Monday, January 02, 2012

മരണങ്ങളുടെ പുസ്തകം (തുടക്കം)

ഇന്നലെ രാത്രി ഏറെ വൈകിയപ്പോള്‍ എന്റെ ഒരു പ്രിയസുഹൃത്ത് ഗൂഗിള്‍ ടാക്കില്‍ വന്നു. ഒന്നുറക്കെ കരയണമെന്നായിരുന്നു അവളുടെ ആഗ്രഹം. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍, ഒരു നാലു വയസ്സുകാരന്‍, മരിച്ചുപോയി.
ആശ്വസിപ്പിക്കാന്‍ ഞാന്‍ പണ്ടുതൊട്ടേ വളരെ മോശമാണ്. ഉപചാരവാക്കുകള്‍ പറഞ്ഞ് ധൈര്യം കൊടുക്കാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇവിടെയും അതുതന്നെ സംഭവിച്ചു. എന്ത് പറയണമെന്നറിയാതെ ഞാന്‍ അമ്പരന്നുനിന്നപ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് വന്നത് നാലര വയസ്സുകാരനായ മകന്റെ മുഖമാണ്. എന്തിനെന്നറിയാതെ ഞാനും കരഞ്ഞു. പിന്നെ എപ്പൊഴോ ഉറങ്ങിപ്പോയി.
മഥുരയില്‍ ചെന്നുപെട്ട ഒരു സന്ധ്യയെ ഓര്‍മ്മവന്നു. ഏതോ ഒരു യാത്രക്കിടയില്‍ ഒരു നിമിഷത്തെ ആവേശത്തിന് ചാടിയിറങ്ങിയതാണ്. ദില്ലിയിലേക്ക് പോകാനുള്ള ബസിലായിരുന്നു ഞാന്‍. അതെ, കൃഷ്ണന്റെ മഥുര തന്നെ. എന്നെ അപരിചിതമായ ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് ബസ് ദില്ലിയിലേക്കുതന്നെ പോയി. ഞാനിരുന്ന സീറ്റില്‍ ഒരു ഗ്രാമീണന്‍ നന്ദിപൂര്‍വ്വം ഇരിപ്പുറപ്പിച്ചു.
ആദ്യത്തെ അമ്പരപ്പില്‍ നിന്നു മാറിയപ്പോള്‍ ഇരുട്ടുന്നതിനു മുന്‍പ് അത്ര സമ്പന്നമല്ലാത്ത എന്റെ പോക്കറ്റിന് ഒതുങ്ങുന്ന ഒരിടം തല ചായ്ക്കാന്‍ കണ്ടെത്തണമെന്ന് തോന്നി. അതുകഴിഞ്ഞാവാം നഗരം ചുറ്റലെന്ന തീരുമാനവുമായി ദുര്‍ഗന്ധവും പശുക്കളും ഓട്ടോറിക്ഷകളും ട്രക്കുകളുമെല്ലാം നിറഞ്ഞ റോഡിലേക്കിറങ്ങി.
ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും അധികം നടക്കുന്നതിനുമുന്‍പാണ് ആ മനുഷ്യനെ കണ്ടത്. ഉടവുതട്ടാത്ത, വെള്ള നിറത്തിലെ കുര്‍ത്തയും പൈജാമയും ധരിച്ച ഒറ്റനോട്ടത്തില്‍ മാന്യനെന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്‌കന്‍. അടച്ചിട്ട ഒരു കടയ്ക്ക് മുന്നിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയാള്‍.അടുത്തെവിടെയെങ്കിലും വാടക കുറഞ്ഞ ലോഡ്ജുണ്ടാകുമോ എന്ന എന്റെ ചോദ്യത്തിന് അപ്രതീക്ഷിതമായ മറ്റൊരു ചോദ്യമായിരുന്നു ഉത്തരം.
മരിച്ചവരുടേതോ ജീവനുള്ളവരുടേതോ?
തമാശയായാണ് ആ ചോദ്യം എനിക്ക് തോന്നിയത്. എന്നാല്‍ അയാളുടെ മുഖം ഇപ്പോഴും ഗൗരവത്തില്‍ തന്നെ.അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ ഇത്തിരി ഗൗരവം കൂടുകയും ചെയ്തു. ജീവനുള്ളവരുടേത് എന്ന മറുപടിക്കൊപ്പം ഞാനും ഒരു മറുചോദ്യം ചോദിച്ചു.
മരിച്ചവരുടെ താമസസ്ഥലംകൊണ്ട് ഞാനെന്ത് ചെയ്യാനാണ്?
അതെന്താ, മരിച്ചവരെ നിനക്കിഷ്ടമല്ലേ... എങ്കില്‍ എന്നോട് സംസാരിക്കണ്ട... ഞാന്‍ മരിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു.
ശരിക്കും അയാളുടെമുഖം മരിച്ചവരുടേതുപോലെ തന്നെയാണെന്ന് ഞാന്‍ കണ്ടുപിടിച്ചത് അതുകഴിഞ്ഞാണ്.അപ്പോഴും അയാള്‍ ദേഷ്യമടങ്ങാതെ പിറുപിറുത്തു. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ നിന്നെ ഒരുപാട് വഴിനടത്തിയിട്ടുള്ളത് പിന്നീട്  മരിച്ചവരാണ്. എന്നിട്ടിപ്പോ മരിച്ചവരെ ഇഷ്ടമല്ലെന്ന്... ദേര്‍... അയാള്‍ നിശബ്ദനായി വീണ്ടും കസേരയിലേക്കിരുന്നു.
അല്‍പ്പനേരം അവിടെത്തന്നെ അമ്പരപ്പോടെ നിന്നശേഷം ഞാന്‍ നടന്നു. ഒരു കിലോമീറ്ററെങ്കിലും നടന്ന് ലോഡ്ജ് കണ്ടുപിടിച്ച് മുറിയെടുത്തശേഷം നടക്കാനിറങ്ങുമ്പോള്‍ കണ്ടു.ലോഡ്ജില്‍ നിന്നും ഏറെ അകലെയല്ലാതെ മരിച്ചവരുടെ താമസസ്ഥലം, ഒരു ശ്മശാനം....
അതെ, മരിച്ചവര്‍ പലരും കാട്ടിത്തന്ന വഴികളിലൂടെയാണ് നടന്നിട്ടുള്ളത്. ഒരു കണക്കെടുപ്പിന് സാധ്യമല്ലാത്തത്ര വലുതാണ് അവരുടെ എണ്ണം. എങ്കിലും എനിക്ക് മുന്നിലൂടെ മരണത്തിലേക്ക് പോയവരുടെ ഓര്‍മ്മകളിലേക്ക് കടക്കാനുള്ള ഒരു വഴിയാണ് അന്ന് അയാള്‍ തുറന്നത്. ഇപ്പോള്‍ ഒരു നാലുവയസ്സുകാരനും...(തുടരും)

1 comment:

Unknown said...

ഫേസ്ബുക്ക് നോട്ട്സില്‍ നിന്നും തിരിചെടുക്കുകയാണ് മരണങ്ങളുടെ പുസ്തകത്തെ... ഇവിടെ അവസാനിപ്പിക്കാനല്ല... ഒരു തുടര്‍ച്ചക്ക് വേണ്ടി...