Saturday, March 24, 2012

അച്ഛനെയാണെനിക്കിഷ്ടം

അച്ഛന്‍ ഒരു അരാജകവാദിയായിരുന്നില്ല, എഴുത്തുകാരന്‍ തീരെ ആയിരുന്നില്ല. അല്ല, വേണമെങ്കില്‍ കണക്കെഴുത്തുകാരന്‍ എന്നുപറയാം. ഒരു സാധാരണ സര്‍വീസ് സഹകരണബാങ്കിലെ സെക്രട്ടറിയായിരുന്നു എനിക്ക് ഓര്‍മ്മവെക്കുമ്പോള്‍ മുതല്‍ അച്ഛന്‍. നാട്ടുകാര്‍ മുഴുവന്‍ വാര്യര്‍ സാര്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നയാള്‍.
കണക്കുകളില്‍ ജീവിച്ചിട്ടും ജീവിതത്തിന്റെ മുഴുവന്‍ കണക്കുകള്‍ തെറ്റിപ്പോയിരുന്നു അച്ഛന്. സത്യം പറഞ്ഞാല്‍ എഴുതിക്കൂട്ടുന്ന കണക്കുകളല്ല ജീവിതത്തിന്റെ കണക്കുകളെന്ന് അദ്യമായി ഞാന്‍ പഠിച്ചത് അച്ഛന്റെ ജീവിതത്തില്‍ നിന്നാണ്.
മൂന്നുവയസ്സില്‍ മുത്തശ്ശന്റെ മരണത്തിനുശേഷം കോട്ടയത്തെ തറവാട് വിട്ടുപോന്നതായിരുന്നു അച്ഛന്‍. കുറേക്കാലം അമ്മയുടെ ആങ്ങളക്കൊപ്പം ഏനാത്തെ വീട്ടില്‍. പിന്നെ അമ്പലങ്ങളിലെ മാലകെട്ടലും പഠനവുമൊക്കെയായി ഏതൊക്കെയോ ബന്ധുവീടുകളില്‍. ഏതായാലും സ്റ്റുഡന്റ്‌സ് ഫെഡറേഷനും ചെറുപ്പത്തിന്റെ ചൂടുമൊക്കെക്കൊണ്ട് ഡിഗ്രി പൂര്‍ത്തിയാക്കിയില്ല. എന്തൊക്കെയോ കേസുകളില്‍ പെട്ട് പിന്നെ നെയ്‌വേലിയിലോ മറ്റോ ഗാസ് ഫാക്ടറിയില്‍ ഫോര്‍മാനായി ഒളിച്ചുജീവിച്ച കഥയൊക്കെ പലപ്പോഴായി പറഞ്ഞുകേട്ടിട്ടുണ്ട്.
ഒരു റേഷന്‍കടയിലെ ഹെല്‍പ്പര്‍ സ്ഥാനത്തുനിന്നാണ് സഹകരണസംഘത്തിലെ ക്ലര്‍ക്കായി മാറിയത് എന്നാണ് പറഞ്ഞ ഓര്‍മ്മ. ജെഡിസി, എച്ച്ഡിസി തുടങ്ങിയ കോഴ്‌സുകളൊക്കെ കഴിഞ്ഞ് സംഘത്തിന്റെ സെക്രട്ടറിയാവുമ്പോഴേക്കും കല്യാണവും മൂന്നു മക്കളും ആയിക്കഴിഞ്ഞിരുന്നു.
കുറേയൊക്കെ പഴയ ഫ്യൂഡല്‍ സ്വഭാവങ്ങളുടെ ശേഷിപ്പുകളുണ്ടായിരുന്നു അച്ഛനില്‍. മുറ്റത്തെ പ്ലാവില്‍ നിന്നും ഒരു ചക്ക അടക്കാന്‍ പറയുമ്പോള്‍ ആ പ്ലാവിന്റെ കൊമ്പ് ഇങ്ങു വെട്ടിയിടാം എന്ന് പറയുമായിരുന്നുവെന്ന് അമ്മ ഇപ്പോഴും പറയുന്ന കാര്യമാണ്. എലിപ്പത്തായത്തിലെ ഉണ്ണിയെ കാണുമ്പോള്‍ ഇയാള്‍ക്ക് അച്ഛന്റെ എന്തൊക്കെയോ സ്വഭാവങ്ങള്‍ ഉണ്ടല്ലോയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
കടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു കഴിഞ്ഞ രണ്ടുദിവസങ്ങള്‍. ആ ചര്‍ച്ചകളില്‍ മുഴുവന്‍ സമയവും എന്റെ മനസ്സിലുണ്ടായിരുന്നത് അച്ഛനായിരുന്നു. കടങ്ങള്‍ വരുന്ന വഴിയും വീട്ടാന്‍ കഴിയായ്കയുടെ ബുദ്ധിമുട്ടുകളുമെല്ലാം കണ്ടും അനുഭവിച്ചും അറിഞ്ഞത് അച്ഛനില്‍ നിന്നായിരുന്നു. പലപ്പോഴും കടംകയറിയുള്ള കൂട്ട ആത്മഹത്യകളുടെ വാര്‍ത്തകള്‍ കാണുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ഞെട്ടലോടെ ഓര്‍ത്തിട്ടുണ്ട്, ഇത്തരം ഒരു വാര്‍ത്തയായി മാറിപ്പോകുമായിരുന്ന ജീവിതമായിരുന്നല്ലോ ഞങ്ങളുടേതുമെന്ന്.
കാടും പടലുമായ രണ്ടേമുക്കാല്‍ ഏക്കര്‍ പുരയിടവും അതിലെ ഓലപ്പുരയുമാണ് ഞങ്ങളുടെ ജീവിതത്തിന്റെ തുടക്കം. അതും കല്ലുവാതുക്കല്‍ നിന്നും രണ്ട് കിലോമീറ്ററോളം ഉള്ളില്‍. അച്ഛന്‍ ജോലിക്കാരെ നിര്‍ത്തി കാടുമുഴുവന്‍ വൃത്തിയാക്കി തെങ്ങിന്‍തൈ നട്ടു. അതും കുറേ കാശ് ചെലവാക്കിത്തന്നെ.
ആ കാശ് പക്ഷേ വേറൊരു സഹകരണബാങ്കില്‍ നിന്നുള്ള ലോണായിരുന്നു. തെങ്ങിന്‍തൈ വളര്‍ന്ന് തെങ്ങാവാനും അതില്‍ തേങ്ങ പിടിക്കാനും ഉള്ള സമയമൊന്നും ബാങ്ക്‌ലോണിനുണ്ടായിരുന്നില്ല. ലോണ്‍ വട്ടമെത്തിയപ്പോള്‍ ബാങ്ക് ജപ്തിക്കുവന്നു. അങ്ങനെ അച്ഛന്‍ കാടുവെട്ടി തെങ്ങിന്‍തൈ വച്ച രണ്ടേക്കര്‍ ബാങ്കിന്റെ വകയും പിന്നീട് ഞങ്ങളുടെ അയല്‍വാസിയുടെ വകയുമായി.
ബാക്കിയുള്ള മുക്കാലേക്കറോളം ഭൂമിയിലായിരുന്നു ഞങ്ങളുടെ പിന്നീടുള്ള ജീവിതം. ഏതാണ്ട് പതിനാറു വര്‍ഷക്കാലം ഞങ്ങളുടെ സ്വന്തമായിരുന്ന ഭൂമി. ആ പതിനാറു വര്‍ഷം കൊണ്ടാണ് അച്ഛന്റെ പ്ലാനിംഗില്ലായമയും കടക്കണക്കുകളും പെരുകിപ്പെരുകി വലുതായതും.
അച്ഛന്റെ പ്ലാനിംഗില്ലായ്മക്ക് ഒരു നല്ല ഉദാഹരണം പറയാം. വീടുപണി നടക്കുന്ന സമയം. വീടുപണി എന്നു പറഞ്ഞാല്‍ ഒറ്റത്തവണയായിട്ടൊന്നുമായിരുന്നില്ല അത് ഞങ്ങളുടെ വീടായത്. വില്‍ക്കുന്നതിന് അടുത്ത സമയം വരെ ആ വീട് പരിഷ്‌കരിച്ചുകൊണ്ടിരുന്നു.അച്ഛന്‍ രാവിലെ കുറേ പണിക്കാരെ നിര്‍ത്തിയ ശേഷം നേരേ സംഘത്തിലേക്ക് പോവും. അമ്മ പണിക്കാര്‍ക്കുള്ള ഭക്ഷണവും പശുക്കളെയും ഞങ്ങളെയും നോട്ടവും ഒക്കെയായി തിരക്കോട് തിരക്ക്. രാത്രി വൈകി വീട്ടില്‍ എത്തുമ്പോ അച്ഛന്‍ പണിയൊക്കെ നോക്കും. പിറ്റേന്ന് രാവിലെ പോകുന്നതിന് മുമ്പ് മേശരിയോട് തലേന്നുവച്ച കട്ടിളയും ജനലുമൊക്കെ ഇളക്കി മറ്റൊരിടത്ത് വക്കാന്‍ ചട്ടംകെട്ടി പോകും. ഇങ്ങനെയിങ്ങനെയായിരുന്നു വീടുപണി. അന്ന് ഭാഗ്യത്തിന് വാസ്തുവും അത്തരം തട്ടിപ്പുകളും വ്യാപകമായിട്ടില്ലായിരുന്നു.
അച്ഛന്‍ മദ്യപിക്കുമായിരുന്നില്ല. നന്നായി മുറുക്കുമായിരുന്നു. ബീഡിവലി കുറേക്കാലം ശീലമായിരുന്നുവെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു. ഇപ്പോ എന്റെ കാലില്‍ ഉരുണ്ടുകൂടുന്ന വെരിക്കോസ് വെയ്‌നിന്റെ ലക്ഷണങ്ങളെ നോക്കി ഇത് വല്ലാതെ കൂടുന്നു, വലി കുറക്കണമെന്ന് അച്ഛന്‍ പറയുമ്പോ ആദ്യം എന്റെ മനസ്സില്‍ എത്തുന്നത് അച്ഛന്‍ ബീഡിവലി നിര്‍ത്താന്‍ വേണ്ടി അമ്മ ഉണ്ടാക്കിയിരുന്ന വഴക്കുകളായിരുന്നു.
നാട്ടിന്‍പുറത്തെ അപൂര്‍വ്വം മാസശമ്പളക്കാരില്‍ ഒരാളുടെ എല്ലാ സൗകര്യങ്ങളും അച്ഛനും ലഭ്യമായിരുന്നു. അതിനുപുറമേ നാട്ടുകാര്‍ക്കെല്ലാം ലോണ്‍ കൊടുക്കുന്ന സംഘത്തിന്റെ സെക്രട്ടറി എന്ന സ്ഥാനവും. ഒരു കടയിലും പൈസ കൊടുത്ത് സാധനം വാങ്ങാറുണ്ടായിരുന്നില്ല ഞങ്ങള്‍. പറ്റുബുക്ക് എന്നുപറയുന്ന ഒരു ചെറിയ ബുക്കുണ്ടായിരുന്നു ഞങ്ങള്‍ക്ക് സാധനം വാങ്ങാന്‍. റേഷന്‍കടയില്‍ പോലും അതായിരുന്നു പതിവ്. മാസാമാസം കണക്ക് തീര്‍ക്കും എന്നാണ് വയ്പ്. പക്ഷേ അത് എല്ലാ മാസവുമൊന്നും നടക്കാറുണ്ടായിരുന്നില്ല.
അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം രാഷ്ട്രീയമായിരുന്നു. എത്ര ദേഷ്യത്തിലിരുന്നാലുംരാഷ്ട്രീയവിഷയങ്ങളിലെ എന്തെങ്കിലും ഒരു സംശയം ചോദിച്ചാല്‍ മതി അച്ഛന്‍ ദേഷ്യം മാറി സാധാരണനിലയിലേക്കെത്താന്‍. എനിക്ക് ഓര്‍മ്മയാവുമ്പോഴേക്കും അച്ഛന്‍ സിപിഐ ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് പോയിരുന്നു. എന്നിട്ടും ഞങ്ങള്‍ മക്കള്‍ ഇടതുപക്ഷത്തേക്ക് തിരിഞ്ഞപ്പോള്‍ അച്ഛന്‍ അതിനെ ദേഷ്യമൊന്നും കൂടാതെ സ്വീകരിച്ചു.
കടങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടുപോകുന്നത് എന്ന് ഞങ്ങള്‍ അറിഞ്ഞതേയില്ല. അമ്മയോടുപോലും അതൊന്നും സംസാരിക്കാത്തതാണ് അച്ഛന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കടങ്ങളുടെ ഗൗരവാവസ്ഥ വീട്ടില്‍ അറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു.അന്നേേത്തക്ക് പ്രതിസന്ധി ഏറെ രൂക്ഷമായി. റേഷന്‍കടയിലെ കടം കൊടുത്തുതീര്‍ക്കാഞ്ഞിട്ട് അച്ഛന്റെ കൂട്ടുകാരന്‍ കൂടിയായിരുന്ന കടമുതലാളി അച്ഛനെ വഴിയില്‍ പിടിച്ചുനിര്‍ത്തിയതോടെയാണ് പ്രശ്‌നം വീട്ടില്‍ അറിഞ്ഞത്. അധികം വൈകാതെ രാഷ്ട്രീയപ്രശ്‌നങ്ങളില്‍പ്പെട്ട് ഓഫീസില്‍ നിന്നും സസ്‌പെന്‍ഷനുമെത്തി. ഒരു വര്‍ഷത്തോളം സസ്‌പെന്‍ഷന്‍ തുടര്‍ന്നു.
ഇതിനിടയിലെപ്പോഴോ ഇത്തിക്കരയിലെ റൂറല്‍ ഹൗസിംഗ് സൊസൈറ്റിയില്‍ നിന്ന് എടുത്ത ഒരുലക്ഷം രൂപയുടെ ലോണ്‍ ഇരട്ടിയിലധികമായി വളര്‍ന്നിരുന്നു. എല്ലാ പ്രതിസന്ധികളും ഒരുമിച്ച് എന്നുപറയാവുന്ന സ്ഥിതി. മറ്റ് കടങ്ങളും വട്ടിപ്പലിശകളുമെല്ലാം പുറമേ. അഞ്ചുരൂപ പലിശക്കെടുത്ത കടം വീട്ടാന്‍ പത്തുരൂപ പലിശക്ക് വീണ്ടും കടമെടുക്കുന്ന സ്ഥിതി. ഭക്ഷണത്തിന്റെയും അത്യാവശ്യം പഠന സാമഗ്രികളുടെയും കാര്യമൊഴിച്ചാല്‍ ആഡംബരങ്ങളൊന്നുമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. എന്നിട്ടും കടങ്ങള്‍ പെരുകിക്കൊണ്ടിരുന്നു. ഈ പ്രതിസന്ധികാലത്താണ് കെ.എസ്.എഫ്.ഇയില്‍ നല്‍കിയ ചിട്ടികള്‍ പിടിച്ച് അത്യാവശ്യകടങ്ങളെങ്കിലും തീര്‍ക്കാന്‍ അച്ഛന്‍ ശ്രമിച്ചത്. പക്ഷേ സര്‍ക്കാരുദ്യോഗസ്ഥരുടെ സാലറി സര്‍ട്ടിഫിക്കറ്റ് എന്ന തടസ്സത്തില്‍തട്ടി ആ ശ്രമങ്ങളും മുന്നോട്ടുപോകാതെ നിന്നു. സര്‍ക്കാര്‍ജോലിയുള്ള പല അടുത്ത ബന്ധുക്കളെയും അച്ഛന്‍ ഇക്കാര്യം പറഞ്ഞ് സമീപിച്ചുനോക്കിയെങ്കിലും എല്ലാം പരാജയമായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ഒഴികഴിവുകള്‍.
നാലുവര്‍ഷങ്ങളോളം പ്രതിസന്ധി അതിരൂക്ഷമായിത്തന്നെ മുന്നോട്ടുപോയി. അപ്പോഴേക്കും പല ജോലിപരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട് ഞാന്‍ കൊല്‍ക്കത്തയില്‍ ജോലിചെയ്യുന്ന അമ്മാവന്റെയടുത്തേക്ക് പോയി. അതുകൊണ്ടുതന്നെ വിട് വിറ്റപ്പോള്‍ ഞാന്‍ നാട്ടിലില്ലാതെ രക്ഷപ്പെട്ടു. ഒരു കൊല്‍ക്കത്ത യാത്രക്കുശേഷം നാലു മാസം കഴിഞ്ഞ് ഞാന്‍ തിരിച്ചുവന്നപ്പോഴേക്കും സരോജ്ഭവന്‍ എന്ന ഞങ്ങളുടെ വീട്ടുപേര് സരസ്വതിമന്ദിരം എന്ന വാടകവീടിന്റേതായി മാറിയിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം വീട് വാങ്ങുമ്പോള്‍ അതിന് ചെരാത് എന്നു പേരിട്ടു. വീണ്ടും പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ചേച്ചി വാങ്ങിയ വീട്ടിലൂടെയാണ് സരോജ്ഭവന്‍ എന്ന വീട്ടുപേര് തിരിച്ചുപിടിച്ചത്.
അച്ഛന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് ഞാന്‍ പിന്നീട് പലതവണആലോചിച്ചിട്ടുണ്ട്. അതിന്റെ പത്തിലൊന്ന് പ്രതിസന്ധിയിലെത്തുമ്പോള്‍ തലവേദനയും മൈഗ്രയ്‌നുമായി തളര്‍ന്നുവീഴുന്ന എനിക്ക് ഇത്തിരിയെങ്കിലും ധൈര്യം തന്നുപോന്നത് അച്ഛന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണ്. 

8 comments:

സുഗന്ധി said...

പച്ച കവറുള്ളൊരു പറ്റുബുക്കിന്റെ ഓർമ്മയിൽ....പിന്നെയും തികട്ടുന്ന പലതിന്റെയും ഓർമ്മയിൽ..അച്ഛനെയാണെനിക്കിഷ്ടം!

nattapiranthan I said...

ജീവിതം തന്നെയാന്നു ഏറ്റവും വലിയ സ്കൂളല്ലേ അനു.

Muralikrishna Maaloth said...

..................

jijii said...

ormakalil achanippazhum jeevikkunnu, oonum chodikkendi vannittilla onnum, chodikkathe ellam kittiyirunnu, innu aalochikumbo engane 15 roopa divasa shambalakaraya acchan engane ithokek cheythu, orikkal polum illa ennu parayahtirunnathu enthukondayirikkum? acchande shabdatharavaliyil illa enna vakku illayirunnu- anu ithupoleyulla acchanmar athanneyanu namukku jeevikkan dhiryam tharanthu alle

kARNOr(കാര്‍ന്നോര്) said...

കയത്തില്‍ വലയിട്ട് ചുരുക്കി വലിക്കുന്നവന്റെ വിഷമം നിനക്കു മനസ്സിലാവൂലയെന്ന് എന്റെ അമ്മ എപ്പോഴും പറയും..

Anu Warrier said...

http://apurvas.blogspot.com/2007/01/blog-post_07.html
ഒരു കൂട്ടിച്ചേര്‍ക്കല്‍..

റിനി ശബരി said...

അനൂ .. കൂട്ടുകാരന്‍ എന്റേ
പെറ്റമ്മയായ കൊല്ലം കാരനെന്ന്
വരികളിലൂടെ അറിയുന്നു ,
എന്റേ തറവാട് കല്ലുവാതുക്കലിനടുത്താണ്..
സംശയം വന്നു വരികളിലേക്ക് ഇറങ്ങുമ്പൊള്‍ ദുരീകരണമായി ഇത്തിക്കരയും വന്നു ,
അപ്പൊള്‍ അതും തീര്‍ന്നു ..
അവസ്സാന വരികളില്‍ ഇന്നിന്റെ എല്ലാം ഉണ്ട് അനു .ഒരു ചെറിയ വിഷമം പോലും നമ്മുക്ക് താങ്ങാന്‍ ആകുന്നില്ല
പതറി പൊകുന്നു നാം ,അഭയമായീ ആത്മഹത്യയിലേക്ക് ചേക്കെറുന്നു ..
മുന്നില്‍ അച്ഛന്‍ കൊറുത്തു വച്ച പാഠങ്ങള്‍
വിളക്കായി തെളിയുമ്പൊഴും നാം പകച്ചു പൊകുന്നു , തളരുന്നു ..
ഒരു ജീവിതമാണ് മിത്രം പച്ചയായ് വരച്ചിട്ടത് ..
എന്റെ , നിന്റെ ,നമ്മുടെയൊക്കെ ജീവിതത്തിന്റെ
കൈവഴികളിലൂടെ പച്ചയായ് , ലളിതമായി തൊട്ട് പൊയി അത് ..
അടിസ്സ്ഥാനമില്ലാത്ത ആശയങ്ങളിലൂടെ കടകെണികളിലേക്ക് നടന്നു കേറുമ്പൊഴും മനസ്സില്‍ സ്വരു കൂട്ടി വച്ച ആത്മ ധൈര്യവും
ദൈവ കടാക്ഷവും കൊണ്ടു ഇന്നു ജീവിതത്തിന്റെ ഒരറ്റത്ത് എത്തി നില്‍ക്കുമ്പൊള്‍ , പിന്നിലേക്ക് ഒന്നു എത്തി നോക്കുമ്പൊള്‍
കരള്‍ ഒന്നു വിങ്ങുന്നുണ്ടല്ലേ .. എവിടെയോ ഒരു നോവിന്റെ പ്രതലം മൂടുന്നുണ്ട് .. നടന്നു വന്ന കനല്‍ വഴികളില്‍ കാണാം ഇന്നും പാദങ്ങളുടെ പൊള്ളലിന്‍ പാടുകള്‍ ..ഇന്നിന്റെ നേരുകളില്‍ തളരാതെ ജീവിക്കുവാന്‍ നമ്മുക്കാകട്ടെ ..
അച്ഛനെ എങ്ങനെ സ്നേഹികാതിരിക്കും ..
സ്നേഹപൂര്‍വം.. റിനി ..

ഗൗരിനന്ദന said...

എനിക്കും അച്ഛനെ തന്നെയാണിഷ്ടം.. ഏതൊരു അച്ഛനോര്‍മ്മയും കണ്ണു നനയാതെ വായിച്ചു തീരില്ല താനും..:)