Wednesday, January 04, 2012

മരണങ്ങളുടെ പുസ്തകം (ആത്മഹത്യ)

ജീവിതത്തില്‍ ആദ്യം അറിഞ്ഞ മരണം ഏതായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ.. അറിയുന്നതിനും മുമ്പ് വന്ന മരണങ്ങളുണ്ടാകാം. പക്ഷേ അതിനെക്കുറിച്ചല്ല ചോദ്യം. അറിഞ്ഞത്, അനുഭവിച്ചത്...
മരണത്തിന് കാഴ്ചക്കാരാകേണ്ടി വന്നവരുമുണ്ടാകാം. കാഴ്ചക്കാരനാവുകയെന്നത് അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നതിന് തുല്ല്യമാവില്ല.എന്റെ ഓര്‍മ്മയിലെ ആദ്യത്തെ മരണം ഒരമ്മൂമ്മയുടേതായിരുന്നു. നാലുവയസ്സിലോ അഞ്ചു വയസ്സിലോ ആയിരുന്നു അത്. ചേച്ചിമാര്‍ ട്യൂഷന് പോകുന്ന പ്രഭാകരന്‍ പിള്ള സാറിന്റെ അമ്മയുടേതായിരുന്നു ആ മരണം. വീട്ടില്‍നിന്ന് അച്ഛനും അമ്മയും മരിച്ച വീട്ടിലേക്ക് പോകുമ്പോള്‍ കുട്ടിയായിരുന്ന ഞാനും കൂടെ പോകണമെന്ന് വഴക്കുണ്ടാക്കി. കുട്ടികളെ മരണവീട്ടില്‍ കൊണ്ടുപോവുക പതിവില്ലെങ്കിലും എന്റെ നിര്‍ബന്ധം സഹിക്കാതെയായപ്പോഴാവണം എന്നെയും കൂടെക്കൊണ്ടുപോയത്. ആദ്യം കണ്ട ആ മൃതദേഹം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. തലേന്നുവരെ സ്‌കൂളില്‍ നിന്നു മടങ്ങുന്ന വഴിക്ക് ഞങ്ങളോട് ചിരിക്കുകയും കുശലം പറയുകയും ചെയ്തിരുന്ന അമ്മൂമ്മ ഒരു വാഴയിലയില്‍ വെള്ളമുണ്ടില്‍ പൊതിഞ്ഞ് തേങ്ങാപ്പൂളില്‍ കത്തുന്ന രണ്ട് തിരികള്‍ക്കിടയിലായി കിടക്കുന്ന കാഴ്ച. ഓര്‍മ്മയിലെ ആദ്യത്തെ മരണം അതേപടി മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു.
പ്ലാവിന്‍ കൊമ്പില്‍ തൂങ്ങിയാടുന്ന മറ്റൊരു മൃതദേഹവുമുണ്ട് ഏതാണ്ട് അതേ കാലത്തിന്റെ ഓര്‍മ്മകളില്‍. ഒന്നോ രണ്ടോ വര്‍ഷങ്ങളുടെ വ്യാത്യാസത്തിലായിരുന്നിരിക്കണം ആ മരണം. ഓര്‍മ്മയിലെ ചിത്രങ്ങളില്‍ ഒരു നീല കൈലിമുണ്ടില്‍ തൂങ്ങിക്കിടക്കുന്ന, കിലുക്കന്‍ മുതലാളി എന്ന് എല്ലാവരും വിളിച്ചിരുന്ന അയാളുടെ നീണ്ടനാക്കിനെയും തുറിച്ച കണ്ണുകളെയുംകാള്‍ തെളിഞ്ഞുനില്‍ക്കുന്നത് മുറുക്കിപ്പിടിച്ചിരുന്ന ഇടംകൈയാണ്.കരുണാകരന്‍ എന്നായിരുന്നു അയാളുടെ പേരെന്ന് തോന്നുന്നു. പക്ഷേ അത് ഞങ്ങളുടെ നാട്ടില്‍ അധികമാര്‍ക്കും അറിയുമായിരുന്നില്ല. എല്ലാവര്‍ക്കും അയാള്‍ കിലുക്കന്‍ മുതലാളിയായിരുന്നു.
മുതലാളിയെന്ന് കേള്‍ക്കുമ്പോ ഒരു സില്‍ക്ക് ജൂബ്ബയും മുണ്ടുമൊക്കെ പ്രതീക്ഷിക്കുന്നവര്‍ ക്ഷമിക്കുക. ഞാന്‍ ആ മനുഷ്യനെ ഉടുപ്പിട്ട് കണ്ടിട്ടില്ല. തന്റെ ചെറിയ പലചരക്കുകടയില്‍ അത്യാവശ്യസാധനങ്ങളും തൊട്ടടുത്ത എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് വേണ്ട പെന്‍സിലും സ്ലേറ്റും മുട്ടായികളുമൊക്കെയായി ഒരു കട. സിമന്റ് പൂശിയ, ഓടിട്ട, കടകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ സാധാരണമാകുന്നതിനും മുമ്പായിരുന്നു കിലുക്കന്‍ മുതലാളി ഇതൊക്കെ ചെയ്തത്. പക്ഷേ അവിടെത്തീര്‍ന്നു കടയിലെ ആധുനികത. മുന്നിലേക്കിറക്കി മറച്ച ഓലയുടെ നിഴലില്‍ നിന്നുള്ള ഇരുട്ടായിരുന്നു ആ കടയിലെ സ്ഥായീഭാവം.  ആ ഇരുട്ടില്‍ തന്റെകറുത്ത നിറം ഒളിപ്പിച്ചുവച്ച് കിലുക്കന്‍ മുതലാളി ഇരിക്കും. ആരെങ്കിലും സാധനം വാങ്ങാന്‍ വന്നാല്‍ വളരെ പതുക്കെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ എടുത്തുകൊടുക്കും. പിങ്ക് നിറത്തിലെ നല്ല തേന്‍ നിറച്ച ഒരു പതുങ്ങുന്ന മുട്ടായിയായിരുന്നു അന്ന് ആ കടയിലെ എന്റെ ആകര്‍ഷണം. പതിവായി മുട്ടായി വാങ്ങലൊന്നും നടക്കില്ലെങ്കിലും കുപ്പിയിലിരിക്കുന്ന ആ പഞ്ചാരമുട്ടായികളെ കാണുന്നതുതന്നെ ഒരാനന്ദമായിരുന്നു.
അധികം സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല കിലുക്കന്‍ മുതലാളി. അയാള്‍ക്ക് ആ പേര് വന്നതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. അയാളുടെ പെണ്‍മക്കള്‍ എന്റെ ചേച്ചിമാര്‍ക്കൊപ്പമായിരുന്നു പഠിച്ചിരുന്നത്. അയാളുമായി അടുത്ത ബന്ധമോ പരിചയമോ ഉള്ളവരായി ആരെയും കണ്ടിട്ടുമില്ല. കച്ചവടമില്ലാത്തപ്പോള്‍ കടയില്‍ ഒറ്റക്കിരിക്കും. ഒരു പരിപൂര്‍ണ്ണ ദൈവവിശ്വാസിയായിരുന്നോ അയാളെന്ന് എനിക്ക് ഓര്‍മ്മയില്ല. എങ്കിലും ഓര്‍മ്മയില്‍ മറ്റൊന്നുണ്ട്. സന്ധ്യക്ക് എന്തോ സാധനം വാങ്ങാന്‍ കടയിലെത്തുമ്പോള്‍ അയാള്‍ ഏതോ ദൈവത്തിന്റെ ചിത്രത്തിനുമുന്നില്‍ വിളക്ക് വച്ച് പുറത്തെ മണ്ണെണ്ണവിളക്ക് കത്തിക്കുന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നതാണ് ആ ഓര്‍മ്മ.
ഇരുട്ടില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന കിലുക്കന്‍ മുതലാളിയുടെ ചിത്രം കഴിഞ്ഞാല്‍ ഓര്‍മ്മയിലുള്ളത് അന്ന് ഒന്നും മിണ്ടാതെ അയാള്‍ പുറത്തുവരുന്നതാണ്. ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലും ഇരുണ്ട ആ മുഖം. അതിനെക്കാള്‍ മറക്കാനാകാത്ത മുഖമാകട്ടെ ഞങ്ങളുടെ നാട്ടിന്‍പുറത്തെ എല്‍പിസ്‌കൂളിന്റെ മുറ്റത്തെ പ്ലാവിന്‍കൊമ്പില്‍ തൂങ്ങിയാടുന്ന നാവു പുറത്തേക്ക് തള്ളി വികൃതമായ അയാളുടെ മുഖവും.
പതിവുപോലെ ഇത്തിരി നേരത്തേ ക്ലാസിലെത്തിയ കുട്ടികളാരോ ആണെന്ന് തോന്നുന്നു അത് കണ്ടത്. ഏതായാലും ഞാന്‍ സ്‌കൂളിലെത്തുമ്പോഴേക്കും ചില നാട്ടുകാരൊക്കെയും കുറേ കുട്ടികളും അവിടെയെത്തിയിരുന്നു. മാനേരു സാര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന, സ്‌കൂള്‍ ഉടമസ്ഥനും മറ്റ് അധ്യാപകരും ചേര്‍ന്ന് കുട്ടികളെ അങ്ങോട്ട് പോകാതിരിക്കാന്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നു.
എങ്ങനെയാണ് ഞാന്‍ ആ മരണത്തിനുമുന്നില്‍ എത്തിയതെന്ന് ഓര്‍മ്മയില്ല. ഞങ്ങള്‍ കള്ളനും പൊലീസും ഒളിച്ചുകളിയുമൊക്കെ നടത്താന്‍ മറയാക്കിയ ആ പ്ലാവിന്റെ കൊമ്പിലെ മനുഷ്യന്‍ മരിച്ചതാണെന്ന് മനസ്സിലാക്കാന്‍ ഒരു നാലാം ക്ലാസുകാരന് അധികം മെനക്കെടേണ്ടിവന്നില്ല. അന്ന് സ്‌കൂളിന് അവധി കിട്ടിയത് ഓര്‍മ്മയുണ്ട്. ആ പ്ലാവിന്റെ ആയുസ്സും കിലുക്കന്‍ മുതലാളിയുടേതിനൊപ്പം തീര്‍ന്നു. മുതിര്‍ന്നശേഷം ഒരിക്കല്‍ വോട്ടുചെയ്യാന്‍ അതേ സ്‌കൂളിലെത്തുമ്പോള്‍ ഞാന്‍ ആ പ്ലാവിന്റെ എന്തെങ്കിലും ഒരു ശേഷിപ്പ് തിരഞ്ഞിരുന്നു. അങ്ങനെയൊരു മരം അവിടെയുണ്ടായിരുന്നുവെന്നതിന്റെ ഒരടയാളവുമുണ്ടായിരുന്നില്ല അവിടെ.
കാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും മായാത്ത മരണത്തിന്റെ മുഖങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആത്മഹത്യയുടെ ആദ്യ കാഴ്ച, ഓര്‍മ്മിച്ചെടുക്കാന്‍ ആ മരം ആവശ്യമൊന്നുമല്ലെങ്കിലും. 

No comments: