Monday, January 02, 2012

മരണങ്ങളുടെ പുസ്തകം (കേട്ടുതീരാത്ത പാട്ട് )

മരണത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരു ക്രമം ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. കാരണം മനസ്സ് മരണങ്ങളെ രേഖപ്പെടുത്തുക കാലത്തിന്റെ ക്രമത്തിലല്ല. അല്ലെങ്കില്‍ മരണം ഒരു രജിസ്റ്ററില്‍ എഴുതിവക്കുന്നത്ര എളുപ്പത്തിലോ നിസ്സാരമായോ അല്ല മനസ്സില്‍ എഴുതിവക്കുന്നത്.
അടുത്തിടെ കണ്‍മുന്നില്‍ നടന്ന ഒരു മരണത്തെ ഒരുപക്ഷേ വളരെ വേഗം മറന്നുപോയേക്കാം. ഓര്‍മ്മകളുടെ കാലത്തിനും മുമ്പുള്ള ചില മരണങ്ങള്‍, ചിലപ്പോള്‍ പറഞ്ഞുകേട്ടവപോലും, മനസ്സില്‍ നിന്നും ഇറങ്ങിപ്പോകാതെ കിടക്കുകയും ചെയ്യാം.
ഒരു ഫോട്ടോ പോലെയാണ് മരണമെന്ന് തോന്നിയിട്ടുള്ളത് എനിക്കുമാത്രമാണോയെന്നറിയില്ല. ചില ചിത്രങ്ങള്‍ ഒറ്റ ക്ലിക്കില്‍ ക്യാമറക്കൊപ്പം മനസ്സിലും പതിയും. ഇറങ്ങിപ്പോകുകയേയില്ല. മറ്റുചിലത് എടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ മറവിയാല്‍ ഡെലീറ്റ് ചെയ്യപ്പെടുകയും ചെയ്യും.ഇത് മരണങ്ങളുടെ ഒരു ക്രോണോളജിയായി എഴുതാന്‍ തുടങ്ങിയതാണ്. എനിക്ക് മുന്നില്‍ കണ്ടതും മനസ്സ് കുറിച്ചുവച്ചതുമായ ഓര്‍മ്മകളുടെ ഒരു അടുക്കിപ്പെറുക്കല്‍. എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് മരണത്തിന്റെ പുസ്തകത്തിന്റെ ആദ്യഭാഗം വായിച്ച ഒരു കൂട്ടുകാരനില്‍ നിന്നാണ്. അവന്‍ ഒരു മരണത്തിന്റെ ഓര്‍മ്മ പങ്കുവച്ചപ്പോള്‍ അത് മനസ്സിന്റെ രജിസ്റ്ററില്‍ ഏറ്റവും ആദ്യം എഴുതപ്പെട്ടു.
കൊല്ലത്തുനിന്നും എറണാകുളത്തേക്കുള്ള ട്രയിന്‍ യാത്രയില്‍ ഞാനും കണ്ടിട്ടുണ്ട് ആ പെണ്‍കുട്ടിയെ. പത്ത് വയസ്സ് പ്രായം വരുന്ന ഒരു തെരുവുപാട്ടുകാരി. കോട്ടയത്തെ ഒരു ദിനപത്രത്തില്‍ ജോലിചെയ്യുന്ന എന്റെ സുഹൃത്ത് സ്ഥിരം ട്രെയിന്‍ യാത്രക്കാരനായിരുന്നു. അവന്റെ മുന്നിലും വന്ന് പാട്ടുപാടും ആ കുട്ടി. എന്നും ഒരേ പാട്ട്. പരിചയമില്ലാത്ത മലയാളം ഉച്ചാരണത്തില്‍ പാട്ടുപാടി യാത്രക്കാര്‍ക്ക് മുന്നില്‍ കൈനീട്ടിപ്പോകുന്നവള്‍. "അക്കരെക്ക് യാത്ര ചെയ്യും സിയോണ്‍ സഞ്ചാരീ ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട" എന്ന പാട്ടിലെ കുറേവരികള്‍ അക്ഷരത്തെറ്റോടെ പാടിയാണ് അവള്‍ കൈനീട്ടുന്നത്. മറ്റുപലരെയും പോലെ പിടിച്ചുപറിയുടെ സ്വഭാവമൊന്നുമില്ല. ദൂരെ നിന്ന് കൈനീട്ടും. അധികനേരം നിന്ന് ശല്ല്യപ്പെടുത്തലുമില്ല. ആരെങ്കിലും പണം നീട്ടിയാല്‍ അകലെനിന്നുതന്നെ അതുവാങ്ങിപ്പോകും. ഇല്ലെങ്കിലും പരാതികളില്ല.
ഒരുദിവസം പതിവുപോലെ അവള്‍ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോഴാണ് ഭക്ഷണപ്പൊതികളുമായി കച്ചവടക്കാരന്‍ എത്തുന്നത്. എന്റെ ചങ്ങാതി ഭക്ഷണം വാങ്ങിയ കൂട്ടത്തില്‍ ഒരു പൊതി ഇഡ്ഡലി കൂടി വാങ്ങി അവള്‍ക്കുനേരേ നീട്ടി. അതും വാങ്ങി പോകുന്നതിനുപകരം അവള്‍ അവിടെത്തന്നെയിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ദിവസങ്ങളുടെ വിശപ്പ് മുഴുവന്‍ വ്യക്തമാക്കുന്ന ഭക്ഷണം കഴിക്കല്‍. കഴിച്ചുകഴിഞ്ഞ് ഓരോ വിരലിനെയും നക്കി വൃത്തിയാക്കി അവള്‍ വീണ്ടും അതേ പാട്ടുപാടി. ഇത്തവണ കൈനീട്ടാതെ മടങ്ങുകയും ചെയ്തു.
ഇത് ക്രമേണ ഒരു ശീലമായി. തനിക്കുള്ള ഭക്ഷണം പൊതിഞ്ഞെടുക്കുന്ന കൂട്ടത്തില്‍ വീട്ടില്‍ നിന്ന് ഒരു പൊതി ആ പെണ്‍കുട്ടിക്കു കൂടി അവന്‍ എന്നും കൊണ്ടുപോയി. സിയോണ്‍ സഞ്ചാരിയുടെ പാട്ടല്ലാതെ ഒരു വാക്ക് അവള്‍ പറഞ്ഞിട്ടുള്ളത് തെലുങ്ക് എന്ന് മാത്രമാണ്. എന്തുചോദിച്ചാലും അതേ മറുപടി. കുസൃതിയുടെ ഒരു ചിരിയും. അതുകൊണ്ടും മതിയാകുന്നില്ലെങ്കില്‍ സിയോണ്‍ സഞ്ചാരി വീണ്ടുമെത്തും.
അങ്ങനെ ഏതാനും മാസങ്ങള്‍ ഭക്ഷണപ്പെതിയും സിയോണ്‍ സഞ്ചാരിയുമൊക്കെയായി കഴിഞ്ഞുപോയി.പെട്ടെന്നൊരു ദിവസം അവന്റെ ഭക്ഷണപ്പൊതിക്ക് അവകാശിയെത്താതെയായി. രണ്ട് ദിവസം പൊതി ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കു കൊടുത്തു. മൂന്നാം ദിവസം തിരുവല്ലയിലെ പ്രാദേശിക ലേഖകന്റെ വക ഒരു ചെറിയ വാര്‍ത്തയുണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ച ഒരു പെണ്‍കുട്ടിയുടെ അജ്ഞാത മൃതദേഹത്തെപ്പറ്റി...ഓളങ്ങളെ ഭയപ്പെടാതെയുള്ള അവളുടെ യാത്ര... 

2 comments:

റിനി ശബരി said...

മരണങ്ങളുടെ നനുത്ത ഇരുളുണ്ട് വരികളില്‍ ..
ഇനി മരണം എന്നത് ഇരുളാണോ എന്നറിവില്ല താനും .സുഖമുള്ളൊരു തിരിച്ച് പൊക്കായീ കരുതുവാന്‍ ഇഷ്ടം ..ഈ വരികള്‍ എന്തൊ മനസ്സില്‍ പതിഞ്ഞു ആ കുഞ്ഞു മകളും , എന്തിനേക്കാളേറെ ആഴമുള്ള വികാരം വിശപ്പ് തന്നെ .അതു കൊടുക്കുവാന്‍ കാണിച്ച ആ സുഹൃത്തിന്റേ മനസ്സിനേ നമിക്കുന്നു .നാം ഒരിക്കലും ആഗ്രഹിക്കാതേ കടന്നു വരുന്നുണ്ട് മരണം എന്ന അനിവാര്യമായ സത്യം
ചിലപ്പൊള്‍ നാം കൊതിക്കുകയും ,ചാരെ വരാതിരിക്കുകയും ചിലപ്പൊള്‍ നാം വകഞ്ഞു മാറാന്‍ ശ്രമിക്കുമ്പൊള്‍ നമ്മെ പുല്‍കുകയും ചെയ്യുന്ന മരണം .ഇഷ്ടമാകുന്നൊരു വ്യത്യസ്ഥമായ എഴുത്ത് ഫീല്‍ ചെയ്തൂ .എല്ലാം വായിക്കുന്നു .. ആഴത്തിലുള്ളതിനേ കാത്തിരിക്കുന്നു
കാരണം ആര്‍ക്കും അറിയാതേ പോകുന്നൊരു തലമാണിത് ..ഒരിക്കലും രേഖപെടുത്തീ വയ്ക്കുവാന്‍ കഴിയാത്തത് പക്ഷേ നമ്മുടെ മനസ്സിന്റേ തോന്നലുകളിലൂടെ അതിനേ വര്‍ണ്ണിക്കാം
അതും നമ്മേ കൂട്ടി കൊണ്ടു പൊകുന്നുണ്ട് സുഖമുള്ള തുരുത്തിലേക്ക് ..

റിനി ശബരി said...
This comment has been removed by the author.