Tuesday, April 10, 2012

കൊല്‍ക്കത്ത ഇപ്പോള്‍ തിരിച്ചു വിളിക്കുന്നില്ല

ഒരു ഗൃഹാതുരത്വമായാണ് ബംഗാള്‍ വിട്ടുപോന്ന ഒട്ടുമിക്കവാറും പേരെയും പിന്തുടരുന്നത് എന്ന് കേട്ടിട്ടുണ്ട്. മലയാളികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. തിരിച്ചുപിടിക്കുന്ന എന്തോ ഒന്നിനെക്കുറിച്ച് കൊല്‍ക്കത്തയെയോ ശാന്തിനികേതനെയോ ഉപേക്ഷിച്ച് നാട്ടിലേക്കുവന്ന പല സുഹൃത്തുക്കളില്‍ നിന്നും കേട്ടിട്ടുണ്ട്. എന്റെ സ്ഥിതിയും ഒരിക്കലും വ്യത്യസ്തമായിട്ടില്ല. എന്നാല്‍ ഇത്തവണ മടങ്ങിയെത്തിയപ്പോള്‍ ആ പഴയ തിരിച്ചുവിളി കേള്‍ക്കുന്നില്ലേ എന്ന് എനിക്ക് വല്ലാത്ത സംശയം.

മൃതദേഹങ്ങളാണ് കൊല്‍ക്കത്തക്കുനേരേ ഒരു പുത്തന്‍ നോട്ടം നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കുറേക്കൂടി കൃത്യമായിപ്പറഞ്ഞാല്‍ എന്റെ അമ്മാവന്റേതുള്‍പ്പെടെ നാല്‍പ്പതോളം മൃതദേഹങ്ങള്‍.

 ജീവിതം ഒരു വമ്പിച്ച ആഘോഷമാക്കിയയാളായിരുന്നു അമ്പാടി എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന അമ്മാവന്‍. അമ്മയുടെ നേരേ ഇളയ ആങ്ങള. ജീവിതത്തില്‍ ആരോടും ഉത്തരവാദിത്തങ്ങള്‍ സൂക്ഷിക്കാന്‍ ഇഷ്ടമില്ലാതിരുന്നയാള്‍. കഷ്ടിച്ച് 20 വര്‍ഷങ്ങള്‍ കൊണ്ട് 5 സംസ്ഥാനങ്ങളിലായി 67 സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അമ്മാവന്‍ 30 വര്‍ഷത്തിനടുത്തായിരുന്നു കൊല്‍ക്കത്തയെ സ്നേഹിച്ചു തുടങ്ങിയിട്ട്. മറ്റെവിടെയൊക്കെ ജോലി കിട്ടി പോയാലും തിരിച്ചുവിളിക്കുന്ന നഗരം എന്നാണ് അമ്മാവനും വംഗനാടിന്റെ തലസ്ഥാനത്തെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ 13 വര്‍ഷത്തിലേറെയായി അമ്മാവന്‍ ഒരേ കമ്പനിയില്‍ത്തന്നെ ജോലിയില്‍ തുടര്‍ന്ന‍ത് അമ്മാവന്റെ അരാജകത്വത്തെ കമ്പനി അംഗീകരിച്ചുകൊടുത്തു എന്നതുകൊണ്ട് മാത്രമായിരുന്നു. തോന്നുമ്പോള്‍ മാത്രം ഓഫീസില്‍ പോവുക എന്ന അമ്മാവന്റെ നയത്തോട് കമ്പനി പ്രതികരിച്ചത് അമ്മാവനെക്കൊണ്ട് അത്യാവശ്യം വന്നാല്‍ താമസസ്ഥലത്തേക്ക് ഡ്രൈവറെ പറഞ്ഞയക്കുക എന്ന നയം കൊണ്ടാണ്. പരസ്പരം മനസ്സിലാക്കിക്കൊണ്ടുള്ള ഒരു അഡ്ജസ്റ്മെന്റ്. ഇതിനിടെ ഡ്രൈവറോട് മറ്റൊരു അഡ്ജസ്റ്മെന്റുണ്ടാക്കി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍പ്പോലും താന്‍ വീട്ടിലില്ല എന്ന് ഓഫീസില്‍ അറിയിക്കാന്‍ അമ്മാവന്‍ വഴി കണ്ടെത്തി എത് മറ്റൊരു കാര്യം.സ്വാതന്ത്ര്യം എന്ന വാക്കായിരുന്നിരിക്കണം അമ്മാവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്. അമ്മാവനൊപ്പം പുകവലിക്കാനും മദ്യപിക്കാനുമൊക്കെ എനിക്ക് യഥേഷ്ടം സ്വാതന്ത്ര്യമുണ്ടായിരുന്നു. ദിവസം കുറഞ്ഞത് നാല് പാക്കറ്റ് സിഗററ്റെങ്കിലും വലിക്കുമായിരുന്ന അമ്മാവന് അക്കാര്യത്തില്‍ അല്‍പ്പമെങ്കിലും പാരതന്ത്ര്യം എനിക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുകയുമില്ലായിരുന്നു. പറഞ്ഞാല്‍ ഇനിയുമേറെയുണ്ട് അമ്മാവനെക്കുറിച്ച്‍. ജീവിതത്തിലെ ഒരു സമ്പൂര്‍ണ ജനാധിപത്യ വിശ്വാസി എന്നതിനപ്പുറം വായനയും എഴുത്തുമെല്ലാം ശീലമാക്കിയിരുന്നയാള്‍ എന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ എഴുതിവച്ച കടലാസുകള്‍ ഒരിക്കലെങ്കിലും പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടേയില്ല താനും. എന്നെ കൊല്‍ക്കത്തയെയും കിഷോര്‍കുമാറിനെയും മറ്റൊരുപാട് ബംഗാളി ബിംബങ്ങളെയും സ്നേഹിക്കാനും ഇനിയും ഒട്ടേറെ എണ്ണത്തിനെ വെറുക്കാനും പഠിപ്പിച്ചത് അമ്മാവനായിരുന്നു. അമ്മാവന്റെ മരണവും കൊല്‍ക്കത്തയില്‍ത്തന്നെയായിരുന്നു.

 ചെറുപ്പക്കാരായ ബംഗാളിപ്പിള്ളേരും കുട്ടിക്കാലം മുതല്‍ ഒപ്പമുള്ള കൂട്ടുകാരനായ ബാലകൃഷ്ണനമ്മാവനും എപ്പോഴും കൂട്ടുണ്ടായിരുന്നു അമ്മാവന്. തലമുതിര്‍ന്ന‍ ഉപദേശകന്റെ വേഷമാണ് ബാലകൃഷ്ണനമ്മാവന്റേതെങ്കില്‍ അരാജകത്വത്തിന് തിരിതെളിക്കുന്നവരായിരിക്കും മറ്റേ സംഘം. ഇവരെല്ലാം തൊട്ടടുത്തുണ്ടായിട്ടും അമ്മാവന്റെ മരണം ഒറ്റക്കായിരുന്നപ്പോഴായിരുന്നു. ഒരു കൈയില്‍ കത്തിച്ചു പിടിച്ച സിഗററ്റിന്റെ കുറ്റിയും മുന്നില്‍ ബംഗ്ളാ എന്നും ചുളു എന്നും വിളിക്കുന്ന നാടന്‍മദ്യത്തിന്റെ പകുതിയൊഴിഞ്ഞ കുപ്പിയും വച്ച് കട്ടിലിലിരുന്ന് മേശപ്പുറത്ത് തലവച്ച് ഉറങ്ങുന്ന നിലയിലായിരുന്നു ആ മരണം. അമ്പത്തിമൂന്നാം വയസ്സില്‍ മരിക്കാന്‍ പറ്റിയ പൊസിഷന്‍.


എപ്പോഴത്തെയും പോലെ മുറിക്കുള്ളില്‍ ഫാനും വെളിച്ചവും. അടച്ചുപൂട്ടിയ വാതില്‍. മുറിയില്‍ ആളുണ്ടെന്നും ഉറങ്ങുകയാണെന്നും ആര്‍ക്കും തോന്നുന്ന രീതി. ഞായറാഴ്ച രാത്രിയിലാണ് അമ്മാവന്റെ കൂട്ടുകാര്‍ കാക്കുവിനെത്തേടി മുറിയിലെത്തുന്നത്. അവര്‍ വീട്ടുടമസ്ഥരോട് അന്വേഷിച്ചു. അറിയില്ലെന്ന മറുപടി കേട്ട് തിരിച്ചുപോകാതെ ജനാലയിലെ ചെറുവിടവിലൂടെ മുഖം കടത്തിയപ്പോള്‍ വന്നു ചീഞ്ഞുതുടങ്ങിയ മരണത്തിന്റെ ഗന്ധം. ബാലകൃഷ്ണനമ്മാവന്‍ നഗരത്തിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ പകല്‍ നേരത്തേ അറിയുമായിരുന്നു. പൊലീസും നാട്ടുകാരും എല്ലാം ഇടപെട്ട് തിങ്കളാഴ്ച രാത്രിയോടെയാണ് അമ്മാവനെ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ വിവരമറിഞ്ഞ് രാത്രി 12 മണിയോടെ ഞാന്‍ നഗരത്തിലെത്തുമ്പോള്‍ ടോളിഗഞ്ചിനടുത്തെ ബങ്കൂര്‍ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറിനുള്ളില്‍ വിശ്രമിക്കുകയായിരുന്നു അമ്മാവന്‍. ഒരുപാട് അദ്ധ്വാനിച്ചും വിശ്രമിച്ചും ദരിദ്രനായും ധനികനായുമൊക്കെ ജീവിച്ച നഗരത്തില്‍ അമ്മാവന്റെ അവസാനത്തെ രാത്രിവിശ്രമം.

 രാവിലെ കേറാപ്പുകൂര്‍ പൊലീസ് സ്റേഷനില്‍ ഞാനാരെന്ന് വെളിപ്പെടുത്തിയാലേ മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. അതിന് വാര്‍ഡ് കൌണ്‍സിലറെ കാണാന്‍ ഏഴ് മണിക്ക് തന്നെയെത്തി. പുലര്‍ച്ചെ അഞ്ച് മണിക്ക് വന്നാലും താന്‍ സര്‍ട്ടിഫിക്കറ്റ് എഴുതിനല്‍കാമെന്നും അതുമായി പൊലീസ് സ്റേഷനിലേക്ക് ചെന്നാല്‍‍ മതിയെന്നും തലേന്ന് അവര്‍ പറഞ്ഞതിന്റെ ധൈര്യത്തില്‍ കൊല്‍ക്കത്തയിലെ പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രവര്‍ത്തകരുമുണ്ടായിരുന്നു എനിക്ക് വഴികാട്ടാന്‍. ഒമ്പത് മണി കഴിഞ്ഞപ്പോള്‍ അവര്‍ ഉറക്കമെഴുന്നേറ്റുവന്നു. ആദ്യപരിഗണന തന്നെ കിട്ടി. ഇവരുടെയൊന്നും വോട്ട് തനിക്ക് കിട്ടില്ലെന്ന് തൃണമൂല്‍‍ കോണ്‍ഗ്രസുകാരിയായ രത്നാസുറിന് അറിയാഞ്ഞിട്ടല്ല. അതറിയാവുന്നതുകൊണ്ടാവും അവര്‍ ഒമ്പതുമണി വരെ ഉറങ്ങിയതെന്ന് വി.എ.പ്രകാശന്‍ ചേട്ടന്‍.

കേറാപ്പുകൂറില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് സത്പതി ഒരു കള്ളിമുണ്ടും ബനിയനും ധരിച്ച് വന്നു. ഞങ്ങളെ കണ്ടയുടന്‍ പേപ്പറുകള്‍ വാങ്ങി. എന്നോട് പേരും നാട്ടിലെ വിലാസവും ഐഡന്റിറ്റി കാര്‍ഡും ചോദിച്ചു. പിന്നെ സര്‍ട്ടിഫിക്കറ്റ് എഴുതിത്തരാന്‍ തുടങ്ങി. എങ്ങനെ നന്ദി പറയണമെന്നറിയാതെ ചായ കുടിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആദ്യം അദ്ദേഹം പറഞ്ഞൊഴിയാന്‍ നോക്കിയെങ്കിലും അവസാനം സമ്മതിച്ചു. ഒറ്റ നിബന്ധനയില്‍. എല്ലാ പൊലീസുകാര്‍ക്കും വേണം ചായ. തനിക്ക് മാത്രമായി പറ്റില്ല. തലേന്ന് അദ്ദേഹത്തിനും പൊലീസുകാര്‍ക്കും പണം കൊടുക്കാന്‍ ശ്രമിച്ച കഥ എന്‍.കെ.ബാലേട്ടന്‍ പറഞ്ഞിരുന്നു. നിങ്ങളെ ദ്രോഹിക്കാന്‍ ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒന്നും എഴുതിയിട്ടില്ല എന്ന് മാത്രം പറഞ്ഞ് ആ മര്യാദക്കാരന്‍ അത് നിരസിച്ചുവത്രേ.

 കേറാപ്പുകൂറില്‍ നിന്ന് നേരേ ജാദവ്പ്പൂര്‍ ഥാനയിലേക്ക്. നഗരമധ്യത്തിലേക്ക് കടക്കുമ്പോഴത്തെ തിരക്കും വ്യത്യാസവും. ഞങ്ങള്‍ എത്തുമ്പോള്‍ ആത്മഹത്യകളും അപകട മരണങ്ങളുമായി പത്തോളം മൃതദേഹങ്ങളുടെ അവകാശികളെ ചുമതലപ്പെടുത്തുകയായിരുന്നു അവിടത്തെ ഉദ്യോഗസ്ഥര്‍. മൃതദേഹം ഏറ്റുവാങ്ങാനുള്ള കടലാസ് കൈയിലേക്ക് തരുമ്പോള്‍ എനിക്കൊപ്പമുണ്ടായിരുന്ന മജുംദാറിനെ നോക്കി തല ചൊറിഞ്ഞു കാണിച്ചു ഗുമസ്തന്‍. ഒരു നൂറുരൂപാ നോട്ടില്‍ അത് അടക്കിയത് തല്‍ക്കാലത്തേക്കാണെന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ വിട തന്നത്.

 ബംഗൂര്‍ ആശുപത്രിക്ക് മുന്നില്‍ നിന്നുതന്നെ മൃതദേഹം കൊണ്ടുപോകാന്‍ വണ്ടി വിളിക്കാമെന്നായിരുന്നു മജുംദാര്‍ പറഞ്ഞത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒരു നീല മിനിലോറിക്ക് മുന്നിലാണ് ഞങ്ങളുടെ കാറ് നിന്നത്. നാട്ടുകാരന്‍ എന്ന നിലയില്‍ മജുംദാര്‍ തന്നെയാണ് ഡ്രൈവറോട് സംസാരിച്ചത്. മിനിലോറിയുടെ കൂലി വിലപേശി നിശ്ചയിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ് ഡ്രൈവര്‍ തന്നെ പറഞ്ഞുതന്നു. കട്ടില്‍ എന്ന പേരിലുള്ള നാല് കാലുകളും ഏതാനും തടിക്കഷണങ്ങളും തട്ടിയുറപ്പിച്ച ഒരു സാധനം, പ്ളാസ്റിക് ഷീറ്റ്, പൂക്കള്‍, വെള്ളുള്ളിപ്പൂക്കളുടെ ഒരു റീത്ത്, തുണി, പെര്‍ഫ്യൂം, ചന്ദനത്തിരികള്‍... അയാള്‍ ഇതെല്ലാം ഏതെല്ലാം കടകളില്‍ നിന്നും വാങ്ങണമെന്ന് ഒപ്പം കൊണ്ടുനടന്ന് കാട്ടിത്തരികയും ചെയ്തു. പിന്നീട് ആശുപത്രിയില്‍ ഒരു മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പ്. അപ്പോഴൊന്നും മൃതദേഹം ഏറ്റുവാങ്ങി എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോ എങ്ങനെയാണ് കൊണ്ടുപോകുതെന്നോ ഒരു പരിപാടിയും എനിക്ക് അറിയുമായിരുന്നില്ല. മജുംദാറോ മറ്റുള്ളവരോ എനിക്ക് ഒന്നും വിശദീകരിച്ചുതന്നതുമില്ല. മൃതദേഹം തിരിച്ചറിയേണ്ടിവരുമെന്നും സംശയിക്കാതെതന്നെ അത് ചെയ്യണമെന്നുമുള്ള ഒരു നിര്‍ദ്ദേശമല്ലാതെ മറ്റൊന്നും ആരും തന്നിരുന്നില്ല. മിനിലോറിയും ഞങ്ങള്‍ ആറുപേരും ആശുപത്രിവാതുക്കല്‍ കാത്തുനില്‍ക്കുമ്പോഴേക്കും കൂടുതല്‍ മിനിലോറികള്‍ മോര്‍ച്ചറിക്കടുത്ത് വന്ന് നിരന്നു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനുള്ള ബന്ധുക്കളുടെ സംഘങ്ങള്‍ കാറിലുംമറ്റുമായി വേറെയും. ഏറെനേരത്തെ കാത്തിരിപ്പിനുശേഷമാണ് ഛോട്ടുദാ എന്ന് എല്ലാവരാലും വിശേഷിപ്പിക്കപ്പെട്ട പൊലീസ് ശിപായി (അതോ ഗുമസ്തനോ?) എത്തിയത്. അയാളും യൂണിഫോമിലല്ലാത്ത ചില പൊലീസുകാരും വന്നതോടെ ജനക്കൂട്ടം അവര്‍ക്ക് ചുറ്റിനുമായി. “തങ്ങളുടെ” മൃതദേഹം എത്രയും പെട്ടെന്ന് പുറത്തിറക്കിക്കിട്ടാനായി ഓരോരുത്തരും തിരക്ക് കൂട്ടി. ഓരോ മൃതദേഹത്തിനുമായി ഓരോ കെട്ട് കടലാസുകള്‍ വീതം ഛോട്ടുദാ പുറത്തെടുത്തു. ആദ്യം പുറത്തുവിട്ടത് ആത്മഹത്യചെയ്ത ഒരു സ്ത്രീയുടെ ശരീരമായിരുന്നു. ഇളംപച്ച സാല്‍വാറും ദുപ്പട്ടയുമണിഞ്ഞ ആ സ്ത്രീ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നുവത്രേ തലേന്ന് കണ്ടെത്തപ്പെട്ടത്. കാണാന്‍ വിസമ്മതിക്കുന്ന ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബന്ധുക്കള്‍ മോര്‍ച്ചറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പുറത്ത് ഞങ്ങള്‍ ആദ്യത്തെ മൃതദേഹത്തിന്റെ ദുര്‍ഗന്ധത്തില്‍ അസ്വസ്ഥരായി. മുഖംതിരിക്കുന്ന ഞങ്ങള്‍ക്ക് മുന്നിലേക്ക് പാഞ്ഞെത്തി ആ പെണ്‍കുട്ടി താന്‍ പുതച്ചിരുന്ന ഷാള്‍ വലിച്ചെറിഞ്ഞ് വലിയൊരു ഓക്കാനത്തോടെ ശര്‍ദ്ദിച്ചു. അവളുടെ അമ്മയായിരുന്നു അകത്ത് ദുര്‍ഗന്ധം പരത്തി കിടന്നത്. വീണ്ടും ചില മൃതദേഹങ്ങള്‍. ധാക്കുരിയയില്‍ വാഹനാപകടത്തില്‍ മരിച്ച ഒരു സ്ത്രീയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അത്രനേരം അനാഥശവമായിരുന്ന ഒന്ന് ദീപിക എന്ന മറാത്തി സ്ത്രീയുടെ മൃതദേഹമായി മാറി. അപ്പോഴും അവിടെയുണ്ടായിരുന്ന ചില അനാഥശവങ്ങളെ കൊണ്ടുപോകാന്‍ തയ്യാറാകാത്ത ലോറിക്കാരുമായി ഛോട്ടുദാ വിലപേശുന്നുണ്ടായിരുന്നു. ബിജോയ് കുമാര്‍ കെ.ബി. എന്ന് ഛോട്ടുദാ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അകത്തേക്ക് കയറി. അപ്പോഴേക്കും ദുര്‍ഗന്ധം ഏറെക്കുറെ പരിചിതമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന ഫ്രീസറിന്റെ വാതില്‍ തുറന്നപ്പോള്‍ ഇതുവരെ ഉണ്ടായിരുന്നതിലും കവിഞ്ഞ ദുര്‍ഗന്ധം ചുറ്റിനും പടര്‍ന്നു. ഉടുപ്പിടാതെ ഒരു ലുങ്കി മാത്രമുടുത്ത് മൃതദേഹം പുറത്തെടുക്കാന്‍ നിന്ന മെലിഞ്ഞ മനുഷ്യന്‍ ആരോടാണ് പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കി ഗ്രാമീണമായ ബംഗാളിയില്‍ പറഞ്ഞു. “ബോഡി പുറത്തേക്കിറക്കാന്‍ 300 രൂപ. ഇവിടെ നിന്ന് വണ്ടിയിലെത്തിക്കണമെങ്കില്‍ 500 കൂടി തരണം.” അവിടെ തര്‍ക്കിക്കാനും വിലപേശാനും ആരുമുണ്ടായിരുന്നില്ല. ഞങ്ങളുടെ തലയാട്ടല്‍ എത്ര കണ്ടതാണെന്ന മട്ടില്‍ അഥവാ അത് താന്‍ ശ്രദ്ധിക്കുന്നു പോലുമില്ലെന്ന മട്ടില്‍ കൈ നീട്ടിക്കൊണ്ട് അയാള്‍ തുടര്ന്നു. “കയറും കട്ടിലുമൊക്കെ ഉണ്ടല്ലോ. ആദ്യം പ്ളാസ്റിക് എടുത്ത് വിരിച്ചോളൂ.” ഞങ്ങളില്‍ ആരോ പ്ളാസ്റിക് ഷീറ്റ് എടുത്ത് നിലത്ത് വിരിച്ചു. അങ്ങനെയല്ലെന്ന് വഴക്ക്പറഞ്ഞുകൊണ്ട് അയാള്‍ ആ ഷീറ്റെടുത്ത് സ്ട്രെച്ചറിലേക്ക് വച്ചു. ശരീരം എങ്ങനെയാണ് അയാള്‍ പുറത്തേക്കെടുത്തതെന്ന് ഞാന്‍ കണ്ടില്ല. എങ്ങനെ അഴുകിയ ശരീരത്തിന്റെയും ഫിനൈലിന്റെയും ദുര്‍ഗന്ധത്തെ പ്രതിരോധിക്കാനാകുമെന്ന് കൈലേസ് കൊണ്ട് പരീക്ഷണം നടത്തുകയായിരുന്നു ഞാന്‍ അപ്പോള്‍. ശരീരം പുറത്തെടുത്ത് കഴിഞ്ഞപ്പോള്‍ ഗോപിച്ചേട്ടനോ ദിനേശേട്ടനോ എന്നെ അടുത്തേക്ക് വിളിച്ചു. ആദ്യനോട്ടം സെക്കന്റുകള്‍ കൊണ്ട് ഞാന്‍ പിന്‍വലിച്ചുകളഞ്ഞു. ഇത് അമ്മാവനല്ലെന്ന് വിളിച്ചുപറയാനാണ് എനിക്കപ്പോള്‍ തോന്നിയത്. കാരണം വീര്‍ത്ത് കരിനീലനിറം പുരണ്ട ആ രൂപത്തിന് മെലിഞ്ഞുവെളുത്ത അമ്മാവനുമായി ഒരു സാമ്യവുമുണ്ടായിരുന്നില്ല. രണ്ടാംനോട്ടത്തിലാണ് ഞാനത് കണ്ടത്. കറുത്ത് പൊട്ടിയൊഴുകിയ കൈവിരലുകള്‍ക്കിടയില്‍ എരിഞ്ഞുതീര്‍ന്ന‍ ഒരു സിഗററ്റിന്റെ കുറ്റി. അതിനും കൈവിരലുകളുടെ കരിനീല നിറം. പുറത്തേക്ക് നീണ്ട നാക്കും മുഖം തന്നെയും ഒരു വശത്തേക്ക് കോടിയിരിക്കുന്നു. മേശമേല്‍ തലവച്ച് കമിഴ്ന്നിരിക്കുകയായിരുന്നല്ലോ അമ്മാവന്‍. വീണ്ടും നോക്കുമ്പോള്‍ അമ്മാവന്റെ മുഖത്തിന്റെ ഭാഗം തന്നെയായിരുന്ന പൊട്ടിയ കണ്ണട തെളിഞ്ഞുവന്നു. അതിന്റെ ചില്ലിന്റെ പോലും നിറം മാറിയിരിക്കുന്നു. കുടുക്കുകള്‍ പൊട്ടിയ ഉടുപ്പിനിടയില്‍ക്കൂടി ഒറ്റ രോമം പോലുമില്ലാത്ത അമ്മാവന്റെ നെഞ്ച് കാണാമായിരുന്നു. ദുര്‍ഗന്ധമായിരുന്നിരിക്കില്ല, അമ്മാവന്റെ ശരീരമാവണം അപ്പോള്‍ എനിക്ക് തോന്നിയ തലചുറ്റലിന് കാരണം. ദിനേശേട്ടന്‍ എന്നെ പിടിച്ച് ഭിത്തിക്കരികിലേക്ക് കൊണ്ടുപോയത് ഓര്‍മ്മയുണ്ട്. രണ്ട് മിനിട്ടുകള്‍ കൊണ്ട് എനിക്ക് ചലിക്കാമെന്നായി. അപ്പോഴേക്കും അമ്മാവനെ കട്ടിലില്‍ കിടത്തി കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ് അയാള്‍ പ്ളാസ്റിക്കില്‍ പൊതിഞ്ഞ് കയര്‍ കെട്ടിക്കഴിഞ്ഞിരുന്നു. പുറത്തേക്കിറക്കുമ്പോള്‍ ചുറ്റിനും നിന്നവരെല്ലാം മൂക്ക്പൊത്തി വഴിമാറിത്തന്നു. മിനിലോറിയില്‍ പ്ളാസ്റിക്കില്‍ പൊതിഞ്ഞ അമ്മാവനും അവസാനയാത്രക്കുള്ള കട്ടിലും പിന്‍ഭാഗത്തും ഞാനും വിശ്വനാഥനമ്മാവനും ഡ്രൈവര്‍ക്ക് സമീപത്തുമിരുന്നു മുന്നിലുമായി മൊയ്നിപുകൂറിലെ പോസ്റുമോര്‍ട്ടം കേന്ദ്രത്തിലേക്ക തിരിക്കുമ്പോള്‍ സമയം ഏതാണ്ട് രണ്ടരയായിരുന്നു. ഇരുപത് കിലോമീറ്ററെങ്കിലും ദൂരമുണ്ടായിരുന്നിരിക്കണം ബങ്കൂറില്‍ നിന്ന് പോസ്റ്മോര്‍ട്ടം കേന്ദ്രത്തിലേക്ക്. (ഞാന്‍ നഗരത്തെ മറന്നുതുടങ്ങിയിരിക്കുന്നു, വെറും അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന വഴികള്‍. അലിപ്പൂര്‍ മാത്രം ഓര്‍മ്മയില്‍ വന്നത് നാഷണല്‍ ലൈബ്രറിയിലേക്കുള്ള പഴയ പാത എന്ന നിലയിലാവണം).


തുറന്ന മിനിലോറിക്ക് പിന്നില്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്ന ഒരു മൃതദേഹവുമായി യാത്ര ചെയ്യുന്നതിന്റെ കുറ്റബോധം എന്നെ അലട്ടിത്തുടങ്ങിയത് യാത്ര തുടങ്ങി 10 മിനിട്ട് കഴിഞ്ഞിട്ടാണ്. എന്നാല്‍ അധികം പോകുന്നതിന് മുമ്പ് അത് മാറുകയും ചെയ്തു. റോഡ് മുറിച്ചുകടക്കാന്‍ നിന്ന രണ്ട് പെണ്‍കുട്ടികളായിരുന്നു അതിന് കാരണം. ഡെഡ്ബോഡി എന്ന് ചോക്കുകൊണ്ട് മുന്നിലെ ഗ്ളാസ്സില്‍ എഴുതിവച്ച പഴഞ്ചന്‍ മിനിലോറി കണ്ടിട്ടാണോ ദുര്‍ഗന്ധം കൊണ്ടാണോ എന്നറിയില്ല, ആ കുട്ടികള്‍ ഞങ്ങളുടെ വാഹനത്തെ നോക്കി കുരിശുവരയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ പ്രാര്‍ത്ഥിക്കുന്നത് അവരെ മറികടക്കുന്നതിനിടയിലും ഞാന്‍ കണ്ടു. ഇതേ ദൃശ്യം പിന്നീട് വഴിയരികില്‍ ഒരുപാട് തവണ ആവര്‍ത്തിക്കുകയും ചെയ്തു.ഏതാണ്ട് മുക്കാല്‍ മണിക്കൂറിലേറെ എടുത്ത് അവിടെയെത്തിയപ്പോള്‍ അടുത്ത വിഷമം. അമ്മാവന്റെ കഴുത്തിലുണ്ടായിരുന്ന നമ്പര്‍ ടാഗ് ആശുപത്രിയില്‍വച്ച് അഴിച്ചശേഷം വേണമായിരുന്നു കൊണ്ടുവരാന്‍. അതിലെ പുതിയ നമ്പറില്ലാതെ പോസ്റ്മോര്‍ട്ടം മുറിയിലേക്ക് കയറ്റാനാവില്ല. അതിനാകട്ടെ ഛോട്ടുദാ സ്ഥലത്തെത്തുകയും വേണം. വീണ്ടും രണ്ട് മണിക്കൂറോളം നീണ്ട കാത്തുനില്‍പ്പ്. അതിനകം ജാദവ്പ്പൂര്‍, ലേക്ക് പൊലീസ്സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന നാല്‍പ്പതോളം മൃതദേഹങ്ങള്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു. എല്ലാം അസ്വാഭാവിക മരണത്തിന് ഇരയായവരുടേത്. കടംകയറി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച വ്യാപാരിയുടെ ഭാര്യയും മകനും (അയാള്‍ അപ്പോഴും അത്യാസന്ന നിലയില്‍ ആശുപത്രിയിലായിരുന്നു}, മാനഭംഗശ്രമത്തിനിടയില്‍ കൊലചെയ്യപ്പെട്ട മുപ്പതുകാരി, റോഡപകടത്തില്‍ ചതഞ്ഞരഞ്ഞ വിദ്യാര്‍ത്ഥികള്‍, അജ്ഞാതരുടെ ആക്രമണത്തിനിരയായി മരിച്ച യുവാവ് തുടങ്ങി കേരളത്തിലെ പോസ്റ്മോര്‍ട്ടം ടേബിളില്‍ എത്താറുള്ളവര്‍ തന്നെയായിരുന്നു ഇവിടെയും.


ഛോട്ടുദായുടെ അശ്രദ്ധമൂലം ഞങ്ങള്‍ പിന്നിലായിപ്പോയതിനെ ശപിച്ച് അയാളുടെ വരവിനെച്ചൊല്ലി ആശങ്കപ്പെട്ട് ഞങ്ങള്‍ നില്‍ക്കുന്നതിനിടെ ഒരു കാറില്‍ ഛോട്ടുദായും സഹപ്രവര്‍ത്തകരുമെത്തി. അയാള്‍ക്ക് തൊട്ടുപിന്നാലെ ഒരു പിക്കപ്പ് ഓട്ടോ വന്നുനിന്നു. ചോരപുരണ്ട് ദുര്‍ഗന്ധം പരത്തുന്ന മൂന്ന് മൃതദേഹങ്ങളായിരുന്നു ആ ചെറിയ വാഹനത്തിലുണ്ടായിരുന്നത്. തലേന്ന് ജാദവ്പ്പൂര്‍ സര്‍വ്വകലാശാലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ മതിലിടിഞ്ഞുവീണ് മരിച്ച തൊഴിലാളികളുടെ തിരിച്ചറിയപ്പെടാത്ത ശരീരങ്ങള്‍.

ഗാന്ധിജിയുടെ പുഞ്ചിരിക്കുന്ന മുഖമുള്ള വലിയ നോട്ടുകള്‍ പലകുറി കൈമാറപ്പെട്ടതിനു ശേഷമാണ് ഏഴ് മണിയോടെ പോസ്റ്മോര്‍ട്ടം ചെയ്യുന്ന മുറിയിലേക്ക് കടത്തുകപോലും ചെയ്യാതെ മൃതദേഹങ്ങള്‍ വിശ്രമിച്ചിരുന്ന പ്രധാനഹാളിന്റെ വാതിലടച്ച് അമ്മാവന്റെ ശരീരം വെട്ടിക്കീറിയത്. കഷ്ടിച്ച് പതിനഞ്ച് മിനിട്ടുകള്‍ നീണ്ട വെട്ടിക്കീറലിനും തുന്നലിനും ശേഷം അമ്മാവന്‍ പുതിയൊരു പ്ളാസ്റിക്കില്‍ പൊതിഞ്ഞുമൂടി പുറത്തേക്കെത്തി.

വെള്ളമുണ്ട് പുതച്ച് കട്ടിലില്‍ കുറേ പൂക്കളുടെയും ചന്ദനത്തിരിയുടെയും ജാസ്മിന്‍ പെര്‍ഫ്യൂമിന്റെയും എല്ലാം ഗന്ധത്തില്‍ മുങ്ങിക്കിടക്കുന്ന അമ്മാവനൊപ്പം മിനിലോറിയുടെ പിന്നില്‍ നിന്ന് യാത്ര ചെയ്യാന്‍ ഞങ്ങള്‍ പത്തിലേറെ മലയാളികളുണ്ടായിരുന്നു. പിന്നില്‍ തങ്ങളുടെ കാറില്‍ മജുംദാറും സംഘവും.കാളീഘട്ടിനുപകരം പുതിയ വൈദ്യുത ശ്മശാനമുള്ള സിരിട്ടിയിലേക്കാണ് ഞങ്ങള്‍ പോയത്. ആ യാത്രക്കിടയിലാണ് ഞാന്‍ കൊല്‍ക്കത്തയെ വീണ്ടും കണ്ടത്. മറ്റൊരു നഗരത്തിനും അവകാശപ്പെടാനാകാത്തത്ര മാലിന്യങ്ങളുടെയും ജനത്തിരക്കിന്റെയും ആസൂത്രണമില്ലായ്മയുടെയും ശ്വാസം മുട്ടിക്കുന്ന അസ്വസ്ഥതകള്‍. അത് കൊല്‍ക്കത്തയെ കാണുന്ന പുതിയൊരു കാഴ്ചാരീതിയായിരുന്നു എനിക്ക്. നഗരത്തോടും നഗരവാസികളോടും ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു പുത്തന്‍ കാഴ്ച.

 സിരിട്ടിയില്‍ ഞങ്ങളെത്തുമ്പോള്‍ തിരക്കുകളൊന്നുമില്ലായിരുന്നു അവിടെ. കാളീഘട്ടിലെ ക്യൂവില്‍ നിന്നും തികച്ചും വ്യത്യസ്തം. ജീവിതത്തെ മുഴുവന്‍ സാ മട്ടില്‍ ജീവിച്ചു കളഞ്ഞ അമ്മാവന്‍ അങ്ങനെയല്ലാതെ എങ്ങനെ പോകാന്‍? അമ്മാവനെ കട്ടിലില്‍ നിന്നും താഴെയിറക്കി കിടത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. അപ്പോഴേക്കും കാര്‍മ്മികന്‍ എത്തിയിരുന്നൂ. ആര്‍ക്കോ വേണ്ടിയെന്നവണ്ണം അയാള്‍ സംസ്കൃതമന്ത്രങ്ങളെ എനിക്ക് പിന്തുടരാനാകാത്ത വേഗതയില്‍ ബംഗാളി ഉച്ഛാരണത്തോടെ പറഞ്ഞുതന്നുകൊണ്ടിരുന്നു. അതൊന്നും ആവര്‍ത്തിക്കാനാകാതെ ഞാന്‍ മൂളുകയും. മുഷിഞ്ഞ ജീന്‍സും ഷര്‍ട്ടുമിട്ട്, മുങ്ങിക്കുളിക്കാതെ, അമ്പാടിയമ്മാവനെ ഞാന്‍ യാത്രയയച്ചു. മൃതദേഹം ഫര്‍ണ്ണസിലേക്കയച്ച് വാതിലടഞ്ഞപ്പോള്‍ അവിടെയുണ്ടായിരു മുപ്പതിലേറെ വരുന്ന മലയാളികളില്‍ ചിലര്‍ മുന്‍പരിചയം പുതുക്കിക്കൊണ്ട് ചോദിച്ചു. “അസ്ഥിയെടുത്ത് ഇവിടെ ക്രിയ ചെയ്യുന്നോ നാട്ടിലേക്ക് കൊണ്ടുപോകുന്നോ?” അല്‍പ്പനേരം ആലോചിച്ചശേഷം ഞാന്‍ പറഞ്ഞു, “നമുക്ക് പോകാം. ഇനിയൊന്നും വേണ്ട. അമ്മാവന് ഇതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ലല്ലോ”.

 രണ്ട് ദിവസം കഴിഞ്ഞ് ഒരു പഴയ ബംഗാളി സുഹൃത്തിന്റെ വീട്ടില്‍ അവളുടെ അമ്മയോട് സംസാരിച്ചിരിക്കുന്നതിനിടയില്‍ അവര്‍ എന്തോ ഓര്‍ത്തെന്നപോലെ പറഞ്ഞു, “അങ്ങനെ കൊല്‍ക്കത്തയോടുള്ള നിന്റെ അവസാനത്തെ ബന്ധവും അവസാനിച്ചു, അല്ലേ?” മാ ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു.

 ഡംഡമിലേക്കുള്ള വൈറ്റ്ലൈനര്‍ ബസില്‍ നിന്നിറങ്ങി സൈക്കിള്‍ റിക്ഷയിലേക്ക് കയറുമ്പോള്‍ ഞാന്‍ നഗരത്തോട് മനസ്സില്‍ പറഞ്ഞത് പോയിവരാം എന്നായിരുന്നില്ലെന്ന് ഓര്‍ത്തെടുത്തത് വളരെക്കഴിഞ്ഞാണ്.

3 comments:

പാമരന്‍ said...

Well wrote, man!

സാക്ഷി said...

വായിച്ചുതീര്‍ന്നിട്ടും അപരിചിതമായൊരു ഗന്ധം ബാക്കിയാവുന്നത് എഴുത്തിനോട് ചേര്‍ന്നിരുന്ന് വായിച്ചതുകൊണ്ടാ‍വണം.

SaLiL said...

മരണത്തിന്‍റെ ഗന്ധം, അത് മാത്രം അന്തരീക്ഷത്തില്‍ ലയിച്ചു നില്‍ക്കുന്ന പോലെ
കൊല്‍ക്കത്തയുടെ എന്തെങ്ങിലും കുറച്ചു നല്ലത് കൂടി ചേര്‍ക്കാമായിരുന്നു എന്ന് തോന്നി ...
എന്ത് കൊണ്ട് മരണത്തെ കുറിച്ച് മാത്രം ....വായിച്ചു കഴിഞ്ഞപോള്‍ ദുഖം മാത്രം ബാക്കി ...
തുടര്‍ന്നും ഒരുപാടെഴുതുക ..പ്രതീക്ഷകളോടെ ...സലില്‍