Sunday, May 13, 2012

മരണങ്ങളുടെ പുസ്തകം (അമ്മാവന്‍)

ഓമനക്കുട്ടനമ്മാവന്‍ എന്റെ നേരമ്മാവന്‍ തന്നെയാണ്. അമ്മയുടെ ഏറ്റവും ഇളയ ആങ്ങള. സേതുനാഥ് എന്ന ശരിയായ പേര് ആരെങ്കിലും പറഞ്ഞ് ഞാന്‍ കേട്ടിട്ടേയില്ല, അമ്മാവനെപ്പറ്റി. ഓമനക്കുട്ടനെന്നോ പൊട്ടച്ചാരെന്നോ വിളിക്കും ചിലര്‍. കുടുംബത്തിലുള്ളവര്‍ ഓമനപ്പൊട്ടനെന്ന് സ്നേഹവും പരിഹാസവും ചേര്‍ത്ത് വിളിക്കും. എന്ത് വിളിച്ചാലും ഓ എന്ന് വിളികേള്‍ക്കും അമ്മാവന്‍. പൊട്ടനെന്നാണ് വിളിയെങ്കില്‍ മാത്രം വിളിക്കുന്നയാളെ ദേഷ്യത്തോടെയൊന്ന് നോക്കും.
ഞാന്‍ ആദ്യമായി അന്ത്യക്രിയകള്‍ ചെയ്യുന്നത് ഓമനക്കുട്ടനമ്മാവനുവേണ്ടിയാണ്. അതും ദുബായില്‍ നിന്നും ഓടിയെത്തിയുള്ള ഒരു കര്‍മ്മം ചെയ്യല്‍. ഓമനക്കുട്ടനമ്മാവനെക്കുറിച്ച് ഓര്‍മ്മയിലെ അവസാനത്തെ രൂപം വീടിന്റെ വരാന്തയില്‍ കോടി പുതച്ചുകിടക്കുന്നതിന്റേതായത് അതുകൊണ്ടാവണം. നേരം വെളുക്കുന്നതിന് മുമ്പ് ഞാന്‍ എത്തുമ്പോള്‍ വരാന്തയില്‍ വാഴയിലയില്‍ കിടന്ന മെലിഞ്ഞ രൂപത്തിന് തലക്കലെരിയുന്ന നിലവിളക്കും പടിയില്‍ ഇരിക്കുന്ന വല്ല്യമ്മാവനും മാത്രമായിരുന്നു കൂട്ട്. മരണവീട്ടിലെ കരച്ചിലിനും നിലവിളിക്കുമൊന്നും ആരുമില്ലായിരുന്നു. എല്ലാരുമുണ്ടായിരുന്നിട്ടും ആരോരുമില്ലാതിരുന്ന ജീവിതം പോലെ തന്നെ മരണവും ഓമനക്കുട്ടനമ്മാവനെ തേടിയെത്തിയത് എന്തുകൊണ്ടായിരിക്കും?
മൂന്ന് അമ്മാവന്മാരാണ് എനിക്ക്. അതില്‍ ഓമനക്കുട്ടനമ്മാവനുമായാണ് ഏറെ പരിചയം. മറ്റ് രണ്ടുപേരും വളരെ മുമ്പുതന്നെ പലയിടത്തേക്കായി നാടുമാറിയിരുന്നു. കൊട്ടറയിലെ അമ്മയുടെ കുടുംബവീട് വിറ്റിട്ടാണ് നാട്ടിലേക്ക് മാറിവന്നത് എന്നതുകൊണ്ട് എല്ലാവരുടെയും കേന്ദ്രം ഞങ്ങളുടെ വീട് ആകേണ്ടതായിരുന്നു. ചിറ്റയും ഓമനക്കുട്ടനമ്മാവനും കുറേക്കാലം ഞങ്ങള്‍ക്കൊപ്പമായിരുന്നുതാനും. ഓരോരുത്തരും പിന്നീട് ഓരോ വഴിക്ക് പോയി. അത് വേറേ കഥ. ഇവിടത്തെ കഥാപാത്രം ഓമനക്കുട്ടനമ്മാവനാണ്. അതുകൊണ്ട് അമ്മാവനെക്കുറിച്ചുമാത്രം പറയാം.
ഞങ്ങളുടെ കുട്ടിക്കാലത്ത് അമ്മാവന്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു താമസം. വീട്ടില്‍ രണ്ട് പശുക്കളും കുറേ കോഴികളും ഞങ്ങളും ഒപ്പം അമ്മാവനും. അമ്മാവനാണ് പശുക്കളുടെ മേല്‍നോട്ടച്ചുമതല. അമ്മ ഞങ്ങളെക്കാള്‍ ഓമനിച്ചിരുന്നവരായിരുന്നു പശുക്കള്‍. അവര്‍ക്ക് സമയാസമയത്ത് വൈക്കോല്‍, പുല്ല്, വെള്ളം എന്നിവ കൊടുക്കുക, അവരെ കുളിപ്പിക്കുക, രാവിലെ അമ്മ കറന്നുകൊടുക്കുന്ന പാല്‍ ചായക്കടയില്‍ എത്തിക്കുക എന്നിവയാണ് ഈ മേല്‍നോട്ടത്തിന്റെ പരിധിയില്‍ വരുന്നത്. പാടവരമ്പിലോ ഞങ്ങളുടെയോ അയല്‍പക്കക്കാരുടെയോ പറമ്പുകളിലോ ഒക്കെയായി പുല്ല് തിന്നാന്‍ പാകത്തില്‍ അവരെ കെട്ടിയിടുന്നത് മറ്റൊരു ജോലി.
പിന്നെ വല്ലപ്പോഴും കടയില്‍ പോയി സാധനം വാങ്ങുന്നത് ഇനിയൊന്ന്. ഇത്രയൊക്കെയാണ് അമ്മാവന് വീട്ടില്‍ ചെയ്യാനുണ്ടായിരുന്നത്. നല്ല മൂഡിലാണെങ്കില്‍ വലിയ പരാതിയൊന്നുമില്ലാതെ അമ്മാവന്‍ ഇതെല്ലാം ചെയ്യും. ഇല്ലാത്തപ്പോഴാണെങ്കില്‍ പശുവിനോടും നാട്ടുകാരോടുമെല്ലാം തന്റെ കൊഞ്ഞയും അക്ഷരവ്യക്തതയില്ലായ്മയും നിറഞ്ഞ ശബ്ദത്തില്‍ അമ്മയെക്കുറിച്ചുള്ള പരാതികള്‍ പറയുകയും ചെയ്യും.
ആദ്യകാലത്ത് ഞാന്‍ കാണുന്ന അമ്മാവന്‍ നല്ല ആരോഗ്യവാനായിരുന്നു. ആറടിക്കടുത്ത് ഉയരമുണ്ടെങ്കിലും അതിനൊത്ത തടിയും ആരോഗ്യവുമുള്ളതിനാല്‍ ഉരുണ്ട് ഉറച്ച ശരീരമെന്നാണ് തോന്നുക. ഭക്ഷണക്കാര്യത്തിലും അമ്മാവന്‍ മോശക്കാരനായിരുന്നില്ല. ചോറും മോരും മാത്രമാണെങ്കില്‍പ്പോലും കുറഞ്ഞത് രണ്ടുപേരുടെ ഭക്ഷണം കഴിക്കും. പണിയെടുക്കുന്ന കാര്യത്തിലും അങ്ങനെതന്നെ.
അധികകാലം എവിടെയും തുടരുന്ന സ്വഭാവമില്ലായിരുന്നു അമ്മാവന്. അലഞ്ഞുനടക്കും. കൊട്ടറയില്‍ തങ്ങള്‍ക്ക് ഇനിയൊന്നും അവശേഷിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം അമ്മാവന്റെ വളര്‍ച്ചയെത്താത്ത മനസ്സിന് ഉള്‍ക്കൊള്ളാനായിരുന്നില്ലെന്ന് തോന്നുന്നു. അതുകൊണ്ട് ഇരുപത്തഞ്ച്് കിലോമീറ്ററിലേറെ ദൂരം വരുന്ന കൊട്ടറയിലേക്കും കുറേക്കൂടി അടുത്ത്, മുത്തശ്ശന്‍ കഴകക്കാരനായിരുന്ന പകല്‍ക്കുറി ക്ഷേത്രത്തിലേക്കുമൊക്കെ ഇടക്കൊക്കെ ഒരു പോക്ക് പോകും. യാത്ര എങ്ങോട്ടാണെങ്കിലും നടന്നുതന്നെയാവും. പണം അമ്മാവനെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമില്ലാത്ത ഒന്നായിരുന്നു.
ഒറ്റ രൂപയായാലും പത്ത് രൂപയായാലും നൂറ് രൂപയായാലും അതിനെല്ലാം ഒരേ വില തന്നെ. ഇവ തമ്മിലുള്ള വ്യത്യാസം അറിയാന്‍ തക്ക വളര്‍ച്ചയെത്തുന്നതിനും മുമ്പേ തന്നെ മനസ്സ് ഇനി വളരുന്നില്ലെന്ന് തീരുമാനിച്ചതുകൊണ്ടാവണം. അക്ഷരങ്ങളോടും അമ്മാവന് ശത്രുതയായിരുന്നു. അക്ഷരമെഴുതാന്‍ പഠിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ സ്ളേറ്റ് മുഴുവന്‍ റ എഴുതി ഒറ്റ ദിവസം കൊണ്ട് അമ്മാവന്‍ തോല്‍പ്പിച്ചത് ഞാന്‍ അക്ഷരങ്ങളെല്ലാം പഠിച്ചുകഴിഞ്ഞിട്ടായിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന ചിത്രത്തെ ഓര്‍ക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ആദ്യമെത്തുന്നത് അമ്മാവന്റെ രൂപമാണ്. ഗോപിയുടെ രൂപത്തിന് പകരം ഞാന്‍ അമ്മാവന്റെ രൂപം സങ്കല്‍പ്പിക്കും. കഷണ്ടിയിലെയും തീരെ പതിഞ്ഞ മെല്ലെയുള്ള നീക്കങ്ങളിലെയും വൈരുദ്ധ്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഗോപിയുടെ ശങ്കരന്‍കുട്ടിയും ഓമനക്കുട്ടനമ്മാവനും തമ്മില്‍ ഒരു വലിയ സാദൃശ്യമുണ്ട്. എവിടെ ചെണ്ടക്കോല്‍ വീഴുന്ന ശബ്ദം കേട്ടാലും അവിടെ പാഞ്ഞെത്തുന്ന സ്വഭാവം. ക്ഷേത്രോത്സവങ്ങള്‍ അമ്മാവനെ സംബന്ധിച്ചിടത്തോളം കഠിനാദ്ധ്വാനത്തിന്റെ ദിവസങ്ങളാണ്.
പറയെഴുന്നെള്ളിപ്പിനിറങ്ങുന്ന ആനക്ക് മുന്നില്‍ വിളക്കും പിടിച്ച് രാവിലെ മുതല്‍ വൈകുന്നേരം വരെ അലയാനായാലും നെല്ല് ശേഖരിക്കാനായാലുമെല്ലാം അമ്മാവനുണ്ടാവും, രാവിലെ മുതല്‍ ഉത്സവം തീരും വരെ. ഉത്സവം കഴിഞ്ഞ് ആളും മേളങ്ങളുമൊഴിഞ്ഞാല്‍ കമ്മിറ്റിക്കാര്‍ കൊടുക്കുന്ന പണവും വാങ്ങി സ്ഥലം വിടും. അതെത്രയാണെന്ന് എണ്ണിനോക്കാന്‍ അമ്മാവന് കഴിയുമായിരുന്നില്ല. കൈയില്‍ കിട്ടിയ പണവുമായി അമ്മാവന്‍ നടത്തംതുടരും. എവിടെ നിന്നെങ്കിലും എന്തെങ്കിലും വാങ്ങിക്കഴിക്കും. അതിന്  കൈയിലിരിക്കുന്ന പണം മുഴുവനും കൊടുത്തെന്നിരിക്കും ചിലപ്പോള്‍. കടയിലുള്ളയാള്‍ നല്ലവനാണെങ്കില്‍ തനിക്ക് കിട്ടാനുള്ളതതെടുത്തിട്ട് ബാക്കി നല്‍കും. ചിലര്‍ മുഴുവനും വാങ്ങി പെട്ടിയിലിടും. രണ്ടായാലും അമ്മാവന് ഒരുപോലെ തന്നെ.
പശുവിന്റെ ഉത്തരവാദിത്തങ്ങളും മറ്റ് ചില്ലറജോലികളുമൊക്കെയായി അമ്മാവന്‍ വീട്ടില്‍ നില്‍ക്കുന്ന കാലം. ഒരു ദിവസം പതിവുപോലെ അമ്മാവന്‍ പശുവിനെയും കൊണ്ട് പുറത്തേക്ക് പോയി. മടങ്ങിയെത്തുമ്പോള്‍ പശുവിന്റെ ദേഹത്താകെ തല്ലുകൊണ്ട പാടുകള്‍. അമ്മ കുറേ വഴക്ക് പറഞ്ഞു. വഴിയേ പോയ ഒരാളിന്റെ വിവരണത്തില്‍ നിന്നാണ് പിന്നീട് കാര്യമറിഞ്ഞത്. പശു അമ്മാവനോട് ഇത്തിരി വാശി കാണിച്ചുവത്രേ. അമ്മാവനും വെറുതേ വിട്ടില്ല. കൈയില്‍ കിട്ടിയ വടിയെടുത്ത് അവളെ നന്നായങ്ങ് തല്ലി. തല്ലുമ്പോള്‍ പശുവിനോട് പറയുകയും ചെയ്തത്രേ, നീ ഇതെല്ലാം ചെന്ന് ചേച്ചിയോട് പറയാന്‍.
അമ്മാവന് അധികനാള്‍ എവിടെയും സ്ഥിരമായി തുടരാന്‍ ഇഷ്ടമായിരുന്നില്ല. ഇടക്കൊക്കെ ഒറ്റ മുങ്ങല്‍ മുങ്ങും. മിക്കവാറും അതിരാവിലെയാവും ഈ സ്ഥലം വിടല്‍. അല്ലെങ്കില്‍ ഉച്ചക്ക്. ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കാന്‍ പോകുന്നയാളിനെ പിന്നീട് അമ്മ എത്ര വിളിച്ചാലും കാണലുണ്ടാവില്ല. ഒടുവില്‍ കഴുകി വിരിച്ച തുണികള്‍ അപ്രത്യക്ഷമായത് തിരിച്ചറിയുമ്പോഴാണ് അമ്മാവന്‍ സ്ഥലംവിട്ട കാര്യം അറിയുക. ഈ അപ്രത്യക്ഷമാകല്‍ സ്ഥിരം പരിപാടിയായിരുന്നു. അതുകൊണ്ടുതന്നെ അമ്മ അതേക്കുറിച്ച് അത്ര വിഷമിക്കാറുമുണ്ടായിരുന്നില്ല. എവിടെയെങ്കിലും ഉത്സവങ്ങള്‍ക്കിടയില്‍ കാണുമ്പോള്‍ അച്ഛന്‍ അമ്മാവനെ കൂട്ടിവരും. വീട്ടിലെത്തിയാല്‍ അമ്മയുടെ വഴക്ക് കേട്ട് ഉടുപ്പും മുണ്ടും കഴുകിയിടും. ദിവസങ്ങളോളം ഇട്ട് മുഷിഞ്ഞ് നാറുന്നതാവും അവ.
എത്ര രാത്രിയായാലും ഭക്ഷണം കഴിക്കലും തുണികഴുകലും കഴിഞ്ഞേ അമ്മാവന്‍ ഉറങ്ങാന്‍ കിടക്കൂ. ഭക്ഷണസമയത്താണ് അമ്മയുടെ വക ഉപദേശങ്ങള്‍. വീട്ടില്‍ അടങ്ങിനില്‍ക്കാനും നാടുനീളെ ഇങ്ങനെ അലയാതിരിക്കാനുമൊക്കെയായിരിക്കും പതിവ് ഉപദേശങ്ങള്‍. അതൊക്കെ കേട്ട് തലകുലുക്കും. ചിലപ്പോള്‍ മറ്റന്നാള്‍ കൊട്ടറയില്‍ ചെല്ലണമെന്നോ പകല്‍ക്കുറിയിലെത്തണമെന്നോ മറുപടി പറയും. ഉത്സവത്തിന് ചെല്ലാമെന്ന് ഏറ്റിട്ടുണ്ടെന്നാകും പലപ്പോഴും പറയുന്ന ന്യായം. കിടക്കാന്‍ വൈകിയാലും അതിരാവിലെ എഴുന്നേല്‍ക്കും. രാവിലെ അമ്മ ചായകുടിക്കാന്‍ വിളിച്ച് ചെന്നുനോക്കുമ്പോള്‍ ആളിനെ കാണുകയുമില്ല.
കൊട്ടറയിലെ പഴയ കുടുംബവീടിനടുത്തുള്ള മഠത്തിലുള്ളവരുമായാണ് അമ്മാവന് കുറെയെങ്കിലും അടുപ്പമുണ്ടായിരുന്നത്. ആറ്റിങ്ങലിനടുത്ത് അവരുടെ  ഒരു ബന്ധുവീടായിരുന്നു അമ്മാവന്‍ കുറച്ചുനാള്‍ സ്ഥിരമായി നിന്ന ഏകസ്ഥലം. അവിടെ പശുവില്ല എന്നതായിരുന്നു അമ്മാവന്‍ കണ്ട മെച്ചം. എന്നാലും ഇടക്കൊക്കെ അവിടുന്ന് കാല്‍നടയായിത്തന്നെ ഇളംകുളത്തെത്തും. ഇരുപത് കിലോമീറ്ററോളം ദൂരമുണ്ട് ഇത്രയുമെത്താന്‍ തന്നെ.
ചിലപ്പോള്‍ അയല്‍ വീടുകളില്‍ എവിടെയെങ്കിലും അമ്മാവന്റെ തലവെട്ടം കാണാം. ഞങ്ങള്‍ ആരെങ്കിലും കണ്ടെന്ന് ഉറപ്പായാല്‍ അവിടുന്ന് സ്ഥലം വിട്ടുകളയുകയും ചെയ്യും. മറ്റ് ചിലപ്പോള്‍ നേരേ വീട്ടിലേക്ക് വരും. അമ്മയുമായി വഴക്കിടാന്‍ അമ്മാവന് ഒരു പ്രിയപ്പെട്ട വിഷയമുണ്ടായിരുന്നു. കൊട്ടറയിലെ സ്ഥലം വിറ്റപ്പോള്‍ അമ്മാവന്റെ പേരില്‍ വാങ്ങിയിട്ട ഭൂമിയായിരുന്നു ആ വിവാദവിഷയം. കുന്നിന്‍പുറമെന്നായിരുന്നു അതിനെ വിശേഷിപ്പിക്കുന്നത്. പേരൊന്നുമില്ലാത്ത ഒരു കുന്നിന്റെ മുകളിലായുള്ള ഭൂമി.
അവിടെ പല തവണ പലതും കൃഷിയിറക്കിയെങ്കിലും വിളവെടുക്കാന്‍ നാട്ടുകാര്‍ക്കാണ് ഭാഗ്യമുണ്ടായത്. അവസാനം അതിനെ തരിശിടാന്‍ തന്നെ തീരുമാനിച്ചു. ആ പറമ്പായിരുന്നു അമ്മാവന്റെ ഏകസ്വത്ത്. ഇടക്കൊക്കെ വീട്ടില്‍ വന്ന് അത് വിറ്റുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മാവന്‍ ബഹളം വയ്ക്കും. വിറ്റിട്ട് എന്തുചെയ്യാനാണ് എന്നുചോദിച്ചാല്‍ ഉടന്‍ വരും മറുപടി. എനിക്ക് എന്‍.എച്ചില്‍ 5 സെന്റ് വസ്തു വാങ്ങണം.
ഏതായാലും അത് വിറ്റില്ല. അമ്മാവന്‍ നാഷണല്‍ ഹൈവേയില്‍ വസ്തു വാങ്ങിയുമില്ല. പകരം നാട് മുഴുവന്‍ അലഞ്ഞുനടന്നു.  ഉത്സവപ്പറമ്പായ ഉത്സവപ്പറമ്പുകളിലെല്ലാം നടന്ന് പല ജോലികളും ചെയ്തു. കൈയില്‍ കിട്ടിയ കാശിന് ഭക്ഷണം കഴിച്ചു.  പലരും അച്ഛനോടോ അമ്മയോടോ ഞങ്ങളോടോ ഒക്കെ എവിടെയെങ്കിലും വച്ച് അമ്മാവനെ കണ്ട കാര്യം പറഞ്ഞു. എന്നാല്‍ കുറേക്കാലം അമ്മാവന്‍ വീട്ടിലേക്ക് വന്നതേയില്ല. കല്ല്യാണവീടുകളിലും അടിയന്തരം നടക്കുന്നിടത്തുമൊക്കെ ഉത്സാഹക്കാരനായി പണിയെടുക്കുന്ന അമ്മാവനെ പലപ്പോഴും കണ്ടു. ഞങ്ങളെയാരെയെങ്കിലും തിരിച്ചറിഞ്ഞാല്‍ ഉടന്‍ അമ്മാവന്‍ ഒളിച്ചുകളഞ്ഞു.
ഞങ്ങളുടെ കുട്ടിക്കാലത്ത് അമ്മാവന് ഏറ്റവും പ്രിയം കൊച്ചേച്ചിയെയായിരുന്നു. ഞാനോ വല്ല്യേച്ചിയോ കാണാതെ കടലാസ്സില്‍ പൊതിഞ്ഞ നാരങ്ങാമുട്ടായികള്‍ അന്നൊക്കെ അമ്മാവന്‍ കൊച്ചേച്ചിക്ക് സമ്മാനിക്കുമായിരുന്നു. ആ കൊച്ചേച്ചിയുടെ കല്ല്യാണത്തിന് അമ്മാവന്‍ വന്നില്ല. ഒരുപക്ഷേ അമ്മാവന്‍ അത് അറിഞ്ഞുപോലും കാണില്ല. അമ്മാവന്‍ ആലംകോട്ട് മഠത്തിലായിരിക്കുമെന്ന ധാരണയില്‍ അവിടെ കല്ല്യാണമറിയിച്ചിരുന്നെങ്കിലും അവിടെ നിന്നും മുങ്ങിയിട്ട് കുറേ ദിവസങ്ങളായി എന്ന മറുപടിയാണ് കിട്ടിയത്.
ഞങ്ങള്‍ വീട് വിറ്റ് സ്ഥലം മാറി പോയിട്ടും അമ്മാവന്‍ എവിടെനിന്നൊക്കെയോ ചില ദിവസങ്ങളില്‍ പൊട്ടിവീണുകൊണ്ടിരുന്നു. വരുന്നതും പോകുന്നതും എവിടെ നിന്നെന്ന്് ആരും അറിഞ്ഞതേയില്ല. ചില വരവുകളില്‍ അമ്മാവന് എല്ലാവരും ശത്രുക്കളാവും. തന്നെ എല്ലാരും ചേര്‍ന്ന്് പറ്റിക്കുന്നു എന്നൊക്കെ പറയും. എന്നിട്ട് വയറുനിറയെ ചോറുണ്ടശേഷം എവിടെയൊക്കെയോ പോകാനുണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കുകയുംചെയ്യും.
അമ്മാവന്‍ ഉത്സവപ്പറമ്പുകളെപ്പോലെ മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല. അഥവാ അങ്ങിനെയൊന്ന് അമ്മാവന് അറിയുകയേയില്ലായിരുന്നു. ആലംകോട്ടെ ജീവിതത്തിനിടയില്‍ പലപ്പോഴും അമ്മാവന്‍ അവിടെനിന്നും അബ്സ്കോണ്ടിംഗ് ആവുക പതിവായിരുന്നു. ഏതെങ്കിലുമൊക്കെ ഉത്സവപ്പറമ്പുകളിലൂടെ നീങ്ങുന്ന ആ അബ്സ്കോണ്ടിംഗ് ഉത്സവക്കാലം കഴിയുന്നതുവരെ നീളും. നാലുമാസക്കാലം അമ്മാവന്‍ ഉത്സവങ്ങളില്‍ മാത്രമാണ് ജീവിക്കുക. അങ്ങനെയേതോഒരു ഉത്സവപ്പറമ്പിലാണ് അമ്മാവനെ ജീവനോടെ ഞാന്‍ ഒടുവില്‍ കാണുന്നത്.
കേരളത്തിന് പുറത്തായിരുന്ന നാളുകളില്‍ അമ്മാവനെക്കുറിച്ച് എനിക്ക് അറിവൊന്നുമില്ലായിരുന്നു. ഇടക്ക് കൊല്‍ക്കത്തയില്‍ ജീവിച്ചിരുന്ന ഇളയമ്മാവനാണ് ഓമനക്കുട്ടനമ്മാവനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കിയത്. ആലംകോട് നിന്നും ഇറങ്ങിപ്പോന്നിട്ട് നാളുകളായത്രേ. ഇടക്ക് ഒരവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഒരു ചെറുക്ഷേത്രത്തിനടുത്തുള്ള കുടിലില്‍ ന്യൂമോണിയ ബാധിച്ച് കിടക്കുന്ന അനിയനെ കണ്ടെത്തിയിരുന്നു. ആരോ നല്‍കിയ ദിവസങ്ങള്‍ പഴകിയ ഭക്ഷണമായിരുന്നു അടുത്തുണ്ടായിരുന്നത്. അന്നുതന്നെ ആശുപത്രിയിലെത്തിച്ചു. ആഴ്ചകള്‍ നീണ്ട ചികിത്സ. പിന്നീട് വീട്ടിലെ വിശ്രമക്കാലം കഷ്ടിച്ച് രണ്ടാഴ്ച നീണ്ടു. ഇത്തിരി സുഖമായിക്കാണണം. പതിവുപോലെ അമ്മാവന്‍ അപ്രത്യക്ഷനായി.

ഞാന്‍ പിന്നീട് അമ്മാവനെക്കുറിച്ചൊന്നും കേട്ടതേയില്ല, കുറേ നാളത്തേക്ക്. ഗള്‍ഫിലെത്തിക്കഴിഞ്ഞ് ഇടക്കിടെയുള്ള ഫോണ്‍വിളികളില്‍ വളരെ അപൂര്‍വ്വമായി മാത്രം അമ്മ പരാമര്‍ശിക്കും അമ്മാവന്റെ വര്‍ത്തമാനങ്ങള്‍. അതും അധികമൊന്നുമില്ല. ഓമനക്കുട്ടനെ അച്ഛന്‍ എവിടെയോ അമ്പലത്തില്‍ വച്ച് കണ്ടുവെന്നോ മറ്റോ മാത്രം.
ജീവിച്ചിരിക്കുമ്പോള്‍ കാട്ടാത്ത സ്നേഹം മരണത്തിനുശേഷം കാണിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് പലരോടും പറഞ്ഞിട്ടുണ്ട് ഞാന്‍. അമ്മാവന്റെ കാര്യത്തില്‍ അത് സ്വയം പറയേണ്ടിവരും എനിക്ക്. കാരണം ജീവിച്ചിരുന്നപ്പോള്‍ അമ്മാവനുവേണ്ടി ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ട പല കാര്യങ്ങളെയും ഞാന്‍ ഗൌരവമായി എടുത്തിട്ടേയില്ല. എന്നാല്‍ മരിച്ചുകഴിഞ്ഞപ്പോള്‍ അങ്ങനെ ഉപേക്ഷിക്കാനായില്ല എനിക്ക് ഓമനക്കുട്ടന്‍ അമ്മാവനെ.
ജീവിതം പോലെ തന്നെ ആരോരുമില്ലാത്ത, ഒറ്റപ്പെട്ട മരണമായിരുന്നു അമ്മാവന്റേത്. ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മാവന്‍ താന്‍ രോഗബാധിതനായ അതേ ക്ഷേത്രത്തിലേക്ക് തന്നെയായിരുന്നു കറങ്ങിത്തിരിഞ്ഞ് എത്തിപ്പെട്ടത്. ഉത്സവങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നുമെല്ലാം ഒഴിഞ്ഞ ജീവിതം. അതിനിടയിലും അമ്മാവന്‍ അലഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളുടെ വീട് ഉള്‍പ്പെടെ പരിചയമുള്ള വീടുകളിലേക്കൊന്നും അമ്മാവന്‍ പോയില്ല. അത്തരം ഒരു യാത്രക്കിടയില്‍ വഴിയില്‍ രക്തം ശര്‍ദ്ദിച്ച് വീണ അമ്മാവനെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിചയക്കാരാരോ അച്ഛനെ വിവരമറിയിച്ചു.
രണ്ടുദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. എത്രയോ ദൂരം യാത്ര ചെയ്തിട്ടും എങ്ങും ഒരിക്കലും എത്താതെ പോയതായിരുന്നു അമ്മാവന്റെ ജീവിതം എന്ന് ഇടക്കെപ്പോഴെങ്കിലും ഓര്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്. ഗള്‍ഫില്‍ നിന്ന് മരണവാര്‍ത്ത അിറഞ്ഞയുടന്‍ യാത്രതിരിച്ച് വീട്ടിലെത്തുമ്പോള്‍ കണ്ട കാഴ്ച ആദ്യം പറഞ്ഞതായിരുന്നു. മരണശേഷവും ആരോരുമില്ലാത്ത ജീവിതം.
ഒരു യാത്രക്കിടയില്‍ തന്നെ അമ്മാവന്റെ ജീവിതം അവസാനിച്ചത് വെറും യാദൃശ്ചികമാവില്ല എന്ന് തോന്നി അമ്മാവന്റെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോള്‍.. അമ്മാവന്റെ എക്കാലത്തെയും സ്വപ്നമായിരുന്ന നാഷണല്‍ ഹൈവേയിലെ അഞ്ചുസെന്റ് ഭൂമിയിലേക്കോ അതിനുവേണ്ടി അമ്മാവന്‍ ത്യജിക്കാന്‍ തയ്യാറായിരുന്ന കുന്നിന്‍പുറത്തേക്കോ ആയിരുന്നില്ല അമ്മാവന്റെ അവസാനത്തെ യാത്ര. ഞങ്ങളുടെ തൊടിയുടെ മൂലയിലെ ആറടി മണ്ണിലേക്കായിരുന്നു.

1 comment:

ഞാന്‍ രാവണന്‍ said...

എന്‍റെ രണ്ടു അമ്മാവന്‍ മാരെ കുറിച്ച് ഞാന്‍ എഴുതിയാല്‍ കവിയെ അങ്ങ് തന്നെ എന്നെ ബ്ലോക്കും , അത്രയ്കും സൂപ്പര്‍ ടീം ആണ്
!!!