Thursday, January 05, 2012

മരണങ്ങളുടെ പുസ്തകം (സാക്ഷ്യം)

അപ്പൂപ്പന്‍ മരിക്കുന്നത് ഒരു പഴയ അംബാസഡര്‍ കാറിന്റെ പിന്‍സീറ്റില്‍ കിടന്നാണ്. ഒരാശുപത്രിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രക്കിടയിലായിരുന്നു അത്. ഒരു കര്‍ക്കിടക വാവിന്റെ രാത്രിയില്‍. പിറ്റേന്ന് ബന്ത് ദിവസമായിരുന്നു. ആ കാറിന്റെ മുന്‍സീറ്റില്‍ ഞാനുമുണ്ടായിരുന്നു.
ഒരു മരണത്തോട് ആദ്യമായി ഏറ്റവുമടുത്ത് നില്‍ക്കുന്നത് അന്നാണ്. അമ്മയുടെ അച്ഛനാണ് അപ്പൂപ്പന്‍. അച്ഛന് മൂന്ന് വയസ്സ് കഴിഞ്ഞപ്പോഴേക്കും അച്ഛന്റെ അച്ഛന്‍ മരിച്ചിരുന്നു. അതുകൊണ്ട് എനിക്ക് അപ്പൂപ്പനായി ഉണ്ടായിരുന്നത് കൊട്ടറ വാര്യത്ത് ബാലകൃഷ്ണവാര്യര്‍ എന്ന പഴയകാല ജന്മി മാത്രമായിരുന്നു. പഴയകാല ജന്മി എന്നത് പറഞ്ഞുമാത്രം കേട്ടിട്ടുള്ള കഥയുടെ ഭാഗമാണ്.  സ്വന്തമായി ഒരുതരി മണ്ണ് പോലും ബാക്കിയില്ലാത്ത ജന്മനാട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞുന്നാള്‍ മുതല്‍ അമ്മ ചൂണ്ടിക്കാട്ടിത്തരാറുള്ള കണ്ണെത്താത്ത ദൂരത്തെ പാടങ്ങളുടെയും പറമ്പിന്റെയും അമ്പലത്തിന്റെയും ഒക്കെ അധിപതിയായി ഞാന്‍ അപ്പൂപ്പനെ കണ്ടിട്ടില്ല. എനിക്ക് ഓര്‍മ്മ വച്ചപ്പോഴേക്കും വാടക വീടിന്റെയും പിന്നീട് ഓല മേഞ്ഞ് ചാണകം മെഴുകിയ ചെറുവീടിന്റെയും ചെറിയ ജീവിതത്തിലേക്ക് എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. ജന്മിയായിരുന്ന ദേശത്ത് ഒരു സര്‍പ്പക്കാവൊഴികെ സ്വന്തം എന്നുപറയാന്‍ ഒന്നുമില്ലാത്തവരായി കൊട്ടറ വാര്യത്തുള്ളവര്‍ മാറിപ്പോയി.
എന്റെ ഓര്‍മ്മയില്‍ അപ്പൂപ്പന്‍ പകല്‍ക്കുറി അമ്പലത്തിലെ കഴകക്കാരനായിരുന്നു. അതും ഏതാണ്ട് മതിയാക്കി കാഴ്ച കുറഞ്ഞ അപ്പൂപ്പനാണ് ശരിക്കും ഓര്‍മ്മയില്‍. ഓല മേഞ്ഞ വീട്ടില്‍ നിന്നും ഓടിട്ട വീട്ടിലേക്ക് മാറിയെങ്കിലും തിണ്ണയും ചായ്പ്പുമൊഴികെ വീടിനകം മുഴുവന്‍ ചാണകം മെഴുകിയതുതന്നെയായിരുന്നു. തിണ്ണയില്‍ തട്ടോടിയെന്ന് വിളിക്കുന്ന തടിക്കട്ടിലിലാണ് അപ്പൂപ്പന്റെ സ്ഥാനം. ഇതൊക്കെ ഒരുപാട് പഴയ ഓര്‍മ്മയാണ്. അപ്പൂപ്പന്റെ ചുമയും മെലിഞ്ഞ് എല്ലിച്ച ചെറിയ രൂപവും കഴിഞ്ഞാല്‍ ആ ഓര്‍മ്മയില്‍ പൊടി പിടിക്കാതെ കിടക്കുന്നത് കുറേ കഥകള്‍ മാത്രം. എന്റെ കൊച്ചേച്ചിക്ക് വേണ്ടി അപ്പൂപ്പന്‍ പറഞ്ഞുകൊടുക്കുന്ന കഥകളുടെ സൗജന്യ കേള്‍വിക്കാരനായ ഞാന്‍. അല്ല ഇനിയൊന്നുകൂടിയുണ്ട്. വീട്ടിലെ ഇരുമ്പുകസേരകളില്‍ പ്ലാസ്റ്റിക് വരിയുന്ന അപ്പൂപ്പന്‍.
എന്നാല്‍ ജീവിച്ചിരിക്കുന്ന അപ്പൂപ്പനെക്കാളൊക്കെ എന്റെ ഓര്‍മ്മയിലുണ്ട് മരണത്തോടടുത്ത രണ്ട് ദിവസങ്ങളിലെ അപ്പൂപ്പന്‍. മരണദിവസത്തിലെയും പിറ്റേന്നത്തെയും അപ്പൂപ്പന്‍.
ആദ്യം ആ മരണത്തിലേക്ക് വരാം. ജീവിതമെന്ന ഫ്ലാഷ്ബാക്ക് വേണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം. കാരണം ഇത് മരണങ്ങളുടെ പുസ്തകമാണ്. ഇവിടെ മരണത്തിന്റെ മുന്നൊരുക്കം മാത്രമാണ് ജീവിതം.
എന്തായിരുന്നു അപ്പൂപ്പന്റെ രോഗമെന്ന് എനിക്കോര്‍മ്മയില്ല. ടിബിയായിരുന്നെന്ന് അമ്മ പറഞ്ഞ ഓര്‍മ്മയുണ്ട്. ശ്വാസം മുട്ടലിനെക്കുറിച്ച് തുടര്‍ച്ചയായി രണ്ട് ദിവസം അപ്പൂപ്പന്‍ പരാതിപ്പെട്ടിരുന്നു. കല്ലുവാതുക്കലെ മിഷന്‍ ആശുപത്രിയായിരുന്നു ഞങ്ങളുടെ സ്ഥിരം ചികിത്സാകേന്ദ്രം. അവിടെ കൊണ്ടുപോയി മരുന്ന് വാങ്ങി വന്നിട്ടും അപ്പൂപ്പന് തൃപ്തിയായില്ല. പാരിപ്പള്ളിയില്‍ പുതുതായി തുടങ്ങിയ കല്ല്യാണി  ആശുപത്രിയില്‍ പോകണം എന്നായിരുന്നു ആഗ്രഹം. വീട്ടില്‍ വരുന്ന പണിക്കാരാരോ അതിനെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോള്‍ തുടങ്ങിയ ആഗ്രഹമാണ്. മിഷനാശുപത്രിയിലെ മരുന്ന് കൊണ്ട് തന്റെ ശ്വാസം മുട്ടിന് ഒരു കുറവുമില്ലെന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴേ അപ്പൂപ്പന്‍ പരാതിപ്പെടാന്‍ തുടങ്ങി. ഒരു ദിവസം കൂടി മരുന്ന് കഴിക്കാന്‍ അമ്മയോ മറ്റോ നിര്‍ബന്ധിച്ചുകാണണം. പക്ഷേ സന്ധ്യകഴിഞ്ഞപ്പോഴേക്കും അപ്പൂപ്പന്റെ രോഗം വല്ലാതെ കൂടി. നാട്ടില്‍ ഒരു കാര്‍ കിട്ടാന്‍ ഏറെ പാടായിരുന്നു. അതും പിറ്റേന്ന് ബന്തും. എന്നിട്ടും എങ്ങനെയോ ഒരു കാറുമായി അച്ഛനെത്തി. അപ്പോഴും കല്ല്യാണി ആശുപത്രിയാണ് തനിക്ക് പറ്റിയ ഇടമെന്ന് അപ്പൂപ്പന്‍ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അപ്പൂപ്പനെയും കൊണ്ട് കല്ല്യാണി ആശുപത്രിയിലേക്ക് പോയ കാറിന്റെ മുന്‍സീറ്റില്‍ ഏഴുവയസ്സുകാരനായ ഞാന്‍ ഇരിപ്പുറപ്പിച്ചു. അമ്മ വന്നില്ല. അച്ഛനെക്കൂടാതെ ആരോ വണ്ടിയിലുണ്ടായിരുന്നു. ആരെന്ന് ഓര്‍മ്മയില്ല. മുന്‍സീറ്റില്‍ എനിക്കടുത്തും നാട്ടുകാരാരോ ഉണ്ടായിരുന്നു.
കല്ല്യാണി ആശുപത്രിയില്‍ നിന്ന് വേറേ എവിടെങ്കിലും കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ കൊട്ടിയം ഹോളിക്രോസിലെക്കായിരുന്നു പോയത്. അവിടെ എത്രനേരം ചെലവിട്ടു എന്ന് ഓര്‍മ്മയില്ല. മുറിഞ്ഞ ഓര്‍മ്മകളാണ് മരണത്തിനെ കുറിക്കുമ്പോള്‍ എപ്പോഴും വരുന്നതെന്ന് തോന്നുന്നു. അത് എത്ര അടുത്ത് നടന്നതായാലും, എത്ര അകലത്തില്‍ നടന്നതായാലും.
കൊട്ടിയം ഹോളിക്രോസില്‍ നിന്ന് പുറത്തുവന്നത് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പോകാനായിരുന്നു. അതിനിടയില്‍ മയ്യനാട്ട് അമ്പലത്തിലെ പൂജാരിയായ അമ്മാവനെക്കൂടി കൂട്ടാന്‍ തീരുമാനിച്ച് അതുവഴിയായി പോക്ക്. മഴയും ഇരുട്ടുമായിരുന്നു അന്ന്. റെയില്‍വേ ക്രോസില്‍ രാത്രി കാത്തുകിടന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. അതിന് തൊട്ടുമുമ്പ് എപ്പോഴോ ആയിരുന്നു അപ്പൂപ്പന്റെ മരണം.
ഡ്രൈവറോട് അച്ഛന്‍ പറഞ്ഞ വാചകം ഇപ്പോഴും അച്ഛന്റെ അതേ സ്വരത്തില്‍ എനിക്ക് ഓര്‍മ്മയുണ്ട്. ഇനി കൊല്ലത്തോട്ട് പോണ്ട. പാപ്പയേം വിളിച്ച് അങ്ങ് വീട്ടിലോട്ട് പോയാ മതി. മരണം എന്ന വാക്ക് അച്ഛന്‍ ഉപയോഗിച്ചതേയില്ല. മുന്നിലിരുന്നയാള്‍ തിരിഞ്ഞ് അച്ഛനോട് കഴിഞ്ഞോ സാറേ എന്ന് ചോദിച്ചു. ആ എന്നൊരു മറുപടി മാത്രം അച്ഛന്‍ പറഞ്ഞു. അത് മരണമാണെന്ന് എനിക്ക് മനസ്സിലായോ എന്ന് ഉറപ്പില്ല.
അപ്പൂപ്പന്റെ മൂത്ത മകനാണ് പാപ്പ അമ്മാവന്‍. അതുകഴിഞ്ഞാല്‍ മൂത്തത് അമ്മയാണ്. ഓപ്പ എന്ന വിളി പിന്നീട് പാപ്പ എന്നായി മാറിയതാണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും പന്ത്രണ്ടിനോടടുത്തിരുന്നു സമയം എന്ന് തോന്നുന്നു. രാത്രിയില്‍ ഒരു രോഗിയേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതുപോലെയല്ല മൃതദേഹവുമായുള്ള യാത്ര. അതിന്റെ അമ്പരപ്പ് ഡ്രൈവര്‍ക്കും ഉണ്ടായിരുന്നിരിക്കണം. അമ്മാവന്റെ അമ്പലം കണ്ടുപിടിക്കാനാകാതെ ഞങ്ങള്‍ക്ക് വഴിതെറ്റി. കുറേ മുന്നോട്ടുപോയപ്പോള്‍ വണ്ടി പെട്ടെന്ന് നിന്നു. മുന്നില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നു, ഒന്ന് നോക്കട്ടെ എന്നുപറഞ്ഞ് ഡ്രൈവര്‍ ഇറങ്ങി. തിരിച്ചുവന്ന് അയാള്‍ പറഞ്ഞ വാചകം എല്ലാവരെയും നടുക്കിക്കളഞ്ഞു.
സാറേ, അത് വെള്ളം കെട്ടിക്കിടക്കുന്നതല്ല. ആറൊഴുകുന്നതാ. എന്തോ ഭാഗ്യം കൊണ്ടാ നമ്മക്ക് നിര്‍ത്തി നോക്കാന്‍ തോന്നിയത്. ഇല്ലാരുന്നെങ്കി എല്ലാരും തീര്‍ന്നേനേ.
വണ്ടി തിരിച്ചെടുത്ത് എങ്ങനെയോ അമ്പലവും അതിനോടടുത്ത് അമ്മാവന്റെ താമസസ്ഥലവും കണ്ടുപിടിച്ചു. രാത്രി വീട്ടിലേക്ക്. അവിടെയെത്തുമ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയിരുന്നുവെന്ന് തോന്നുന്നു. സംസ്‌കാരത്തിന് മുറിച്ചത് ചക്കരമാവായിരുന്നു. അതിലെ മാങ്ങ അപ്പൂപ്പന്‍ ഒരുപാട് പൂളിത്തന്നിട്ടുണ്ട്.
നാട്ടിന്‍പുറത്തെ പല ആചാരങ്ങളും വീട്ടിലുണ്ടായിരുന്നില്ല. കൂട്ടക്കരച്ചിലാണ് ഇവയില്‍ പ്രധാനം. കൊച്ചേച്ചി മാത്രമാണ് ഏതൊക്കെയോ മരണവീടുകളില്‍ കണ്ട കരച്ചില്‍ പകര്‍ത്തിവക്കാന്‍ ശ്രമിച്ചത്. എനിക്കിനി കഥ പറഞ്ഞുതരാന്‍ ആരുമില്ലേ എന്ന കരച്ചിലിന്റെ പേരില്‍ ഇപ്പോഴും ഞങ്ങള്‍ അവളെ കളിയാക്കാറുണ്ട്.അമ്മ തളര്‍ന്നുവീണിരുന്നു. ഇടക്കിടെ എഴുന്നേറ്റ് പശുക്കളുടെ കാര്യങ്ങളൊക്കെ നോക്കും. ചിറ്റ ഞങ്ങള്‍ കുട്ടികളെ നോക്കുകയും മറ്റ് വീട്ടുകാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. അമ്മാവനും അച്ഛനും ചേര്‍ന്ന് അടുത്ത ബന്ധുക്കളെ മരണം അറിയിക്കാന്‍ പോകാന്‍ ഏര്‍പ്പാടുചെയ്തു. കറുത്ത കൊടിയും കെട്ടി കാറില്‍ പോയി എവിടെയൊക്കെയോ അറിയിച്ചു. കുറേപ്പേര്‍ എങ്ങനെയൊക്കെയോ എത്തി. കര്‍മ്മം ചെയ്യാന്‍ ഞാന്‍ കൂടിയിരുന്നില്ലെന്ന് തോന്നുന്നു. കുട്ടിയായതുകൊണ്ടാവണം. ഏതായാലും രാത്രിയായപ്പോഴേക്കും അപ്പൂപ്പന്‍ ഒരുപിടി ചാമ്പലായിരുന്നു.
അപ്പൂപ്പനെ അടക്കിയ സ്ഥലത്ത് വളര്‍ന്ന തെങ്ങിന് കുറേനാള്‍ ഞാനും വെള്ളം കോരിയിട്ടുണ്ട്. ആദ്യമായി സാക്ഷ്യം വഹിച്ച മരണമായിരുന്നു അതെങ്കിലും എന്റെ ഓര്‍മ്മയില്‍ ആ മരണത്തെക്കാളേറെ നില്‍ക്കുന്നത് ഇരുട്ടില്‍ പുഴക്കരയില്‍ നിന്ന് മടങ്ങിവന്ന ഡ്രൈവറുടെ വാക്കുകളാണ്.
ഒരു കൗമാരപ്രണയത്തിന്റെ കാലത്ത് കാമുകിയെ കാണാന്‍ ആ സ്ഥലത്ത് ഞാന്‍ ഒരിക്കല്‍ക്കൂടി പോയിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷം കൊണ്ട് അവിടം കുറേ മാറിപ്പോയിരുന്നിരിക്കണം. വൈകുന്നേരം പുഴക്കരയിലെ റോഡില്‍ നിന്ന് വെള്ളത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് സംസാരിക്കുന്ന പെണ്‍കുട്ടിയുടെ സ്വരമല്ല ഞാന്‍ കേട്ടത്. ഇരുളില്‍നിന്നും സാറേ നമ്മളെല്ലാം തീര്‍ന്നേനേ എന്ന് അച്ഛനോട് സംസാരിക്കുന്ന ഡ്രൈവറുടെ പരുക്കന്‍ സ്വരം.   

3 comments:

viddiman said...

വയസ്സ് 34 ആയി. ഇതുവരെയും ഒരു മരണത്തിനു സാക്ഷ്യം നിൽക്കേണ്ടി വന്നിട്ടില്ല..

jayarajmurukkumpuzha said...

aashamsakal............

Pranith said...

ഒരാളെ അയാളുടെ അമ്മയും രണ്ടു സഹോദരിമാരും കൂടി മരിക്കാന്‍ വിട്ട ഒരു സംഭവം എന്റെ വീടിനു അടുത്ത് ഉണ്ടായിട്ടുണ്ട്.. വീടിനകത്ത് കയറില്‍ തൂങ്ങിയ അയാളെ ഇടയ്കിടക്ക് പോയി ജനലില്‍ കൂടി അമ്മയും സഹോദരിമാരും നോക്കുകയും പിടച്ചില്‍ എല്ലാം കഴിഞ്ഞു മരിച്ചു എന്ന് ഉറപ്പായപ്പോള്‍ നെഞ്ചത്ത് അടിച്ചു കരഞ്ഞതും ഓര്‍മയുണ്ട്.. രാത്രി ഏകദേശം 10 .30 ഓട് കൂടി ആണെന്നാണ് ഓര്‍മ്മ..