Thursday, September 04, 2008

ഇന്റര്‍നാഷണല്‍ മലയാളി-1 (അന്നദാതാവ്)

അയാളുടെ പേര് ശരിക്കും ഓര്‍മ്മയില്ല. രാജു എന്നോ ജോണി എന്നോ ആണെന്ന് ഉറപ്പ്. അയാള്‍ നാലുമാസക്കാലം എന്റെ അന്നദാതാവായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍. തല്‍ക്കാലം അയാളെ ജോണി എന്ന് വിളിക്കാം. രാജു അഥവാ ജോണി എന്ന് വിളിക്കുന്നതിലെ അസൌകര്യം ഒന്നുകൊണ്ട് മാത്രം.
മധ്യപ്രദേശിലെ ഇന്തോര്‍ നഗരത്തില്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിക്കുന്ന കാലം. സദാനന്ദ് എന്ന സ്വാതന്ത്ര്യവാദിയുടെ പാരമ്പര്യത്തില്‍ നിന്ന് ഒരു ബീഹാറിയായ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്റെ ഉടമസ്ഥതയില്‍ ചെന്നെത്തിയ ഫ്രീപ്രസ് ജേണല്‍ എന്ന ചരിത്രം പേറുന്ന ദിനപത്രത്തിന്റെ ഇന്തോര്‍ യൂണിറ്റിലെ ഒരു സാദാ സബ് എഡിറ്ററായാണ് അഭ്യാസം. മിനി മുംബൈ എന്ന് വിളിക്കുന്ന നഗരത്തില്‍ ചെന്നിറങ്ങുന്നതിനു മുന്‍പ് എന്റെ തെക്കേയിന്ത്യക്ക് പുറത്തുള്ള അഭ്യാസങ്ങള്‍ കൊല്‍ക്കത്തയിലെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിലും ദില്ലിയിലും ഉത്തരകാശിയിലും ചിലവിട്ട അരാജകദിനങ്ങളിലും മാത്രം. ഭക്ഷണക്കാര്യത്തില്‍ ഒരു സാദാ മലയാളിയുടെ ശാഠ്യങ്ങള്‍ക്കപ്പുറം സ്ഥിരമായി നീങ്ങുക എന്നെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും അല്‍പ്പം പാടുള്ള കാര്യമാണ്.
മൂന്ന് മാസം പൊഹ(തെറ്റിദ്ധരിക്കണ്ട, അവല്‍ കൊണ്ടുണ്ടാക്കുന്ന ഒരു ഉത്തരേന്ത്യന്‍ വിഭവമാണ് സംഭവം)യും ഉണക്കറൊട്ടിയും ദാലും കടുകെണ്ണയോ കപ്പലണ്ടിയെണ്ണയോ എന്ന് തിരിച്ചറിയാത്ത വിഭവങ്ങളും കഴിച്ച് വശം കെട്ടിരിക്കുമ്പോഴാണ് ഭോപ്പാലുകാരിയായ സഹപ്രവര്‍ത്തക അര്‍ച്ചനാ പിള്ള ഒരു അനുഗ്രഹം പോലെ ജോണിയുടെ ഫോണ്‍ നമ്പര്‍ തരുന്നത്. എന്റെ ദിവസേനയുള്ള പരാതികളില്‍ മനം മടുത്തപ്പോഴാണ് അവള്‍ മുന്‍പെന്നോ അവളെ സമീപിച്ച ഒരു മലയാളിയായ അന്നദാതാവിന്റെ നമ്പര്‍ തന്ന് എന്നെ സഹായിക്കാന്‍ തീരുമാനിച്ചത്. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ഒന്നോ രണ്ടോ നേരം മുറിയില്‍ കൊണ്ടുനല്‍കാം എന്നതായിരുന്നു അര്‍ച്ചനക്ക് അയാള്‍ നല്‍കിയ വാഗ്ദാനം. റൊട്ടിയും പൊഹയുമൊക്കെ ദിനചര്യയാക്കിയ അവള്‍ക്ക് അതിന്റെ ആവശ്യം തെരെയുണ്ടായിരുന്നില്ല. എന്നിട്ടും അവള്‍ എനിക്ക് അയാ‍ളുടെ നമ്പര്‍ തപ്പിപ്പിടിച്ച് തന്നു.
വിളിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ജോണി ഓഫീസിന്റെ മുകളില്‍ത്തന്നെയുള്ള എന്റെ മുറിയില്‍ ഹാജരായി. പൊക്കം കുറഞ്ഞ് കറുത്തുരുണ്ട ഒരു തവളയുടെ മുഖത്ത് കട്ടിമീശയും ശരീരത്തില്‍ ഒരു ഉടൂപ്പും അതിന് ഇന്‍സെര്‍ട്ട് ചെയ്തിടാന്‍ പാകത്തില്‍ മുട്ടിന് അല്‍പ്പം താഴെ വരെ നില്‍ക്കാവുന്ന പാന്റ്സും നല്‍കിയാല്‍ എങ്ങനെയിരിക്കുമോ അതായിരുന്നു ജോണിയുടെ രൂപം. രൂപത്തിനൊത്ത സ്വരം കൂടി ഉണ്ടായതോടെ സമ്പൂര്‍ണനായ മനുഷ്യന്‍ എന്ന് അവകാശപ്പെടാവുന്ന പ്രകൃതമായി അയാളുടേത്. എന്റെ കുടുംബ ചരിത്രവും വിശേഷങ്ങളുമെല്ലാം ചികഞ്ഞെടുക്കാന്‍ അയാള്‍ക്കുള്ള വിരുത് എന്നെ ഓര്‍മ്മിപ്പിച്ചത് ഒരുപാട് സിനിമകളില്‍ കല്‍പ്പനയിലോ കെപി എ സി ലളിതയിലോ ഒക്കെ കണ്ടുമറന്ന കഥാപാത്രങ്ങളെയാണ്. ഏതായാലും ദിവസേന ഉച്ചക്ക് ഒരു വെജിറ്റേറിയന്‍ ഊണ് എത്തിക്കാം എന്ന ധാരണയില്‍ ഞങ്ങള്‍ പറഞ്ഞുറപ്പിച്ച് പിരിഞ്ഞു.
ഊണ് ഉച്ചക്ക് മാത്രം എന്ന് പറയുമ്പോള്‍ ഞങ്ങളുടെ അന്നത്തെ ജീവിതത്തെക്കുറിച്ചുകൂടി ഇത്തിരി പറയാതെ വയ്യ. ഉച്ചക്ക് രണ്ട് മണിക്കാണ് ഞാന്‍ അന്ന് ജോലിക്ക് കയറുന്നത്. ആദ്യ എഡിഷന്‍ എട്ട് മണിക്ക് അച്ചടിക്കാന്‍ പോകുന്നത് വരെയുള്ള ഒന്നാം ഷിഫ്റ്റില്‍. അത് കഴിഞ്ഞാല്‍ നിയമപ്രകാരം എന്റെ ജോലി തീര്‍ന്നു. എന്നാല്‍ കോമ്പ് ഓഫ്, സമയം പോക്കല്‍ തുടങ്ങിയ പ്രലോഭനങ്ങളില്‍ കുടുങ്ങി ഞാന്‍ രണ്ടാം ഷിഫ്റ്റും ചെയ്യും. ഇടക്ക് എപ്പോഴെങ്കിലും കാന്റീനില്‍ നിന്നും ചായ, കച്ചോരി, സമോസ, സേവ് തുടങ്ങിയ ഹെവി ഭക്ഷണം കഴിക്കാന്‍ സമയം കിട്ടുമ്പോള്‍ അത് ചെയ്യും. കുറച്ച് അധികം സമയം കിട്ടിയാല്‍ തൊട്ടടുത്തുള്ള കടയില്‍ പോയി താലി കഴിക്കും. (സമയം കിട്ടല്‍ അത്ര എളുപ്പമല്ലാത്തതു കൊണ്ട് ആദ്യം പറഞ്ഞ ഹെവി ഫുഡ് ത്റ്റന്നെയായിരിക്കും വിശപ്പടക്കുക). ഇത്രയും പോരെങ്കില്‍ ഒരു പാക്കറ്റ് സിഗററ്റ് കൂടിയോ കുറഞ്ഞോ അകത്താക്കും. അങ്ങനെ ഏതാണ്ട് 3 മണി വരെ ജ്ജോലി ചെയ്താല്‍ സ്വാതന്ത്ര്യമായി.
അതുകഴിഞ്ഞാണ് ശരിക്കും ദിവസം തുടങ്ങുക. ഒറിയക്കാരന്‍ സംഗ്രാം കേസരി പാഡിയുടെ എന്റെ മുറിക്ക് തൊട്ടടുത്ത മുറിയിലിരുന്ന് മൂന്ന് മണി കഴിയുന്നതോടെ ഒരു രാജകീയ കുതിര ചിന്നം വിളിച്ച് തുടങ്ങും. അതെ, കള്ള് കുടിക്കാത്ത അഭിജിത് ചൌഹാന്‍ കാശ് രൊക്കം വാങ്ങി എത്തിക്കുന്ന റോയല്‍ സ്റ്റാഗ് ഫുള്‍ ബോട്ടില്‍ തന്നെ. (സംഗ്രാം ഇപ്പോള്‍ ദില്ല്ലിയില്‍ ഇന്ത്യാ ടുഡേയിലാണ്). പാട്ടും സിനിമയും ഭ്രാന്തായി കൊണ്ടുനടക്കുന്ന, അഞ്ചോ ആറോ കാമുകിമാരുള്ള, അദ്നാന്‍ സാമിയുടെ ലുക്കുള്ള നൂപുര്‍ ആചാര്യ (ഇപ്പോള്‍ മുംബൈയില്‍ ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലാണെന്നാണ് അറിവ്), സദാ ഗൌരവക്കാരനും പത്രപ്രവര്‍ത്തനം ആവേശമായി കൂടിയിട്ടുള്ള സലില്‍ എന്ന മലയാളം അറിയാത്ത മലയാളി, കള്ള് കുടിക്കില്ലെങ്കിലും ഞങ്ങളെ എപ്പോഴും പ്രൊത്സാഹിപ്പിക്കുന്ന അവിനാശ് ദത്ത് ഗാര്‍ഗ് എന്നിവരാണ് ഈ കുതിരയുടെ ചിന്നം വിളിക്ക് അടിപ്പെട്ടുപോകുന്നവര്‍. പുലര്‍ച്ചെ ഏഴ് മണി വരെയെങ്കിലും ഈ ചിന്നംവിളി നീളും. അതുകഴിഞ്ഞ് ഒരുമണിക്കോ മറ്റോ ഉറക്കമെഴുന്നേറ്റാല്‍ ന്യായമായും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കൂടി ഒരുമിച്ച് കഴിച്ചാല്‍ മതിയാകുമല്ലോ.
ജോണിയിലേക്ക് തിരിച്ചുവരാം. ആദ്യദിവസങ്ങളില്‍ സദ്യവട്ടം തന്നെയായിരുന്നു. നാലടുക്കുള്ള പാത്രത്തില്‍ ജോണി ഭക്ഷണവുമായി എത്തുന്നതും കാത്ത് ഞാന്‍ നേരത്തെ ഉറക്കമെഴുന്നേല്‍ക്കാന്‍ പോലും തുടങ്ങി. നിന്റെ ആ മല്ലു കറുമ്പന്റെ നോട്ടം അത്ര ശരിയല്ലെന്നും മറ്റും വടക്കേയിന്ത്യക്കാരായ കൊജ്ഞാണ്ണന്മാരും അവര്‍ക്കൊപ്പം ചേര്‍ന്ന് സലിലും പറഞ്ഞപ്പോള്‍ ഞാന്‍ അവരെയെല്ലാം ദേഷ്യപ്പെട്ട് അടക്കി. ജോണിയുടെ വിഭവങ്ങളെല്ലാം വൈവിധ്യം നിറഞ്ഞവയായിരുന്നു. ഒരു ദിവസം സാമ്പാറെങ്കില്‍ അടുത്ത ദിവസം പുളിശ്ശേരി. അച്ചാറും മെഴുക്കുപുരട്ടിയും തോരനും പച്ചമോരും എല്ലാം കൂടി പച്ചനാടന്‍ ഭക്ഷണം.
ക്രമേണ ജോണി എന്റെ വളരെ അടുത്ത ഒരാളായി മാറി. ഭക്ഷണം കൊണ്ടുവന്നാല്‍ നേരെ എന്റെ മുറിക്കുള്ളിലേക്ക് വരും. കട്ടിലിലിരുന്ന് അവിടെയുള്ള മാധ്യമം ആഴ്ചപ്പതിപ്പോ മറ്റ് പുസ്തകങ്ങളോ ഒക്കെ മറീച്ചുനോക്കും. വീട്ടുവിശേഷങ്ങള്‍, നാട്ടുവിശേഷങ്ങള്‍ എല്ലാം ചോദിക്കും. വല്ലപ്പോഴും വീട്ടിലേക്ക് വന്നാല്‍ ഭാര്യയും മക്കളും ചേര്‍ന്നുണ്ടാക്കുന്ന രുചികരമായ ഭക്ഷണം വേണ്ടുവോളം കഴിക്കാം എന്ന് പ്രലോഭിപ്പിക്കും. ഓഫീസ് വര്‍ത്തമാനങ്ങളും മറ്റെല്ലാം ചോദിക്കും. അങ്ങനെയങ്ങനെ രണ്ട് മാസത്തോളം സമയം കൊണ്ട് എന്നെക്കുറിച്ച് ആരെന്ത് ചോദിച്ചാലും മറുപടി പറയാവുന്ന ഒരു വിവരബാങ്കായി മാറി ആ അന്നദാതാവ്.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ജോണി ഒരുഗ്രന്‍ ഓഫര്‍ വയ്ക്കുന്നത്. അല്ല, ഇത്രേം പ്രായമൊക്കെയായില്ലേ, നല്ലൊരു ജോലിയുമുണ്ട്. ഇനി ഒരു പെണ്ണ് കെട്ടിക്കൂടേ? (അന്ന് എന്റെ പ്രായം 24-25 വയസ്സ്. എന്നാലും ഞാന്‍ ഒരു പെണ്ണ് കെട്ടാനുള്ള കാലമൊക്കെയായെന്ന് എനിക്ക് തോന്നിയിട്ടൂണ്ട് താനും.) ഞാന്‍ ഒന്നും മിണ്ടിയില്ല. ആ ചോദ്യം മറന്നേക്കൂ എന്ന ശൈലിയില്‍ ഞാന്‍ വേറെ എന്തുണ്ട് വിശേഷം എന്ന് ചോദിച്ച് ജോണിയെ നിസ്സഹായനാക്കിക്കളഞ്ഞു. അടുത്ത ദിവസം ജോണി വന്നത് കുറേക്കൂടി തയ്യാറെടുത്താണ്.
“ദാ, എനിക്ക് പരിചയമുള്ള ഒരു മേനോന്‍ ഫാമിലിയുണ്ട്. മോള്‍ ഫാഷന്‍ ടെക്നോളജിയോ മറ്റോ പഠിക്കുകയാ. നല്ല കുടുംബക്കാര്. പൂത്ത കാശുമുണ്ട്. കുറഞ്ഞത് ഒരു പത്ത് ലക്ഷം രൂപയെങ്കിലും ഒപ്പിക്കാം. പറ്റിയ ചെറുക്കനെ നോക്കാന്‍ എന്നോട് പറഞ്ഞേക്കുവാ. ഇന്തോറില്‍ ഒരു വീടും കാറും അത്ര കുറഞ്ഞ കാര്യമൊന്നുമല്ലല്ലോ.” ജോണി നിര്‍ത്താതെ തുടരുകയാണ്. അങ്ങനെ നിര്‍ബന്ധം സഹിക്കാതെ ആയപ്പോള്‍ ഞാന്‍ ജോണിയില്‍ നിന്നും മറച്ചുവച്ചിരുന്ന ഒരേയൊരു രഹസ്യം വെളിപ്പെടുത്തിക്കളഞ്ഞു. എന്റെ പരിശുദ്ധമായ ബംഗാളി പ്രണയം. അതത്ര വിശ്വസിച്ചില്ലെങ്കിലും ജോണി പിന്നെ അധികം നിര്‍ബന്ധിച്ചില്ല. നിശബ്ദനായി സ്ഥലം വിട്ടു.
അതിനിടെ ജോണിക്ക് ഞാന്‍ മുഖേന കുറെ ഓര്‍ഡറൂകള്‍ കൂടി കിട്ടി. ഇന്തോര്‍ സ്ക്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ജോണിയുടെ ഭക്ഷണം വളരെ പ്രിയപ്പെട്ടതായതിനു കാരണം സ്ക്കൂളീലെ സ്ഥിരം സന്ദര്‍ശകനായ ഞാനായിരുന്നു.
ഒരുമാസം കൂടി ജോണി മാന്യനായ അന്നദാതാവായി. ഇതിനിടെ തങ്ങള്‍ക്ക് കൃത്യമായി പലപ്പോഴും ഭക്ഷണം കിട്ടുന്നില്ലെന്ന് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പലരും എന്നോട് പരാതി പറഞ്ഞു. ജോണിയോട് ചോദിച്ചപ്പോള്‍ അതിനുമുണ്ടായിരുന്നു കൃത്യമായ മറുപടി. “നിങ്ങളെപ്പോലെ മര്യാദക്കരൊന്നുമല്ലെന്നേ ആ പിള്ളേര്. ചോറും കൊണ്ട് രാത്രി പത്ത് മണിക്കോ പതിനൊന്ന് മണിക്കോ ചെന്നാല്‍ പോലും അതിനെയൊന്നും കാണാന്‍ കിട്ടില്ല. കുറേ പെണ്‍പിള്ളേരുണ്ടല്ലോ അവരുടെ കോളേജില്‍. ഇതില്‍കൂടുതലൊക്കെ നിങ്ങളെപ്പോലുള്ള മാന്യന്മാരോട് ഞാന്‍ എങ്ങനെ പറയാനാ? ആ ഹോസ്റ്റലിനകത്ത് വരെ പെണ്‍പിള്ളേര് കേറിയങ്ങ് നെരങ്ങുവാ...”
സംഭവം സത്യമായിരിക്കുമെന്ന് എനിക്കും തോന്നി. ഏതായാലും അതങ്ങ് വെറുതേവിടുന്നതാണ് നല്ലതെന്ന് കരുതി ഞാന്‍ ആരോടും ചോദിക്കാനൊന്നും പോയില്ല. പിന്നെയും ഏതാണ്ട് ഒരു മാസം കഴിഞ്ഞു. ഇടക്ക് പലപ്പോഴും ഒരു മണിക്ക് എഴുന്നേറ്റ് പുറത്തെ ടിഫിന്‍ കാരിയര്‍ എടുത്ത് നോക്കുമ്പോള്‍ തലേന്ന് അവിടെ വച്ചത് തന്നെയാണെന്ന് കണ്ട് നിരാശനായി രണ്ട് മണി വരെ കാത്ത് ജോലിക്ക് കയറുമ്പോള്‍ പിറ്റേന്ന് താന്‍ അല്‍പ്പം വൈകിപ്പോയതിന്റെ കാരണങ്ങള്‍ പറഞ്ഞ് ഇത്തിരിക്കൂടി ഇരുന്നെങ്കില്‍ ഞാന്‍ വന്നേനേ എന്ന് പറയുന്ന ജോണിയോട് എനിക്ക് സഹതാപം തോന്നിയിട്ടേ ഉള്ളൂ.
എത്ര അടുപ്പമുള്ള ആളായാലും ജോണിക്ക് ഭക്ഷണത്തിന്റെ കാശ് അഡ്വാന്‍സ് ആണ്. അത് അത്ര ബുദ്ധിമുട്ടായി തോന്നിയിട്ടുമില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പതിനഞ്ചാം തീയതി രാവിലെ പന്ത്രണ്ട് മണിക്ക് വാതിലില്‍ മുട്ട് കേള്‍ക്കുന്നത്. ഇത്ര നേരത്തേ ജോണി വന്നോ എന്ന് സംശയിച്ച് ചെന്ന് നോക്കുമ്പോള്‍ അയാള്‍ തന്നെ വാതില്‍ക്കല്‍. പക്ഷെ കൈയില്‍ പാത്രമില്ലെന്ന് മാത്രം. “അതേ ഇത്തിരി അത്യാവശ്യമായിട്ട് ഞാന്‍ ഒരിടത്ത് വരെ പോവുകയാ. ഒരടുത്ത ബന്ധു രക്തം ശര്‍ദ്ദിച്ച് കെടക്കുവാ. കാശ് വല്ലതുമൊണ്ടേല്‍ ഒരു അഞ്ഞൂറ് രൂപ തരാമോ?“ ഞാന്‍ പണം എടുത്ത് കൊടുത്തു. പിന്നേ ഞാന്‍ കാശിനുവേണ്ടി ഓടീ വന്നതാണെന്ന് വിചാരിക്കല്ലേ. ഇന്ന് ചോറു കൊണ്ടുവരാന്‍ പറ്റത്തില്ല എന്ന് പറയാനും കൂടീയാ വന്നത്. നിങ്ങള്‍ പട്ടിണിയാവരുതല്ലോ എന്നും പറഞ്ഞ് ജോണി പണവും പോക്കറ്റിലിട്ട് പോയി. പിറ്റേന്ന് വന്നപ്പോള്‍ ബന്ധുവിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞിട്ട് ചോറും തന്ന് പോകുന്നതിനു മുന്‍പ് വേറൊന്നും വിചാരിക്കത്തില്ലെങ്കില്‍ ഒരു നൂറ് രൂപ കൂടി തരാമോ എന്ന് ദയനീയമായി ചോദിക്കുന്ന ജോണിക്ക് ഒരു പരിചയവുമില്ലാത്തവരാണെങ്കില്‍ പോലും കാശ് കൊടുത്തേനേ എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ പണം എടുത്ത് കൊടുത്തു.
രണ്ട് ദിവസം ജോണിയെ കാണാഞ്ഞപ്പോള്‍ എനിക്ക് അയാള്‍ എന്നെ പറ്റിച്ചോ എന്ന് ഒരു സംശയം തോന്നി. മൂന്നാം ദിവസം ജോണി ഭക്ഷണപ്പാത്രവും തൂക്കി വന്നപ്പോള്‍ ഈ തങ്കപ്പെട്ട മനുഷ്യനെയാണല്ലോ ഞാന്‍ സംശയിച്ചത് എന്നോര്‍ത്ത് സ്വയമ്ം കുറ്റപ്പെടുത്തുകയൂം ചെയ്തു. അതിനിടെ സംഭവിച്ച മറ്റൊരു കാര്യം നാലു തട്ടുള്ള ജോണിയുടെ പാത്രത്തിലെ ഒരു തട്ട് അപ്രത്യക്ഷമായതാണ്. പോരെങ്കില്‍ സാമ്പാറും അച്ചാറും പരിപ്പും ദിവസേന എന്നവണ്ണം ഈ തട്ടുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അയാളുറ്ടെ ബുദ്ധിമുട്ടുകളാണ് കാരണമെന്ന് ഞാന്‍ സ്വയം ആശ്വസിക്കാന്‍ വഴി കണ്ടെത്തി.
തൊട്ടടുത്ത മാസം എങ്ങനെയെന്കിലും മുഴുവന്‍ കാശും കൊടുക്കണമെന്ന അയാളുടെ ആവശ്യംഞാന്‍ അംഗീകരിച്ചു.കാശ് കൊടുത്തിട്ടും സാമ്പാറിലും പരിപ്പിലും വ്യത്യാസം കാണാതെ വന്നപ്പോള്‍ ഞാന്‍ അയാളോട് ഒന്ന് സൂചിപ്പിച്ചു. പക്ഷേ തന്റെ തിരക്കിനിടയില്‍ അത് കേള്‍ക്കാന്‍ അയാള്‍ക്ക് സമയം കിട്ടാഞ്ഞതു കൊണ്ടാവാം. അതില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല.
അതിനിടെയാണ് സോഷ്യല്‍ സയന്‍സ് സ്കൂളിലെ കുട്ടികള്‍ എന്നോട് ജോണിയെക്കുറിച്ച് വീണ്ടും പരാതി പറഞ്ഞത്. സംസാരം തുടര്‍ന്നതോടെ ഞാന്‍ അവരെത്തന്നെ കുറ്റപ്പെടുത്തി. ജോണി പറഞ്ഞ അതേ കാര്യം ഞാന്‍ അവരോട് വെട്ടിത്തൂറന്നങ്ങ് പറഞ്ഞു. അപ്പോഴാണ് അവര്‍ മറ്റൊരു കാര്യം പറഞ്ഞത്. ഇതുപോലൊരു കാര്യം ചേട്ടനെപ്പറ്റി അങ്ങേര്‍ ഞങ്ങളോടും പറഞ്ഞു. കൂടെ ജോലി ചെയ്യുന്ന ഒരു മലയാളി പെണ്‍കൊച്ചിനെപ്പറ്റി. ചേട്ടന്‍ എപ്പോഴും അവരുടെ വണ്ടിയും കൊണ്ടല്ലേ സ്കൂളിലൊക്കെ വരുന്നത്. അയാള്‍ പറഞ്ഞത് സത്യമാണെന്ന് വിചാരിച്ചാ ഞങ്ങള്‍ ഒന്നും പറയാഞ്ഞത്.
സ്കൂളിലെ പല കുട്ടികള്‍ക്കും ജോണി കല്ല്യാണാലോചനയും നടത്തിയത്രേ. എല്ലാം ലക്ഷങ്ങള്‍ സ്ത്രീധനം കിട്ടാവുന്ന കേസുകള്‍ തന്നെ. പെണ്‍കുട്ടിയുടെ മതത്തിനും ജാതിക്കുമൊക്കെ അത്യാവശ്യം മാറ്റങ്ങള്‍ വരുമെന്ന് മാത്രം.
ജോണിയുടെ ഭക്ഷണ വിതരണം ക്രമേണ മുഖ്യമന്ത്രി വി എസ്സിന് ആവേശം കയറുന്നതുപോലെ വല്ലപ്പോഴുമായി മാറിത്തുടങ്ങി. അങ്ങനെ പട്ടിണി കിടക്കുന്ന ദിവസങ്ങളുടെ എണ്ണം കൂടിയതോടെ ഞാന്‍ സ്വയം പാചകത്തിനുള്ള തീരുമാനം എടൂക്കുകയും പെട്ടെന്നൊരു ദിവസം സ്റ്റൌവും മറ്റ് അനുബന്ധ സാധനങ്ങളും വാങ്ങി അത് നടപ്പാക്കുകയും ചെയ്തു.
ഒരാഴ്ചക്ക് ശേഷമാണ് ജോണി പിന്നീട് എന്റെ ശാപ്പാടുമായി വരുന്നത്. അപ്പോള്‍ ഞാന്‍ മോരുകാച്ചിയതും പപ്പടവും അച്ചാറും കൂട്ടി ഊണുകഴിക്കുകയായിരുന്നു. ആ രംഗം കണ്ട് കോപാകുലനായ ജോണി ആക്രോശിച്ചു. കാര്യമൊക്കെ ശരി, എനിക്ക് തരാനുള്ള കാശ് തന്നിട്ട് ബാക്കി കാര്യം നോക്ക്. ദിവസങ്ങള്‍ ഓഫീസിലും താമസസ്ഥലത്തും എന്നെ ഭീക്ഷണിപ്പെടുത്തിക്കൊണ്ട് ജോണി പ്രത്യക്ഷനായി. ഒടുവില്‍ അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ സലിലിന്റെ സഹായം തേടേണ്ടി വന്നു എനിക്ക്.
ജോണിയെ ഈയിടെയായി ഞാന്‍ ഇടക്കൊക്കെ ഓര്‍ക്കും. കാരണം വേറൊന്നുമല്ല, പാചകത്തില്‍ ഞാന്‍ ഒരു എക്സ്പേര്‍ട്ട് ആയി മാറിയത് ജോണി എന്ന മനുഷ്യന്റെ മാത്രം കാരുണ്യം കൊണ്ടാണ്. അല്ലായിരുന്നെങ്കില്‍ ഹോ.. ആലോചിക്കാന്‍ വയ്യ... ഭാര്യ പാചകം പഠിപ്പിക്കുന്നതിനേക്കാള്‍ എന്ത് ഭാഗ്യമാണെന്നോ അത് സ്വയം പഠിക്കാന്‍ അവസരം കിട്ടുക. ജോണീ... നിങ്ങളെക്കണ്ടാല്‍ പെരുവിരലല്ലാത്ത എന്തെങ്കിലും ഒരു ഗുരുദക്ഷിണ തരാതെ ഇനി റ്റാറ്റാ പറയാന്‍ പറ്റില്ല എനിക്ക്.

2 comments:

Anonymous said...

യാത്രാപുസ്തകത്തിലെ അപരിചിതര്‍ ഇനിയുമുണ്ടല്ലേ ശേഖരത്തില്‍?
ഓരോരുത്തരായി ഇറങ്ങട്ടെ.

(തല്‍ക്കാലം അനോണി, പറ്റുമെങ്കില്‍ കണ്ടുപിടിക്ക്)

പാറു/paaru said...

chetts, ee blogum onnu keri nokku