Monday, May 21, 2012

മരണത്തിന്റെ പുസ്തകം (പാരതന്ത്ര്യം)

മരണംതന്നെ ഒരു സ്വാതന്ത്ര്യം പ്രഖ്യാപിക്കലാവുമ്പോള്‍ സ്വാതന്ത്ര്യമില്ലാതെ മരിക്കുന്നത് എന്തെങ്കിലും വ്യത്യാസം വരുത്തുമോ... ഉണ്ടാവണം. ഇല്ലെങ്കില്‍ കൊച്ചണ്ണന്റെ മരണം എന്റെ ഓര്‍മ്മയില്‍ ബന്ധനത്തിലകപ്പെട്ട ഒന്നായി മാത്രം ശേഷിക്കുന്നത് എന്തിനാണ്..
സ്വയം നിശ്ചയിക്കാനരുതാകാത്തതിന്രെ ഒരു നിസ്സഹായാവസ്ഥയുണ്ട് ഒട്ടുമിക്ക മരണങ്ങളിലും. എങ്കിലും അതൊരു സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറക്കല്‍ കൂടിയാണെന്ന് എപ്പോഴും തോന്നാറുണ്ട്.
കൊച്ചണ്ണനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് ഞങ്ങളുടെ നാട്ടിന്‍പുറത്തെ മഴക്കാലമാണ്. ചുവന്ന ഒരു വലിയ തടാകമായി വയലുകള്‍ മുഴുവന്‍ ഒന്നുചേരുന്ന സമയം. എല്ലാ മഴക്കാലത്തും ഇത് പതിവായിരുന്നു. അത്തരമൊരു കാലത്തെക്കുറിച്ചുള്ള പറഞ്ഞുമാത്രം കേട്ട ഒരോര്‍മ്മയാണ് കൊച്ചണ്ണനെ മഴക്കാലവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത്.
ഞങ്ങളുടെ അയല്‍പക്കത്തെ താഴവിള വീട്ടിലെ അംഗമായിരുന്നു കൊച്ചണ്ണന്‍. നീലകണ്ഠക്കുറുപ്പെന്നായിരുന്നു ശരിയായ പേര് എന്നാണോര്‍മ്മ. ബുദ്ധിസ്ഥിരതയില്ലാത്തയാളായതുകൊണ്ടാവണം അയാളുടെ ചേട്ടനും അനിയന്മാരുമെല്ലാം എനിക്ക് മാമന്മാരായിട്ടും കൊച്ചണ്ണനെ മാത്രം നാട്ടുകാരെല്ലാം വിളിച്ചുപോന്ന അതേ പേരുതന്നെ ഞാനും വിളിച്ചുപോന്നത്.
എന്റെ കൊച്ചേച്ചി കുഞ്ഞായിരുന്ന കാലത്ത് മഴവെള്ളത്തില്‍ പെട്ടുപോയപ്പോള്‍ രക്ഷപ്പെടുത്തിയത് കൊച്ചണ്ണനായിരുന്നു. ആ പറഞ്ഞുകേട്ട സംഗതിയാണ് കൊച്ചണ്ണനെ മഴക്കാലവുമായി ബന്ധപ്പെടുത്തിയത്. മഴവെള്ളം കാണാന്‍ പോകല്‍ ഞങ്ങളുടെ കുഞ്ഞിലെ മഴക്കാലത്തെ ഒരു കൗതുകയാത്രയാണ്. വയലിനോടടുത്ത ഞങ്ങളുടെ തൊടിയില്‍ വരെ വെള്ളം കയറും. കുടയും വാഴയിലയും ചേമ്പിലയുമൊക്കെ ചൂടിയ ആളുകള്‍ വെള്ളത്തിന്റെ കരയില്‍ വന്നുനിന്ന് കാഴ്ച കാണും. ധൈര്യശാലികളായവര്‍ വാഴത്തട ചങ്ങാടമാക്കിയും അല്ലാതെയും വെള്ളത്തിലിറങ്ങും. കാഴ്ചക്കാരിയായി നില്‍ക്കുന്നതിനിടെ അഞ്ചുവയസ്സുകാരിയായിരുന്ന ചേച്ചി വെള്ളത്തിലേക്ക് വീഴുമ്പോള്‍ ധൈര്യശാലികളായ നീന്തല്‍ക്കാരാരുമുണ്ടായിരുന്നില്ല. എന്തുചെയ്യണമെന്നറിയാതെ നിലവിളിക്കുന്ന വല്ല്യേച്ചി മാത്രം. നിലയില്ലാത്ത വെള്ളത്തിലേക്കെടുത്ത് ചാടി ഒരു വിധത്തില്‍ കൊച്ചേച്ചിയെ കരയിലെത്തിച്ചത് കൊച്ചണ്ണനായിരുന്നു.
സ്‌കൂളില്‍ പഠിക്കുന്നകാലത്തെ അപസ്മാരബാധയാണ് കൊച്ചണ്ണന്റെ ബുദ്ധിയെ അസ്ഥിരമാക്കിയതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ ഓര്‍മ്മയില്‍ മൊട്ടത്തലയും നിറയെ തുളയുള്ള കൈയുള്ള ബനിയനുമിട്ട് ആരെങ്കിലും വലിച്ചുപേക്ഷിക്കുന്ന മുറിബീഡി പെറുക്കാന്‍ കടയുടെ മുന്നില്‍ നില്‍ക്കുന്ന കൊച്ചണ്ണനുണ്ട്. മഴയും വെയിലും അറിയാതെയെന്നവണ്ണം എപ്പോഴും ഇറങ്ങിനടക്കാറുണ്ടായിരുന്നു അയാള്‍. നാട്ടുകാരിലാരെങ്കിലും വാങ്ങിക്കൊടുക്കുന്ന ചായ ഒരു നിര്‍വികാരതയോടെ വാങ്ങിക്കുടിച്ച് ബീഡിവലിക്കുന്നവര്‍ക്കുമുന്നില്‍ കൊതിയോടെ നോക്കിനില്‍ക്കുന്ന കൊച്ചണ്ണന്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
ഈ നടപ്പിനിടയില്‍ പലപ്പോഴും അയാള്‍ക്ക് അപസ്മാരമിളകും. നടന്നുപോകുന്നതിനിടയില്‍ മറിഞ്ഞുവീഴും. അങ്ങനെ വീഴ്ചക്കിടയില്‍ പലപ്പോഴും മുറിവേറ്റിട്ടുണ്ട്. ഒരിക്കല്‍ ചോരയൊലിച്ച് വഴിയില്‍ കിടന്ന കൊച്ചണ്ണനെ നാട്ടുകാരാണ് താഴവിളയിലെത്തിച്ചത്. കൊച്ചണ്ണന്റെ ചേട്ടനായ ഭാസ്‌കരന്മാമനും മറ്റാരൊക്കെയോ കൂടി ആശുപത്രിയില്‍ കൊണ്ടുപോയി. ആറോ ഏഴോ തുന്നിക്കെട്ടലുണ്ടായിരുന്നു തലയില്‍. വീട്ടിലെത്തി വച്ചുകെട്ടിയ തലയുമായി കൊച്ചണ്ണന്‍ വീണ്ടും ഇറങ്ങിനടത്തം തുടങ്ങിയപ്പോഴാണ് ഭാസ്‌കരന്മാമന്‍ ആ തീരുമാനമെടുത്തത്.
എരുത്തിലിന്റെ ചായ്പ്പിലെ മുറിയില്‍ പൂട്ടിയിട്ട കൊച്ചണ്ണന്‍ വാതിലിലിടിച്ച് വിളിക്കുന്നത് വഴിയേ പോകുന്നവര്‍ക്കുപോലും കേള്‍ക്കാമായിരുന്നു. ആദ്യത്തെ രണ്ട് ദിവസം ആ വിളിയും അലര്‍ച്ചയും തുടര്‍ന്നു. വൈകുന്നേരങ്ങളില്‍ ഭാസ്‌കരന്മാമന്‍ വന്ന് കൊച്ചണ്ണനെ തുറന്ന് മുറ്റത്തിറക്കി നടത്തും. ആഴ്ചയിലൊരിക്കല്‍ വിശാലമായി കുളിപ്പിക്കും. ബാക്കി സമയം മുഴുവന്‍ മുറിക്കുള്ളില്‍ത്തന്നെ അടച്ചിടും. ഞങ്ങള്‍ കുട്ടികള്‍ മുറ്റത്ത് കളിക്കുമ്പോള്‍ ജനലിലൂടെ കൈനീട്ടി കൊച്ചണ്ണന്‍ ഞങ്ങളെ വിളിക്കും. ഒന്നു തുറന്നുതാ എന്ന് പതുക്കെയും ഉറക്കെയുമൊക്കെ പറയും. പക്ഷേ അതിനുള്ള ധൈര്യം ആര്‍ക്കുമുണ്ടായില്ല.
ക്രമേണ വൈകുന്നേരങ്ങളിലെ പുറത്തിറക്കല്‍ നിന്നു. പശുക്കളും ആടും നില്‍ക്കുന്നതിന്റെ ഒരു മതിലിനപ്പുറത്ത് അവരെപ്പോലെ കൊച്ചണ്ണനും കഴിഞ്ഞു. മലമൂത്ര വിസര്‍ജ്ജനമെല്ലാം ചായ്പ്പിനുള്ളില്‍ത്തന്നെ. ആരെങ്കിലും അത് ദിവസവും വൃത്തിയാക്കും.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കൊച്ചണ്ണനും അതിനോട് യോജിപ്പിലായി. വാതില്‍ തുറന്നാലും പുറത്തിറങ്ങില്ല. ഇറങ്ങിയാലും അല്‍പ്പം കഴിയുമ്പോള്‍ തിരിച്ച് തന്നെത്താന്‍ തിരിച്ചുകയറും. അതിനിടെ കൊച്ചണ്ണന്റെ ആരോഗ്യം തീരെ മോശമായി. ഞങ്ങള്‍ മുറിയുടെ പുറത്ത്‌നിന്ന് കളിച്ചാലും ഉള്ളിലേക്ക് നോക്കി ജനലരികില്‍ ചെന്നാലും തന്നോടുതന്നെയെന്നവണ്ണം എന്തെങ്കിലും പിറുപിറുക്കുന്നതല്ലാതെ ആരെയും കണ്ടഭാവം പോലും നടിക്കാതെയായി. ഭക്ഷണം മുറിക്കുള്ളിലേക്ക് നീക്കിവച്ചാലും പലപ്പോഴും അതേപടി തിരിച്ചെടുത്ത് കളയുന്ന ഘട്ടംവരെയെത്തി.
എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ഏതാനും ദിവസങ്ങള്‍ കിടന്നു എന്നാണോര്‍മ്മ. ഒരു ദിവസം രാവിലെ പശുവിനെ അഴിച്ചുകെട്ടാന്‍ നേരത്ത് ജനലിലൂടെ ഉള്ളിലേക്ക് നോക്കിയ പെങ്ങളാണ് ചലനമറ്റ കൊച്ചണ്ണനെ കണ്ടത്. അസ്ഥികൂടത്തിന് സമമായിരുന്നു അന്ന് ആരൂപം. പിന്നെ ചടങ്ങുകളെല്ലാം പതിവുപോലെ...

1 comment:

Arun Nedumangad said...

മലയാറ്റൂരിന്റെ വേരുകളിൽം ഉണ്ട് ഇതുപോലെ ഒരു കഥാപാത്രം... മിക്ക ഗ്രാമങ്ങളിലും ഇങ്ങനെ ആരുടെയും സഹാനുഭൂതി പിടിച്ചു പറ്റാതെ ജീവിച്ചവസാനിക്കുന്ന പാവങ്ങളുണ്ട്.. കൊച്ചണ്ണനെപ്പോലെ...