Wednesday, January 03, 2007

മലയാളിയുടെ വരുംകാലങ്ങള്‍-1

ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളി നമുക്കെല്ലാം പറഞ്ഞു പഴകിയൊരു തമാശയാണ്‌. പല പേരുകളില്‍ നാം വര്‍ഷങ്ങളായി അയാളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുന്നു. എന്നിട്ടും അയാള്‍ നമുക്ക് ഒരു മടുപ്പിക്കുന്ന കഥാപാത്രമായിട്ടില്ല. മലയാളിയുടെ ഒടുങ്ങാത്ത പ്രവാസമോഹത്തിന്റെ അതിശയോക്തി കലര്‍ന്ന ഉദാഹരണമായി അയാള്‍ ഇന്നും നമുക്കിടയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ മലയാളിയുടെ വര്‍ത്തമാനത്തിലും ഭൂതകാലത്തിലും മാത്രമല്ല, വരും കാലത്തിലും അയാള്‍ വിഹരിച്ചുകൊണ്ടേയിരിക്കും.

ഈ കഥയില്‍ തുടങ്ങിയത് രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഒന്നാമതായി തങ്ങളുടെ വരുംകാലം എങ്ങനെയെന്ന് മലയാളി ഏറെ മുന്‍പേ ചിന്തിച്ച് വച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാന്‍. അടുത്തത് പലരും പലതവണ ആവര്‍ത്തിച്ച് ക്ലീഷേയാക്കിയതുപോലെ എവിടെയും ചെന്നുപറ്റുന്ന മലയാളിയുടെ പ്രവാസജീവിതത്തിന്റെ ഗൌരവം ഓര്‍മ്മിപ്പിക്കാന്‍. രണ്ടായാലും വര്‍ത്തമാനത്തെയും വരും കാലത്തെയും ഒരുപോലെ കീഴ്പ്പെടുത്തി വയ്ക്കാന്‍ തനിക്കാവുമെന്ന് തെളിയിക്കുന്നു മലയാളിയാല്‍ തന്നെ രചിക്കപ്പെട്ട് പ്രസിദ്ധമാക്കപ്പെട്ട ഈ ഭാവനാവിലാസം.

വര്‍ത്തമാനകാലവും വരുംകാലവും എവിടെ വേര്‍തിരിക്കപ്പെടുന്നു എന്നൊരു ചിന്താക്കുരുക്ക് സ്വാഭാവികമാണ്. ഈ ചിന്താക്കുരുക്കിലാണ് മലയാളിയുടെ ഇന്നത്തെ ജീവിതം എന്നുവേണം പറയാന്‍. ഇല്ലത്തുനിന്ന് തിരിച്ചു എന്നാല്‍ അമ്മാത്തൊട്ടെത്തിയുമില്ല എന്ന നാടന്‍ ചൊല്ലിനെ അര്‍ഥവത്താക്കുന്ന വര്‍ത്തമാനത്തിലൂടെ കടന്നു പോകുന്നു നാം. എന്നാലോ അമ്മാത്തിനു മുന്‍പ് ചിലയിടങ്ങളില്‍ ഇടവാസം ആയിട്ടുണ്ട് താനും.
വര്‍‍ത്തമാനകാലവും ഭാവികാലവും പരിശോധിക്കും മുന്‍പ് നാം ഭൂതകാലത്തേക്ക് പോയി നോക്കണം. മലയാളി ഭാരതത്തിന്റെ ഇതരനാടുകളിലെ ജനവിഭാഗങ്ങള്‍ക്ക് സമാനനായിരുന്നിട്ടില്ല ഒരു കാലത്തും. രൂപത്തില്‍ നമുക്ക് ദ്രാവിഡകുലത്തില്‍ പെട്ട ദക്ഷിണേന്ത്യന്‍ ജനതയുമായി കുറെയൊക്കെ സാമ്യമുണ്ട്. വംഗനാടന്‍ ജനതയുമായി ഏറെക്കുറെ ഒത്തുപോകുന്ന രൂപമെന്നത് കഴിഞ്ഞാല്‍ ഭീമാകാരന്മാരായ ജാട്ട്, പഞ്ചാബ്, രജപുത്ര വിഭാഗങ്ങളോടോ മംഗോളിയന്‍ മുഖമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനക്കാരോടോ ഒന്നും മലയാളിക്ക് രൂപസാമ്യമില്ല. സംസ്കാരത്തിലാകട്ടെ മറ്റേതൊരു ജനതയെക്കാളും തികച്ചും വ്യത്യസ്തനാണ് മലയാളി. തമിഴന്റെ മൌലികവാദം എന്ന വിശേഷണം അര്‍ഹിക്കുന്ന അന്ധമായ ഭാഷാസ്നേഹമോ മറ്റു പലരിലും കണ്ടുപോരുന്ന സ്വഭാഷക്കാരോടുള്ള പരിഗണനയോ ഇല്ലാതെ ഏത് നാട്ടിലും ജീവിച്ചു പോകാവുന്ന തരത്തില്‍ സ്വയം പരുവപ്പെടുത്തിയെടുക്കാനും സ്വന്തം സ്വത്വത്തിനകത്ത് നിന്നുകൊണ്ടുതന്നെ മറ്റെല്ലാവരുമായി ബന്ധം പുലര്‍ത്താനും പറ്റിയ ശൈലി നാം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. വൈദേശിക വ്യാപാരബന്ധങ്ങള്‍ക്കും അധിനിവേശത്തിനും തുടക്കം കുറിച്ചത് മലയാളികളായതുകൊണ്ടുതന്നെ നമുക്ക് നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ വൈദേശിക സ്വാധീനം ജീവിതത്തില്‍ കൊന്ണ്ടുവരാന്‍ കഴിഞ്ഞിരുന്നു. അതാകട്ടെ നമ്മുടെ ജീവിതത്തെ മറ്റ് നാടുകളുടെ ജീവിത ശൈലിയുമായി പരിചയപ്പെടുത്തുകയും അവയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തുവെങ്കിലും അവയെ നമ്മുടേതാക്കി മാറ്റാന്‍ ഒരിക്കലും മലയാളി മെനക്കെട്ടില്ല. അതുപോലെതന്നെ നമ്മുടെ രീതികളെ അവര്‍ക്ക് പകര്‍ന്നുനല്‍കാനോ അവരുടേതിനെ പൂര്‍ണമായി നമ്മുടേതാക്കി മാറ്റാനോ നാം തയ്യാറായതുമില്ല. തികച്ചും വ്യതിരിക്തത സൂക്ഷിക്കാന്‍ മലയാളി എക്കാലത്തും ശ്രദ്ധിച്ചിരുന്നുവെന്നര്‍ത്ഥം. എന്തിനെയും സ്വീകരിക്കുകയും എന്നാല്‍ അവിടെയും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ചെയ്തു പോന്ന ഒരു പിടികൊടുക്കാ ജീവിയായിരുന്നു മലയാളി.

6 comments:

aniyans said...

ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളി നമുക്കെല്ലാം പറഞ്ഞു പഴകിയൊരു തമാശയാണ്‌. പല പേരുകളില്‍ നാം വര്‍ഷങ്ങളായി അയാളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുന്നു.

venu said...

അനിയന്‍സേ നല്ലൊരു നിര്‍വ്വചനം മലയാളിക്കു കൊടുക്കാന്‍ സാധിച്ചില്ലാല്ലോ...
ആ നിര്‍വചനാതീതനായ മലയാളിയെ കണ്ടെത്താന്‍ കഴിയട്ടെ .
പോസ്റ്റ്ര്നിക്കിഷ്ടപ്പെട്ടു.

വിവി said...

കൊള്ളാം അനു.എന്നാലും

മലയാളിയെ നന്നായി നിര്‍വചിക്കാന്‍ ശ്രമിച്ചിരിക്കുന്നു.
അതിനോട് യോജിക്കുന്നു.
“അവയെ നമ്മുടേതാക്കി മാറ്റാന്‍ ഒരിക്കലും മലയാളി മെനക്കെട്ടില്ല“ , “അവരുടേതിനെ പൂര്‍ണമായി നമ്മുടേതാക്കി മാറ്റാനോ നാം തയ്യാറായതുമില്ല“ എന്നീ വശങ്ങളില്‍ അല്പം വിയോജിക്കുകയും ചെയ്യുന്നു.

എന്നാ‍ല്‍ ഒരു കാര്യം ചോദിച്ചോട്ടെ, ഇന്ന് മലയാളിയ്ക്ക് അല്പമായെങ്കിലും ആ സത്വവും, മുഖവും, രൂപവും നഷ്ട്ടപ്പെട്ടിരിക്കുന്നു. IT പാര്‍ക്കിലും, വനങ്ങളിലും ഒന്ന് കയറി നോക്കു. മുഖ-ശരീരാദികള്‍ വെച്ച് മലയാളിയെ തിരഞ്ഞാല്‍ കണ്ടുപിടിക്കാനാകാത്ത അവസ്ഥയും സംജാതമായിക്കഴിഞ്ഞു

aniyans said...

ഇതിണ്റ്റെ ബാക്കിഭാഗം കൂടി വരും ദിവസങ്ങളില്‍ പോസ്റ്റ്‌ ചെയ്യാം. ഒറ്റയടിക്ക്‌ പോസ്റ്റാന്‍ പറ്റിയില്ല, ക്ഷമിക്കുക...

ദില്‍ബാസുരന്‍ said...

അനുച്ചേട്ടാ,
നിരീക്ഷണം അസ്സലായി.വിവി പറാഞ്ഞ കാര്യത്തില്‍ മാത്രം എനിയ്ക്കും അല്‍പ്പം വിയോജിപ്പുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു. :-)

Anonymous said...

malayaliyude nirvachanam yithonnumalla. sarikkulla nirbvachanam iniyumenthokkoyo aanu.