Wednesday, January 25, 2012

മരണങ്ങളുടെ പുസ്തകം (അപകടം)

സാക്ഷിയാകേണ്ടിവന്ന അപകടങ്ങളും അപകടമരണങ്ങളും ഏറെയാണ്. ഒറ്റ നിമിഷം കൊണ്ട് എല്ലാം അവസാനിക്കുന്നവ മുതല്‍ അപ്രതീക്ഷിതമായ രക്ഷപ്പെടലുകള്‍ വരെയുണ്ട് കണ്മുന്നിലൂടെ മിന്നി മറഞ്ഞുപോയ അപകടങ്ങളില്‍.  
എന്റെ ബൈക്കിനെ ഓവര്‌ടേക്ക് ചെയ്തുപോയ ചെറുപ്പക്കാരനും ബൈക്കും ഒരു ട്രക്കിനു കീഴിലേക്ക് ചുവപ്പ് തീര്‍ത്ത് പോകുന്നത് കണ്ട് അനങ്ങാനാവാതെ നിന്നിട്ടുണ്ട്. പക്ഷേ അപകടം എന്ന വാക്ക് ആദ്യം ഓര്‍മ്മിപ്പിക്കുന്നത് അതിനെപ്പോലുമല്ല. ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു മരണത്തെയാണ്.
തുടക്കക്കാരനായ ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ദുരന്തം എന്ന വാക്ക് ജീവിതത്തിലെ ഒരു വലിയ അധ്യായം തന്നെയാണ്. ചാനല്‍ക്യാമറകള്‍ ദുരന്തങ്ങളുടെ സാധ്യതകളിലേക്ക് പോലും ഇടിച്ചുകയറുന്നതിനും മുമ്പുള്ള കാലത്തെക്കുറിച്ചാണ് ഇത്. ഒരു ചെറുപത്രത്തിലെ റിപ്പോര്‍ട്ടറാണെങ്കില്‍ ദുരന്തം ഒരു വലിയ അവസരം കൂടിയാണ്. സ്വയം തെളിയിക്കുന്നതിനുള്ള ഒരു അവസരം.
1997 മെയ്മാസത്തിലായിരുന്നു അത്. കൊച്ചിയില്‍ നിന്നും ഇറങ്ങുന്ന, ഒരു ചെറിയ രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ കൊല്ലം ജില്ലാ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അന്നായിരുന്നു വഴിയരികില്‍ കണ്ടുമറക്കുന്ന അപകടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു വാഹനാപകടം, അതും കുറേപ്പേരുടെ മരണം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടി വരുന്ന ആദ്യത്തെ അനുഭവം.
പ്രസ്‌ ക്ലബ്ബിലെ പതിവ് പത്രസമ്മേളനങ്ങളെല്ലാം കഴിഞ്ഞ് സ്വസ്ഥമായിരിക്കുമ്പോഴാണ് ആ വാര്‍ത്ത കേള്‍ക്കുന്നത്. കൊട്ടിയത്തിനടുത്ത് മൈലക്കാട്ട് ബസും ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബസ് ആകെ തകര്‍ന്നു. എത്രയെങ്കിലും ആളുകള്‍ മരിച്ചുകാണണം. പതിവുപോലെ ആദ്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ചുചോദിച്ചു. നാലുപേര്‍ മരിച്ചു എന്നാണ് വിവരം. വിശദമായി ഒന്നും അറിയില്ല. മൊബൈല്‍ ഫോണ്‍ എന്ന ആഡംബരം എത്തിയിട്ടില്ലാത്ത കാലമാണ്. ജില്ലാ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ മൂന്ന് മൃതദേഹങ്ങള്‍ അവിടെ എത്തിയിട്ടുണ്ട്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും ആരൊക്കെയോ ഉണ്ട്. വിശദവിവരങ്ങളൊന്നും അറിയില്ല, ആര്‍ക്കും.
ചെറുപത്രങ്ങളിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരൊക്കെ വൈകുന്നേരമാവട്ടെ എന്ന മട്ടില്‍ കാത്തിരിപ്പായി. സായാഹാനപ്പത്രങ്ങളും മറ്റ് റിപ്പോര്‍ട്ടര്‍മാരുമൊക്കെ മതി അവര്‍ക്ക് വാര്‍ത്ത കൊടുക്കാന്‍. വലിയ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെല്ലാം അതിനകം തിരക്കിട്ട് പോയിക്കഴിഞ്ഞു. ഇടത്തരം പത്രങ്ങളിലെ ചില ചെറുപ്പക്കാരായ റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഞാനും ബസ് കയറി സംഭവസ്ഥലത്തേക്ക് പോയി.
എന്നും ഞാന്‍ വീട്ടില്‍നിന്നും കൊല്ലത്തേക്ക് വരുന്ന വഴിയിലാണ് അപകടം. തകര്‍ന്ന ബസ് ഒരു പേടിപ്പിക്കുന്ന രൂപമായിരുന്നു. അസ്ഥികള്‍ മാത്രമായ ഒരു മനുഷ്യരൂപം പോലെ. ഹോളിക്രോസ് ആശുപത്രിയില്‍ വല്ലാത്ത തിരക്ക്. ആശുപത്രിക്ക് മുന്നില്‍ പതിച്ച അപകടത്തില്‍ പെട്ടവരുടെ ലിസ്റ്റിനുചുറ്റും ഒരുപാടുപേര്‍. വെറുതെ തമാശ കാണുന്നവരും യാത്രപോയ ആരെയൊക്കെയോ അന്വേഷിക്കുന്നവരും മുഖഭാവത്തില്‍ നിന്ന് വായിച്ചെടുക്കാവുന്ന വ്യത്യാസത്തോടെ.
മരിച്ചവരുടെ ലിസ്റ്റില്ല. തങ്ങളാരെന്ന് പറയാന്‍ മൃതദേഹങ്ങള്‍ക്ക് കഴിയാത്തതുകൊണ്ട് അവരെ ആരും തിരിച്ചറിഞ്ഞിട്ടുമില്ല. ആറോ ഏഴോ പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന് മാത്രമായിരുന്നു പൊലീസുകാരുടെ അറിവ്. അവരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ആശുപത്രി വരാന്തയില്‍ ചോരപുരണ്ട വസ്ത്രങ്ങളില്‍ പൊതിഞ്ഞ് വിശ്രമിക്കുന്നു. ഒരു കുട്ടിയും അമ്പതിലേറെ പ്രായം തോന്നിക്കുന്ന വൃദ്ധയും ഒരു യുവാവും... ചുറ്റിലുമുള്ള കാഴ്ചക്കാര്‍ക്കിടയില്‍ നിന്നുപോലും വായിച്ചെടുക്കാമായിരുന്നു അവയുടെ അനാഥത്വം.
മൃതദേഹങ്ങളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായപ്പോള്‍ പരിക്കേറ്റവരുടെ വിവരങ്ങളുമായി പത്രപ്രവര്‍ത്തക സംഘം കൊല്ലത്തേക്ക് മടങ്ങി. ചോരപുരണ്ട ജീവിതങ്ങളുടെയും മരണങ്ങളുടെയും ഷോക്കില്‍ ഞാനും. കസാലപത്രപ്രവര്‍ത്തകര്‍ക്ക് ഒന്നിനെക്കുറിച്ചും ഉത്കണ്ഠയില്ലായിരുന്നു. മരണങ്ങളും ജീവിതങ്ങളുമല്ല, വാര്‍ത്തകള്‍ പോലുമല്ല അവരെ ആകര്‍ഷിക്കുന്നത്.
ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിക്ക് മുന്നില്‍ മുറ്റത്ത് മണ്ണില്‍ കിടക്കുകയായിരുന്നു യാത്രയുടെ അവസാനം കണ്ടവര്‍. പക്ഷേ അവരില്‍ സ്വന്തമായി പേര് അവശേഷിച്ചിരുന്നവര്‍ രണ്ടുപേര്‍ മാത്രം. തിരിച്ചറിയാന്‍ ആരെങ്കിലും വരുന്നതും കാത്ത് മറ്റ് അഞ്ച് ശവശരീരങ്ങള്‍. ഇത് തങ്ങളല്ലല്ലോയെന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ടവരല്ലല്ലോ എന്നുമൊക്കെ ആശ്വസിച്ചും വെറുതെ നേരംപോക്കാന്‍ ഒരു കാഴ്ചയെന്ന് സന്തോഷിച്ചുമൊക്കെ കാഴ്ചക്കാര്‍ വഴിപോക്കരും ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുമെല്ലാം അവിടെ ചുറ്റിത്തിരിഞ്ഞു.ഒരു തിരിച്ചറിയല്‍.. അത് കാത്തായിരുന്നു ഞങ്ങളുടെ നില്‍പ്പ്. തിരിച്ചറിയലിനൊപ്പം കിട്ടുക ഒരു സൈഡ്‌സ്റ്റോറി കൂടിയാണ്. വായനക്കാര്‍ കാത്തിരിക്കുന്നതും അതുതെന്നെയാണ് എന്നാണല്ലോ വിശ്വാസം.
അഞ്ച് മണി കഴിഞ്ഞപ്പോഴായിരുന്നു ആ പെണ്‍കുട്ടിയുടെ വരവ്. ഏതോ ഒരു ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞു തിരിച്ചുപോകുംവഴിക്ക് തന്റെ നാട്ടിലേക്കുള്ള ബസ് അപകടത്തില്‍പ്പെട്ട വാര്‍ത്തകേട്ട് വെറുതെ ഒന്നുനോക്കാന്‍ വന്നതായിരുന്നു അവള്‍. വളരെ ശാന്തയായി അവിടെയെത്തി മൃതദേഹങ്ങള്‍ ഓരോന്നായി നോക്കുന്നതിനിടയില്‍ ഒരു മരണത്തിനു മുന്നില്‍ ആ കണ്ണുകള്‍ തളര്‍ന്നുനിന്നു. ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നീട്.
പഠിക്കാന്‍ പോയ അനിയന്‍ ചലനമില്ലാതെ മുന്നില്‍ കിടക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്ക് നില്‍ക്കാന്‍ പോലുമായില്ല. പതിനഞ്ചോ പതിനാറോ വര്‍ഷം ജീവിച്ച് അവസാനിച്ചുപോയ ആ സഹോദരനുമുന്നില്‍ അലമുറയിട്ട് അവള്‍ തളര്‍ന്നിരുന്നപ്പോള്‍ ഒപ്പം വന്ന സ്ത്രീയുടെ സമീപത്തേക്ക് പാഞ്ഞു പത്രക്കാരെല്ലാം. വിശദവിവരങ്ങള്‍, കണ്ണ് നിറയിക്കാന്‍ പോന്ന എന്തെങ്കിലും...
തിരിച്ചറിയലുകള്‍ക്കായി വീണ്ടും കാത്തുനില്‍പ്പ് തുടര്‍ന്നു എല്ലാവരും. വൈകുന്നേരം ആറുമണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡോക്ടര്‍മാരെത്തുമ്പോഴേക്കും തിരിച്ചറിയാത്തതായി ഒരു മൃതദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു മധ്യവയസ്‌കന്റേത്.മോര്‍ച്ചറിക്കുള്ളില്‍ ഡോക്ടര്‍മാര്‍ തയ്യാറാകുമ്പോഴേക്കും ഓരോ മൃതദേഹങ്ങളായി ഉള്ളിലേക്ക് എടുക്കുകയായിരുന്നു. അതിനിടെയാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു കാഴ്ചക്ക് ഞാന്‍ സാക്ഷിയായത്. അപകടമരണമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ എന്നും  മനസ്സിലേക്ക് എത്തുന്ന കാഴ്ച.
തങ്കമ്മ എന്നോ മറ്റോ ആയിരുന്നു ആ സ്ത്രീയുടെ പേര്. അമ്പതിലേറെ പ്രായം വരുന്ന അവരുടെ  മൃതദേഹം ഞങ്ങള്‍ കൊട്ടിയത്തെ ആശുപത്രിയില്‍ വച്ചേ കണ്ടതായിരുന്നു. രാവിലെ ഏതാണ്ട് പന്ത്രണ്ട് മണിയോടെയായിരുന്നു അത്. ആറ് മണിക്കൂറിന് ശേഷം ആ ശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കെടുക്കാനായി അറ്റന്‍ഡര്‍ നിവര്‍ത്തിക്കിടത്തിയപ്പോഴാണ് അത് സംഭവിച്ചത്. സൗമ്യമായ സ്പര്‍ശമായിരുന്നില്ല അത്. തിരക്കുപിടിച്ച് ഒരു തിരിച്ചുകിടത്തല്‍. ചരിഞ്ഞുകിടന്ന തല അയാള്‍ നേരെയാക്കിയതും നെറ്റിയിലെ മുറിവില്‍നിന്നും ചോര പമ്പ് ചെയ്യുന്നതുപോലെ തെറിച്ചുവന്നു. അറ്റന്‍ഡറുടെ ശരീരത്തിലും മുഖത്തുമുള്‍പ്പെടെ മുറുക്കിത്തുപ്പിയതുപോലെ ചുവപ്പ് തെറിച്ചു. അയാള്‍ എന്തോ ശാപവാക്കുകള്‍ പറഞ്ഞ്, ചോര തുടച്ച് ജോലി തുടര്‍ന്നു... ഒന്നും സംഭവിക്കാത്തതുപോലെ. മരിച്ച് മണിക്കൂറുകള്‍ക്കുശേഷം എങ്ങനെ അത് സംഭവിച്ചുവെന്ന് ഇപ്പോഴും എനിക്കറിയില്ല.
അതൊരമ്മയായിരുന്നു. മകളുടെ വീട്ടില്‍ നിന്നും മകന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മ. ഒരാഴ്ച കഴിഞ്ഞേ വരൂ എന്ന് മകനോട് പറഞ്ഞിട്ടായിരുന്നു അവര്‍ പോയത്. രണ്ട് ദിവസങ്ങള്‍ കൊണ്ട് അവര്‍ക്ക് മടങ്ങേണ്ടിവന്നു. സ്വന്തമായൊന്നുമില്ലാത്ത ആ അമ്മയുടെ ചോര, മരിച്ച് മണിക്കൂറുകള്‍ക്കുശേഷവും ചൂട് ബാക്കിവച്ചത് എന്തിനുവേണ്ടിയാവണം? 

1 comment:

കല്യാണിക്കുട്ടി said...

സ്വന്തമായൊന്നുമില്ലാത്ത ആ അമ്മയുടെ ചോര, മരിച്ച് മണിക്കൂറുകള്‍ക്കുശേഷവും ചൂട് ബാക്കിവച്ചത് എന്തിനുവേണ്ടിയാവണം? 


very touching................