല. ആരെങ്കിലും പണം നീട്ടിയാല്‍ അകലെനിന്നുതന്നെ അതുവാങ്ങിപ്പോകും. ഇല്ലെങ്കിലും പരാതികളില്ല.
ഒരുദിവസം പതിവുപോലെ അവള്‍ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോഴാണ് ഭക്ഷണപ്പൊതികളുമായി കച്ചവടക്കാരന്‍ എത്തുന്നത്. എന്റെ ചങ്ങാതി ഭക്ഷണം വാങ്ങിയ കൂട്ടത്തില്‍ ഒരു പൊതി ഇഡ്ഡലി കൂടി വാങ്ങി അവള്‍ക്കുനേരേ നീട്ടി. അതും വാങ്ങി പോകുന്നതിനുപകരം അവള്‍ അവിടെത്തന്നെയിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ദിവസങ്ങളുടെ വിശപ്പ് മുഴുവന്‍ വ്യക്തമാക്കുന്ന ഭക്ഷണം കഴിക്കല്‍. കഴിച്ചുകഴിഞ്ഞ് ഓരോ വിരലിനെയും നക്കി വൃത്തിയാക്കി അവള്‍ വീണ്ടും അതേ പാട്ടുപാടി. ഇത്തവണ കൈനീട്ടാതെ മടങ്ങുകയും ചെയ്തു.
ഇത് ക്രമേണ ഒരു ശീലമായി. തനിക്കുള്ള ഭക്ഷണം പൊതിഞ്ഞെടുക്കുന്ന കൂട്ടത്തില്‍ വീട്ടില്‍ നിന്ന് ഒരു പൊതി ആ പെണ്‍കുട്ടിക്കു കൂടി അവന്‍ എന്നും കൊണ്ടുപോയി. സിയോണ്‍ സഞ്ചാരിയുടെ പാട്ടല്ലാതെ ഒരു വാക്ക് അവള്‍ പറഞ്ഞിട്ടുള്ളത് തെലുങ്ക് എന്ന് മാത്രമാണ്. എന്തുചോദിച്ചാലും അതേ മറുപടി. കുസൃതിയുടെ ഒരു ചിരിയും. അതുകൊണ്ടും മതിയാകുന്നില്ലെങ്കില്‍ സിയോണ്‍ സഞ്ചാരി വീണ്ടുമെത്തും.
അങ്ങനെ ഏതാനും മാസങ്ങള്‍ ഭക്ഷണപ്പെതിയും സിയോണ്‍ സഞ്ചാരിയുമൊക്കെയായി കഴിഞ്ഞുപോയി.പെട്ടെന്നൊരു ദിവസം അവന്റെ ഭക്ഷണപ്പൊതിക്ക് അവകാശിയെത്താതെയായി. രണ്ട് ദിവസം പൊതി ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കു കൊടുത്തു. മൂന്നാം ദിവസം തിരുവല്ലയിലെ പ്രാദേശിക ലേഖകന്റെ വക ഒരു ചെറിയ വാര്‍ത്തയുണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ച ഒരു പെണ്‍കുട്ടിയുടെ അജ്ഞാത മൃതദേഹത്തെപ്പറ്റി...ഓളങ്ങളെ ഭയപ്പെടാതെയുള്ള അവളുടെ യാത്ര... 

മരണങ്ങളുടെ പുസ്തകം (തുടക്കം)

ഇന്നലെ രാത്രി ഏറെ വൈകിയപ്പോള്‍ എന്റെ ഒരു പ്രിയസുഹൃത്ത് ഗൂഗിള്‍ ടാക്കില്‍ വന്നു. ഒന്നുറക്കെ കരയണമെന്നായിരുന്നു അവളുടെ ആഗ്രഹം. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍, ഒരു നാലു വയസ്സുകാരന്‍, മരിച്ചുപോയി.
ആശ്വസിപ്പിക്കാന്‍ ഞാന്‍ പണ്ടുതൊട്ടേ വളരെ മോശമാണ്. ഉപചാരവാക്കുകള്‍ പറഞ്ഞ് ധൈര്യം കൊടുക്കാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇവിടെയും അതുതന്നെ സംഭവിച്ചു. എന്ത് പറയണമെന്നറിയാതെ ഞാന്‍ അമ്പരന്നുനിന്നപ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് വന്നത് നാലര വയസ്സുകാരനായ മകന്റെ മുഖമാണ്. എന്തിനെന്നറിയാതെ ഞാനും കരഞ്ഞു. പിന്നെ എപ്പൊഴോ ഉറങ്ങിപ്പോയി.
മഥുരയില്‍ ചെന്നുപെട്ട ഒരു സന്ധ്യയെ ഓര്‍മ്മവന്നു. ഏതോ ഒരു യാത്രക്കിടയില്‍ ഒരു നിമിഷത്തെ ആവേശത്തിന് ചാടിയിറങ്ങിയതാണ്. ദില്ലിയിലേക്ക് പോകാനുള്ള ബസിലായിരുന്നു ഞാന്‍. അതെ, കൃഷ്ണന്റെ മഥുര തന്നെ. എന്നെ അപരിചിതമായ ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് ബസ് ദില്ലിയിലേക്കുതന്നെ പോയി. ഞാനിരുന്ന സീറ്റില്‍ ഒരു ഗ്രാമീണന്‍ നന്ദിപൂര്‍വ്വം ഇരിപ്പുറപ്പിച്ചു.
ആദ്യത്തെ അമ്പരപ്പില്‍ നിന്നു മാറിയപ്പോള്‍ ഇരുട്ടുന്നതിനു മുന്‍പ് അത്ര സമ്പന്നമല്ലാത്ത എന്റെ പോക്കറ്റിന് ഒതുങ്ങുന്ന ഒരിടം തല ചായ്ക്കാന്‍ കണ്ടെത്തണമെന്ന് തോന്നി. അതുകഴിഞ്ഞാവാം നഗരം ചുറ്റലെന്ന തീരുമാനവുമായി ദുര്‍ഗന്ധവും പശുക്കളും ഓട്ടോറിക്ഷകളും ട്രക്കുകളുമെല്ലാം നിറഞ്ഞ റോഡിലേക്കിറങ്ങി.
ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും അധികം നടക്കുന്നതിനുമുന്‍പാണ് ആ മനുഷ്യനെ കണ്ടത്. ഉടവുതട്ടാത്ത, വെള്ള നിറത്തിലെ കുര്‍ത്തയും പൈജാമയും ധരിച്ച ഒറ്റനോട്ടത്തില്‍ മാന്യനെന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്‌കന്‍. അടച്ചിട്ട ഒരു കടയ്ക്ക് മുന്നിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയാള്‍.അടുത്തെവിടെയെങ്കിലും വാടക കുറഞ്ഞ ലോഡ്ജുണ്ടാകുമോ എന്ന എന്റെ ചോദ്യത്തിന് അപ്രതീക്ഷിതമായ മറ്റൊരു ചോദ്യമായിരുന്നു ഉത്തരം.
മരിച്ചവരുടേതോ ജീവനുള്ളവരുടേതോ?
തമാശയായാണ് ആ ചോദ്യം എനിക്ക് തോന്നിയത്. എന്നാല്‍ അയാളുടെ മുഖം ഇപ്പോഴും ഗൗരവത്തില്‍ തന്നെ.അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ ഇത്തിരി ഗൗരവം കൂടുകയും ചെയ്തു. ജീവനുള്ളവരുടേത് എന്ന മറുപടിക്കൊപ്പം ഞാനും ഒരു മറുചോദ്യം ചോദിച്ചു.
മരിച്ചവരുടെ താമസസ്ഥലംകൊണ്ട് ഞാനെന്ത് ചെയ്യാനാണ്?
അതെന്താ, മരിച്ചവരെ നിനക്കിഷ്ടമല്ലേ... എങ്കില്‍ എന്നോട് സംസാരിക്കണ്ട... ഞാന്‍ മരിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു.
ശരിക്കും അയാളുടെമുഖം മരിച്ചവരുടേതുപോലെ തന്നെയാണെന്ന് ഞാന്‍ കണ്ടുപിടിച്ചത് അതുകഴിഞ്ഞാണ്.അപ്പോഴും അയാള്‍ ദേഷ്യമടങ്ങാതെ പിറുപിറുത്തു. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ നിന്നെ ഒരുപാട് വഴിനടത്തിയിട്ടുള്ളത് പിന്നീട്  മരിച്ചവരാണ്. എന്നിട്ടിപ്പോ മരിച്ചവരെ ഇഷ്ടമല്ലെന്ന്... ദേര്‍... അയാള്‍ നിശബ്ദനായി വീണ്ടും കസേരയിലേക്കിരുന്നു.
അല്‍പ്പനേരം അവിടെത്തന്നെ അമ്പരപ്പോടെ നിന്നശേഷം ഞാന്‍ നടന്നു. ഒരു കിലോമീറ്ററെങ്കിലും നടന്ന് ലോഡ്ജ് കണ്ടുപിടിച്ച് മുറിയെടുത്തശേഷം നടക്കാനിറങ്ങുമ്പോള്‍ കണ്ടു.ലോഡ്ജില്‍ നിന്നും ഏറെ അകലെയല്ലാതെ മരിച്ചവരുടെ താമസസ്ഥലം, ഒരു ശ്മശാനം....
അതെ, മരിച്ചവര്‍ പലരും കാട്ടിത്തന്ന വഴികളിലൂടെയാണ് നടന്നിട്ടുള്ളത്. ഒരു കണക്കെടുപ്പിന് സാധ്യമല്ലാത്തത്ര വലുതാണ് അവരുടെ എണ്ണം. എങ്കിലും എനിക്ക് മുന്നിലൂടെ മരണത്തിലേക്ക് പോയവരുടെ ഓര്‍മ്മകളിലേക്ക് കടക്കാനുള്ള ഒരു വഴിയാണ് അന്ന് അയാള്‍ തുറന്നത്. ഇപ്പോള്‍ ഒരു നാലുവയസ്സുകാരനും...(തുടരും)