Sunday, January 08, 2012

ഒരു വെറും ആണിന്റെ കുമ്പസാരങ്ങള്‍...

കുടുംബത്തെ കശപിശകളില്‍ ഒട്ടുമിക്കപ്പോഴും എന്നെ പരാജയപ്പെടുത്താന്‍ ഭാര്യ ഉപയോഗിക്കുന്ന അവസാനത്തെ ഒരു തുറുപ്പുചീട്ടുണ്ട്. പറയുന്ന വാക്കുകളെയും ചെയ്യുന്ന പ്രവൃത്തികളെയുമൊക്കെ പുനരാലോചനക്ക് വിടുന്ന ഒരു പ്രയോഗം.
"എത്രയൊക്കെ പ്രസംഗിച്ചാലും കാര്യത്തോടടുക്കുമ്പോള്‍ നീയും വെറും ആണുങ്ങടെ സ്വഭാവം തന്നെ കാണിക്കും."
ഇത് കേള്‍ക്കുമ്പോള്‍ നിശബ്ദനാവുകയും വഴക്ക് അവസാനിപ്പിച്ച് സ്വയം ഒരു വിശകലനത്തിന് വിധേയനാവുകയുമാണ് എന്റെ പതിവ്.
കുടുംബത്ത് പൂര്‍ണമായും ജനാധിപത്യം നടപ്പാകണമെന്ന് വിശ്വസിക്കുന്ന ഒരാളെന്ന നിലയിലാവണം, ഇത്തരമൊരു കുറ്റപ്പെടുത്തല്‍ ഏറ്റവുമധികം വ്രണപ്പെടുത്തുന്നതായി മാറുന്നത്. കുറേനേരത്തെ ചിന്തകള്‍ക്കുശേഷം സ്വയം മനസ്സിലാക്കാനാകാതെയും ഏതൊരാണിന്റെയുള്ളിലും ഒരു സാമ്പ്രദായിക ആണ് ഉണ്ടായിരിക്കാമെന്ന് കരുതി ആശ്വസിക്കുകയും ചെയ്താണ് ഇത് അവസാനിപ്പിക്കുക.
പക്ഷേ പലപ്പോഴും ചിന്തകള്‍ പോകുന്ന വഴി ഇങ്ങനെയൊക്കെയാണ്. ഞാനെങ്ങനെയാണ് അത്തരം ഒരു വിശേഷണത്തിന് അര്‍ഹനാവുക? സാമ്പ്രദായിക രീതികളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് ആഗ്രഹിച്ചുകൊണ്ടും അതിന്റെ പ്രഖ്യാപനമായുമൊക്കെ പലകാര്യങ്ങളും നടപ്പാക്കിയിട്ടുള്ളയാള്‍ എന്ന നിലയിലാണ് ഞാന്‍ സ്വയം കണക്കാക്കിപ്പോരുന്നത്. വിവാഹവേളമുതല്‍ തന്നെ ബോധപൂര്‍വമായി ഇത്തരം തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. സ്വര്‍ണ്ണത്തിന്റെയും ചടങ്ങുകളുടെയും വിരോധിയായിരുന്നിട്ടും താലി അണിയിക്കണമെന്ന ഭാര്യയുടെയും വീട്ടുകാരുടെയും ആഗ്രഹത്തിന് എതിരു നിന്നിരുന്നില്ല. നാട്ടില്‍ താമസമായപ്പോള്‍ രണ്ടുപേരുടെയും സൗകര്യമനുസരിച്ച് ഭാര്യവീട്ടില്‍ താമസിച്ചു. കുട്ടികളെ നോക്കലിലും അടുക്കളപ്പണിയിലും എപ്പോഴും പങ്കാളിയാകാന്‍ ശ്രമം നടത്തി. ഭാര്യയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ കഴിയുന്നത്ര ഇടപെടാതിരുന്നു. എതിരഭിപ്രായങ്ങളുള്ളത് വ്യക്തമാക്കാന്‍ ശ്രമിക്കുകയും സ്വന്തം കാര്യങ്ങളിലെ അന്തിമ തീരുമാനം ഭാര്യക്കുതന്നെ വിടുകയും ചെയ്തു. അങ്ങനെ കണക്കു നോക്കി എല്ലായിടത്തും ജനാധിപത്യപരമായിത്തന്നെ പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പു വരുത്തും. പലപ്പോഴും നല്ല മൂഡിലായിരിക്കുമ്പോള്‍ ഇതൊക്കെ പറഞ്ഞ് താന്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമായിരുന്നുവെന്ന് ഭാര്യയോട് തെളിയിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
ഇത്രയൊക്കെ പറഞ്ഞത് എന്തിനാണെന്നല്ലേ... ഞാന്‍ ഒരു മഹാ ജനാധിപത്യവാദിയാണ് എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനല്ല. സ്വയം ജനാധിപത്യവാദികളാകാന്‍ കര്‍ക്കശ ശ്രമം നടത്തുന്നവരില്‍പ്പോലും സാമ്പ്രദായിക ആണ് എങ്ങനെ ഉള്ളില്‍ ഒളിച്ചു താമസിക്കുന്നുവെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്.
സമത്വവാദിയും ജനാധിപത്യവാദിയുമാകാന്‍ ശ്രമിക്കുമ്പോഴും ഉള്ളിലെ തോന്നല്‍ ഇതൊക്കെ സാമ്പ്രദായിക രീതികള്‍ക്കെതിരും ഞാന്‍ അതിനോടൊക്കെ പോരാടി എന്തോ വലിയ കാര്യം ചെയ്യുന്നു എന്നതുമാണ്. അതായത് സ്വാഭാവികമായി നടക്കേണ്ട രീതി ഇങ്ങനെയൊന്നുമല്ലെങ്കിലും ഞാന്‍ ജനാധിപത്യവാദിയായ പുരുഷനായതുകൊണ്ട് എന്റെ ഭാര്യ ഇങ്ങനെ ചില സൗകര്യങ്ങള്‍ അനുഭവിക്കുന്നു എന്നുമള്ള ഒരു സൗജന്യഭാവം എങ്ങനെയോ ഉള്ളില്‍ കടന്നുകയറിക്കളഞ്ഞു. അവിടെ ഈ ജനാധിപത്യവും സ്വാതന്ത്ര്യവും ഒരു സാധാരണ സംഭവമാണെന്നത് അഥവാ അങ്ങനെ ആകേണ്ടതുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്നു. അപ്പോള്‍ തീരുമല്ലോ എടുത്തണിഞ്ഞ ജനാധിപത്യവാദിക്കുപ്പായത്തിന്റെ മേനി.
ഇപ്പോഴും വെറും ആണുങ്ങടെ സ്വഭാവം എന്നത് എന്നെ വിഷമിപ്പിക്കുന്ന ഒരു കുറ്റപ്പെടുത്തലാണ്. പക്ഷേ ഇത് ഭാര്യയുടെ കാര്യത്തില്‍ മാത്രമല്ല. മറ്റ് സ്ത്രീകളുടെ കാര്യത്തിലും പലപ്പോഴും കയറിവരുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. കുറ്റപ്പെടുത്താനോ ദേഷ്യപ്പെടാനോ തക്ക പരിചയമില്ലാത്ത ചിലരോട് (എല്ലാവരോടും ഇല്ല എന്നത് ആശ്വാസകരം തന്നെ) ഒരു വെറും ആണിന്റെ നോട്ടവുമായി എത്തുമ്പോള്‍ ആദ്യം തോന്നുന്നത് അവനവനോടുള്ള പുച്ഛമാണ്. സ്ത്രീയെ ശരീരമായി മാത്രം കാണുന്ന മറ്റുപലരോടും തോന്നുന്ന അതേ പുച്ഛം. സത്യത്തില്‍ ഇത്ര മോശമാണോ വെറും ആണുങ്ങള്‍? എന്നാണ് ഒരു സ്ത്രീയും എന്നെയോ നിങ്ങളെയോ കുറിച്ച് വെറും ആണ് എന്ന് അമര്‍ഷത്തോടെയോ പരിഹാസത്തോടെയോ അല്ലാതെ സംസാരിക്കാന്‍ കഴിയുന്ന ലോകം വരുക...

എന്തുകൊണ്ടാണ് വെറും ആണ് എന്നത് ചില പുരുഷന്മാര്‍ക്കെങ്കിലും അപകര്‍ഷതയോടെ കാണേണ്ട പ്രയോഗമാകുന്നതും മിക്കവാറും സ്ത്രീകളും വെറുപ്പോടെ മാത്രം പ്രയോഗിക്കുന്നതും? അതിനുത്തരവാദികള്‍ ആരാണ്? എല്ലാ പുരുഷന്മാരും സ്ത്രീകളും ഇതൊന്നു ചിന്തിച്ചാല്‍, അതൊഴിവാക്കാന്‍ ശ്രമിച്ചാല്‍ തീരില്ലേ ഈ കുമ്പസാരത്തിന്റെ പ്രസക്തി?