Sunday, January 29, 2012

പറന്നുയരുന്ന വിവാദം

രണ്ടു വര്‍ഷം മുന്‍പെഴുതിയ ഒരു റിപ്പോര്‍ട്ട് ..

വിമാനത്താവളങ്ങളുടെ എണ്ണം ഒരു നാടിന്റെ പുരോഗതിയുടെ അളവുകോലാകുന്ന കാലം എത്തിയാല്‍ കേരളം ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടും പിന്നിലാകില്ല എന്നത് ഉറപ്പാണ്. കണ്ണൂരില്‍ വരാനിരിക്കുന്ന വിമാനത്താവളം കൂടിയാകുമ്പോള്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാകും കേരളത്തിന് സ്വന്തമാവുക. വാഹനങ്ങള്‍ക്ക് ഓടാന്‍ കുഴികളില്ലാത്ത റോഡുകളൊന്നുമില്ലെങ്കിലും വിമാനയാത്രയുടെ കാര്യത്തില്‍ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ഇവക്ക് പുറമെയാണ് കേരളത്തിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം ആറന്മുളയില്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കാത്ത് നിര്‍മ്മാണത്തിന് തയ്യാറായി കിടക്കുന്നത്. എന്നാല്‍ മറ്റേതൊരു വമ്പന്‍ പദ്ധതിയെയുമെന്നപോലെ ആറന്മുള വിമാനത്താവളപദ്ധതിയും വിവാദക്കുരുക്കില്‍ത്തന്നെയാണ്.
തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍നിന്നും കഷ്ടിച്ച് 130 കിലോമീറ്റര്‍ വീതം അകലത്തിലാണ് ആറന്മുളയില്‍ നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടിന് സ്ഥാനം കണ്ടിരിക്കുന്നത്. 600 കിലോമീറ്റര്‍ ഭൂമിയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന വിമാനത്താവളത്തിനുവേണ്ടി 450 ഏക്കറോളം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. മധ്യതിരുവിതാംകൂറില്‍ നിരവധി സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന മൗണ്ട് സിയോണ്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചെന്നൈ ആസ്ഥാനമാക്കിയുള്ള കെജിഎസ് ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുമായിച്ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ നോര്‍ക്കയും (സര്‍ക്കാര്‍ ഏജന്‍സിയല്ല) മൗണ്ട് സിയോണ്‍ ട്രസ്റ്റും ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനവും അനില്‍ അംബാനി ഗ്രൂപ്പിന് 250 കോടിരൂപയോളം ഓഹരി പങ്കാളിത്തമുള്ള കുമരന്‍ -ജിജി -ഷണ്‍മുഖം ഗ്രൂപ്പ് എന്ന കെജിഎസ് ഗ്രൂപ്പും സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍ഫ്രയും ചേര്‍ന്നാണ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുകയെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു. മൂന്നുവര്‍ഷം കൊണ്ട് എ-300 എയര്‍ബസിന് ഇറങ്ങാന്‍ പറ്റിയ വിമാനത്താവളം നിര്‍മ്മിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.
ആറന്മുളയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതിന്റെ സാദ്ധ്യതയെക്കുറിച്ച് പഠിക്കാന്‍ കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയത്. സാമ്പത്തികമായും പാരിസ്ഥിതികമായും അനുകൂലമായ റിപ്പോര്‍ട്ടാണ് കിറ്റ്‌കോ നല്‍കിയത്. ജനസംഖ്യയില്‍ നല്ലൊരുഭാഗം വിദേശമലയാളികളുള്ള മധ്യതിരുവിതാംകൂറില്‍ ഒരു എയര്‍പോര്‍ട്ട് വരുന്നതിലൂടെ നാല് ജില്ലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് പുറമേ വിനോദസഞ്ചാരമേഖലക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കും പുതിയ വിമാനത്താവളം വരുന്നതോടെ സൗകര്യമേറുമെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.ടി. നന്ദകുമാര്‍ ഐപിഎസ് പറയുന്നു.
മൗണ്ട് സിയോണ്‍ ട്രസ്റ്റിന്റെ ചെയര്‍മാനായ കെ.ജെ. എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം മുമ്പാണ് ആറന്മുള എയര്‍പോര്‍ട്ട് എന്ന ആശയത്തിന് തുടക്കമാകുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കടമ്മനിട്ടയിലും ചെങ്ങന്നൂരും എഞ്ചിനീയറിംഗ് കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്. സ്വകാര്യവിമാനത്താവളത്തിനായി പാടശേഖരങ്ങളള്‍പ്പെടെയുള്ള ഭൂമി ട്രസ്റ്റിന്റെ പേരില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ആ ഭൂമിയിലുണ്ടായിരുന്ന 14 ഏക്കറോളം വിസ്തൃതിയുള്ള കുന്നിടിച്ച് നിലം നികത്താന്‍ തുടങ്ങിയപ്പോള്‍ കര്‍ഷകത്തൊഴിലാളിയൂണിയന്റെയും പ്രാദേശിക സിപിഎം നേതാക്കളുടെയും എതിര്‍പ്പ് നേരിടേണ്ടിവന്നുവെങ്കിലും ക്രമേണ ആ എതിര്‍പ്പുകള്‍ ഇല്ലാതായി. ട്രസ്റ്റിനനുകൂബലമായി കോടതിവിധി ഉണ്ടായെന്നും അതുമൂലമാണ് വയല്‍ നികത്തലിനെ പിന്നീട് എതിര്‍ക്കാഞ്ഞതെന്നും സിപിഎം എംഎല്‍എയായ കെ.സി.രാജഗോപാല്‍ പറയുന്നു. എന്നാല്‍ ഈ വിഷയം ഇതുവരെയും കോടതിയില്‍ എത്തിയിട്ടേയില്ലെന്നാണ് നന്ദകുമാര്‍ വ്യക്തമാക്കുന്നത്. ഏതായാലും സിപിഎമ്മിന്റെ എതിര്‍പ്പ് ഇല്ലാതായതോടെ ഭൂമി വാങ്ങലും നിലം നികത്തലും തുടര്‍ന്നു. നൂറേക്കറോളം പാടം നികത്തി റണ്‍വേക്കുള്ള സ്ഥലം തയ്യാറാക്കിക്കഴിഞ്ഞു.
ഇതിനിടയിലാണ് അമേരിക്കന്‍ മലയാളികളുടെ സംഘടനയായ നോര്‍ക്കയുടെയും ഫൊക്കാനയുടെയും നാട്ടിലെ പ്രമുഖരുടെയും സഹകരണത്തോടെ ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയത് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന്‌കോടി രൂപയുടെ പ്രഖ്യാപിത മൂലധനത്തോടെയാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഏതാണ്ട് നാല്‍പ്പത് ലക്ഷം രൂപ സമാഹരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. എബ്രഹാം കലമണ്ണില്‍  ഉള്‍പ്പെടെ 12 ഡയറക്ടര്‍മാരായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്. ഫൊക്കാനയിലെ അംഗങ്ങളില്‍ നിന്നും അമേരിക്കന്‍ മലയാളികളുടെ മറ്റ് സംഘടനകളില്‍ നിന്നും മൂലധനം കണ്ടെത്താനായിരുന്നു പദ്ധതിയെങ്കിലും അത് വിജയിച്ചില്ല. ചില പ്രഖ്യാപനങ്ങളും വാര്‍ത്താസമ്മേളനങ്ങളും നടത്തി എയര്‍പോര്‍ട്ട് വരുന്ന കാര്യം പ്രഖ്യാപിച്ചെങ്കിലും കാര്യങ്ങള്‍ പിന്നീട് മുന്നോട്ടുപോയില്ല. ആറന്മുള ഏവിയേഷന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ക്രമേണ മൂന്ന് അംഗങ്ങള്‍ മാത്രമായി. ഈ സന്ദര്‍ഭത്തിലും മൗണ്ട് സിയോണ്‍ ട്രസ്റ്റ് എയര്‍പോര്‍ട്ടിനായി സ്ഥലം വാങ്ങിക്കൊണ്ടിരുന്നു. ഡയറക്ടര്‍മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളാണ് ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് പ്രതീക്ഷിച്ചത്ര മുന്നോട്ടുപോകാതിരിക്കാന്‍ കാരണമെന്ന് ഒരു ഡയറക്ടര്‍ബോര്‍ഡ് അംഗം ചൂണ്ടിക്കാട്ടുന്നു. “മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള തുടക്കത്തിലെ ആവേശത്തിനപ്പുറം ഡയറക്ടര്‍ബോര്‍ഡിലുണ്ടായിരുന്ന പലരും പിന്നീട് കമ്പനിയുടെ കാര്യത്തില്‍ താല്‍പ്പര്യം കാട്ടിയില്ല. പണം നിക്ഷേപിക്കാത്ത ഡയറക്ടര്‍മാര്‍ പോലുമുണ്ടായിരുന്നു. ഫൊക്കാനയുടെ നേതൃത്വത്തില്‍ പണം സമാഹരിക്കാമെന്ന് ചിലര്‍ പദ്ധതിയിട്ടിരുന്നതും നടപ്പായില്ല. അതിനിടെ 25 കോടി രൂപ നല്‍കി 200 ഏക്കര്‍ ഭൂമി വാങ്ങാമെന്ന കരാറില്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഒരു വ്യവസായി എത്തിയെങ്കിലും അദ്ദേഹവും അഡ്വാന്‍സ് നല്‍കിയ ഒന്നേകാല്‍ കോടിക്കപ്പുറം ഭൂമി വാങ്ങാന്‍ പണം നല്‍കിയില്ല.” അദ്ദേഹം പറയുന്നു.
ഇത്രയും സംഭവങ്ങള്‍ക്ക് ശേഷമാണ് എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന്റെ ചുമതല കെജിഎസ് ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്ക് നല്‍കുന്നത്. എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിനായി രൂപീകരിച്ച ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ഇപ്പോള്‍ വലിയ റോളൊന്നുമില്ല. പുതിയ കമ്പനിയില്‍ ഏതാനും ഓഹരികള്‍ കിട്ടുന്നതിലൊതുങ്ങും ആറന്മുള ഏവിയേഷന്‍ ലിമിറ്റഡിന്റെ റോള്‍. ഭൂമിയുടെ ഉടമയായ മൗണ്ട് സിയോണ്‍ ട്രസ്റ്റും ഡെവലപ്പേഴ്‌സായ കെജിഎസും കഴിഞ്ഞാലേ ആറന്മുള ഏവിയേഷന് സ്ഥാനമുള്ളൂ. പോരെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍ഫ്രയോട് സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. കിന്‍ഫ്ര സഹകരണത്തിന് തയ്യാറായാല്‍ നിശ്ചിത ശതമാനം ഓഹരികള്‍ അവര്‍ക്കും നല്‍കേണ്ടിവരും.
ഇതൊക്കെ നടക്കണമെങ്കില്‍ കേരളസര്‍ക്കാരിന്റെ എന്‍.ഓ.സി ലഭിക്കണം എന്നതാണ് പ്രധാനകാര്യം. എന്നാല്‍ ആറന്മുള എയര്‍പോര്‍ട്ടിന് എന്‍ഒസി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ ഇപ്പോഴും ഏകാഭിപ്രായമില്ല. കമ്പനി നടത്തിയ നിയമലംഘനങ്ങളില്‍ റവന്യൂമന്ത്രാലയത്തിന് അമര്‍ഷമുണ്ടെങ്കിലും മറ്റ് വകുപ്പുകള്‍ക്ക് അത്രത്തോളം വിരോധമില്ല. ഏകജാലകത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇപ്പോള്‍ ആറന്മുള എയര്‍പോര്‍ട്ടിന്റെ നീക്കങ്ങള്‍ മുന്നോട്ടുപോകുന്നത്. സിപിഎമ്മിലെ ഒരു വിഭാഗാകട്ടെ എയര്‍പോര്‍ട്ടിന് സര്‍വാത്മനാ പിന്തുണയേകുന്നുമുണ്ട്.
നിലം നികത്തല്‍ തന്നെയാണ് കമ്പനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പ്രധാനം. വന്‍തോതില്‍ വയല്‍ നികത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണ് മൗണ്ട് സിയോണ്‍ ട്രസ്റ്റ് നൂറേക്കറോളം വയല്‍ നികത്തിയത്. ഇതിനെതിരെ തുടക്കത്തില്‍ ശബ്ദമുയര്‍ത്തിയവരെല്ലാം പല കാരണങ്ങള്‍ കൊണ്ട് പിന്നീട് നിശബ്ദരാവുകയായിരുന്നു. നാട്ടില്‍ വികസനം വരുന്നതിന് എതിരുനില്‍ക്കുന്നു എന്ന അപഖ്യാതി ഏല്‍ക്കാന്‍ കഴിയാത്തതാണ് കാരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ. പറയുമ്പോള്‍ നിയമാനുസരണം തന്നെയാണ് കമ്പനി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയതെന്ന് കെ.സി.രാജഗോപാല്‍ എം.എല്‍എ. പറയുന്നു. സെന്റിന് 300 രൂപ മുതല്‍ നല്‍കി വാങ്ങിയ സ്ഥലമാണ് മൗണ്ട് സിയോണ്‍ ട്രസ്റ്റ് ഇപ്പോള്‍ 100 മടങ്ങിലേറെ വിലയ്ക്ക് എയര്‍പോര്‍ട്ടിനായി ഒരുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എയര്‍പോര്‍ട്ട് കമ്പനിക്ക് ഭൂമി കൈമാറി ആ തുകക്കുള്ള ഓഹരികള്‍ സ്വന്തമാക്കുവാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. എന്നാല്‍ ഭൂമി എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സിന് കൈമാറാന്‍ നിയമപ്രകാരം ഇപ്പോഴും ട്രസ്റ്റിന് കഴിയില്ല. ഭൂപരിധി നിയമമാണ് അതിന് പ്രധാനമായും തടസ്സം നില്‍ക്കുന്നത്. കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിക്കാതെ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വക്കാന്‍ കഴിയില്ല. ട്രസ്റ്റുകള്‍ക്ക് ആ നിബന്ധന ബാധകമല്ല താനും. എന്നാല്‍ ട്രസ്റ്റുകളുടെ പേരില്‍ പരിധിയില്‍ കവിഞ്ഞ സ്വത്തുക്കള്‍ കൈവശം വക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു. അത്തരത്തില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ആറന്മുള എയര്‍പോര്‍ട്ടിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാവും. ഇതിനെതിരെ ട്രസ്റ്റ് ചെയര്‍മാന് സ്വാധീനമുള്ള ഭരണപക്ഷത്തിലെ ഒരു ഘടകകക്ഷിയുടെ സഹായവും ട്രസ്റ്റ് തേടിയിട്ടുണ്ട്.
പത്ത് വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടന്ന വയലാണ് തങ്ങള്‍ നികത്തിയതെന്ന് പി.ടി.നന്ദകുമാര്‍ പറയുന്നു. “ആയിരക്കണക്കിന് ഏക്കര്‍ വയല്‍ നികത്തിയാണ് നെടുമ്പാശ്ശേരിയില്‍ എയര്‍പോര്‍ട്ട് സ്ഥാപിച്ചത്. അന്ന് സ്വന്തം ശവത്തിലൂടെയല്ലാതെ എയര്‍പോര്‍ട്ട് നിര്‍മ്മാണം നടക്കില്ലെന്ന് വാശിപിടിച്ചവര്‍ ഇപ്പോള്‍ ആ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഇവിടെ ഉപയോഗശൂന്യമായി കിടന്ന വയലാണ് നികത്തിയത്. ഇത്തരം ഒരു വികസനം വരുമ്പോള്‍ കണ്ണുമടച്ച് അതിനെ എതിര്‍ക്കുന്നതിനുപകരം ക്രിയാത്മകമായി പിന്തുണക്കുകയാണ് വേണ്ടത്. ഒരുതരത്തിലുമുള്ള പാരിസ്ഥിതിക പ്രശ്‌നം ഈ എയര്‍പോര്‍ട്ട് മൂലം ഉണ്ടാകില്ലെന്ന് കിറ്റ്‌കോ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിക്കാന്‍ പോകുന്നത് പൂര്‍ണ്ണമായും പാരിസ്ഥിതിക സൗഹൃദം ഉറപ്പുവരുത്തുന്ന എയര്‍പോര്‍ട്ടാണ്. നാനൂറ് ഏക്കറിലേറെ വയല്‍ നികത്തിയെന്നുവരെ മാധ്യമങ്ങള്‍ ആരോപിച്ചു. റണ്‍വേക്ക് വേണ്ടിയുള്ള വയല്‍ മാത്രമാണ് ഇവിടെ നികത്തിയിട്ടുള്ളത്. ചെളിവെള്ളത്തില്‍ വിമാനമിറങ്ങാന്‍ കഴിയില്ലല്ലോ,” നന്ദകുമാര്‍ പറയുന്നു. വയല്‍നികത്തിയത് നിയമപരമാക്കിത്തരാന്‍ തങ്ങള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാല്‍ വയല്‍ എന്നത് കൃഷിസ്ഥലം മാത്രമല്ലെന്നും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ വയല്‍ നികത്തുന്നത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നും റവന്യൂ മന്ത്രാലയത്തിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. “വീട് നിര്‍മ്മിക്കാന്‍ വേണ്ടി അനുമതിയില്ലാതെ പത്ത് സെന്റില്‍ താഴെ വയല്‍ നികത്തുന്നവര്‍ക്കുപോലും നിയമനടപടി നേരിടേണ്ടിവരും. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമായ നിലപാട് സ്വീകരിപ്പിച്ചാണ് ആറന്മുളയില്‍ വയല്‍ നികത്തിയിട്ടുള്ളത്. വയല്‍ നികത്തിയശേഷം അത് നിയമപരമാക്കി നല്‍കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പറയുന്നത് ഒരിക്കലും സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമപരമാക്കി നല്‍കാനും കഴിയില്ല,” അദ്ദേഹം വ്യക്തമാക്കുന്നു.
കിന്‍ഫ്രയുടെ കൂടി പങ്കാളിത്തത്തോടെയാകും എയര്‍പോര്‍ട്ട് നിര്‍മ്മിക്കുകയെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കാളിത്തവുമില്ലെന്ന് കിന്‍ഫ്ര വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് നന്ദകുമാര്‍ പറയുന്നത് ഇക്വിറ്റി പാര്‍ട്ടിസിപ്പേഷനുവേണ്ടി തങ്ങള്‍ കിന്‍ഫ്രയെ സമീപിച്ചിട്ടുണ്ടെന്നും ഉടന്‍ അനുകൂല മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ്.
ഏതെങ്കിലും പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനും ജനങ്ങളെ കുടിയൊഴിപ്പിക്കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നിരിക്കെ ഇത്രയേറെ ഭൂമി ട്രസ്റ്റ് സ്വന്തമാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ ഇതുവരെയും ഒരൊറ്റയാളെപ്പോലും കുടിയൊഴിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് കമ്പനി സി.ഇ.ഒ അവകാശപ്പെടുന്നത്. ട്രസ്റ്റ് ഭൂവുടമകളില്‍നിന്നും ഭൂമി വാങ്ങുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിയമപരമായും സുതാര്യതയോടും കൂടിത്തന്നെയാണ് കമ്പനി ഇതുവരെയും പ്രവര്‍ത്തിച്ചുപോരുന്നത്. അതിനെ തകിടം മറിക്കാനുള്ള മൗലികവാദപരമായ നിലപാടാണ് ചിലര്‍ സ്വീകരിച്ചിട്ടുള്ളത്. എന്തുവന്നാലും കണ്ണടച്ചെതിര്‍ക്കുന്ന ഈ പ്രവൃത്തികള്‍ കേരളത്തിലേക്ക് എത്തുന്ന വിദേശ നിക്ഷേപകരെ ആട്ടിയോടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വനം പരിസ്ഥിതി വകുപ്പില്‍ നിന്നും അടക്കമുള്ള അനുമതി ഇതിനകം ലഭിച്ചുകഴിഞ്ഞുവെന്ന് നന്ദകുമാര്‍ പറയുന്നു. സംസ്ഥാനസര്‍ക്കാരില്‍ നിന്നും എന്‍ഒസി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം ആഭ്യന്തര സര്‍വീസുകളോടെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിയമലംഘകര്‍ക്ക് പച്ചക്കൊടി കാട്ടുക അത്ര എളുപ്പമല്ലെന്ന നിലപാടിലാണ് റവന്യൂവകുപ്പ്. അതേസമയം തന്നെ ഒരു സിപിഐ മന്ത്രിയുടെയും കേരള കോണ്‍ഗ്രസിന്റെയും ചില സിപിഎം നേതാക്കളുടെയും ഉള്‍പ്പെടെ അനുഗ്രഹത്തോടെ മുന്നോട്ടപോകാന്‍ തന്നെയാണ് കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ തീരുമാനം. തൊട്ടടുത്തുതന്നെയുള്ള മൗണ്ട് സിയോണ്‍ എഞ്ചിനീയറിംഗ് കോളജിലെ എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഏവിയേഷന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. നിയമലംഘനങ്ങളുടെ വിവാദക്കുരുക്ക് മുറുകുമ്പോഴും ശുഭാപ്തി വിശ്വാസത്തോടുകൂടിത്തന്നെയാണ് കമ്പനി മുന്നോട്ടുപോകുന്നത്. വരുംനാളുകളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് ആറന്മുള എയര്‍പോര്‍ട്ട് പ്രേരകമാകുമെന്നാണ് ഇപ്പഴുള്ള സൂചനകള്‍.

No comments: