ഇരുപതാം നൂറ്റാണ്ടിലാണ് തന്റെ നടപ്പുരീതികളോട് കലഹിച്ച് പുറത്തുചാടുകയും ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോവുകയും ചെയ്യാന്‍ മലയാളി തയ്യാറാവുന്നത്. സാമുദായിക പരിഷ്കാരങ്ങല്ലും സാമൂഹ്യ നവോത്ഥാനവുമെല്ലാം ചേര്‍ന്ന് കേരളീയ സമൂഹത്തെയാകെ മാറ്റിമറിച്ചു. നമ്മുടെ ജീവിതരീതികള്‍ മാറിത്തുടങ്ങി. അത്രയും നാള് സാംസ്കാരികമായ കടന്നാക്രമണങ്ങള്‍ക്കൊന്നും അത്രയേറെ വശംവദരാകാതിരുന്ന മലയാളി തന്റെ ജീവിതരീതികളെക്കുറിച്ച് മാറി ചിന്തിച്ചു തുടങ്ങി. സുഗന്ധ ദ്രവ്യങ്ങളുടെയും പ്രകൃതിവിഭവങ്ങളുടെയും മൊത്തവിതരണത്തിന്റെ അവകാശികള്‍ എന്ന സ്ഥാനവും ഒരു വിഭാഗത്തിന്റെ സമ്പന്നമായ ജീവിതാവസ്ഥകളും നഷ്ടമായത് ഈ മാറ്റത്തിന് കാരണമായിരിക്കാം. എന്നാല്‍ ഇക്കാരണങ്ങള്‍ മാത്രമാണോ കേരളീയ സമൂഹത്തെ മാറ്റിമറിച്ചതെന്നു ചോദിച്ചാല്‍ അല്ല. മെച്ചപ്പെട്ട സാമൂഹ്യനീതി കൈവന്നതിന്റെ അടിസ്ഥാനത്തില്‍ താഴേക്കിടയിലുള്ളവരും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതത്തെ സ്വപ്നം കണ്ടുതുടങ്ങി എന്നതും പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി സമ്പത്തിന്റെ വിതരണത്തിലും ജാതീയമായ ഉച്ചനീചത്വങ്ങളിലും സാരമായ വ്യത്യാസം വന്നു തുടങ്ങി എന്നതും ഇതിനു കാരണമായി. നിരത്താന്‍ കാരണങ്ങള്‍ ഇനിയുമുണ്ടാകാം. ഏതായാലും ഇരുപതാം നൂറ്റാണ്ടിന്റെ പകുതി എത്തിയതോടെ മലയാളി ഗൌരവമായ മാറ്റങ്ങളിലൂടെ കടന്നുപോകാന്‍ തുടങ്ങി. ഇതിലേറ്റവും പ്രധാനപ്പെട്ടത് എല്ലാത്തരക്കാരും ധനികരാകാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചു തുടങ്ങി എന്നതാണ്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സമത്വം തുടങ്ങി ഒട്ടേറെക്കാര്യങ്ങളില്‍ ഉണ്ടായ പുരോഗതി മലയാളിയുടെ തൊഴില്‍ മേഖലയെയും ബാധിച്ചു. കൃഷി എന്ന അടിസ്ഥാന തൊഴിലില്‍ നിന്ന് കുറേശെയായി മലയാളി അകന്നു തുടങ്ങിയതിനു പിന്നില്‍ ജാതിവ്യവസ്ഥക്കേറ്റ തിരിച്ചടിയും ഒരു പ്രധാന കാരണമായിരുന്നു. താഴേത്തട്ടിലെ ഇടത്തരക്കാരായ മലയാളി യുവാക്കള്‍ ഏറെയും ഗുമസ്തപ്പണി പര്‍ശീലിച്ച് ബോംബെ, ദില്ലി, കൊല്‍ക്കത്ത, മദ്രാസ് തുടങ്ങിയ നഗരങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതിനെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങി. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ക്കും സാമ്പത്തികമായി അല്പം മെച്ചപ്പെട്ടവര്‍ക്കും അതിരുകളൊന്നും ബാധകമല്ലെന്ന സ്ഥിതി പണ്ടുതൊട്ടേ ഉണ്ടായിരുന്നു താനും. ഇവരുടെ മറുനാടുകളിലെ അധ്വാനത്തിന്റെ ഫലം നാട്ടില്‍ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതോടെ കൃഷി അത്ര വലിയ കാര്യമല്ലെന്നു വന്നു. എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുപോലെ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയെയാകെ മാറ്റി മറിച്ചത് ഗള്‍ഫ് പ്രവാസമാണ്. സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കുമൊക്കെ കുടിയേറിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നെങ്കില്‍ ഗള്‍ഫ് കുടിയേറ്റം തികച്ചും മാസീവ് ആയ ഒന്നായിരുന്നു. ഏതെങ്കിലും തൊഴിലില്‍ പ്രത്യേക പരിശീലനം നേടിയവരോ വെറും കൂലിപ്പണിക്കാരോ ആയിരുന്നു മറ്റ് നാടുകളിലേക്കുള്ള കുടിയേറ്റക്കാരെങ്കില്‍ ഗള്‍ഫിന്റെ കാര്യത്തില്‍ അതും മാറി. ആര്‍ക്കും കയറിപ്പോയി എന്തെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കാവുന്ന ഇടമായി ഗള്‍ഫ് വിശേഷിപ്പിക്കപ്പെട്ടു. ജീവിക്കുക മാത്രമല്ല സാമാന്യം നല്ല ധനസമ്പാദനവും സാധ്യമാണെന്ന് വന്നതോടെ ഗള്‍ഫിലേക്ക് കടക്കാന്‍ എന്നോസിയും വിസയും കാത്ത് പാസ്പ്പോര്ട്ടിനെയും കെട്ടിപ്പിടിച്ച് ജീവിക്കുന്നവരുടെ നാടായി കേരളം മാറിത്തുടങ്ങി. സ്വന്തമായി ഒരു പാസ്സ്പോര്ട്ടും കിടപ്പാടം പണയം വച്ചോ ഭാര്യയുടെയോ അമ്മയുടെയോ ഒക്കെ കെട്ടുതാലി പണയം വച്ചോ കിട്ടിയ കുറെ കാശും കൊണ്ട് എണ്ണയിലൂടെ പണം ഒഴുകിവരുന്ന മരുഭൂമിയെ കിനാവുകളില്‍ താലോലിച്ച് ജയന്തി ജനതാ എക്സ്പ്രസ്സിലോ ബോംബേക്ക് പോകുന്ന ഏതെങ്കിലും ട്രയിനിലോ കയറിപ്പറ്റാന്‍ മലയാളി തിരക്ക് കൂട്ടി. പത്താം ക്ലാസ്സില്‍ തോറ്റാലും ബോംബേയിലെത്തിക്കിട്ടിയാല് തന്നെ പേര്‍ഷ്യയിലേക്ക് കടത്താന്‍ ആളുണ്ടാവുമെന്ന് വിശ്വസിച്ച് എവിടുന്നോ തട്ടിക്കൂട്ടിയ പണവുമായി ബോംബേയിലെത്തിയ ആയിരക്കണക്കിന് മലയാളികള്‍ എന്നോസീ തട്ടിപ്പ് എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കുകയും ബോംബേയിലെ ചേരികളില്‍ അവസാനിക്കുകയും ചെയ്തു. ബോംബേയില്‍ മദ്രാസ്സി എന്ന വാക്കിന് അഭയാര്‍ഥി എന്നൊരു പര്യായമുണ്ടായി എങ്കില്‍ അതിന് പ്രധാന ഉത്തരവാദികള്‍ വിസ എന്ന വാക്കിനെ മാത്രം വിശ്വസിച്ച് ബോംബേയുടെ ചേരികളില്‍ കൂലിപ്പണികളോ ചില്ലറ തട്ടിപ്പുകളോ ഒക്കെയായി ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട മലയാളികളായിരുന്നു. പിന്നീടെത്തിയ ബംഗ്ലാദേശികളും ഇതേവഴികളില് തന്നെ ബോംബേയില്‍ അഭയാര്‍ഥികളായി മാറിയെന്നത് വേറൊരു കാര്യം. (തുടരും)
1 comment:
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സമത്വം തുടങ്ങി ഒട്ടേറെക്കാര്യങ്ങളില്‍ ഉണ്ടായ പുരോഗതി മലയാളിയുടെ തൊഴില്‍ മേഖലയെയും ബാധിച്ചു. കൃഷി എന്ന അടിസ്ഥാന തൊഴിലില്‍ നിന്ന് കുറേശെയായി മലയാളി അകന്നു തുടങ്ങിയതിനു പിന്നില്‍ ജാതിവ്യവസ്ഥക്കേറ്റ തിരിച്ചടിയും ഒരു പ്രധാന കാരണമായിരുന്നു. താഴേത്തട്ടിലെ ഇടത്തരക്കാരായ മലയാളി യുവാക്കള്‍ ഏറെയും ഗുമസ്തപ്പണി പര്‍ശീലിച്ച് ബോംബെ, ദില്ലി, കൊല്‍ക്കത്ത, മദ്രാസ് തുടങ്ങിയ നഗരങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതിനെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങി.
Post a Comment